നൂറു രൂപ കൂലിയില്‍ സിനിമയുടെ കലാവിഭാഗത്തില്‍ ജോലിയ്ക്കിറങ്ങിയ ജിജോ തോമസെന്ന പ്ലസ്ടുക്കാരന്‍. സിനിമാമോഹങ്ങളില്‍ ഹൃദയം പതഞ്ഞു നിന്ന പ്രായം. അഭിനേതാക്കള്‍ക്കായി വസ്ത്രങ്ങളെടുത്തു നല്‍കുന്നതായിരുന്നു അവന്റെ ആദ്യത്തെ ജോലി. ക്യാമറയ്ക്ക് മുന്നില്‍ നടീനടന്മാര്‍ സിനിമയ്ക്ക് ജീവന്‍ നല്‍കുമ്പോള്‍ കൊതിയോടെയവന്‍ ഫ്രയിമില്‍ കയറി നിന്നു. സംവിധായകന്റെ അലര്‍ച്ചയില്‍ പിടഞ്ഞു മേക്കപ്പ് മുറിയിലേയ്ക്ക് ഓടിക്കയറുമ്പോള്‍ അവന്‍ അറിഞ്ഞിരുന്നില്ല ഇതാകും ജീവിതവഴിയെന്ന്. അവിടെ നിന്നാണ് ഇന്റര്‍നാഷണല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായി മാറിയ ജിജോയുടെ ജീവിതം മാറി മറിയുന്നത്. ഇന്നയാള്‍ ലണ്ടന്‍ ഫാഷന്‍ വീക്കിന്റെ തുടര്‍ച്ചയായ മൂന്നു സീസണുകളുടെ ഭാഗമായ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റാണ്

To advertise here,
placeholder
.
jijo thomas|photo:special arrangement

ഇംഗ്ലീഷറിയാത്ത മേക്കപ്പ് ആര്‍ട്ടിസ്റ്റ്

യു.കെയിലേയ്ക്ക് താമസം മാറിയിട്ട് ഒരു വര്‍ഷം കഴിഞ്ഞുവെങ്കിലും ജിജോ താന്‍ ഇംഗ്ലീഷ് അറിയാത്ത മേക്കപ്പ് ആര്‍ട്ടിസ്റ്റാണെന്ന് എടുത്തുപറയുന്നു. ഇവിടെ ജീവിച്ചുകൊണ്ട് ഭാഷയെ കൂടുതല്‍ അറിയാന്‍ ശ്രമിക്കുകയാണ് അദ്ദേഹം പറയുന്നു. ദിവസവും ജോലി ചെയ്യേണ്ടി വരുന്നത് അന്താരാഷ്ടപ്രശസ്തമായ മോഡലുകള്‍ക്കും ലോകോത്തര ആഡംബര ബ്രാന്‍ഡുകള്‍ക്കുമൊപ്പമാണ്. തന്റെ മേക്കപ്പിന്റെ ഭാഷയാണ് തന്നെ ഈ ഇന്‍ഡസ്ട്രിയില്‍ പിടിച്ചുനിര്‍ത്തുന്നതെന്നും ആത്മവിശ്വാസത്തിന്റെ ബലത്തില്‍ ജിജോ പറയുന്നു. പ്ലസ് ടുവിന് ശേഷം സിനിമയുടെ പിന്നണിയില്‍ തുടങ്ങിയ കരിയറിന്റെ ഇടയില്‍ പഠനം പാതിവഴിയില്‍ ജിജോയ്ക്ക് ഉപേക്ഷിക്കേണ്ടിവന്നു.

placeholder
.
jijo thomas|photo:special arrangement

സിനിമയില്‍ മേക്കപ്പ്മാനായതിന്റെ അനുഭവം കൈമുതലാക്കിയാണ് അദ്ദേഹം ലണ്ടനിലെത്തുന്നത്.ഒരു വര്‍ഷത്തിനിടയില്‍ അദ്ദേഹം ലണ്ടന്‍ ഫാഷന്‍ വീക്കിന്റെ മൂന്നു സീസണുകളുടെ ഭാഗമായി. ജൂണ്‍, സെപ്റ്റംബര്‍ സീസണുകള്‍ക്ക് ശേഷം ഫെബ്രുവരി സീസണിലും സജീവമായി ജിജോയുണ്ട്. ഏതൊരു ഫാഷന്‍പ്രേമിയുടേയും സ്വപ്‌നത്തിലാണ് ജിജോയിന്ന് ജീവിക്കുന്നത്. ലോകപ്രശസ്തരായ നൂറുകണക്കിന് മോഡലുകളാണ് ലണ്ടന്‍ ഫാഷന്‍ വീക്കില്‍ അണിനിരക്കുന്നത്. ഫാഷനിലേയും മേക്കപ്പിലേയും ഏറ്റവും പുതിയ ട്രെന്‍ഡുകളുടെ കൂടെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് ഇതിനകം കഴിഞ്ഞു.

ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കിലേയ്ക്ക് അവസരം ലഭിച്ചുവെങ്കിലും വീസ പ്രശ്‌നങ്ങള്‍ മൂലം പങ്കെടുക്കാന്‍ കഴിഞ്ഞില്ലെന്നും ജിജോ പറയുന്നു. മേക്കപ്പ് ഒരു കലയാണ്. അണുതെറ്റിയാല്‍ പരാജയപ്പെട്ടുപോകുന്ന ശരീരത്തെ ക്യാന്‍വാസാക്കുന്ന കല. അവിടെ നമ്മുടെ അര്‍പ്പണബോധവും  ആത്മാര്‍ഥതയും നഷ്ടപ്പെട്ടാല്‍ മത്സരങ്ങളുടെ കുത്തൊഴുക്കില്‍ പിടിച്ചുനില്‍ക്കാനാവില്ല. സ്‌കിന്‍ടോണാണ് ഇവിടെ നമ്മള്‍ നേരിടുന്ന വെല്ലുവിളി. ഇവിടുത്തെ മേക്കപ്പില്‍ സ്‌കിന്‍ ടോണ്‍ മാച്ച് ചെയ്യുന്നതില്‍ അണുവിടയുളള വീഴ്ചപോലും മേക്കപ്പിനെ മോശമാക്കാം. സിനിമയില്‍ നിന്നുള്ള വര്‍ഷങ്ങളുടെ പ്രവര്‍ത്തനപരിചയമാണ് എനിക്ക് അനുഗ്രഹമായത്.-ജിജോ പറയുന്നു.

placeholder
.
ജിജോ തോമസ് മേക്കപ്പിനിടയില്‍|photo:special arrangement

റാന്നിക്കാരന്‍ പയ്യന്റെ സിനിമാമോഹങ്ങള്‍

മേക്കപ്പ് വഴിയില്‍ ജിജോ 18 വര്‍ഷം പിന്നിട്ടിരിക്കുന്നു. പത്തനംതിട്ടയിലെ റാന്നിയെന്ന ഗ്രാമപ്രദേശത്ത് നിന്ന് സിനിമയെ മോഹിച്ചാണ് ജിജോ എറണാകുളത്തേയ്ക്ക് തീവണ്ടി കയറുന്നത്. ആര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റിലും കോസ്റ്റ്യൂം വിഭാഗത്തിലും അടിമയെപ്പോലെ പണിയെടുത്ത കാലം തനിക്കുമുണ്ടായിരുന്നതായി അയാള്‍ സ്മരിക്കുന്നു. അവിടെ നിന്നാണ് മികച്ച മേക്കപ്പ്മാനുള്ള സംസ്ഥാന അവാര്‍ഡുകള്‍ നേടിയിട്ടുള്ള റോണക്‌സ് സേവ്യറിന്റെ കൂടെ കൂടിയത്. മേക്കപ്പ് ആര്‍ട്ടിസ്റ്റാകാന്‍ താന്‍ ശാസ്ത്രീയമായി ഒരു കോഴ്‌സും പഠിച്ചിട്ടില്ലെന്നും ജിജോ പറയുന്നു.

സിനിമാക്കഥകള്‍ പറഞ്ഞിരുന്ന സൗഹൃദമാണ് മേക്കപ്പ് ബ്രഷെടുക്കാന്‍ ജിജോയെ പ്രേരിപ്പിച്ചത്. 100 രൂപയാണ് കൂലിയായി അന്ന് ലഭിച്ചത്. അസിസ്റ്റന്റുമാര്‍ക്ക് ഇന്നും സിനിമയില്‍ വേതനമില്ലെന്ന് ജിജോ പറയുന്നു. 15 അല്ലെങ്കില്‍ 20 ദിവസത്തെ വര്‍ക്കിന് ശേഷം വീണ്ടും ജോലി ലഭിക്കാന്‍ ദിവസങ്ങളെടുക്കും. പിന്നെ നാട്ടിലേയ്ക്ക് തിരിച്ചെത്തിയാല്‍ എന്താണ് ജോലിയെന്നുള്ള നാട്ടുകാരുടെ സ്ഥിരം ചോദ്യങ്ങള്‍ക്ക് ഉത്തരം കൊടുത്തുള്ള കാത്തിരിപ്പാണ്.

placeholder
.
jijo thomas|photo:special arrangement

വസ്ത്രാലങ്കാരവും മേക്കപ്പുമൊപ്പം ജോലിയായി കാണാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. സിനിമയുടെ മുന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കിട്ടുന്ന മേന്മയൊന്നും പിന്നണിയിലുള്ള എല്ലാവര്‍ക്കും ലഭിക്കില്ലെന്നുള്ളതും ഒരു സത്യമാണ്. ആശാന്മാര്‍ക്ക് ജോലിയുണ്ടെങ്കിലേ അസിസ്റ്റന്റിനും വിളി വരികയുള്ളൂ. വേതനത്തേക്കാള്‍ ജോലിയോട് കാണിച്ച പ്രതിബന്ധതയാണ് സിനിമയില്‍ തന്നെ കുറച്ചുകാലമെങ്കിലും പിടിച്ചുനിര്‍ത്തിയതെന്നും ജിജോ പറയുന്നു. ഫാഷന്‍ ടിവി കണ്ടതിന് ശകാരം പറയുന്ന നാട്ടില്‍ നിന്നും ഫാഷന്‍ ടിവിയിലെ മോഡലുകളെ അണിയിച്ചൊരുക്കുന്നവനായി ജിജോ ഇന്ന് വളര്‍ന്നു.

റെയില്‍വേ സ്റ്റേഷനിലെ ഉറക്കവും പാര്‍ലേ ജി ബിസ്‌ക്കറ്റും

രണ്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് പപ്പ മരിക്കുന്നത്. ഞങ്ങള്‍ മൂന്നു മക്കളെ വളര്‍ത്താന്‍ തയ്യല്‍ക്കാരിയായ അമ്മ സൂസന്‍ കഷ്ടപ്പെട്ടത് കുറച്ചൊന്നുമല്ലെന്നും ജിജോ ഓര്‍മിക്കുന്നു. അമ്മയുടെ അരിഷ്ടിച്ചുവെച്ച തയ്യല്‍ക്കൂലിയില്‍ നിന്നാണ് തീവണ്ടിക്കാശും വാങ്ങി ഞാന്‍ തിരുവല്ലയ്ക്ക് പോകുന്നത്. വര്‍ക്ക് കഴിഞ്ഞെത്തുമ്പോള്‍ തിരിച്ചുകൊടുക്കാമെന്നേറ്റാണ് അമ്മയോട് പണം വാങ്ങിയിരുന്നത്. വീട്ടിലെ സ്ഥിതി അത്തരത്തിലായിരുന്നു.

തലേന്ന് വിളിച്ചിട്ടാണ് എറണാകുളം, തൃശൂര്‍, തിരുവനന്തപുരം തുടങ്ങിയ ജില്ലയിലുള്ള ലൊക്കേഷനിലേയ്ക്ക് എത്തുവാന്‍ പറയുന്നത്. പറഞ്ഞ വാക്കിനോട് ചെയ്യുന്ന ജോലിയോടും ഞാന്‍ നൂറു ശതമാനം കൂറ് പുലര്‍ത്തും. വിളി വരുന്ന അന്നു തന്നെ കൂട്ടുകാരുടെ സ്‌കൂട്ടറില്‍ ബസ് സ്റ്റാൻഡിലേയ്ക്ക് അവിടുന്ന് തീവണ്ടി കയറാനുമൊക്കെയായി ഞാൻ ഓട്ടത്തിലായിരിക്കും. വെളുപ്പിനെയോ പാതിരാത്രിയിലോ നഗരത്തിലെത്തിയാല്‍ താമസിക്കാനൊരിടം അന്നൊന്നുമുണ്ടായിരുന്നില്ല.

റെയില്‍വേ സ്റ്റേഷനിലാണ് കിടന്നുറങ്ങിയിരുന്നത്. തുടക്കക്കാലത്ത് ഓര്‍മകളില്‍ ഞാന്‍ ഉറങ്ങാത്ത ബസ് സ്റ്റാന്‍ഡുകളും റെയില്‍വേ സ്റ്റേഷനുകളും വിരളമാണ്. അഞ്ച് രൂപയുടെ പാര്‍ലേ ജി ബിസ്‌ക്കറ്റായിരുന്നു ലൊക്കേഷന്‍ എത്തും വരെയുള്ള ഭക്ഷണം. അതിനപ്പുറം ചെലവിടാന്‍ കൈയിലൊരിക്കലും പണമുണ്ടായിരുന്നില്ല. അമ്മ പോകാനുള്ള പണം മാത്രമാണ് തന്നുവിട്ടിരുന്നത്, തിരിച്ചുപോകാനും അമ്മയ്ക്ക് കൊടുക്കാനുമുള്ള കാശും ഞാന്‍ പണിയെടുത്തുണ്ടാക്കണമായിരുന്നു. എത്ര ബുദ്ധിമുട്ടിയും വിളിക്കുന്ന വര്‍ക്കിനെല്ലാം ഞാന്‍ സമയത്തെത്തിയിരുന്നു. കാരണം ഞാന്‍ പോയില്ലേല്‍ എനിക്ക് പകരം നൂറ് പേര്‍ വരുമെന്ന് എനിക്ക് തിരിച്ചറിവുണ്ടായിരുന്നു. 

നാടുവിടലും സിനിമയിലേയ്ക്കുള്ള തിരിച്ചുവരവും

സിനിമയില്‍ നിന്നും കിട്ടുന്ന വേതനം ജീവിയ്ക്കാന്‍ തികയുമായിരുന്നില്ല, ജീവിതത്തിനൊരു മാറ്റം വേണമെന്ന് തോന്നിയത് അങ്ങനെയാണ്. ജോലി അന്വേഷിച്ചാണ് മുംബൈയിലുള്ള ചേട്ടന്‍ ഷിജുവിന്റെ അടുത്തേയ്ക്ക് വണ്ടി കയറുന്നത്. അവിടെ ചേട്ടന്‍ ജോലി  ചെയ്യുന്ന കമ്പനിയില്‍ ജോലിയും ലഭിച്ചു. മരുന്നുകള്‍ ഉണ്ടാക്കുന്ന യന്ത്രങ്ങള്‍ ഉണ്ടാക്കുന്ന കമ്പനിയായിരുന്നു അത്. ഇരുമ്പ് പ്ലേറ്റുകള്‍ കട്ട് ചെയ്യുന്ന ജോലികളാണ് പ്രധാനമായും ചെയ്തിരുന്നത്. എന്നാല്‍ മനസ് ഇവിടെ ഉറച്ചുനിന്നില്ലെന്ന്- ജിജോ പറയുന്നു.

നാണയത്തുട്ടുകളുമായി കോയിന്‍ ബോക്‌സിലെത്തി എല്ലാ ദിവസവും സിനിമാക്കാരേ വിളിക്കുന്നതായിരുന്നു  എന്റെ പ്രധാന പണി. അഞ്ചുമാസങ്ങള്‍ക്കുശേഷം റോണക്‌സിന്റെ വിളി വരുന്നു. ആലോചിക്കാന്‍ ഒന്നുമുണ്ടായില്ല, വീട്ടിൽ പോവുകയാണെന്ന് നുണ പറഞ്ഞ് നാട്ടിലേയ്ക്ക് വണ്ടി കയറി. ആദ്യകാലത്ത് സീരിയലുകളിലും ടിവി ഷോകളിലും  പണിയെടുത്തിരുന്നു. അവിടെ നിന്നാണ് പൂര്‍ണമായും സിനിമയിലെത്തുന്നത്. ആദ്യം ജോലി ചെയ്ത സിനിമ തീയേറ്ററിലെത്തിയില്ല. 

ആയിരത്തിലൊരുവനാണ് പിന്നീട് ചെയ്ത സിനിമ. പിന്നെ പ്രദീപ് രംഗന്‍, രഞ്ജിത്ത് അമ്പാടി, രതീഷ് അമ്പാടി എന്നിവരോടൊപ്പം ജോലി തുടര്‍ന്നു.അതിനിടയില്‍ തന്നെ മനോജ് കെ. ജയന്റെയും ഉണ്ണി മുകുന്ദന്റെയും പേഴ്‌സണല്‍ മേക്കപ്പ്മാനായിട്ടും പ്രവര്‍ത്തിച്ചു. പഴശ്ശിരാജ, പുതിയ മുഖം, റെഡ് ചില്ലീസ്, കാണ്ഡഹാര്‍, കസിന്‍സ് എന്നിങ്ങനെ ഈ പട്ടിക നീണ്ടു. സിനിമ എല്ലാത്തരത്തിലും വലിയൊരു പാഠശാല ആയിരുന്നു. മേക്കപ്പിലും ജീവിതത്തിലും ഒരുപാട് കാര്യങ്ങള്‍ അവിടെ നിന്നും എനിക്ക് പഠിക്കാനായി. ജീവിതത്തില്‍ മുന്നോട്ടു പോകാന്‍ ഈ കൂലി പോരെന്ന് തോന്നിയത് കൊണ്ടാണ് സിനിമ വിട്ടത്.

അന്ന് ചെറിയ രീതിയില്‍ ബ്രൈഡൽ മേക്കപ്പും തുടങ്ങിയിരുന്നു. ജീവിക്കാന്‍ പണം തന്നത് ബ്രൈഡല്‍ മേക്കപ്പാണ്. ചേട്ടന്‍ ഷിജുവിന്റെ സഹായത്തില്‍ ഒരു സ്റ്റുഡിയോയും തുടങ്ങിയതങ്ങനെയാണ്. സിനിമയില്‍ നിന്നിട്ട് എനിക്ക് കാര്യമില്ലെന്നെന്ന തിരിച്ചറിവാണ് ജീവിതത്തിലെ ഏറ്റവും വലിയ തീരുമാനമായി ഞാനെടുത്തത്. എത്രയൊഴിഞ്ഞാലും തിരിച്ചുവിളിക്കുന്ന മാന്ത്രികതയുണ്ട് സിനിമയ്ക്ക് പക്ഷേ, സിനിമയില്‍ നിന്നും ഞാന്‍ പോന്നതാണ് ജീവിതം മാറ്റിയത്. ഒരു സ്‌കൂളിലും പഠിക്കാത്ത മേക്കപ്പ് പാഠങ്ങള്‍ ഞാന്‍ ആര്‍ട്ടിസ്റ്റിന്റെ മുഖങ്ങളില്‍ നിന്നും പഠിച്ചു. സ്‌കിന്‍ ടോണ്‍ കറക്ടു ചെയ്യുന്നത് എനിക്ക് പാളിപ്പോകാറില്ല. എനിക്ക് സിനിമയിലെ ആര്‍ട്ടിസ്റ്റുകള്‍ക്ക് മേക്കപ്പിട്ടുള്ള പരിചയമാണ് അത്തരത്തിലൊരു കഴിവ് നേടിത്തന്നത്.

ബ്രെഡല്‍ മേക്കപ്പ് പിടിച്ചുയര്‍ത്തിയ കരിയര്‍

ബ്രൈഡൽ മേക്കപ്പിലൂടെയാണ് ജീവിതം പച്ചപിടിച്ചത്. ഞാന്‍ ബ്രൈഡൽ മേക്കപ്പ് തുടങ്ങുമ്പോള്‍ ഈ മേഖലയില്‍ പുരുഷന്മാര്‍ വിരളമാണ്. കൂടെ സ്ത്രീകളായ അസിസ്റ്റന്റുകളേയും കൂട്ടിയാണ് ഞാന്‍ കല്യാണവര്‍ക്കുകള്‍ക്ക് പോയിരുന്നത്. ആദ്യകാലങ്ങളില്‍ പെണ്‍കുട്ടിയോടൊപ്പം പുരുഷനായ മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ കണ്ട് പലരും മൂക്കത്ത് വിരല്‍ വെച്ചിരുന്നു. പക്ഷേ, എന്റെ ജോലിയില്‍ എന്നും കാണിച്ചിരുന്ന അര്‍പ്പണബോധം അവിടെയും എനിക്ക് തുണയായി.

തുടര്‍ച്ചയായി എനിക്ക് വര്‍ക്കുകള്‍  ലഭിച്ചു. ഇതിനിടയില്‍ ഹെയര്‍ സ്‌റ്റെലിങ്ങില്‍ ഞാന്‍ കൂടുതല്‍ പഠിക്കാന്‍ തീരുമാനിച്ചു. പുതിയ പരീക്ഷണങ്ങള്‍ ഞാന്‍ നടത്തി. ഒരാള്‍ക്ക് ചെയ്യുന്ന ഹെയര്‍ സ്‌റ്റൈലുകള്‍ മറ്റൊരാള്‍ക്ക് ചെയ്യാതിരിക്കാന്‍ ശ്രമിച്ചു. ക്രിസ്ത്യന്‍ കല്യാണങ്ങളിലായിരുന്നു അധികവും വര്‍ക്ക് ലഭിച്ചിരുന്നത്. ഞാന്‍ വളരെ വേഗത്തില്‍ തിരക്കുള്ള ഒരാളായി മാറി. കൂടുതല്‍ വലിയ സ്വപ്‌നങ്ങള്‍ മനസിലുണ്ടായിരുന്നു. അങ്ങനെയാണ് പുതിയൊരു സലൂണ്‍ തുറക്കാന്‍ തീരുമാനിച്ചത്.

കോവിഡ് എല്ലാം തകര്‍ക്കുന്നു

കൈയിലുളളതെല്ലാം നുള്ളിപ്പെറുക്കിയാണ് പുതിയ സലൂണ്‍ പണി പൂര്‍ത്തിയാക്കുന്നത്. സലൂണിന്റെ തുടക്കവും കേരളത്തിലെ കൊറോണയുടെ വരവും ഒരുമിച്ചായിരുന്നു. ജീവിതം വീണ്ടും കീഴ്‌മേല്‍ മറിഞ്ഞു. സലൂണ്‍ തുറക്കാന്‍ കഴിഞ്ഞില്ല. കല്യാണവര്‍ക്കുകള്‍ വിരലിലെണ്ണാവുന്ന വിധത്തില്‍ കുറഞ്ഞു. സലൂണ്‍ തുടങ്ങിയ സാമ്പത്തിക ബാധ്യതയും ജോലി നഷ്ടവുമെല്ലാം വല്ലാതെയെന്നെ തളര്‍ത്തിയിരുന്നു. പക്ഷേ, തോറ്റുകൊടുക്കാന്‍ മനസില്ലായിരുന്നു. ഡമ്മിയില്‍ ഞാന്‍ പുതിയ ഹെയര്‍ സ്റ്റൈലുകള്‍ പരീക്ഷിച്ചു പഠിച്ചു. എല്ലാം ശരിയാകുമെന്ന വിശ്വാസമാണ് മുന്നോട്ട് നയിച്ചത്. 

സോഷ്യല്‍ മീഡിയ വഴിവെളിച്ചമാകുന്നു

കോവിഡ് കാലത്താണ് സാമൂഹിക മാധ്യമങ്ങളില്‍ സജീവമാകുന്നത്. യൂ ട്യൂബില്‍ നിന്നും മേക്കപ്പിന്റെ പുത്തന്‍ പാഠങ്ങള്‍ വീട്ടിലിരുന്ന് ഞാന്‍ പരീക്ഷിച്ചു. ഇന്റര്‍നാഷണല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റുകളെ പിന്തുടരുന്നത് പതിവാക്കി അവരുടെ ഓരോ വര്‍ക്കുകളും ഞാന്‍ സസൂഷ്മം പഠിക്കുകയും പിന്തുടരുകയും ചെയ്തു. അവരുമായി ഒരു പ്രൊഫഷണല്‍ ബന്ധമുണ്ടാക്കാനും പ്രയത്‌നിച്ചിരുന്നു. ആദ്യമെല്ലാം അവര്‍ ശ്രദ്ധിച്ചിട്ടില്ല. പിന്നീട് എന്നെ പലരും ശ്രദ്ധിച്ചു തുടങ്ങി. അവര്‍ എന്റെ പോസ്റ്റുകള്‍ക്ക് പ്രതികരിച്ചുതുടങ്ങി. അതൊരു തുടക്കമായിരുന്നു.

ഭാഷ പോലും വലിയതായി വശമില്ലാതിരുന്ന ഒരാളാണ് ഞാന്‍ പക്ഷേ, ഞാനെന്റെ ജോലിയില്‍ മെച്ചപ്പെടാന്‍ എന്നും പരിശ്രമിച്ചിരുന്നു. ലണ്ടന്‍ ഫാഷന്‍ വീക്കിലേയ്ക്ക് എത്താനും ഈ കാലത്തെ പഠനവും ബന്ധങ്ങളും എന്നെ സഹായിച്ചിട്ടുണ്ട്. എന്റെ വര്‍ക്കുകളില്‍ അവര്‍ നല്ല വാക്ക് പറയുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഇതിനിടയില്‍ ഹെയര്‍ സ്റ്റൈലിങ്ങിനായി ഞാന്‍ ക്ലാസുകളെടുക്കാനും തുടങ്ങിയിരുന്നു. എനിക്ക് അറിയുന്നത് പകര്‍ന്നു കൊടുക്കുന്നത് ഒരു ഭാഗ്യമായാണ് കരുതുന്നത്. ഭാര്യ സ്മിതയുടെ ജോലിയുടെ ഭാഗമായാണ് ലണ്ടനിലെത്തുന്നത്.

ഞാന്‍ ലണ്ടനില്‍ ആരോട് അവസരം ചോദിച്ചിരുന്നില്ല. ലണ്ടനില്‍ ഞാനെത്തിയ സ്‌റ്റോറി കണ്ടതും പലരും എന്നെ കോണ്‍ടാക്ട് ചെയ്തു. അവിടെ നിന്നാണ് ലണ്ടന്‍ ഫാഷന്‍ വീക്കിലേയ്ക്ക് എത്തുന്നത്. ഒരു വര്‍ഷത്തിനിടയില്‍ നിരവധി ഷോകളും ചെയ്യാന്‍ കഴിഞ്ഞു. ഇവിടെ എല്ലാവരും വളരുന്നതിനോടൊപ്പം മറ്റുവരെയും കൈ പിടിച്ചുയര്‍ത്തുന്ന തൊഴില്‍ സംസ്‌കാരമുണ്ട്. നമ്മുടെ ജോലി അവര്‍ക്കിഷ്ടമായാല്‍ അവരത് പ്രോത്സാഹിപ്പിക്കും. കുറ്റപ്പെടുത്തലോ കുത്തുവാക്കുകളോ അല്ല പ്രോത്സാഹനമാണ് ഇവിടെയുള്ളവരുടെ പ്രത്യേകത. പ്രതീക്ഷിക്കാത്ത പല മനുഷ്യരും മേക്കപ്പ് കരിയറില്‍ വലിയ അവസരങ്ങള്‍ ഇവിടെയെനിക്ക് വച്ചുനീട്ടി.

ഇപ്പോള്‍ ലണ്ടന്‍ ഫാഷന്‍ വീക്കിന്റെ തിരക്കിലാണ്. ആര്‍ട്ടിസ്റ്റുകള്‍ അവരുടെ മറ്റു വര്‍ക്കുകളിലേയ്ക്കും നമ്മളെ വിളിക്കുന്നുണ്ട്. ചോദിക്കാതെ ലഭിക്കുന്ന അനുഗ്രഹങ്ങളില്‍ ഞാന്‍ എന്റെ പഴയകാലമോര്‍ക്കും. തുച്ഛമായ കാശില്‍ സിനിമയിലേയ്ക്ക് ഓടിനടന്ന കാലം ഓര്‍ക്കും. കൊതുകുകടിയില്‍ ഉറക്കം നഷ്ടപ്പെട്ട രാത്രികളെ ഓർക്കും. തയ്യല്‍ മെഷീനില്‍ തളര്‍ന്നിരുന്ന അമ്മയെ ഓര്‍ക്കും. തളര്‍ന്നു വീഴാന്‍ നൂറു കാരണങ്ങളുണ്ടായിട്ടും പിടിച്ചു നില്‍ക്കാന്‍ ഞാന്‍ എന്നോട് കാണിച്ച വിശ്വാസമാണ് ഇവിടെയെന്നെ എത്തിച്ചത്. നാട്ടിലിപ്പോഴും സലൂണ്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സഹോദരി ജിനുവാണ് അത് നോക്കിനടത്തുന്നത്. നാട്ടില്‍ ക്ലാസുകള്‍ക്കും വിവാഹ വര്‍ക്കുകള്‍ക്കുമായി ഇവിടെത്തെ കാര്യങ്ങള്‍ അനുസരിച്ച് പോകാറുണ്ട്. കാരണം ഞാന്‍ നടന്നുവന്ന വഴികളെ മറന്നിട്ടില്ല.-ജിയോയുടെ വാക്കുകളില്‍ ഓര്‍മ്മകളുടെ തിളക്കം.