ബോളിവുഡില്‍ നിരവധി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച താരമാണ് ഷാഹിദ് കപൂര്‍. അദ്ദേഹത്തിന്റെ സിനിമകള്‍ മാത്രമല്ല ഭാര്യ മിറാ രാജ്പുത്തും മകള്‍ മിഷയും ഇടയ്ക്ക് മാധ്യമശ്രദ്ധ നേടാറുണ്ട്. ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിന്റെ ഔദ്യോഗിക പേജ് ഷാഹിദിനെ ഉള്‍പ്പെടുത്തി വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. 'രണ്ട് സത്യവും ഒരു കള്ളവും' എന്ന കളിയെ അടിസ്ഥാനമാക്കി ഇറക്കിയ വീഡിയോയില്‍ ഷാഹിദിന്റെ ബൊഹീമിയന്‍ രീതിയില്‍ ഒരുക്കിയ വീടിന്റെ ദൃശ്യങ്ങളും അടങ്ങിയിട്ടുണ്ട്.

To advertise here,

വീഡിയോയില്‍ ഷാഹിദ് വീടിനുള്ളില്‍ പാലിക്കുന്ന ചില നിയമങ്ങളെക്കുറിച്ച്‌ വിശദീകരിക്കുന്നു. വീടിന്റെ സ്വീകരണമുറിയും ബാല്‍ക്കണിയും കേന്ദ്രീകരിച്ചാണ് വീഡിയോ മുന്നോട്ട് പോകുന്നത്. മുറിയുടെ ഒരു വശത്ത് ചൂരല്‍ കൊണ്ട് നിര്‍മ്മിച്ച ഉയരത്തിലുള്ള വിളക്കുകള്‍, സോഫ, ഇതുകൂടാതെ മറ്റൊരു ഇരിപ്പിടം കൂടിയുണ്ട്.

വീടിനുള്ളിലെ ചിത്രങ്ങളും ഫര്‍ണിച്ചറുകളുമെല്ലാം ബൊഹീമിയന്‍ രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. ചുവരില്‍ അലങ്കരിച്ചിരിക്കുന്ന വലിയ ചിത്രങ്ങളും പുസ്തകങ്ങളും വിവിധ യാത്രകളില്‍ നിന്നും ശേഖരിച്ച വസ്തുക്കളും മനോഹരമായി ഒരുക്കിയിട്ടുണ്ട്. മുറിയുടെ ഒരു വശത്ത് ഷാഹിദിന്റെ മ്യൂസിക് സിസ്റ്റവും കാണാന്‍ സാധിക്കും.

വീഡിയോയുടെ ഇടയില്‍ ജീവിതവുമായി ബന്ധപ്പെട്ട രണ്ട് സത്യങ്ങളും ഒരു നുണയും ഷാഹിദ്  വെളിപ്പെടുത്തുന്നുണ്ട്. അതില്‍ ആദ്യത്തെ സത്യമാണ് വീട്ടില്‍ ചെരുപ്പ് ഉപയോഗിക്കാമെന്നത്. അപൂര്‍വ്വമായി മാത്രമേ താന്‍ ചെരുപ്പ് അഴിച്ചുവെക്കാറുള്ളു എന്നും ഷാഹിദ് വ്യക്തമാക്കുന്നുണ്ട്. വീട്ടിൽ തന്റെ സംഗീതത്തെ ആരും ചോദ്യം ചെയ്യാറില്ല എന്നതാണ് രണ്ടാമത്തെ സത്യം എന്നും ഷാഹിദ് പങ്കുവെച്ചു.

സിനിമയുമായി ബന്ധപ്പെട്ട് ഷൂട്ടിങ് ഇല്ലാത്ത ദിവസങ്ങളില്‍ രാവിലെ 8:30- നാണ് ഉണരുക. അത്തരം ദിവസങ്ങളില്‍ കുട്ടികളോടൊപ്പം സമയം ചെലവഴിക്കുകയും ഭാര്യ മിറയോടൊപ്പം കാപ്പികുടിക്കുകയും സുഹൃത്തുക്കളെ കാണുകയും ചെയ്യുമെന്ന്‌ അദ്ദേഹം പറഞ്ഞു. ഇതുകൂടാതെ ഇന്‍സ്റ്റഗ്രാം സ്‌ക്രോളിങ്, പിക്കിള്‍ബോള്‍ എന്നിവയും ആ ദിവസത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വീടിന്റെ ബാല്‍ക്കണിയില്‍ ഒരുക്കിയ ഊഞ്ഞാലില്‍ ഇരുന്നാണ് ഷാഹിദ് വീഡിയോ അവസാനിപ്പിക്കുന്നത്.

കളിയുമായി ബന്ധപ്പെട്ട് അവസാനത്തെ ഉത്തരം വീട്ടില്‍ വിളമ്പുന്ന ഭക്ഷണത്തെക്കുറിച്ചാണ്. വീട്ടില്‍ വരുന്ന എല്ലാവരും ഭക്ഷണം മുഴുവന്‍ കഴിക്കണമെന്ന് നിര്‍ബന്ധമാണെന്ന് പറയുന്ന ഷാഹിദ് പിന്നീട് അത് ഒരു നുണയാണെന്ന് പറയുന്നു. ഭക്ഷണം മുഴുവനായി കഴിക്കണമെന്നത് ഒരു നിര്‍ബന്ധമല്ല എന്ന് താരം പറയുന്നു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ ഇതിനോടകം നാല് ലക്ഷത്തിനടുത്ത് ആളുകള്‍ കണ്ടു.