
ധാരാവിയിലെ ദിവ്യയുടെ വീട് സന്ദര്‍ശിക്കുന്ന ഡ്രൂ ബ്രിന്‍സ്‌കി.|Photo: Screengrab/Drew Binsky
ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ചേരിപ്രദേശങ്ങളില്‍ ഒന്നായിട്ടാണ് മുംബൈയിലെ ധാരാവിയെ കാണുന്നത്. തിരക്കേറിയ, ഇടുങ്ങിയ പാതകളും വീടുകളും കഠിനമായ ജീവിതസാഹചര്യങ്ങളുമാണ് പുറത്തുനിന്ന് നോക്കുന്നവര്‍ക്ക് ധാരാവിയെക്കുറിച്ച് ചിന്തിക്കാന്‍ കഴിയുക. എന്നാല്‍ ഇത്തരം ചിന്തകള്‍ യഥാര്‍ത്ഥ കഥയുടെ ഒരു ഭാഗം മാത്രമാണ്. ധാരാവിയുടെ അകത്ത് ഓരോ കോണിലും അതിജീവനത്തിന്റെയും സര്‍ഗ്ഗാത്മകതയുടേയും വ്യത്യസ്തമായ കഥകള്‍ കാണാന്‍ സാധിക്കും.
അമേരിക്കന്‍ കണ്ടന്റ് ക്രിയേറ്ററായ ഡ്രൂ ബ്രിന്‍സ്‌കിയാണ് ധാരാവിയുടെ പുതിയ ഒരു ലോകത്തെ തന്റെ സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെടുത്തിയത്. ധാരാവിയില്‍ താമസിക്കുന്ന ദിവ്യ എന്ന യുവതിയുടെ വീടിന്റെ വീഡിയോ ആണ് ബ്രിന്‍സ്‌കി ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചത്. വീടിന് വലുപ്പം കുറവാണെങ്കിലും എല്ലാ ആധുനിക സൗകര്യങ്ങളും നിറഞ്ഞതായിരുന്നു ദിവ്യയുടെ വീട്.
എയര്‍കണ്ടീഷണര്‍ മുതല്‍ വാഷിംഗ് മെഷീന്‍ വരെ എല്ലാം സ്ഥലത്തിന്റെ പരിമിതിക്കനുസരിച്ച് ഒരുക്കിയിരിക്കുന്നു. ധാരാവി പോലുള്ള ചേരികളെക്കുറിച്ചുള്ള പതിവ് ധാരണകളെ തെറ്റിക്കുന്നതായിരുന്നു ദിവ്യയുടെ വീട്. ഒരു ചതുരശ്ര മൈലിനുള്ളില്‍ ദശലക്ഷത്തിലധികം ആളുകള്‍ താമസിക്കുന്നു എന്ന് പറഞ്ഞ് തുടങ്ങുന്ന വീഡിയോയില്‍ ദിവ്യ ബ്രിന്‍സ്‌കിയെ വളരെ സന്തോഷത്തോടെ അകത്തേക്ക് സ്വീകരിക്കുന്നു. വീട്ടിലെ അടുക്കള, ടിവി, ഫ്രിഡ്ജ് എന്നിവ കാണിച്ച് കൊടുക്കുകയും ചെയ്തു. ഇതില്‍ ബ്രിന്‍സ്‌കിയെ ഏറെ അത്ഭുതപ്പെടുത്തിയത് ദിവ്യയുടെ വീട്ടിലെ നീല ടോയ്‌ലെറ്റാണ്.
വീഡിയോയുടെ കൂടുതല്‍ ഭാഗങ്ങളില്‍ വീടിന്റെ ഒരോ തരി സ്ഥലവും ദിവ്യയുടെ കുടുംബം എത്രത്തോളം സൂഷ്മമായിട്ടാണ് ഉപയോഗിച്ചതെന്ന് വ്യക്തമാകുന്നു. വീടിന്റെ മുകളില്‍ ഒരാള്‍ക്ക് കിടക്കുവാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ആവശ്യമുള്ള സമയങ്ങളില്‍ മാത്രം താഴേക്ക് വലിച്ച്, മുകളിലേക്ക് കയറുവാനുള്ള ഒരു കോണിയും ഭിത്തിയില്‍ ഘടിപ്പിച്ചിട്ടുണ്ട്. മുകളില്‍ തന്നെയാണ് വെള്ളം സംഭരിച്ചുവെക്കാനും തുണികള്‍ അടുക്കിവെക്കാനുമുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. വീടിന്റെ വലുപ്പമല്ല അവിടെ താമസിക്കുന്നവരുടെ മനസ്സാണ് സന്തോഷം കണ്ടെത്തുന്നതില്‍ പ്രധാനപ്പെട്ട കാര്യം എന്ന് ദിവ്യ പറയുന്നു. വീട് ചെറുതാണ് എന്നാല്‍ ഞങ്ങളുടെ ഹൃദയം വലുതാണ്. ഞങ്ങള്‍ കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കുന്നു, ഉറങ്ങുന്നു... എല്ലാം ഒരുമിച്ച് ചെയ്യുന്നു. ഞങ്ങള്‍ ഇവിടെ സന്തുഷ്ടരാണ്. ദിവ്യ കൂട്ടിച്ചേര്‍ത്തു.
കാഴ്ചക്കാരോട് എന്തെങ്കിലും പറയാനുണ്ടോ എന്ന ചോദ്യത്തിന് സന്തോഷമായിരിക്കുക, നിങ്ങള്‍ നിങ്ങളായി ജീവിക്കുക. ആദ്യം നിങ്ങളെത്തന്നെ സ്‌നേഹിക്കാന്‍ പഠിക്കുക. എന്ന് ദിവ്യ പറയുന്നു. ധാരാവിയിലെ ജീവിതം നിര്‍വചിക്കപ്പെടുന്നത് അവിടെയുള്ള ദാരിദ്ര്യം കൊണ്ടല്ല മറിച്ച് ജീവിത സാഹചര്യങ്ങളെ മറികടന്ന് ആളുകള്‍ ഐക്യത്തോടെയും ശുഭാപ്തി വിശ്വാസത്തോടെയും പ്രവര്‍ത്തിക്കുമ്പോഴാണെന്ന ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ വീഡിയോ.
Content Highlights: Discover the surprisingly modern and joy-filled home of Divya in Mumbai`s Dharavi, challenging common perceptions of slum living. See creativity in action!
Published: 31 Oct 2025, 12:23 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented