113 കിലോയിൽ നിന്ന് 73 കിലോയിലേക്ക്. ഒന്നര വർഷം കൊണ്ട് 40 കിലോ ഭാരം കുറച്ച് 19-കാരിയായ ആദിയ മെഹ്നാനിയുടെ ഫിറ്റ്‌നസ് യാത്ര ശ്രദ്ധ നേടുകയാണ്. കടുത്ത ഡയറ്റുകളോ വിലകൂടിയ ഭക്ഷണങ്ങളോ വ്യക്തിഗത പരിശീലകരുടെ സഹായമോ ഇല്ലാതെ സ്ഥിരതയോടെയുള്ള ജീവിതശൈലി മാറ്റങ്ങളിലൂടെയാണ് ആദിയ ഈ നേട്ടം കൈവരിച്ചത്. വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് പലപ്പോഴും വലിയ മാറ്റങ്ങൾ ഒറ്റയടിക്ക് കൊണ്ടുവരണമെന്നാണ് തോന്നാറുള്ളത്. എന്നാൽ ചെറിയ ശീലങ്ങൾ സ്ഥിരമായി പിന്തുടരുന്നതും വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്ന് തെളിയിക്കുകയാണ് ആദിയ മെഹ്നാനിയുടെ അനുഭവം. 2024 ഏപ്രിൽ ഒന്നിനാണ് ആദിയ തന്റെ ഫിറ്റ്‌നസ് യാത്ര ആരംഭിച്ചത്. അന്ന് പ്ലസ് ടു പരീക്ഷകൾ കഴിഞ്ഞ സമയമായിരുന്നു. 113 കിലോയായിരുന്നു ഭാരം. ഏകദേശം രണ്ടര വർഷമായി ഫിറ്റ്‌നസിൽ സജീവമായി ശ്രദ്ധിക്കുന്നുണ്ടെന്ന് ആദിയ ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഒന്നര വർഷം കൊണ്ടാണ് 40 കിലോ ഭാരം കുറച്ചത്. 2026 ജൂലൈയോടെ ഈ ലക്ഷ്യം കൈവരിച്ച ആദിയ പിന്നീട് ഭാരം നിലനിർത്തുകയും ചെയ്തു.

To advertise here,

ജീവിതശൈലി മാറ്റാൻ തീരുമാനിച്ചത് എന്തുകൊണ്ട്?

 

സ്‌കൂൾ പഠനത്തിന്റെ അവസാന വർഷങ്ങളിൽ മാനസികമായി ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിലൂടെ കടന്നുപോയതോടെയാണ് ഭാരം കൂടിയതെന്ന് ആദിയ പറയുന്നു. ഉത്കണ്ഠ, സമ്മർദം, വിഷാദം എന്നിവയ്‌ക്കൊപ്പം ആർത്തവവുമായി ബന്ധപ്പെട്ട ചില ആരോഗ്യപ്രശ്‌നങ്ങളും അലട്ടിയിരുന്നു. ശാരീരിക ആരോഗ്യത്തിലും ഫിറ്റ്‌നസിലും ആത്മവിശ്വാസത്തിലും തൃപ്തിയില്ലാത്ത അവസ്ഥയിലെത്തിയതോടെ ജീവിതശൈലി മാറ്റണമെന്ന് തീരുമാനിക്കുകയായിരുന്നു. അഭിനേത്രിയാകാനും സർഗാത്മക മേഖലയിൽ പ്രവർത്തിക്കാനുമുള്ള ആഗ്രഹവും തുടക്കത്തിൽ തന്റെ രൂപത്തെക്കുറിച്ച് കൂടുതൽ ബോധവതിയാക്കിയിരുന്നുവെന്നും ആദിയ പറയുന്നു.

ആദ്യപടി ഭക്ഷണശീലങ്ങളിൽ മാറ്റം

ഫിറ്റ്‌നസ് യാത്രയുടെ ആദ്യ രണ്ടുമൂന്ന് മാസങ്ങളിൽ പ്രത്യേക ഡയറ്റൊന്നും ആദിയ പിന്തുടർന്നിരുന്നില്ല. പകരം, ദിവസേന കഴിക്കുന്ന ഭക്ഷണത്തിൽ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി. വറുത്ത ഭക്ഷണങ്ങൾ കുറച്ചു. പുറത്തുനിന്നുള്ള ഭക്ഷണം പതിവായി കഴിക്കുന്നത് ഒഴിവാക്കി. അനാവശ്യമായി എണ്ണയും അമിതമായി എരിവുള്ള ഭക്ഷണങ്ങളും കുറച്ചു.ഈ ചെറിയ മാറ്റങ്ങളിലൂടെ ആദ്യഘട്ടത്തിൽ ഏകദേശം ആറു കിലോ ഭാരം കുറയ്ക്കാൻ കഴിഞ്ഞു. വിലകൂടിയ ഭക്ഷണസാധനങ്ങളോ പ്രത്യേക ഡയറ്റ് ഉൽപ്പന്നങ്ങളോ ഒന്നും ഉപയോഗിച്ചിരുന്നില്ലെന്നും ആദിയ പറയുന്നു. വീട്ടിൽ തയ്യാറാക്കുന്ന സാധാരണ ഇന്ത്യൻ ഭക്ഷണമായിരുന്നു പ്രധാനമായും കഴിച്ചിരുന്നത്. കടുത്ത നിയന്ത്രണങ്ങളുള്ള ഡയറ്റുകളെ ആശ്രയിക്കുന്നതിനുപകരം ഭക്ഷണത്തെക്കുറിച്ച് മനസ്സിലാക്കാനാണ് ശ്രമിച്ചത്. കലോറി ഡെഫിസിറ്റ് എന്ന ആശയം മനസ്സിലാക്കിയതും ഭക്ഷണകാര്യത്തിൽ കൂടുതൽ ബോധപൂർവമായ തീരുമാനങ്ങളെടുക്കാൻ സഹായിച്ചു. ശരീരം ചെലവഴിക്കുന്ന കലോറിയെക്കാൾ കുറവ് കലോറി ഭക്ഷണത്തിലൂടെ ലഭിക്കുന്ന അവസ്ഥയാണ് കലോറി ഡെഫിസിറ്റ്. വണ്ണം കുറയ്ക്കുന്നതിൽ ഇത് പ്രധാനമാണെങ്കിലും ഭക്ഷണത്തെക്കുറിച്ച് ശരിയായ അറിവില്ലാതെ ഡയറ്റ് പിന്തുടരുന്നത് ഒഴിവാക്കണമെന്നാണ് ആദിയയുടെ അഭിപ്രായം.

കാർഡിയോയിൽ നിന്ന് സ്‌ട്രെങ്ത് ട്രെയിനിങ്ങിലേക്ക്

2024 ജൂണിലാണ് ആദിയ ജിമ്മിൽ ചേർന്നത്. തുടക്കത്തിൽ വണ്ണം കുറച്ച് മെലിഞ്ഞ ശരീരം നേടുക എന്നതായിരുന്നു ലക്ഷ്യം. വ്യായാമങ്ങളെക്കുറിച്ച് കാര്യമായ അറിവില്ലാതിരുന്നതിനാൽ പലപ്പോഴും കൃത്യമായ പദ്ധതിയില്ലാതെ ഓരോ വ്യായാമങ്ങളും പരീക്ഷിക്കുകയായിരുന്നു.വണ്ണം കുറയ്ക്കാൻ കാർഡിയോ വ്യായാമങ്ങളാണ് ഏറ്റവും നല്ലതെന്നായിരുന്നു ആദ്യത്തെ ധാരണ. എന്നാൽ കാലക്രമേണ വ്യായാമങ്ങളെക്കുറിച്ച് പഠിക്കുകയും പരീക്ഷിക്കുകയും ചെയ്തതോടെ കൃത്യമായ പരിശീലനരീതിയുടെ പ്രാധാന്യം മനസ്സിലാക്കി. പിന്നീട് കാർഡിയോയ്‌ക്കൊപ്പം സ്‌ട്രെങ്ത് ട്രെയിനിങ്ങിനും പേശികളുടെ വളർച്ചയ്ക്കും ശരീരത്തിന്റെ മൊത്തത്തിലുള്ള കരുത്ത് വർധിപ്പിക്കുന്നതിനും കൂടുതൽ ശ്രദ്ധ നൽകി.40 കിലോ ഭാരം കുറഞ്ഞതോടെ തൂക്കയന്ത്രത്തിലെ അക്കങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ശീലവും മാറി. പേശികളുടെ വളർച്ച, ശരീരത്തിന്റെ കരുത്ത്, പോഷകാഹാരം, മൊത്തത്തിലുള്ള ആരോഗ്യം എന്നിവയ്ക്കാണ് പിന്നീട് മുൻഗണന നൽകിയതെന്നും ആദിയ പറയുന്നു.

ഉറക്കത്തിനും വിശ്രമത്തിനും പ്രാധാന്യം

ഭക്ഷണവും വ്യായാമവും മാത്രമല്ല, മതിയായ ഉറക്കവും വിശ്രമവും തന്റെ ഫിറ്റ്‌നസ് യാത്രയിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്ന് ആദിയ പറയുന്നു. മിക്ക ദിവസങ്ങളിലും ഏഴ് മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങാൻ ശ്രമിച്ചു. എല്ലാ ദിവസവും ഇത് കൃത്യമായി പാലിക്കാൻ കഴിഞ്ഞിരുന്നില്ലെങ്കിലും വ്യായാമത്തിനും ഭക്ഷണത്തിനുമൊപ്പം ശരീരത്തിന്റെ വീണ്ടെടുക്കലിനും പ്രാധാന്യം നൽകി.തന്റെ മാറ്റത്തിന് ഏറ്റവും കൂടുതൽ സഹായിച്ചത് സ്ഥിരതയാണെന്നാണ് ആദിയയുടെ വിലയിരുത്തൽ. വ്യക്തിഗത പരിശീലകനോ ഡയറ്റീഷ്യനോ ന്യൂട്രീഷനിസ്റ്റോ ഉണ്ടായിരുന്നില്ല. സ്വന്തം ഗവേഷണത്തിലൂടെയും പരീക്ഷണങ്ങളിലൂടെയും ശരീരത്തിന്റെ പ്രതികരണങ്ങൾ മനസ്സിലാക്കിയുമാണ് മുന്നോട്ടുപോയത്.എല്ലാ ദിവസവും ഫിറ്റ്‌നസ് യാത്ര ആവേശകരമായിരിക്കണമെന്നില്ല. ജിമ്മിൽ പോകുക, വീട്ടിലെ സാധാരണ ഭക്ഷണം കഴിക്കുക, ആരോഗ്യകരമായ ശീലങ്ങൾ ആവർത്തിക്കുക എന്നിവ ചിലപ്പോൾ വിരസമായി തോന്നാം. എന്നാൽ ഇത്തരം ചെറിയ കാര്യങ്ങൾ തുടർച്ചയായി ചെയ്യുമ്പോഴാണ് വലിയ മാറ്റങ്ങൾ സംഭവിക്കുന്നതെന്ന് ആദിയ പറയുന്നു.

40 കിലോ കുറയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ആദിയയുടെ അനുഭവത്തെ മുൻനിർത്തി കൺസൾട്ടന്റ് ഡയറ്റീഷ്യനും ഫിറ്റ്‌നസ് വിദഗ്ധയുമായ ഗരിമ ഗോയലും വണ്ണം കുറയ്ക്കുന്നതിനെക്കുറിച്ച് ചില നിർദേശങ്ങൾ പങ്കുവച്ചു.40 കിലോ ഭാരം കുറയ്ക്കുന്നത് വലിയൊരു മാറ്റമാണെങ്കിലും അതിനായി വിശപ്പ് സഹിക്കുകയോ ഭക്ഷണം അമിതമായി നിയന്ത്രിക്കുകയോ ചെയ്യേണ്ടതില്ലെന്ന് ഗരിമ ചൂണ്ടിക്കാട്ടുന്നു. കലോറി ഡെഫിസിറ്റ് വണ്ണം കുറയ്ക്കാൻ ആവശ്യമാണ്. എന്നാൽ വളരെ കുറച്ച് ഭക്ഷണം കഴിച്ച് കടുത്ത കലോറി നിയന്ത്രണം ഏർപ്പെടുത്തുന്നത് ക്ഷീണം, അമിതവിശപ്പ്, ദേഷ്യം, ഭക്ഷണത്തോടുള്ള അമിതമായ ആഗ്രഹം എന്നിവയ്ക്ക് കാരണമാകാം. ശരീരത്തിലെ കൊഴുപ്പിനൊപ്പം പേശികളുടെ അളവും കുറയാനുള്ള സാധ്യതയുണ്ട്. ദീർഘകാലം ഇത്തരം ഡയറ്റ് തുടരാൻ ബുദ്ധിമുട്ടുണ്ടാകുകയും പിന്നീട് വീണ്ടും അമിതമായി ഭക്ഷണം കഴിക്കുന്നതിനും ഭാരം കൂടുന്നതിനും ഇടയാക്കുകയും ചെയ്യാം.അതുകൊണ്ട് ഓരോരുത്തരുടെയും ശരീരാവസ്ഥയ്ക്കും ആവശ്യങ്ങൾക്കും അനുയോജ്യമായ മിതമായ കലോറി കുറവാണ് പിന്തുടരേണ്ടത്.

പ്രോട്ടീനും ഫൈബറും പ്രധാനമാണ്

ഭക്ഷണത്തിൽ ആവശ്യത്തിന് പ്രോട്ടീൻ ഉൾപ്പെടുത്തുന്നത് കൂടുതൽ നേരം വയറുനിറഞ്ഞ തോന്നൽ നൽകാനും പേശികളുടെ അളവ് നിലനിർത്താനും സഹായിക്കും. മുട്ട, പനീർ, തൈര്, പയർവർഗങ്ങൾ, സോയ, മത്സ്യം, കൊഴുപ്പ് കുറഞ്ഞ മാംസം എന്നിവ പ്രോട്ടീന്റെ നല്ല ഉറവിടങ്ങളാണ്.പച്ചക്കറികൾ, പഴങ്ങൾ, പയർവർഗങ്ങൾ, മുഴുധാന്യങ്ങൾ, ചെറുധാന്യങ്ങൾ എന്നിവയിലൂടെ ഫൈബർ ലഭിക്കും. ഇവ ദഹനത്തിന് സഹായിക്കുന്നതിനൊപ്പം ഭക്ഷണത്തിൽ അധിക കലോറി ചേർക്കാതെ വയറുനിറഞ്ഞ തോന്നൽ നൽകുകയും ചെയ്യും. ആരോഗ്യകരമായ കൊഴുപ്പുകളും ഭക്ഷണത്തിൽ ആവശ്യമായ അളവിൽ ഉൾപ്പെടുത്തണം. കൊഴുപ്പ് പൂർണമായും ഒഴിവാക്കുന്നത് പോഷകങ്ങളുടെ ലഭ്യതയെ ബാധിക്കുകയും ഭക്ഷണം തൃപ്തികരമല്ലാതാക്കുകയും ചെയ്യാം.

ഭക്ഷണത്തിന്റെ സമയവും അളവും വ്യക്തിഗതമാണ്

ദിവസം മൂന്ന് സമീകൃത ഭക്ഷണം കഴിക്കുന്ന രീതിയാണ് ചിലർക്ക് അനുയോജ്യം. മറ്റു ചിലർക്ക് ചെറിയ അളവിലുള്ള ഭക്ഷണവും ഇടയ്ക്കുള്ള ലഘുഭക്ഷണവുമാകാം നല്ലത്. വിശപ്പ്, ജോലി സമയം, വ്യായാമം എന്നിവയെ ആശ്രയിച്ചാണ് ഭക്ഷണക്രമം തീരുമാനിക്കേണ്ടത്. എല്ലാവർക്കും ഒരേ ഭക്ഷണരീതി അനുയോജ്യമാകണമെന്നില്ലെന്നും വിദഗ്ധ പറയുന്നു.വ്യായാമത്തിനൊപ്പം ശരീരത്തിന് ആവശ്യമായ പോഷകങ്ങളും ലഭിക്കണം. സ്‌ട്രെങ്ത് ട്രെയിനിങ്ങിനൊപ്പം നടത്തം, കാർഡിയോ വ്യായാമങ്ങൾ എന്നിവ ചെയ്യുന്നത് ശരീരത്തിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കാനും പേശികൾ സംരക്ഷിക്കാനും സഹായിക്കും. എന്നാൽ ആവശ്യത്തിന് ഭക്ഷണം കഴിക്കാതെ അമിതമായി വ്യായാമം ചെയ്യുന്നത് ക്ഷീണത്തിനും ശരീരത്തിന്റെ വീണ്ടെടുക്കൽ പ്രക്രിയയെ ബാധിക്കുന്നതിനും കാരണമാകാം.