ഫറാ ഖാന്റെ ഏറ്റവും പുതിയ വ്‌ളോഗിലൂടെ തന്റെ ആഡംബരവസതിയുടെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് വ്യവസായിയും ഗായികയുമായ അനന്യ ബിർള. 2018-ൽ 425 കോടി രൂപയ്ക്ക് സ്വന്തമാക്കിയ മുംബൈയിലെ ജാട്ടിയ ഹൗസിന്റെ വിസ്മയിപ്പിക്കുന്ന കാഴ്ചകളാണ് ഫറാ ഖാൻ തന്റെ യൂട്യൂബ് വ്‌ലോഗിലൂടെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയത്. പതിവുപോലെ അനന്യയ്ക്കായി നിരവധി സമ്മാനങ്ങളുമായാണ് ഫറാ എത്തിയത്. അതിൽ ഏറെ ശ്രദ്ധ നേടിയത് ജയ്പൂർ വാച്ചായിരുന്നു. അനന്യ ബിർളയ്ക്ക് സമ്മാനം കൈമാറുന്നതിനിടെ, 'ജയ്പൂരിൽ നിന്നുള്ള ഒരു പ്രത്യേക സമ്മാനമാണ് ഞങ്ങൾ നിങ്ങൾക്കായി കൊണ്ടുവന്നിരിക്കുന്നത്' എന്ന് ഫറാ ഖാൻ പറഞ്ഞു. ജയ്പൂർ വാച്ച് കമ്പനിയുടെ 'ഗേറ്റ്‌സ് ഓഫ് ഇന്ത്യ' ശ്രേണിയിൽ നിന്നുള്ള വാച്ചാണ് ഇതിനായി തിരഞ്ഞെടുത്തതെന്നും താരം വ്യക്തമാക്കി.

To advertise here,

'ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത ഇത് ഇന്ത്യയിൽ തന്നെ നിർമിച്ചതാണ് എന്നതാണ്,' അനന്യ പറഞ്ഞു. തദ്ദേശീയ ബ്രാൻഡുകൾ വ്യത്യസ്തമായ വാച്ചുകൾ നിർമിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ഫറായും കൂട്ടിച്ചേർത്തു.

വാച്ച് പരിചയപ്പെടുത്തുന്നതിനിടെ ഫറാ പറഞ്ഞത്, 'ഇത് ജയ്പൂർ ഗേറ്റാണ്' എന്നായിരുന്നു. എന്നാൽ വാച്ചിന്റെ ബെസൽ തിരിച്ചുനോക്കിയപ്പോൾ അതിൽ തെളിഞ്ഞത് മുംബൈയിലെ പ്രശസ്തമായ ഗേറ്റ്വേ ഓഫ് ഇന്ത്യയുടെ രൂപമായിരുന്നു. ജയ്പൂർ വാച്ച് കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഈ വാച്ചിന്റെ വില 50,000 രൂപയാണ്.

also read : അനന്യ ബിർളയുടെ 425 കോടിയുടെ ആഡംബര വീട്, എം.എഫ്. ഹുസൈന്റെ ചിത്രവും; പ്രത്യേകതകൾ ഇങ്ങനെ 

ഈ വാച്ചിന്റെ രൂപകൽപ്പനയിൽ ജയ്പൂരിലെ സിറ്റി പാലസിലുള്ള പ്രശസ്തമായ ലോട്ടസ് ഗേറ്റാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. സമൃദ്ധി, പുതുജീവൻ, ഋതുക്കളുടെ മാറ്റം എന്നിവയുടെ പ്രതീകമായാണ് ഈ കവാടം അറിയപ്പെടുന്നത്.

ഇന്ത്യയുടെ പൈതൃകത്തെ വാച്ചുകളിലൂടെ അവതരിപ്പിക്കുകയാണ് ഈ ശ്രേണിയിലൂടെ കമ്പനി ചെയ്യുന്നത്. മറ്റൊരു ഡിസൈനിൽ പ്രീതം നിവാസ് ചൗക്കിലെ ലെഹരിയ ഗേറ്റിന്റെ രൂപവും കാണാം. വാച്ചിന്റെ ഭാഗം മറിച്ചുനോക്കുമ്പോൾ ഡൽഹിയിലെ ഇന്ത്യാ ഗേറ്റ്, മുംബൈയിലെ ഗേറ്റ്വേ ഓഫ് ഇന്ത്യ, ഹൈദരാബാദിലെ ചാർമിനാർ തുടങ്ങിയ പ്രശസ്തമായ സ്മാരകങ്ങളുടെ രൂപങ്ങൾ തെളിയും. ഇന്ത്യയുടെ വാസ്തുവിദ്യാ-സാംസ്‌കാരിക പൈതൃകത്തിലെ ഓരോ അധ്യായങ്ങളെയാണ് ഈ ഡിസൈനുകൾ പ്രതിനിധീകരിക്കുന്നത്.

അനന്യ ബിർളയുടെ ആഡംബര വസതിക്കുള്ളിൽ

ഫുഡ് വിത്ത് ഫറായുടെ ഏറ്റവും പുതിയ എപ്പിസോഡിലാണ് അനന്യ ബിർള തന്റെ ആഡംബരവസതിയുടെ വിശേഷങ്ങൾ പങ്കുവെച്ചത്. വീടിന്റെ അകത്തളങ്ങളും സൗകര്യങ്ങളുമെല്ലാം കണ്ട് ഫറാ ഖാൻ അമ്പരന്നു. മനോഹരമായ വലിയ ചാൻഡിലിയറും ഗണപതി വിഗ്രഹവും ഉൾപ്പെടുന്ന ആഡംബര പ്രവേശനകവാടമാണ് ആദ്യം ശ്രദ്ധ നേടിയത്. വിശാലമായ ഔപചാരിക സ്വീകരണമുറി, ഒരു സ്റ്റുഡിയോ അപ്പാർട്ട്‌മെന്റിന്റെ വലുപ്പമുള്ള അടുക്കള, പൊതുപാർക്കിനേക്കാൾ വലുതെന്ന് ഫറാ വിശേഷിപ്പിച്ച പൂന്തോട്ടം എന്നിവയും വീടിന്റെ പ്രത്യേകതകളാണ്.ജാട്ടിയ ഹൗസിലേക്ക് പ്രവേശിച്ചപ്പോൾ 'നമ്മൾ ഒരു കൊട്ടാരത്തിനുള്ളിൽ എത്തിയതുപോലെയുണ്ട്' എന്നായിരുന്നു ഫറാ ഖാന്റെ പ്രതികരണം.

ആരാണ് അനന്യ ബിർള?

ഇന്ത്യൻ വ്യവസായിയും കലാകാരിയും ഗായികയുമായ അനന്യ ബിർള, പ്രശസ്തമായ ബിർള കുടുംബത്തിലെ ആറാം തലമുറയിലെ അംഗമാണ്. മുംബൈയിലെ അമേരിക്കൻ സ്‌കൂൾ ഓഫ് ബോംബെയിൽ പഠിച്ച അനന്യ, പിന്നീട് ഓക്‌സ്ഫഡ് സർവകലാശാലയിൽ നിന്ന് സാമ്പത്തികശാസ്ത്രത്തിലും മാനേജ്‌മെന്റിലും ബിരുദം നേടി.സംരംഭക എന്ന നിലയിൽ മാത്രമല്ല, സംഗീതരംഗത്തും അനന്യയ്ക്ക് തന്റേതായ ഇടമുണ്ട്. പതിനൊന്നാം വയസ്സിൽ സന്തൂർ വായിക്കാൻ പഠിച്ച അവർ പാട്ടുകളും കവിതകളും എഴുതാറുണ്ട്. പ്രശസ്ത ഗായികമാരായ ഷെറിൽ ട്വീഡി, നെല്ലി ഫുർട്ടാഡോ എന്നിവർക്കൊപ്പവും അനന്യ പ്രവർത്തിച്ചിട്ടുണ്ട്.