ആലപ്പുഴ: വെള്ളപ്പൊക്കവും ദേശീയപാതപോലുള്ള ഉയർന്ന റോഡുകളുടെ നിർമാണവുംമൂലം താഴ്ചയിലായ വീടുകളും ക്ഷേത്രങ്ങളും ഉയർത്തുന്നത് കൂടുന്നു. 2018-ലെ പ്രളയശേഷം അയ്യായിരത്തോളം വീടുകളും ആറു ക്ഷേത്രങ്ങളുമാണ് സംസ്ഥാനത്ത് ഉയർത്തി സ്ഥാപിച്ചത്. താഴ്ചയിലായവ പൊളിച്ചുപണിയുന്നതിന്റെ ആറിലൊന്നോളം ചെലവുമതിയെന്നതാണ് ഈ പ്രവൃത്തി ആകർഷകമാക്കുന്നത്.
എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കോഴിക്കോട് ജില്ലകളിലാണ് കൂടുതൽ വീടുകൾ ഉയർത്തിയത്. എറണാകുളം, തിരുവല്ല എന്നിവിടങ്ങളിൽ ഒട്ടേറെ ഏജൻസികളും ഉത്തരേന്ത്യൻ കമ്പനികളും ഇതിനായി പ്രവർത്തിക്കുന്നുണ്ട്. എറണാകുളത്തെ ഒരു ഏജൻസിമാത്രം ഇതിനകം മൂവായിരത്തിലധികം വീടുകൾ ഉയർത്തി. മറ്റൊരു ഏജൻസി 1,300 എണ്ണവും.
പ്രളയത്തിൽ മുങ്ങിയ ആലപ്പുഴ കുട്ടനാട്ടിലെ മങ്കൊമ്പ്, കൈനകരി കൂട്ടുമ്മേൽ ക്ഷേത്രങ്ങളുയർത്തിക്കഴിഞ്ഞു. പുളിങ്കുന്ന്, കാവാലം ക്ഷേത്രങ്ങൾ ഉയർത്തുന്നതിനുള്ള ആലോചനയിലാണ്. നവീകരിക്കുന്ന ദേശീയപാതയ്ക്കരികിലുള്ള ക്ഷേത്രങ്ങൾ ഉയർത്തുന്നതിനും കരാറായിട്ടുണ്ട്. കെട്ടിടങ്ങളും വീടുകളും ഉയർത്തുന്ന സംഘങ്ങൾ 20 വർഷം മുൻപുതന്നെ പ്രവർത്തിക്കുന്നുണ്ടെങ്കിലും പ്രളയം വന്നതോടെയാണ് പ്രചാരമേറിയത്.
ഉയർത്തുന്നതിങ്ങനെ
: കെട്ടിടങ്ങളുടെ അടിത്തറയുടെ ബെൽറ്റിനടിയിൽ ഒട്ടേറെ ജാക്കികൾ ഉറപ്പിച്ച് ഒരേസമയം മെല്ലെ ഉയർത്തുന്നതിനൊപ്പം താഴെയുണ്ടാകുന്ന വിടവിൽ കട്ടകെട്ടി ഉറപ്പിക്കും. 1,500 ചതുരശ്രയടിയുള്ള വീടുയർത്താൻ 250-350 ജാക്കികൾ വേണ്ടിവരും. ഒരേസമയം മുപ്പതോളം തൊഴിലാളികളും വേണം. കെട്ടിടം അഞ്ചടിയോളം ഉയർത്താൻ ഒന്നര മാസത്തോളമെടുക്കും. ആലപ്പുഴ പുന്നമടയിൽ ബിൽഡേഴ്സ് അസോസിയേഷൻ നേതാവ് ടോമി പുലിക്കാട്ടിലിന്റെ വീട് 14 അടിയോളമാണ് ഉയർത്തുന്നത്. ഉത്തരേന്ത്യൻ കമ്പനിക്കാണ് കരാർ.
ചെലവ്
: നിലവിൽ ഒരു കെട്ടിടമുയർത്താൻ ചതുരശ്രയടിക്ക് 250-300 രൂപയാണ് വാങ്ങുന്നത്. കെട്ടിടങ്ങൾക്ക് ഒട്ടും കോട്ടംതട്ടാതെ ഉയർത്തുമെന്നാണ് കമ്പനികൾ നൽകുന്ന ഉറപ്പ്. വയറിങ്, പ്ലംബിങ് ഉൾപ്പെടെയുള്ളവയ്ക്കും കേടുസംഭവിക്കില്ലെന്നുള്ള ഉറപ്പുമുണ്ട്. ഏജൻസികൾ കൂടിയതിനാൽ ഉയർത്താനുള്ള നിരക്കും കുറഞ്ഞിട്ടുണ്ട്.
Content Highlights: Kerala homes & temples elevated after 2018 floods, Cost-effective solution
Published: 10 Feb 2025, 09:26 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented