ഴയവീട് പുതുക്കിപ്പണിയുന്നവര്‍ക്ക് മുന്നില്‍ ഒരുപാട് വെല്ലുവിളികളുണ്ടാകാറുണ്ട്. പഴമ നിലനിര്‍ത്തിക്കൊണ്ട് വീട് റെനൊവേറ്റ് ചെയ്യാനാവും ചിലര്‍ക്ക് ഇഷ്ടം. എന്നാല്‍ എങ്ങനെയാണ് അത് പ്രായോഗികമാക്കുക? ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇന്നത്തെ ജീവിതശൈലിക്ക് അനുയോജ്യമായി പഴയവീടിനെ മികച്ചരീതിയില്‍ മാറ്റിയെടുക്കാം. പഴയവീടിന്റെ തനിമ പൂര്‍ണമായും വിട്ടുകളയാതെ പുതിയ വീട് നിര്‍മിക്കാന്‍ പരിഗണിക്കേണ്ട ചില ഇക്കാര്യങ്ങള്‍ നോക്കാം. 

To advertise here,

വെളിച്ചം

ഒരു വീടിന്റെ തനിമ നഷ്ടപ്പെടുത്താതെ അതിനെ ആധുനികവല്‍ക്കരിക്കുന്നതില്‍ ലൈറ്റിങ് വലിയ പങ്കുവഹിക്കുന്നുണ്ട്. വീടിന്റെ കാലഘട്ടത്തെ ഓര്‍മിപ്പിക്കുന്ന ലൈറ്റിങ് ഫിറ്റിങുകള്‍ തിരഞ്ഞെടുക്കാവുന്നതാണ്. എന്നാല്‍ അതില്‍ പുതിയവകൂടി ചേര്‍ത്ത് ഡിസൈന്‍ ചെയ്യുമ്പോള്‍ ഭംഗിയാകും. 

പഴയ ഫര്‍ണിച്ചറുകള്‍ക്കൊപ്പം പുതിയവയും

പഴയ ഫര്‍ണിച്ചറുകളും പുതിയവയും കൂട്ടിയിണക്കി പുതിയവീട്ടില്‍ ഉപയോഗിക്കാം. പുതിയ വസ്തുക്കള്‍ ഇന്നത്തെ ജീവിതത്തെ എളുപ്പമാക്കുന്നു. അവയ്ക്ക് സുഖസൗകര്യങ്ങളും നല്‍കാന്‍ കഴിയും. അതേസമയം വിന്റേജ് ഉപകരണങ്ങളും വസ്തുക്കളും ഇന്ന് ഓര്‍മകള്‍ക്കായാണ് പലരും വീട്ടില്‍ സൂക്ഷിക്കുന്നത്. ഇവ രണ്ടും കൂട്ടിച്ചേര്‍ത്ത് ഭംഗിയുള്ള ഫര്‍ണിച്ചറുകള്‍ ഉണ്ടാക്കിയെടുക്കാം. വീടിന് ഭംഗി നല്‍കുന്ന രീതിയിലായിരിക്കണം അവ ഡിസൈന്‍ ചെയ്യേണ്ടതെന്ന് മാത്രം. 

നവീകരണം എന്ന കല

വീട് പുതുക്കിപ്പണിയുക എന്നുവെച്ചാല്‍ ഒന്നില്‍ നിന്ന് തുടങ്ങുക എന്നല്ല. പകരം, ശ്രദ്ധയോടെ പുതുക്കുക എന്നാണ് അര്‍ഥമാക്കുന്നത്. അത് പഴയ കാബിനറ്റുകള്‍ക്ക് പകരം പുതുക്കിയ ഫിനിഷുകളുള്ളവ ഉപയോഗിക്കുന്നതോ, കൈപ്പിടികള്‍ക്ക് പകരം മിനിമലിസ്റ്റ് ഹാര്‍ഡ് വെയർ വെക്കുന്നതോ, ഓട്ടോമേറ്റഡ് ലൈറ്റിങ് അല്ലെങ്കില്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ പോലുള്ള സ്മാര്‍ട്ട് ഹോം സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതോ ആകാം. 

വീടിനെ അറിഞ്ഞുള്ള മാറ്റം

എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തുന്നതിന് മുമ്പ്, വീടിന്റെ ആര്‍ക്കിടെക്ചറല്‍ ശൈലിയെക്കുറിച്ച് പഠിക്കാന്‍ സമയം കണ്ടെത്തുക. മോള്‍ഡിങുകള്‍, ഫ്‌ളോര്‍ പാറ്റേണുകള്‍, എന്നിവയുള്‍പ്പെടെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതകള്‍ തിരിച്ചറിയുക. ഇത് നിങ്ങളുടെ പുനർനിർമാണത്തിൽ വരുത്തിയ കൂട്ടിച്ചേര്‍ക്കലുകള്‍ വേറിട്ടുനില്‍ക്കാതെ വീടിന്റെ സ്വാഭാവിക ഭാഗമായി തോന്നിക്കും. വീട്ടുപകരണങ്ങള്‍, ഫര്‍ണിച്ചറുകള്‍ എന്നിവയുടെ നിറത്തിന്റെ കാര്യത്തിലും ശ്രദ്ധിക്കാം.