സാമ്പത്തിക തട്ടിപ്പിന് ഇരയായത് എങ്ങനെയാണ് വിശദീകരിച്ച് വീഡിയോ പങ്കുവെച്ച് ഗായിക അഭിരാമി സുരേഷ്. നേരത്തെ ഇതുമായി ബന്ധപ്പെട്ട് കുറിപ്പ് പങ്കുവെച്ചിരുന്നെങ്കിലും അത് പലരും തെറ്റിദ്ധരിച്ചതിനാലാണ് അഭിരാമി തട്ടിപ്പ് വിശദീകരിച്ച് വീഡിയോ ചെയ്തത്. കേവലമൊരു ഓൺലൈൻ തട്ടിപ്പിലല്ല താൻ ചെന്നുപെട്ടതെന്നും ആരുടേയും സഹതാപം പിടിച്ചുപറ്റാനല്ല ഇത് വിശദീകരിച്ചതെന്നും അഭിരാമി വ്യക്തമാക്കി.
'വെറുമൊരു സാധാരണ ഓൺലൈൻ തട്ടിപ്പായിരുന്നില്ല അത്. ആദ്യം ഇൻസ്റ്റഗ്രാം വഴിയാണ് ബിസിനസ് പ്രൊപ്പോസലുമായി അവർ സമീപിച്ചത്. തുടർന്ന് നമ്മുടെ കമ്പനിയുടെ വിവരങ്ങളെല്ലാം അവർ പല ഘട്ടങ്ങളിലായി പരിശോധിച്ചു. ഒരു ബാങ്ക് ചെയ്യുന്നതിനേക്കാൾ ഒരുപടി മുന്നിൽ നിന്നാണ് അവർ കാര്യങ്ങൾ നമ്മളെ വിശ്വസിപ്പിച്ചത്. നമ്മുടെ കമ്പനിക്ക് പണം തിരിച്ചുനൽകാൻ ശേഷിയുണ്ടോ എന്നൊക്കെ മനസിലാക്കാൻ അവർ സർപ്രൈസ് വിസിറ്റുകൾപോലും നടത്തി.
കാര്യങ്ങൾ വളരെ കൺവിൻസിങ്ങ് ആയതിനാലും കൃത്യമായി നടന്നതിനാലും ഇതൊരു തട്ടിപ്പാണെന്ന് മനസിലാക്കാൻ പറ്റിയില്ല. വലിയ തുകകൾ സെക്യൂരിറ്റി ഇല്ലാതെ ലോണായി തരാം എന്ന് പറയുമ്പോൾ നമ്മുടെ സ്വപ്‌നങ്ങളുമായി നമ്മൾ അതിനെ കണക്ട് ചെയ്തുപോകും. അല്ലാതെ ഒറ്റ കോളിൽ പൈസ അയച്ചു തരൂ എന്ന് പറയുന്ന രീതി ആയിരുന്നില്ല. അവസാന ഘട്ടത്തിൽ അങ്ങോട്ട് പ്രൊസസിങ് ഫീ കൊടുക്കേണ്ടി വന്നപ്പോൾ ചെറിയ സംശയം തോന്നിയിരുന്നു. ആദ്യ ഘട്ട നടപടികളെല്ലാം പൂർത്തിയായതിനാൽ പണം നൽകുകയും ചെയ്തു.
നമ്മൾ കഷ്ടപ്പെട്ടുണ്ടാക്കിയ പണം വെറുതേ പോകുമ്പോൾ ആർക്കായാലും സങ്കടം തോന്നും. അതുകൊണ്ടാണ് ഇക്കാര്യങ്ങൾ പങ്കുവെച്ചത്. അല്ലാതെ ആരുടേയും സഹതാപത്തിന് വേണ്ടിയല്ല. നിയമനടപടികൾ നടക്കുന്നതുകൊണ്ടാണ് അയാളുടെ പേര് പറയാത്തത്. കേസ് നടക്കുമ്പോൾ അയാൾക്ക് ഗുണകരമായ ഒന്നും നമ്മുടെ ഭാഗത്ത് നിന്നുണ്ടാകരുത്. കലിയുഗത്തിൽ നല്ലത് പങ്കുവെച്ചിട്ട് ഒരു കാര്യവുമില്ല. എങ്കിലും ഇത്തരം ഉടായിപ്പുകൾ നടക്കുന്നുണ്ടെന്ന് നിങ്ങളെ അറിയിക്കാനാണ് ഞാൻ ഈ വീഡിയോ ചെയ്തത്.
ബിസിനസിലെ സാമ്പത്തിക പ്രതിസന്ധി നീക്കിത്തരാമെന്ന് പറഞ്ഞ് നിങ്ങളെ പലരും സമീപിക്കും. പല രീതിയിലും അവർ നിങ്ങളെ വിശ്വസിപ്പിക്കാൻ ശ്രമിക്കും. അങ്ങനെയൊക്കെയുള്ള ആളുകൾ വന്നാൽ വിശ്വസിക്കരുത് എന്ന് പറയാൻ മാത്രമാണ് ഞാൻ ഈ വീഡിയോ ചെയ്തത്.'-അഭിരാമി വ്യക്തമാക്കി.
Content Highlights: Abhirami Suresh clarifies details regarding a sophisticated financial fraud she faced., The scammers used business proposals and surprise visits to build false credibility., The fraud was not a typical phishing attempt but a long-term trust-building scheme., Legal proceedings are currently underway against the perpetrators., The video serves as a warning to entrepreneurs about fake loan and investment schemes.
Published: 27 May 2026, 10:31 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented