കാഴ്ചയില്ലാത്തവരുടെ ലോകത്തെക്കുറിച്ച് എന്നെങ്കിലും ആലോചിച്ചിട്ടുണ്ടോ?  അവരുടെ ലോകത്ത് നിറങ്ങളില്ല, രൂപങ്ങളില്ല. പക്ഷേ, മറ്റാരേക്കാളും ഭാവനയും സ്വപ്‌നങ്ങളും അവര്‍ക്കുണ്ട്. അതു തന്നെയാണ് അവരെ മുന്നോട്ട് നയിക്കുന്നത്. ഹെലന്‍ കെല്ലര്‍ മുതല്‍ ബിഥോവന്‍ വരെയുള്ള പ്രതിഭകള്‍ അത്ഭുതം സൃഷ്ടിച്ചതിന് ഈ ലോകം സാക്ഷിയാണ്. ഉദാഹരണങ്ങളേറെ. പറഞ്ഞു വരുന്നത് കാസര്‍കോട്‌ രാവണീശ്വരം സ്വദേശി ആശാലത എന്ന അധ്യാപികയെക്കുറിച്ചാണ്. ഒപ്റ്റിക്കല്‍ നെര്‍വിന്റെ തകരാറുമൂലം ബാല്യകാലം മുതല്‍ കാഴ്ചയുടെ ലോകം അന്യമാണ് ആശാലതയ്ക്ക്. ഇന്നവര്‍ ഹയര്‍ സെക്കന്‍ഡറി സോഷ്യളജി അധ്യാപികയാണ്. അതിലുപരി സോഷ്യല്‍ മീഡിയയില്‍ അറിയപ്പെടുന്ന വ്യക്തിത്വമാണ്. പുസ്തക നിരൂപണം, അഭിമുഖങ്ങള്‍, പാചകം.... എല്ലാം ആശാലതയ്ക്ക് നിസാരം. 

To advertise here,

സമൂഹത്തിനൊന്നാകെ പ്രചോദനമായി മാറിയ ആശാലതയുടെ യാത്ര ഒട്ടും എളുപ്പമായിരുന്നില്ല. അര്‍പ്പണബോധവും കഠിനാധ്വാനവും മാത്രമായിരുന്നു കല്ലും മുള്ളും നിറഞ്ഞ വഴിയില്‍ കരുത്തേകിയത്. തന്നെപ്പോലുള്ളവര്‍ക്ക് പ്രചോദനമാകുക എന്ന ഉദ്ദേശ്യത്തോടെയാണ് മാതൃഭൂമി ഡോട്ട് കോമിലൂടെ ആശാലത തന്റെ ജീവിതം തുറന്നുപറയുന്നത്.

ഇരുട്ടും വെളിച്ചവും മാത്രം തിരിച്ചറിഞ്ഞ ബാല്യകാലം

കാസര്‍കോട്‌ കാഞ്ഞങ്ങാട് രാവണീശ്വരത്താണ് ഞാന്‍ ഞാന്‍ ജനിച്ചത്. അച്ഛന്റെ പേര് ടി.സി. ദാമോദരന്‍, അദ്ദേഹം അധ്യാപകനായിരുന്നു. അമ്മയുടെ പേര് മാലിനി, അംഗന്‍വാടി അധ്യാപികയായിരുന്നു. പിന്നീട് കുറച്ച് കാലം സോഷ്യല്‍ വര്‍ക്കൊക്കെ ചെയ്തു. ഞാന്‍ ജനിച്ച സമയത്തൊന്നും എനിക്ക് കാഴ്ചയില്ലെന്ന് ആര്‍ക്കും മനസ്സിലായിട്ടില്ല. അന്നത്തെ കാലത്ത് ഇതെക്കുറിച്ച് കാര്യമായ അവബോധമൊന്നും ആര്‍ക്കുമില്ല. മാത്രവുമല്ല, ഇന്നത്തെപ്പോലെയൊന്നും മെഡിക്കല്‍ മേഖല പുരോഗമിച്ചിട്ടില്ലല്ലോ. ഫോട്ടോ എടുക്കുമ്പോഴെല്ലാം എന്റെ നോട്ടത്തില്‍ എന്തോ വ്യത്യസ്തത മറ്റുള്ളവർക്ക് തോന്നിയിട്ടുണ്ട്. നടക്കാനുള്ള പ്രായമായപ്പോള്‍ ബാലന്‍സ് ഇല്ലാത്ത പോലെയായിരുന്നു. ആദ്യം കാണിച്ച ഡോക്ടര്‍ പറഞ്ഞത് വലിയ കുഴപ്പമില്ല, ഡാന്‍സൊക്കെ പഠിച്ചാല്‍ മാറുമെന്ന്. ചെറുപ്പത്തില്‍ എനിക്ക് കളറോ ഫിഗറോ ഒന്നും മനസ്സിലാകുമായിരുന്നില്ല. വെളിച്ചവും ഇരുട്ടും തിരിച്ചറിയും. കറന്റ് പോകുമ്പോഴും വരുമ്പോഴുമൊക്കെ മനസ്സിലാകുമായിരുന്നു. ഞാന്‍ കാണുന്നതാണോ യഥാര്‍ഥ വെളിച്ചവും ഇരുട്ടും എന്നൊന്നും എനിക്കറിയില്ല. പക്ഷേ, ഒരു ധാരണയുണ്ടായിരുന്നു. 

ആശാലതയുടെ യൂട്യൂബ് ചാനല്‍ കാണാം

ഒപിറ്റിക്കല്‍ നെര്‍വിന്റെ തകരാറാണെന്ന് തിരിച്ചറിഞ്ഞ നിമിഷം

placeholder
സ്‌കൂളില്‍ പോകാന്‍ തുടങ്ങിയപ്പോള്‍ ബോര്‍ഡില്‍ എഴുതുന്ന അക്ഷരം കാണാന്‍ സാധിക്കുന്നില്ല. അന്നത്തെ കാലമല്ലേ, മാതാപിതാക്കള്‍ക്കും ഇതിനെക്കുറിച്ച് വലിയ ധാരണയില്ലായിരുന്നു. കണ്ണിനെന്തോ കുഴപ്പമുണ്ട് എന്ന് എനിക്ക് മനസ്സിലായിരുന്നു. പിന്നീട് ഒരു ഡോക്ടറെ കണ്ടു. അദ്ദേഹം എന്നെ പരിശോധിച്ച ശേഷം പറഞ്ഞു, എന്റെ ഒപ്റ്റിക്കല്‍ നെര്‍വിന് തകരാറുണ്ടെന്ന്. കുറേക്കാലം ഞാന്‍ നല്ല കട്ടിയുള്ള ഗ്ലാസൊക്കെ വച്ചു നടന്നു. പക്ഷേ, യാതൊരു മാറ്റവുമുണ്ടായിരുന്നില്ല. പിന്നീട് പതിയെ പതിയെ വെളിച്ചവും ഇരുട്ടും തിരിച്ചറാനുള്ള കഴിവും കൂടി നഷ്ടപ്പെട്ടു. ഇപ്പോള്‍ ഇരുപത്തിയഞ്ചു വര്‍ഷമായി തീരെ കാണുകയില്ല. 

അമ്മ കൈപിടിച്ച് അക്ഷരങ്ങള്‍ എഴുതി പഠിപ്പിച്ച സ്‌കൂള്‍ കാലഘട്ടം

എന്റെ അച്ഛന് സ്‌പെഷ്യല്‍ സ്‌കൂളില്‍ വിടാന്‍ ഇഷ്ടമായിരുന്നില്ല. എനിക്ക് കാഴ്ചയില്ലെന്ന് പറഞ്ഞപ്പോള്‍ അച്ഛന്റെ സുഹൃത്തുക്കളെല്ലാം പറഞ്ഞു, എന്നെ സ്‌പെഷ്യല്‍ സ്‌കൂളില്‍ വിടണമെന്ന്. പക്ഷേ, അദ്ദേഹം കൂട്ടാക്കിയില്ല. അമ്മ എന്റെ കൈപിടിച്ച് അക്ഷരങ്ങള്‍ എഴുതി പഠിപ്പിക്കുമായിരുന്നു. അതോടൊപ്പം പറയട്ടെ ഇപ്പോഴത്തെ ബ്ലൈന്‍ഡ് സ്‌കൂളുകളില്‍ കുട്ടികളെ കൈപിടിച്ച് സാധാരണ അക്ഷരങ്ങള്‍ പഠിപ്പിക്കണമെന്ന അഭിപ്രായമുണ്ട്. കുറേ സ്ഥലങ്ങളില്‍ അങ്ങനെ ചെയ്യുന്നുവെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. കുട്ടികളുടെ കൈകള്‍ വഴങ്ങാനും മറ്റും അത് ഉപകാരപ്പെടും. അവരുടെ ഭാവന വളരാനും അതിലൂടെ സാധിക്കുമെന്നാണ് എനിക്ക് തോന്നുന്നത്.  എന്റെ കാര്യത്തിലേക്ക് വരുമ്പോള്‍ ക്ലാസില്‍ നോട്ട് പറയുമ്പോള്‍ മറ്റുള്ള കുട്ടികളെപ്പോലെ എഴുതാനൊന്നും സാധിക്കില്ല. ഞാന്‍ പുസ്തകത്തില്‍ എന്തെങ്കിലും എഴുതി വയ്ക്കും. അതായിരുന്നു പതിവ്. അതു വായിക്കുന്ന ഒരാള്‍ക്ക് ഒന്നും മനസ്സിലാകുമായിരുന്നില്ല. പഠിക്കാന്‍ വളരെ ആഗ്രഹമുള്ള കുട്ടിയായിരുന്നു ഞാന്‍. പക്ഷേ, നിസ്സഹായയായിപ്പോയ അവസ്ഥയായിരുന്നു.

ജീവിതത്തില്‍ വഴിത്തിരിവായ ലളിതാംബിക ടീച്ചര്‍

പഠിപ്പിക്കുന്ന കാര്യത്തില്‍ അച്ഛനും അമ്മയും വലിയ ശ്രദ്ധയൊന്നും നല്‍കിയിരുന്നില്ല, അന്നത്തെ കാലമല്ലേ. എന്റെ ജീവിതത്തില്‍ വഴിത്തിരിവാകുന്നത് ഒരു അധ്യാപികയായിരുന്നു. കൊല്ലത്തുനിന്ന് വന്ന ലളിതാംബിക ടീച്ചര്‍. അന്ന് ആറാം ക്ലാസില്‍ പഠിക്കുകയായിരുന്നു ഞാന്‍. ടീച്ചര്‍ ഹൈസ്‌കൂളിലും. ഒരിക്കല്‍ ഒരു പരീക്ഷ നടക്കുമ്പോള്‍ ഞാന്‍ ഒന്നും എഴുതാതെ വെറുതെ കുത്തിക്കുറിച്ച് ഇരിക്കുന്നത് കണ്ടപ്പോള്‍ ടീച്ചര്‍ എന്റെ അരികിലേക്ക് വന്നു. പേപ്പര്‍ എടുത്തു നോക്കിയപ്പോള്‍ ഞാന്‍ എഴുതിയതൊന്നും ടീച്ചര്‍ക്ക് മനസ്സിലാകുന്നില്ല. പിറ്റേ ദിവസം ടീച്ചര്‍ എച്ച്.എമ്മിനോട് ചോദിച്ചു, ആ കുട്ടിയ്ക്ക് ഞാന്‍ പരീക്ഷ എഴുതി കൊടുക്കട്ടേ എന്ന്. അങ്ങനെ പരീക്ഷയ്ക്ക് ടീച്ചര്‍ എന്റെ സ്‌ക്രൈബായി. ലളിതാംബിക ടീച്ചര്‍ എന്നെ ക്വാട്ടേഴ്‌സില്‍ കൊണ്ടുപോയി എല്ലാ വിഷയവും വായിച്ച് പഠിപ്പിച്ചു തരും. അതായിരുന്നു എനിക്ക് ലഭിച്ച ഏറ്റവും വലിയ പ്രചോദനം. ടീച്ചര്‍ തുടങ്ങിവച്ച സ്‌ക്രൈബ് സിസ്റ്റം പിന്നീടുള്ള ക്ലാസുകളില്‍ മറ്റു അധ്യാപകരും തുടര്‍ന്നു. പഠനത്തിന്  വീട്ടില്‍ നിന്നുള്ളതിനേക്കാള്‍ അധ്യാപകരാണ് എനിക്ക് പിന്തുണ നല്‍കിയത്. എന്നെ പഠിപ്പിച്ച എല്ലാ അധ്യാപകരോടും എനിക്ക് വലിയ കടപ്പാടും സ്‌നേഹവുമുണ്ട്. 

അധ്യാപകര്‍ വിദ്യാര്‍ഥികളെ അറിഞ്ഞിരിക്കണം
 
വെല്ലുവിളികള്‍ ഒരുപാട് നേരിടേണ്ടി വന്നിട്ടുണ്ട്. ഭിന്നശേഷിക്കാരോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാട് ഇന്നത്തെ പോലെയായിരുന്നില്ല. ബ്ലൈന്‍ഡ് എന്ന് അറിയപ്പെടാന്‍ പോലും പലര്‍ക്കും മടിയായിരുന്നു. ഒറ്റ നോട്ടത്തില്‍ എന്നെ കാഴ്ചയില്ലാത്ത ഒരാളായി തോന്നില്ല. ഞാന്‍ കാഴ്ചയില്ലാത്ത കുട്ടിയാണെന്ന് സഹപാഠികള്‍ക്ക് അറിയുമെങ്കിലും അതവര്‍ അധ്യാപകരോട് പറഞ്ഞിരുന്നില്ല. പുതിയ അധ്യാപകര്‍ വരുമ്പോള്‍ ഇങ്ങനെ ഒരു കുട്ടി കൂടി അവിടെ പഠിക്കുന്നുണ്ടെന്ന് അവരോട് ആരും പറയുകയുമില്ല. പുതിയ അധ്യാപകര്‍ വരുമ്പോള്‍ എനിക്ക് വലിയ ടെന്‍ഷനാകും. നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ പുതിയ ഒരു അധ്യാപകന്‍ സ്‌കൂളില്‍ പഠിപ്പിക്കാനെത്തി. അദ്ദേഹം ക്ലാസിലേക്ക് കയറി വന്നത് ഞാന്‍ അറിഞ്ഞില്ല. അതുകൊണ്ട് എഴുന്നേറ്റ് നിന്നതുമില്ല. അന്നത്തെ കാലത്ത് അധ്യാപകര്‍ ക്ലാസിലേക്ക് വരുമ്പോള്‍ വിദ്യാര്‍ഥികള്‍ എഴുന്നേറ്റ് നില്‍ക്കണമെന്നത് നിര്‍ബന്ധമുള്ള കാര്യമായിരുന്നു. അതിന്റെ പേരില്‍ അധ്യാപകന്‍ എന്നെ അടിച്ചു. എനിക്കത് വലിയ വിഷമമായി. അച്ഛനോടും അമ്മയോടും ഞാന്‍ ഈ സംഭവം പറഞ്ഞു. തുടര്‍ന്ന് അച്ഛന്‍ അധ്യാപകനൊരു കത്തെഴുതി. മാഷ് മാപ്പ് പറഞ്ഞ് മറുപടിയെഴുതിയപ്പോള്‍ അച്ഛന്‍ പറഞ്ഞു, എന്റെ മോളായതു കൊണ്ടല്ല ഞാന്‍ ഈ പറയുന്നത്, ഒരു അധ്യാപകന്‍ ക്ലാസിലെ എല്ലാ കുട്ടികളെയും അറിയണം എന്ന്. ഞാന്‍ നോട്ട് കുത്തിക്കുറിക്കുമ്പോള്‍ വരികളെല്ലാം തെറ്റും. ചിലപ്പോള്‍ മേലേയ്ക്ക് മേലേ എഴുതും. അപ്പോള്‍ സഹപാഠികളില്‍ ചിലര്‍ കളിയാക്കും. പുസ്തകങ്ങള്‍ തിരിച്ചറിയാന്‍ ഞാന്‍ അടയാളമിട്ടു വയ്ക്കും. നോട്ട് എഴുതുമ്പോള്‍ പേജ് മാറിപ്പോകാതിരിക്കാന്‍ മടക്കി വയ്ക്കും. 

പി.എസ്.സി. പാസ്സായി അധ്യാപനത്തിലേക്ക്

പഠിക്കാനുള്ള എന്റെ ആവേശം കണ്ടപ്പോള്‍ അച്ഛന്‍ പറഞ്ഞു, നീ പ്രീഡിഗ്രി കഴിഞ്ഞാല്‍ ടി.ടി.സിയ്ക്ക് പോകണം, വേഗം ഒരു ജോലി നേടി സ്വയംപര്യാപ്തത നേടണമെന്ന്. പതിനെട്ടു വയസ്സിനു ശേഷം ഞാന്‍ ബ്രെയ്‌ലി ലിപി പഠിക്കാന്‍ പോയി. അതും കുറച്ചു നാളുകള്‍ മാത്രമേ പഠിച്ചിട്ടുള്ളൂ. എനിക്ക് അക്ഷരങ്ങള്‍ തിരിച്ചറിയാന്‍ പറ്റുമെങ്കിലും പെട്ടെന്ന് വായിക്കാന്‍ സാധിക്കുകയില്ല. ടി.ടി.സി. കഴിഞ്ഞതിന് ശേഷം  പി.എസ്.സി. എഴുതി ഞാന്‍ പഠിച്ച അതേ സ്‌കൂളില്‍, ജി.എസ്.എസ്. രാവണീശ്വരത്തില്‍ തന്നെ ജോലിയ്ക്ക് കയറി. 

പ്രൈമറി അധ്യാപികയില്‍നിന്ന് ഹയര്‍ സെക്കന്‍ഡറിയിലേക്ക്

പ്രൈമറി തലത്തിലെ കുട്ടികളെയാണ് ഞാന്‍ ആദ്യം പഠിപ്പിക്കുന്നത്. എന്റെ അധ്യാപന ജീവിതത്തില്‍ ഏറെ ആസ്വദിച്ച സമയം കൂടിയായിരുന്നു അത്. അധ്യാപിക എന്ന നിലയില്‍ ഞാന്‍ ഏറ്റവും സംഭാവന ചെയ്തതും  ഈ കാലഘട്ടത്തിലാണ്. മറ്റു അധ്യാപരുടെ പിന്തുണയുമുണ്ടായിരുന്നു. പ്രൈമറി തലത്തില്‍ കണക്കും ഹിന്ദിയും ഒഴികെ ഞാന്‍ എല്ലാം പഠിപ്പിച്ചിരുന്നു. പ്രൈമറി ക്ലാസുകളിലെ കുട്ടികള്‍ക്ക് അധ്യാപകരോട് വലിയ വിശ്വാസമാണ്. അവര്‍ വളരെ കാര്യത്തോടെയാണ് നമ്മളോട് പെരുമാറുന്നത്. നമ്മള്‍ പറഞ്ഞതെല്ലാം അനുസരിക്കും. നമുക്ക് അവരില്‍ വലിയ സ്വാധീനം ചെലുത്താന്‍ സാധിക്കും. കുട്ടികള്‍ എന്നെ ക്ലാസിലേക്ക് കൂട്ടിക്കൊണ്ടുവരാന്‍ വരും. അതുപോലെ തിരിച്ചു കൊണ്ടുവിടും. പാഠ്യേതര വിഷയങ്ങളില്‍ ഞാന്‍ സജീവമായി ഇടപെടാറുണ്ട്. പ്രൈമറി തലത്തില്‍ പതിനൊന്ന് വര്‍ഷം പഠിപ്പിച്ച ശേഷം ഞാന്‍ ഹയര്‍ സെക്കന്‍ഡറിയിലേക്ക് മാറി. സോഷ്യോളജിയില്‍ ബിരുദവും ബിരുദാനന്തര ബിരുദവും ബി.എഡും സെറ്റും എഴുതിയെടുത്തതിന് ശേഷമായിരുന്നു അത്. ടി.ടി.സി. കഴിഞ്ഞതിന് ശേഷമായിരുന്നു വിവാഹം. അതിന് മുന്‍പ് തന്നെ അച്ഛന്‍ ഡിഗ്രി പഠനത്തിന് അപേക്ഷ നല്‍കിയിരുന്നു. വിവാഹം കഴിഞ്ഞ് ഡിഗ്രി മൂന്നാംവര്‍ഷ പഠനത്തിനിടയിലാണ് പ്രസവം. കുഞ്ഞിന് ഒരു മാസം പ്രായം തികയും മുമ്പായിരുന്നു പരീക്ഷ. അത് പാസ്സായി. അതിനുശേഷം എനിക്ക് പി.എസ്.സി. വഴി ജോലി ലഭിക്കുകയും ചെയ്തു. പിന്നീട് കറസ്‌പോണ്ടന്‍സ് കോഴ്‌സായി പി.ജി. ചെയ്തു.  

'ഇവളെ ആര്‌ വിവാഹം കഴിക്കും?' 

ഞാന്‍ മുതിര്‍ന്നപ്പോള്‍ ഇവളെ ആരു കല്യാണം കഴിക്കും, കണ്ണു കാണില്ലല്ലോ എന്നൊക്കെ പലരും പറയുന്നത് കേട്ടിട്ടുണ്ട്. അത് കേള്‍ക്കുമ്പോള്‍ വിഷമം തോന്നിയിട്ടുണ്ട്. അന്നത്തെ കാലത്ത് പഠിത്തത്തേക്കാളും ജോലിയേക്കാളും എല്ലാവര്‍ക്കും ആശങ്ക വിവാഹത്തെക്കുറിച്ചാണ്. പക്ഷേ, എനിക്ക് നല്ല ജീവിതപങ്കാളിയെ ലഭിച്ചു. അച്ഛന്റെ അനന്തരവനെയാണ് ഞാന്‍ വിവാഹം കഴിച്ചത്. ശ്രീധരന്‍ ഉണ്ണി. ഞങ്ങള്‍ പരസ്പരം സംസാരിച്ച ശേഷം വീട്ടില്‍ കാര്യം അവതരിപ്പിച്ചു. പരസ്പരം നന്നായി അറിയാവുന്ന കുടുംബമാണ്. അതുകൊണ്ടു തന്നെ ആര്‍ക്കും കാര്യമായ എതിര്‍പ്പൊന്നും ഉണ്ടായിരുന്നില്ല. കണ്ണു കാണാത്ത കുട്ടിയല്ലേ, വീട്ടുജോലിയൊക്കെ ചെയ്യാന്‍ സാധിക്കുമോ എന്തെങ്കിലും വച്ചു വിളമ്പി കൊടുക്കാന്‍ പറ്റുമോ എന്നൊക്കെ ബന്ധുക്കളില്‍ ചിലര്‍ പറഞ്ഞിട്ടുണ്ട്. എനിക്ക് പാചകമൊന്നും ഒട്ടും അറിയില്ല.

placeholder
ആശാലത ഭര്‍ത്താവ് ശ്രീധരന്‍ ഉണ്ണിയ്‌ക്കൊപ്പം

അന്നത്തെ കാലത്ത് പാട്രിയാര്‍ക്കി ഇന്നത്തേക്കാള്‍  വേരാഴ്ന്നിട്ടാണ്. വീട്ടുജോലിയൊക്കെ വലിയ വിഷയമായിരുന്നു. വെറുതെ ഇരിക്കാന്‍ ഇഷ്ടപ്പെടുന്ന ആളല്ല ഞാന്‍. അതുകൊണ്ടു തന്നെ അലക്കലും തുടയ്ക്കലും സ്വമേധയാ ഏറ്റെടുത്തു ചെയ്തു. വിവാഹത്തിന് ശേഷം ഭര്‍ത്താവ് ഗള്‍ഫിലായിരുന്നു. കുക്കിങ് ഗാസ് കണക്ഷന്‍ കിട്ടിയപ്പോള്‍ ഞാന്‍ പാചകം ചെയ്തു പഠിക്കാന്‍ തുടങ്ങി. ആദ്യമൊക്കെ പാചകം പാളിപ്പോയിട്ടുണ്ട്. പിന്നീട് പതിയെ എല്ലാം എന്റെ നിയന്ത്രണത്തിലേക്ക് വന്നു. ഇപ്പോള്‍ ഏതാണ്ട് ഇരുപത്തിയഞ്ചു വര്‍ഷമായി ഞാന്‍ പാചകം ചെയ്യുന്നു. എല്ലാ കാര്യത്തിലും ഭര്‍ത്താവ് പൂര്‍ണപിന്തുണയുമായി നില്‍ക്കുന്നതില്‍ അധ്യാപനവും വീട്ടുപണിയുമെല്ലാം എനിക്ക് ഒരുപോലെ കൊണ്ടുനടക്കാന്‍ സാധിക്കുന്നു. എനിക്ക് മൂന്ന് ആണ്‍മക്കളാണ്. നന്ദ കിഷോര്‍, അമല്‍ കിഷോര്‍, അര്‍ജുന്‍ കിഷോര്‍. അവരെല്ലാം നല്ല പിന്തുണയാണ് നല്‍കുന്നത്.

സോഷ്യല്‍ മീഡിയ നല്‍കിയ പുതുലോകം

യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലും സജീവമായതോടെ ഒരുപാട് ആളുകളെ പരിചയപ്പെടാന്‍ സാധിച്ചു. എന്റെ കുക്കിങ് വീഡിയോകള്‍ക്കെല്ലാം ഇപ്പോള്‍ നല്ല സ്വീകാര്യതയുണ്ട്. ചേരുവകളുടെ അളവുകള്‍ ഇത്ര കൃത്യമാകുന്നതെങ്ങനെയെന്ന് പലരും ചോദിക്കാറുണ്ട്. അതിനൊരു ഉത്തരമേയുള്ളൂ, അനുഭവ പരിചയം. നിത്യാഭ്യാസി ആനയെ എടുക്കും എന്നൊരു ചൊല്ലുണ്ടല്ലോ അതുതന്നെ. ഇതൊന്നും ഒറ്റ ദിവസം കൊണ്ടുപഠിച്ചതല്ല, വര്‍ഷങ്ങളായി ചെയ്യുന്നതാണ്.

പാചകം ചെയ്യുന്നത് കണ്ട്, കാഴ്ചയില്ലാ എന്ന് കള്ളം പറയുന്നതാണോ എന്ന് പലരും സംശയം ചോദിച്ചിട്ടുണ്ട്. പക്ഷേ, ശ്രദ്ധിച്ചു നോക്കിയാല്‍ അറിയാം. ഞാന്‍ സ്പൂണിന്റെ തലയുടെ അറ്റത്ത് പിടിച്ചാണ് പൊടികളൊക്കെ ചേര്‍ക്കുന്നത്. അത് അളവ് തെറ്റാതിരിക്കാന്‍ ചെയ്യുന്നതാണ്. അത് ഞാന്‍ മനപ്പൂര്‍വ്വം ചെയ്യുന്നതല്ല. അത് സൂക്ഷ്മമായി ശ്രദ്ധിച്ചാല്‍ എനിക്ക് കാഴ്ചയില്ലാത്തത് കൊണ്ടാണെന്ന് മനസ്സിലാകും. 'കാണാതെ ചെയ്യുമ്പോള്‍ കൈ പൊള്ളില്ലേ?' എന്ന് ചോദിക്കുന്നവരുമുണ്ട്. ചൂടുള്ള സാധനമാണെന്ന് അറിയാവുന്നത് കൊണ്ട് ഞാന്‍ വളരെ ശ്രദ്ധിച്ചാണ് ചെയ്യുന്നത്. കാഴ്ചയില്ലാത്തതിനാല്‍ തലച്ചോറിനെ മാത്രം ആശ്രയിച്ചാണ് എന്നെപ്പോലുള്ളവര്‍ പലതും ചെയ്യുന്നത്. അതുകൊണ്ട് കൂടുതല്‍ ശ്രദ്ധാലുവായിരിക്കും. ഞങ്ങളെ സംബന്ധിച്ച് അതിജീവനത്തിന്റെ ഭാഗമാണെല്ലാം.

എന്റെ മക്കളാണ് വീഡിയോ എടുത്ത് എഡിറ്റ് ചെയ്ത് അപ്പ്‌ലോഡ് ചെയ്യുന്നത്. കമന്റ് വായിക്കുന്നതും മറുപടി കൊടുക്കുന്നതുമെല്ലാം ഞാന്‍ തന്നെയാണ്. ടോക്ക് ബാക്ക്, ഈ സ്പീക്ക് എന്നിവ ഉപയോഗിച്ചാണ് അങ്ങനെ ചെയ്യുന്നത്. ഓഡിയോ സപ്പോര്‍ട്ടോടു കൂടി. അതെങ്ങനെയാണ് എന്നറിയാന്‍ ഒരു വീഡിയോ ചെയ്തിട്ടുണ്ട്. അത് കാണുമ്പോള്‍ മനസ്സിലാകും. പറഞ്ഞാല്‍ എല്ലാവര്‍ക്കും മനസ്സിലാകണമെന്നില്ല. 

വായന തുറന്നു നല്‍കുന്ന പുതുലോകം

വായനയ്ക്ക് എന്റെ ജീവിതത്തില്‍ വലിയ പ്രാധാന്യമുണ്ട്. അതെന്റെ പ്രധാന വിനോദമാണ്, ആവശ്യകതയുമാണ്. സ്വയം നവീകരിക്കാനും പുതിയ കാര്യങ്ങള്‍ അറിയാനും വായന എന്നെ സഹായിക്കുന്നു. വാട്ട്‌സ്ആപ്പ്, ടെലഗ്രാം തുടങ്ങിയ ചാനലുകളില്‍ ഒരുപാട് വളന്റിയേഴ്‌സുണ്ട്. അവര്‍ നമുക്ക് വായിച്ചു തരും. ഗൂഗിള്‍ ഡ്രൈവ് ലിങ്കായും ഡോക്യുമെന്റുകളുമായൊക്കെ അയച്ചു തരും. ആര്‍ക്കെങ്കിലും വായിച്ചു തരാന്‍ താല്‍പര്യമുണ്ടെങ്കില്‍ സന്നദ്ധത അറിയിക്കണമെന്ന് ഞാന്‍ എന്റെ യൂട്യൂബ് ചാനല്‍ വഴി പറഞ്ഞിരുന്നു. അതിന്റെ ഭാഗമായി ഒരുപാട് വളന്റിയർമാരെ ലഭിച്ചു.

ഭിന്നശേഷിക്കാരെ മാറ്റി നിര്‍ത്തരുത്, സമൂഹവുമായി ഇടപെടാന്‍ അനുവദിക്കൂ

എന്നെപ്പോലുള്ളവര്‍ക്ക് പല കഴിവുകളുമുണ്ട്. പക്ഷേ, എല്ലാവര്‍ക്കും അത് കണ്ടെത്തി പരിപോഷിക്കാനാകുന്നില്ല. പലര്‍ക്കും അതിനുള്ള പിന്തുണ പോലും ലഭിക്കുന്നില്ല. ഞാന്‍ സോഷ്യല്‍ മീഡിയയില്‍ വന്നത് എന്നെപ്പോലുള്ളവര്‍ക്ക് പ്രചോദനമാകാനാണ്. എന്റെ ലക്ഷ്യവും അതായിരുന്നു. കാഴ്ചയില്ലാത്ത കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ മാതാപിതാക്കള്‍ തളര്‍ന്നുപോകും. പിന്നീട് അവരെ വളര്‍ത്തികൊണ്ടുവരുമ്പോള്‍ കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിക്കും. ഞാന്‍ ചെയ്യുന്നത് കാണുമ്പോള്‍ തങ്ങളുടെ കുഞ്ഞുങ്ങള്‍ക്കും പലവിധ കഴിവുകളുണ്ടെന്ന് അവര്‍ മനസ്സിലാക്കുകയാണെങ്കില്‍ എന്നെ സംബന്ധിച്ച് അതിനേക്കാള്‍ വലിയ നേട്ടമില്ല.

പൊതുവേ കാഴ്ചയില്ലാത്തവരെ കാണുമ്പോള്‍ അവരെ കൊണ്ട് ഒന്നിനും സാധിക്കില്ലെന്ന് കരുതുന്നവരുമുണ്ട്. അത് ചെയ്യേണ്ട, ഒന്നും പറ്റില്ല... എന്ന് പറഞ്ഞ് വിലക്കുന്ന മാതാപിതാക്കളുണ്ട്. അത് കേള്‍ക്കുമ്പോള്‍ കുട്ടികളുടെ ആത്മവിശ്വാസം പോകും. അപ്പോള്‍ ഒന്നും ചെയ്യാതിരിക്കും. ഭിന്നശേഷിയുള്ളവരെ മാറ്റി നിര്‍ത്തുകയല്ല വേണ്ടത്. അവര്‍ക്ക് പൊതുസമൂഹവുമായി ഇടപെടാനുള്ള അവസരം നല്‍കുകയാണ് വേണ്ടത്. ഭിന്നശേഷിക്കാരെ ലൈഫ് സ്‌കില്‍ പഠിപ്പിക്കാന്‍ ഇപ്പോള്‍ സ്ഥാപനങ്ങളുണ്ട്. കാഴ്ചയില്ലാത്തവര്‍ക്ക് ഒരുങ്ങാനും മുടികെട്ടാനും പാചകം ചെയ്യാനും ക്ലീനിങ് ചെയ്യാനുമെല്ലാം പരിശീലനം നല്‍കുന്നുണ്ട്.