കൊച്ചി: വായുവിൽ വട്ടം കറങ്ങി ചാടിയുയർന്ന് എതിരാളിയുടെ തലയിൽ കാലുപതിപ്പിക്കുമ്പോൾ ഷിയോണയുടെ മുഖത്ത് ഒരു പോയിന്റ് കിട്ടിയ സന്തോഷം. സ്ത്രീ എന്ന നിലയിൽ ഏത് ആക്രമണത്തെയും നേരിടാനും തോൽപ്പിക്കാനും കഴിയുമെന്ന ആത്മവിശ്വാസത്തിന്റെ അടയാളം. ജില്ലാ ഒളിംപിക് ഗെയിമിന്റെ തായ്‌ക്കോണ്ടോ മത്സരം നടക്കുന്ന വേദിയിൽ കണ്ടത് ആത്മവിശ്വാസം നിറഞ്ഞ മുഖങ്ങൾ. തായ്‌ക്കോണ്ടോ അനുഭവിപ്പിച്ച കഥകളെല്ലാം കേട്ടപ്പോൾ ഒരു കാര്യം ഉറപ്പായി, അതിജീവനമാണ് തായ്‌ക്കോണ്ടോ.
സ്ത്രീകൾ കരുത്തരാകട്ടെ
ജില്ലാ ഒളിംപിക് ഗെയിമിന്റെ വേദിയിൽ മത്സര നടത്തിപ്പിന്റെ തിരക്കിനിടയിൽനിന്നാണ് തായ്‌ക്കോണ്ടോ ജില്ലാ അസോസിയേഷൻ സെക്രട്ടറി എൽദോസ് പി. അബി ചില കാര്യങ്ങൾ പറഞ്ഞത്.
“ജില്ലാ ഒളിംപിക് ഗെയിംസ് ഒരുപാട് കായികതാരങ്ങൾക്ക് അവരുടെ മികവ് പ്രദർശിപ്പിക്കാനും പുതിയ ലോകങ്ങളിലേക്ക് അവസരങ്ങൾ തുറക്കാനും സഹായിക്കുന്ന ഇടമാണ്. ഒളിംപിക് ഗെയിമിലെ മറ്റ് ഏത് ഇനങ്ങളെക്കാളും വ്യത്യസ്തമാണ് തായ്‌ക്കോണ്ടോ. അതിനു കാരണം അതു സ്ത്രീകൾക്കു പകരുന്ന കരുത്തുതന്നെയാണ്.
ആൺകുട്ടികളും ഏറെ കളിക്കുന്നുണ്ടെങ്കിലും തായ്‌ക്കോണ്ടോ ഒരു സ്ത്രീപക്ഷ പ്രതിരോധത്തിന്റെ കളിയാണെന്നാണ് എന്റെ അനുഭവ സാക്ഷ്യം. സ്ത്രീകൾക്ക് അവരുടെ സംരക്ഷണത്തിനുള്ള ഏറ്റവും ഫലപ്രദമായ മാർഗമായി പല തവണ തായ്‌ക്കോണ്ടോ അനുഭവപ്പെട്ടിട്ടുണ്ട്” - എൽദോസ് പറയുമ്പോൾ ഷിയോണയും കൂട്ടുകാരികളും തലയാട്ടി.
ഞങ്ങൾ തായ്‌ക്കോണ്ടോക്കാരാണ്
കാക്കനാട് രാജഗിരി കോളേജിലെ ബി.കോം. വിദ്യാർഥി ഷിയോണ ക്ലമന്റും മാറമ്പിള്ളി എം.ഇ.എസ്. കോളേജിലെ എൻ.കെ. കീർത്തനയും ഒക്കെ പങ്കിട്ടത് തങ്ങൾ തായ്‌ക്കോണ്ടോക്കാരാണ് എന്ന അഭിമാനമാണ്. “തായ്‌ക്കോണ്ടോയിലെ അഭ്യാസ മുറകൾ ഒരു സ്ത്രീയെ പല വിധത്തിലും കരുത്തുറ്റതാക്കുന്നു. ഒരാൾ ആക്രമിക്കാൻ വന്നാൽ ഫലപ്രദമായി ചെറുക്കാനും അതിജീവിക്കാനും തായ്‌ക്കോണ്ടോ പര്യാപ്തമാക്കും. ഞങ്ങളുടെ കൂട്ടുകാരികൾ ഒരു സ്ഥലത്ത് കരിയർ ക്ലാസിനു പോയപ്പോൾ അവിടെ ഒരു അധ്യാപകൻ അപമര്യാദയായി പെരുമാറി. അയാളുടെ അടുത്തു ചെന്ന് ഞങ്ങൾ പറഞ്ഞത് ഒരു കാര്യം മാത്രം, ‘ഞങ്ങൾ തായ്‌ക്കോണ്ടോക്കാരാണ്. ഞങ്ങളെ തൊട്ടാൽ വിവരമറിയും’. ഞങ്ങളുടെ ഡയലോഗ് കേട്ടതോടെ പിന്നെ അയാളുടെ പൊടി പോലും കണ്ടിട്ടില്ല. ബസിൽ അപമര്യാദയായി പെരുമാറിയ ഒരാളെ തായ്‌ക്കോണ്ടോ മുറയിൽ നേരിട്ട് ഞങ്ങൾ പോലീസിൽ ഏൽപ്പിച്ചിരുന്നു” - ഷിയോണയും കീർത്തനയും പറഞ്ഞു.
അഭ്യാസം അത്ര എളുപ്പമല്ല
തായ്‌ക്കോണ്ടോയെ ലളിതമായി സമീപിച്ചിട്ടു കാര്യമില്ലെന്നാണ് കീർത്തന പറയുന്നത്. “മെയ്‌വഴക്കവും ലക്ഷ്യബോധവും ഒരുപോലെ വേണ്ട അഭ്യാസമുറകളാണ് തായ്‌ക്കോണ്ടോയുടെ പ്രത്യേകത. എല്ലാ ദിവസവും രാവിലെ ആറു മുതൽ എട്ടു വരെയും വൈകുന്നേരം നാലു മുതൽ ആറു വരെയുമാണ് പരിശീലനം. സ്റ്റാമിന വർക്ക് ഔട്ടും സ്‌കിൽ ഡവലപ്‌മെന്റും ഫെറ്റിങ് ടെക്‌നിക്സും ഒക്കെയായി പല ഘടകങ്ങൾ പഠിച്ച് ഏറ്റവും മെച്ചപ്പെടുത്തിയാലേ നല്ല അഭ്യാസിയാകാൻ സാധിക്കൂ. കാലുകളുടെ ചലനമാണ് ഏറ്റവും പ്രധാനം. എതിരാളിയുടെ മുഖത്തിന്റെ ഉയരത്തിൽ വരെ കാലെത്തിച്ചാലേ പരമാവധി പോയിന്റിലേക്ക് എത്താനാകൂ. അതുപോലെ ഡയറ്റ് അനുസരിച്ചുള്ള നല്ല ഭക്ഷണവും വേണം” - കീർത്തന തായ്‌ക്കോണ്ടോ അഭ്യാസത്തിന്റെ ചിട്ടവട്ടങ്ങൾ പറയുമ്പോൾ എൽദോസ് ഇടയിൽ കയറി. “കഴിഞ്ഞ വർഷം സ്പോർട്‌സ് ക്വാട്ടയിൽ സർക്കാർ ജോലി കിട്ടിയ 188 പേരിൽ ഒമ്പതുപേർ തായ്‌ക്കോണ്ടോക്കാരാണ്. അതിജീവനത്തിന്റെ കളി അങ്ങനെ പ്രതീക്ഷയുടെ കളിയും കൂടിയാകുന്നുണ്ട്”.
പാട്ടുപോലൊരു ഗുസ്തി
കൊച്ചി: പാട്ടെഴുതും പാട്ടുപാടും ‘പാട്ടു’പോലെ തന്നെ ഗുസ്തിയും പിടിക്കും. ഇരട്ട സഹോദരിമാരായ ദിനയും ദിയയും പാട്ടിന്റെ ലോകത്തിലും ഗുസ്തിയുടെ കളത്തിലും എന്നും എപ്പോഴും ഒരുമിച്ചാണ്. ജില്ലാ ഒളിംപിക്സിന്റെ ഗുസ്തിക്കളത്തിലും ഇവരുടെ മുന്നേറ്റങ്ങളെ മലർത്തിയടിക്കാൻ ആരുമുണ്ടായിരുന്നില്ല. ജില്ലാ ഒളിംപിക്സ് ഗുസ്തിയിലെ 68 കിലോ വിഭാഗത്തിൽ ദിനയും ദിയയും തന്നെയായിരുന്നു ഫൈനലിലെ എതിരാളികൾ. സഹോദരിമാരുടെ പോരാട്ടത്തിനൊടുവിൽ ദിന സ്വർണമണിഞ്ഞപ്പോൾ വെള്ളിമെഡൽ നേടിയ ദിയയ്ക്ക് അതിനെക്കാളേറെ സന്തോഷം.
ഫോർട്ട്‌കൊച്ചി കരുവേലിപ്പടി കോരമംഗലത്ത് ബോണിയുടെയും ജാൻസിയുടെയും മക്കളായ ദിനയും ദിയയും ബാഡ്മിന്റണിന്റെ ലോകത്തു നിന്നാണ് ഗുസ്തിയിലെത്തുന്നത്. കോച്ച് സിബു ചാർലിയാണ് ഇവരെ ഗുസ്തിയുടെ ലോകത്തേക്കു കൂട്ടിക്കൊണ്ടുവരുന്നത്. “അഞ്ചു വർഷം മുമ്പ് ബാഡ്മിന്റൺ കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഇവരെ കാണുന്നത്. ഗുസ്തിയിൽ ഏറെ ശോഭിക്കാൻ കഴിയുന്ന ശരീര ഘടനയാണ് ഇവർക്കെന്നു മനസ്സിലാക്കിയാണ് അക്കാര്യം അവരുടെ മാതാപിതാക്കളോടു പറഞ്ഞത്. പെൺകുട്ടികളെ ഗുസ്തിയിലേക്കു വിടാൻ മടിച്ചുനിൽക്കുന്ന സാധാരണ മാതാപിതാക്കളുടെ സമീപനമായിരുന്നില്ല അവരുടേത്. അതാണ് സത്യത്തിൽ ഈ പെൺകുട്ടികളുടെ വിജയ വഴി തുറന്ന പ്രധാന കാര്യം. ദേശീയ ചാമ്പ്യൻഷിപ്പിൽ വരെയെത്തിയ ഈ പെൺകുട്ടികൾ ഇനിയും ഏറെ മുന്നേറും” - സിബു ചാർലി പറഞ്ഞു.
മുടി പ്രത്യേക ശൈലിയിൽ പിന്നിയിട്ടാണ് ഇരുവരും ഗുസ്തിയുടെ ഗോദയിലേക്കിറങ്ങുന്നത്. മത്സരത്തിന്റെ തലേന്ന് പരസ്പരം ഇവർ മുടി പിന്നിക്കൊടുക്കും. പാട്ടാണ് ഇരുവരുടെയും മറ്റൊരു വലിയ ഇഷ്ടം. ദിനയാണ് ഇംഗ്ലീഷിൽ പാട്ടെഴുതുന്നത്. രണ്ടുപേരും ചേർന്ന് സുന്ദരമായി പാടും. ഡിഡി ട്വിൻസ് എന്ന പേരിൽ ഒരു യു ട്യൂബ് ചാനലുമുണ്ട് ഇവർക്ക്. പാട്ടും ഗുസ്തിയുമായി മുന്നോട്ടുപോകുമ്പോൾ ഇരുവരും ഒരു പോലെ പറയുന്നത് ഒന്നുമാത്രം... ‘പാട്ടുപോലൊരു ഗുസ്തി’.
Content highlights: women from kochi train taekwondo for self protection
Published: 15 Jan 2022, 09:53 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented