ബോളിവുഡ് ആരാധകരുടെ പ്രിയപ്പെട്ട ദമ്പതിമാരാണ് ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും. ഈ വര്‍ഷത്തെ ദീപാവലി ആഘോഷത്തിനൊപ്പം പുതിയ മാറ്റത്തിനും കൂടി തയ്യാറെടുക്കുകയാണ് ഇവര്‍. ഇത്തവണത്തെ ആഘോഷം മുംബൈയിലെ പാലി ഹില്ലിലുള്ള പുതിയ വീട്ടില്‍ വെച്ച് ആഘോഷിക്കുവാനാണ് താരദമ്പതികളുടെ തീരുമാനം. ഔദ്യോഗികമായി പുറത്തുവിട്ട പ്രസ്താവനയിലാണ് പുതിയ വീട്ടിലേക്ക് മാറുന്നതിനെക്കുറിച്ചുള്ള വിവരം പങ്കുവെച്ചത്.

To advertise here,

ആറ് നിലയുള്ള ബംഗ്ലാവിന് ഏകദേശം 250 കോടി രൂപ മൂല്യം കണക്കാക്കിയിട്ടുണ്ട്. തങ്ങളെ സ്‌നേഹിക്കുന്നവര്‍ക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള കുറിപ്പില്‍ പുതിയ ജീവിതത്തിലേക്ക് കടക്കുമ്പോള്‍ സ്വകാര്യത ആഗ്രഹിക്കുന്നുണ്ടെന്നും പറയുന്നുണ്ട്. 'നന്ദിയുടെയും പുതിയ തുടക്കങ്ങളുടെയും സമയമാണ് ദീപാവലി. ഞങ്ങളുടെ പുതിയ വീട്ടിലേക്ക് മാറുമ്പോള്‍, നിങ്ങള്‍ നല്‍കിയ എല്ലാ സ്‌നേഹത്തിനും പിന്തുണയ്ക്കും ഞങ്ങള്‍ നന്ദിയുള്ളവരാണ്. ഞങ്ങളുടെയും കുടുംബത്തിന്റെയും അയല്‍ക്കാരുടെയും സ്വകാര്യതയെ നിങ്ങള്‍ തുടര്‍ന്നും മാനിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഈ ഉത്സവകാലത്ത് നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും ഞങ്ങളുടെ എല്ലാ സ്‌നേഹവും നേരുന്നു. ദീപാവലി ആശംസകള്‍!' എന്ന കുറിപ്പാണ് താര ദമ്പതികള്‍ പങ്കുവെച്ചത്.

പാരമ്പര്യവും ആഡംബരവും ഒത്തുചേരുന്ന കപൂര്‍ കുടുംബത്തിന്റെ സ്വപ്നഗൃഹം ചരിത്ര പ്രാധാന്യമുള്ള കൃഷ്ണ രാജ് ബംഗ്ലാവിന്റെ സമീപത്തായിട്ടാണ് സ്ഥിതി ചെയ്യുന്നത്. ലോകോത്തര നിലവാരത്തിലുള്ള ഇന്റീരിയറുകളും, വിനോദത്തിനായി പ്രത്യേക ഇടങ്ങളും, മനോഹരമായി രൂപകല്‍പ്പന ചെയ്ത ടെറസ് ഗാര്‍ഡനും പുതിയ വീട്ടിലുണ്ട്.

ഇതോടെ ഇന്ത്യയിലെ ഏറ്റവും വിലയേറിയ സെലിബ്രിറ്റി വസതികളില്‍ ഒന്നായി മാറിയിരിക്കുകയാണ് കപൂര്‍ കുടുംബത്തിന്റെ പുതിയ വീട്. രണ്‍ബീര്‍, ആലിയ, അവരുടെ മകള്‍ റാഹ, രണ്‍ബീറിന്റെ അമ്മയും മുതിര്‍ന്ന നടിയുമായ നീതു കപൂര്‍ എന്നിവര്‍ ഇനി മുതല്‍ ഇവിടെ ആയിരിക്കും താമസിക്കുക.

സഞ്ജയ് ലീല ബന്‍സാലിയുടെ 'ലവ് ആന്‍ഡ് വാര്‍' എന്ന സിനിമയില്‍ വിക്കി കൗശലിനൊപ്പമാണ് രണ്‍ബീറും ആലിയയും ഇപ്പോള്‍ അഭിനയിക്കുന്നത്. ഇതുകൂടാതെ, വൈആര്‍എഫിന്റെ സ്‌പൈ യൂണിവേഴ്‌സ് ചിത്രമായ 'ആല്‍ഫ'യില്‍ ഷര്‍വാരിക്കൊപ്പം ആലിയ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.