
2023-ല്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട പേരാണ് ഒറി. ബോളിവുഡ് പാര്‍ട്ടികളിലെ സ്ഥിരസാന്നിധ്യമായ, താരപുത്രിമാരുടെ അടുത്ത സുഹൃത്തായ ഒറി എന്ന് വിളിപ്പേരുള്ള ഒര്ഹാന് അവത്രാമണി ആരാണ്? അദ്ദേഹത്തിന്റെ ജോലി എന്താണ്? അതിപ്പോഴും നിഗൂഢമാണ്. അതിന്റെ ഉത്തരം ഇപ്പോഴും ഒറിക്കല്ലാതെ മറ്റാര്‍ക്കുമറിയില്ല.
ഈ നിഗൂഢത തന്നെയാണ് ഒറി കണ്ടെത്തിയ വിപണിസാധ്യത. തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ബോളിവുഡ് താരപുത്രിമാരായ സുഹാന ഖാന്, ജാന്‍വി കപൂര്‍, ഖുശി കപൂര്‍, സാറാ അലി ഖാന്, നൈസ ദേവ്ഗണ്, അനന്യ പാണ്ഡെ തുടങ്ങി നിരവധി സെലിബ്രിറ്റിമാര്ക്കൊപ്പം ഒറി ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. അതില്‍ റിലയന്‍സ് ഇന്ഡസ്ട്ര്സീന്റെ ഡയറക്ടറും മുകേഷ് അംബാനിയുടെ ഭാര്യയുമായ നിത അംബാനി വരേയുണ്ട്. തന്റെ വിദേശയാത്രകളും ക്രിസ്മസ് ആഘോഷവും ന്യൂഇയര്‍ സെലിബ്രേഷനുമെല്ലാം ഒറി ആഘോഷിക്കുന്നത് ഈ താരമൂല്യമുള്ള വ്യക്തികള്‍ക്കൊപ്പമാണ്.
ഇവരുമായെല്ലാം ഒറി സൗഹൃദമുണ്ടാക്കിയത് എങ്ങനെയാണെന്നാണ് പലരും ചോദിക്കുന്നത്. താരപുത്രിമാരില്‍ പലരും തന്റെ സഹപാഠികളാണെന്നും അതുവഴിയുണ്ടാക്കിയെടുത്ത ബന്ധങ്ങളാണെന്നും ഒറി പറയുന്നു. ഭൂമി പട്നേക്കറും കിയാര അദ്വാനിയുമായുള്ള സൗഹൃദത്തെ കുറിച്ചും ഒറി അഭിമുഖത്തില്‍ പറയുന്നുണ്ട്. തന്റെ സഹോദരന് കബീറിന്റെ സഹപാഠിയാണ് കിയാരയെന്നും അങ്ങനെയാണ് അവരെ പരിചയപ്പെട്ടതെന്നും ഒറി പറയുന്നു. ഭൂമിയുടെ സഹോദരി സമിക്ഷ തന്റെ കൂടെയാണ് പഠിച്ചതെന്നും ഒറി പറയുന്നു.
ലിങ്ക്ഡ്ഇന്നില്‍ കൊടുത്ത പ്രൊഫൈല്‍ പ്രകാരം മുംബൈയില്‍ നിന്നുള്ള സോഷ്യല്‍ ആക്ടിവിസ്റ്റും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍പേഴ്സണ്‍ ഓഫീസിലെ പ്രൊജക്ട് മാനേജറുമാണ് ഒറി. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമൊന്നുമില്ല. ന്യൂയോര്‍ക്കിലെ പാര്‍സണ്‍സ് സ്കൂള്‍ ഓഫ് ഡിസൈനില്‍ നിന്ന് ഫൈന്‍ ആര്‍ട്സ് ആന്റ് കമ്യൂണിക്കേഷന്‍ ഡിസൈനറില്‍ ഡിഗ്രിയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.
അടുത്തിടെ സംവിധായകന് കരണ്‍ ജോഹര്‍ അവതാരകനായ 'കോഫി വിത്ത് കരണ്‍' ഷോയില്‍ അതിഥിയായി ഒറിയെത്തിയിരുന്നു. അപ്പോഴും നേരിട്ട ചോദ്യം നിങ്ങള്‍ ആരാണെന്നും എന്തു ചെയ്യുന്നു എന്നുമായിരുന്നു. 'ഞാന്‍ എനിക്കുവേണ്ടി ജീവിക്കുന്നു, കഠിനധ്വാനം ചെയ്യുന്നു' എന്നായിരുന്നു ഒറിയുടെ മറുപടി. പാര്‍ട്ടികളില്‍ തന്നെ ഒരുക്കുന്നതിനും മറ്റുമായ ഒരു ടീം കൂടെയുണ്ടെന്നും അവരെ മിനിയണ്‍ എന്നാണ് വിളിക്കാറുള്ളതെന്നും ഒറി പറയുന്നു. ഓഫീസില്‍ ഒരു റെലവന്‍സ് റൂമുണ്ടെന്നും അവിടെ ഇപ്പോള്‍ തന്റെ വീഴ്ചയെ കുറിച്ചാണ് പ്ലാന്‍ ചെയ്യുന്നതെന്നും ഒറി പറയുന്നു. പ്രശസ്തിയിലെത്തുമ്പോള് നമ്മള് ഒരു വീഴ്ച്ച എപ്പോഴും പ്രതീക്ഷിച്ചിരിക്കണമെന്നും ഒറി കൂട്ടിച്ചേര്‍ക്കുന്നു.
താന്‍ എല്ലാ സെലിബ്രിറ്റി പാര്‍ട്ടികളിലും പങ്കെടുക്കുന്നത് എങ്ങനെയാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. കാണാന്‍ തന്നെപ്പോലെയുള്ള മൂന്നു പേര് ടീമിലുണ്ട്. പല പാര്‍ട്ടികളിലും അവരാണ് പങ്കെടുക്കാറുള്ളതെന്നും അവരാണ് സെലിബ്രിറ്റികള്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യാറുള്ളതെന്നും ഒര്ഹാന് അഭിമുഖത്തില്‍ പറയുന്നു. തന്റെ ഡേറ്റിങ് ജീവിതത്തെ കുറിച്ചും സോഷ്യല്‍ മീഡിയതാരം മനസ് തുറക്കുന്നുണ്ട്. നിലവില്‍ അഞ്ച് പേരുമായി ഡേറ്റിങ്ങിലാണെന്നും ആരേയും വഞ്ചിക്കാന്‍ ഇഷ്ടമില്ലാത്തതിനാലാണ് ഇപ്പോള്‍ വിവാഹം കഴിക്കാത്തതെന്നും ഒര്ഹാന് കൂട്ടിച്ചേര്‍ക്കുന്നു.
പുതിയ ജനറേഷന്റെ 'ലിവര്‍' എന്നാണ് ഒറി അറിയപ്പെടുന്നത്. 'ഞാന്‍ എനിക്കുവേണ്ടി ജോലി ചെയ്യുന്നു, ഞാനൊരു ലിവറാണ്' എന്നാണ് എപ്പോഴും ഒറി പറയാറുള്ള കാര്യം. ഈ ടാഗ് ലൈന്‍ തന്നത് ഷനായ കപൂറാണെന്നും അതിന് പിന്നിലൊരു കഥയുണ്ടെന്നും ഒറി പറയുന്നു. 'ഒരിക്കല്‍ ഞാന്‍ എന്റെ സുഹൃത്ത് ഷനായയെ വിളിച്ചു. അവള് ഒരു ഫിലിം സെറ്റില്‍ ജോലിത്തിരക്കിലായിരുന്നു. അവള് ഫോണെടുത്തില്ല. താനും ജോലിക്കിടയിലാണ് വിളിക്കുന്നതെന്നും ഫോണെടുക്കണമെന്നും ഞാന്‍ ഷനായക്ക് മെസ്സേജ് അയച്ചു. ഞാന്‍ അപ്പോള്‍ പോസ്റ്റ് ചെയ്ത ഇന്‍സ്റ്റഗ്രാം സ്റ്റോറി കണ്ടുവെന്നും ഞാന്‍ ജോലി ചെയ്യുകയല്ല, ജീവിക്കുകയാണെന്ന് തോന്നിയെന്നും ഷനായ മറുപടി നല്കി. അപ്പോഴാണ് ആ വ്യത്യാസം ഞാന്‍ മനസിലാക്കിയത്. ഞാനൊരു 'ലിവര്‍' ആണെന്ന്, അതായത് 'ലിവിങ് ലൈഫ്' ആണെന്നും അവള് സെറ്റില്‍ ജോലി ചെയ്യുന്ന ഒരു നടിയാണെന്നും ഞാന്‍ തിരിച്ചറിഞ്ഞു. 'ലിവര്‍' എന്ന വാക്ക് കൊള്ളാമല്ലോ എന്നും എനിക്കുതോന്നി'-ഒറി അഭിമുഖത്തില്‍ പറയുന്നു.
ബോളിവുഡ് താരങ്ങള്‍ക്കൊപ്പം ഏത് പരിപാടിയില്‍ പങ്കെടുത്താലും പാപ്പരാസികളെ വിളിച്ചുവരുത്തുന്ന ശീലവും ഒറിക്കുണ്ട്. ഇക്കാര്യം ഒറിതന്നെ സമ്മതിച്ചിട്ടുണ്ട്. ഒരിക്കല്‍ ഭൂമിക്കും സഹോദരിക്കുമൊപ്പം ഡിന്നര്‍ കഴിക്കാന്‍ പോയപ്പോള്‍ അവിടേയും പാപ്പരാസികളെത്തി. ആരാണ് ഇവരെ അറിയിച്ചതെന്ന് ഭൂമി ചോദിച്ചപ്പോള്‍ അത് താന്‍ തന്നെയാണെന്ന് ഒറി സമ്മതിച്ചു.
ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതും തന്റെ ഔട്ട്ഫിറ്റ് കാണിക്കുന്നതും ഒറിക്ക് ഏറെ ഇഷ്ടമുള്ള കാര്യമാണ്. കടുംനിറങ്ങളിലുള്ള, വ്യത്യസ്തമായ പ്രിന്റുകളുള്ള സ്യൂട്ടുകളാണ് ഒറി ധരിക്കാറുള്ളത്. ഒറിയുടെ മൊബൈല്‍ ഫോണിന്റെ ബാക്ക് കവറുകളും ട്രെന്‍ഡിങ്ങാണ്. ഔട്ട്ഫിറ്റിന് യോജിക്കുന്ന രീതിയില്‍ ബാക്ക് കവര്‍ ഡിസൈന്‍ ചെയ്യാന്‍ ഒരു ഡിസൈനര്‍ തന്നെ ഒറിയുടെ ടീമിലുണ്ട്. പകുതി തൊലികളഞ്ഞ പഴം, നീണ്ട പിടിയുള്ള കത്തി, പ്ലെയ്റ്റില്‍ കിടക്കുന്ന ഞണ്ട് തുടങ്ങിയവയെല്ലാം ഒറിയുടെ മൊബൈല്‍ ഫോണിന്റെ ബാക്ക് കവറുകളായിട്ടുണ്ട്.

Content Highlights: who is bollywoods bff orhan awatramani orrys lifestory
Published: 03 Feb 2024, 11:38 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented