കഴിഞ്ഞ ദീപാവലിക്കാണ് മുംബൈയിലെ പാലി ഹില്ലില്‍ ഒരുക്കിയ പുതിയ വീട്ടിലേക്ക് മാറുന്ന കാര്യത്തെക്കുറിച്ച് ബോളിവുഡിലെ താരദമ്പതിമാരായ ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും ആരാധകരെ അറിയിച്ചത്. വീടുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അതിന് മുന്‍പ് തന്നെ സാമൂഹികമാധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നെങ്കിലും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് കാണിച്ച് ആലിയ ഭട്ട് രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് തങ്ങളുടെ പുതിയ വീട്ടിലെ ചില ചിത്രങ്ങള്‍ ആലിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

To advertise here,

ആലിയ ഭട്ട്, രണ്‍ബീര്‍ കപൂര്‍, മകള്‍ റാഹ, രണ്‍ബീറിന്റെ അമ്മയും നടിയുമായ നീതു കപൂര്‍ എന്നിവരാണ് 250 കോടിയിലധികം മൂല്യമുള്ള ആഡംബര ബംഗ്ലാവില്‍ ഇപ്പോള്‍ താമസിക്കുന്നത്. കപൂര്‍ കുടുംബത്തിന്റെ പാരമ്പര്യത്തെ ഉള്‍ക്കൊള്ളുകയും അതിനോടൊപ്പം തന്നെ എല്ലാ സുഖസൗകര്യങ്ങളും നിറഞ്ഞതാണ് 'കൃഷ്ണ രാജ് ബംഗ്ലാവ്' എന്നറിയപ്പെടുന്ന പാലി ഹില്‍സിലെ ഈ ആഡംബര ഭവനം. നവംബറില്‍ നടന്നെന്ന് കരുതുന്ന പൂജ ചടങ്ങിലെ ചിത്രങ്ങളാണ് ആലിയ കഴിഞ്ഞ ദിവസം പങ്കുവെച്ചത്.

ആലിയ പങ്കുവെച്ച ചിത്രങ്ങളില്‍ ഇന്ത്യയുടെ പാരമ്പര്യവും അതുപോലെത്തന്നെ ആധുനിക ഡിസൈനുകളും കോര്‍ത്തിണക്കിയാണ് വീട് നിര്‍മ്മിച്ചിരിക്കുന്നത് എന്ന് വ്യക്തമാകുന്നു. ആവശ്യത്തിന് സൂര്യപ്രകാശം കടത്തിവിടുന്ന വലിയ ജനാലകളും ടൈല്‍പാകിയ തറയും ശാന്തമായ അന്തരീക്ഷം വീടിന് നല്‍കുന്നുണ്ട്‌. ഓഫ്- വൈറ്റ് നിറത്തിലാണ് ഭിത്തികള്‍. വീട്ടിനുള്ളില്‍ ധാരാളം ചെടികള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്നും ചിത്രങ്ങളില്‍ നിന്നും വ്യക്തമാണ്.

ബോളിവുഡിലെ പ്രശസ്ത നടനും രണ്‍ബീറിന്റെ അച്ഛനുമായ ഋഷി കപൂറിന്റെ ഓര്‍മ്മയ്ക്കായി പ്രത്യേകമായ ഇടം ഒരുക്കിയിട്ടുണ്ട്. ഋഷി കപൂറിന്റെ ഫ്രെയിം ചെയ്ത് പൂമാല ചാര്‍ത്തിയ ചിത്രത്തിന് മുന്നില്‍ നില്‍ക്കുന്ന രണ്‍ബീറിന്റെ ചിത്രങ്ങളും ആലിയ പങ്കുവെച്ചു. ഋഷി കപൂറിന്റെ നേതൃത്വത്തിലാണ് ഈ വീടിന്റെ പണി ആരംഭിച്ചതെന്ന് ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നു. രണ്‍ബീറിന്റെ മുത്തശ്ശനും മുത്തശ്ശിയുമായ രാജ് കപൂര്‍, കൃഷ്ണ രാജ് കപൂര്‍ എന്നിവരുടെ ഉടമസ്ഥതയിലുണ്ടായിരുന്ന സ്ഥലത്താണ് ഈ താരഭവനം നിര്‍മ്മിച്ചിരിക്കുന്നത്.