ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് മുന്നിൽ പലപ്പോഴും വലിയ വെല്ലുവിളിയാകുന്നത് കൃത്യമായൊരു ദിനചര്യ പിന്തുടരുക എന്നതാണ്. ഭക്ഷണം, വ്യായാമം, ഉറക്കം തുടങ്ങി ജീവിതശൈലിയിൽ വരുത്തിയ മാറ്റങ്ങളിലൂടെ 12 മാസം കൊണ്ട് 45 കിലോ കുറച്ചിരിക്കുകയാണ് ഡൽഹി സ്വദേശിനിയും ഇൻഫ്‌ളുവൻസറുമായ എക്ത ബിന്ദൽ. 111 കിലോയിൽനിന്ന് 66 കിലോയിലേക്കായിരുന്നു എക്തയുടെ ശരീരഭാരം കുറഞ്ഞത്. ശരീരഭാരം കുറച്ച യാത്രയിൽ പിന്തുടർന്ന ഭക്ഷണക്രമവും വ്യായാമരീതികളും താരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. പ്രതിദിനം ഏകദേശം 1500 കലോറി ഭക്ഷണത്തിലൂടെ ലഭിക്കുന്ന രീതിയിലായിരുന്നു ഡയറ്റ് ക്രമീകരിച്ചത്. പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾക്ക് പ്രത്യേക പ്രാധാന്യവും നൽകി. എന്നാൽ താൻ പിന്തുടർന്നത് പൊതുവായ ഒരു ഭക്ഷണക്രമത്തിന്റെ ഉദാഹരണമാണെന്നും എല്ലാവർക്കും ഒരേ അളവിലുള്ള കലോറിയോ പ്രോട്ടീനോ ആവശ്യമില്ലെന്നും എക്ത വ്യക്തമാക്കുന്നു.

To advertise here,

പ്രഭാതഭക്ഷണത്തിൽ കടലമാവും പനീറും പഴങ്ങളും

പ്രഭാതഭക്ഷണമായി ബേസൻ-പനീർ ചില്ലയാണ് എക്ത തിരഞ്ഞെടുത്തത്. ഏകദേശം 50 ഗ്രാം കടലമാവും 75 ഗ്രാം കൊഴുപ്പ് കുറഞ്ഞ പനീറും ചേർത്താണ് ഇത് തയ്യാറാക്കുന്നത്. സവാള, തക്കാളി, കാപ്‌സിക്കം, മല്ലിയില തുടങ്ങിയ പച്ചക്കറികളും ഇതിൽ ഉൾപ്പെടുത്തും. ഒപ്പം ഒരു ആപ്പിൾ, ഓറഞ്ച്, പേരയ്ക്ക അല്ലെങ്കിൽ കിവി പോലുള്ള ഇടത്തരം വലുപ്പത്തിലുള്ള പഴവും കഴിക്കും. ഉച്ചഭക്ഷണത്തിൽ കടല, ചോറ്, പനീർ എന്നിവയാണ് ഉൾപ്പെടുത്തിയിരുന്നത്. 100 ഗ്രാം വേവിച്ച ബസ്മതി അരി, 50 ഗ്രാം പച്ച കടല, 50 ഗ്രാം കൊഴുപ്പ് കുറഞ്ഞ പനീർ, വിവിധ പച്ചക്കറികൾ എന്നിവ ചേർന്നതായിരുന്നു ഈ ഭക്ഷണം.

വൈകുന്നേരം പ്രോട്ടീൻ ഷേക്ക്

വൈകുന്നേരത്തെ ഭക്ഷണത്തിൽ ചിയ വിത്തുകൾ ചേർത്ത പ്ലാന്റ് പ്രോട്ടീൻ ഷേക്കും ഉൾപ്പെടുത്തി. ദിവസത്തെ പ്രോട്ടീൻ ആവശ്യകത നിറവേറ്റാൻ സഹായിക്കുന്നതായിരുന്നു ഈ വിഭവം. ഉപയോഗിക്കുന്ന പ്രോട്ടീൻ പൗഡറിന്റെ ബ്രാൻഡും അളവും അനുസരിച്ച് ഇതിലെ കലോറിയിലും പ്രോട്ടീനിലും വ്യത്യാസമുണ്ടാകാം.

അത്താഴത്തിന് സോയയും പച്ചക്കറികളും

രാത്രിഭക്ഷണം താരതമ്യേന ലളിതമായിരുന്നു. 50 ഗ്രാം ഉണക്ക സോയ ചങ്ക്‌സ് ഉപയോഗിച്ച് തയ്യാറാക്കുന്ന പച്ചക്കറി ബൗളാണ് പ്രധാന വിഭവം. പകരം കൊഴുപ്പ് കുറഞ്ഞ പനീറും ഉപയോഗിക്കാം. ഇതിനൊപ്പം ചെറിയൊരു ചപ്പാത്തിയോ കൃത്യമായി അളന്ന ചോറിന്റെ അളവോ ഉൾപ്പെടുത്തും. എക്ത പങ്കുവച്ച ഭക്ഷണക്രമമനുസരിച്ച് ഒരു ദിവസം ഏകദേശം 1500 കലോറിയാണ് ലഭിക്കുന്നത്. 100-110 ഗ്രാം പ്രോട്ടീൻ, 150-160 ഗ്രാം കാർബോഹൈഡ്രേറ്റ്, 35-40 ഗ്രാം കൊഴുപ്പ്, ഏകദേശം 30 ഗ്രാം ഫൈബർ എന്നിവയും ഈ ഭക്ഷണക്രമത്തിലുണ്ട്.

ദിവസവും 10,000 ചുവടുകൾ വരെ

ഭക്ഷണനിയന്ത്രണത്തിനൊപ്പം ശാരീരിക പ്രവർത്തനങ്ങൾക്കും എക്ത പ്രാധാന്യം നൽകി. ദിവസവും 2.53 ലിറ്റർ വെള്ളം കുടിക്കുകയും 7000 മുതൽ 10,000 വരെ ചുവടുകൾ നടക്കുകയും ചെയ്തു.ഭക്ഷണം കഴിച്ചശേഷം പത്ത് മിനിറ്റ് നടക്കുന്നതും ദിനചര്യയുടെ ഭാഗമാക്കി. ദിവസവും ഏഴ് മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങാനും ശ്രദ്ധിച്ചു. ആഴ്ചയിൽ നാല് ദിവസം സാധിക്കുമ്പോഴെല്ലാം സ്‌ട്രെങ്ത് ട്രെയിനിങ്ങും ചെയ്തിരുന്നു.

പെട്ടെന്നുള്ള മാറ്റമല്ല, സ്ഥിരമായ ശീലങ്ങൾ

ഒറ്റയടിക്ക് വലിയ മാറ്റങ്ങൾ വരുത്തുന്നതിലല്ല എക്തയുടെ ഭാരം കുറയ്ക്കാനുള്ള യാത്ര ശ്രദ്ധ കേന്ദ്രീകരിച്ചത്. ഭക്ഷണത്തിന്റെ അളവ് നിയന്ത്രിക്കുക, പ്രോട്ടീൻ ഉൾപ്പെടുത്തുക, ദിവസവും നടക്കുക, സ്‌ട്രെങ്ത് ട്രെയിനിങ് ചെയ്യുക, ആവശ്യത്തിന് ഉറങ്ങുക തുടങ്ങിയ ശീലങ്ങൾ ഒരുമിച്ചാണ് പിന്തുടർന്നത്.അതേസമയം, ഏകതയ്ക്ക് ഫലപ്രദമായ 1500 കലോറി ഭക്ഷണക്രമം എല്ലാവർക്കും അനുയോജ്യമാകണമെന്നില്ല. പ്രായം, ഉയരം, നിലവിലെ ഭാരം, ശാരീരിക അധ്വാനം, ആരോഗ്യസ്ഥിതി എന്നിവയെല്ലാം ഒരാളുടെ കലോറി ആവശ്യകതയെ സ്വാധീനിക്കും. അതിനാൽ വലിയ രീതിയിൽ ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുന്നതിന് മുമ്പ് ഡോക്ടറുടെയോ ഡയറ്റീഷ്യന്റെയോ നിർദേശം തേടുന്നതാണ് ഉചിതം.