നാലുവര്‍ഷംമുമ്പ് ഭര്‍ത്താവ് ക്യാപ്റ്റന്‍ ജഗ്താര്‍ സിങ് തീവണ്ടി അപകടത്തില്‍ മരിച്ചപ്പോള്‍ ഇരട്ടക്കുട്ടികളുമായി പകച്ചു നില്‍ക്കുകയായിരുന്നു ഉഷാറാണി. എന്നാല്‍ അധികനാള്‍ കഴിയും മുമ്പ് അവര്‍ ആത്മധൈര്യം വീണ്ടെടുത്തു. അത് ലക്ഷ്യത്തിലേക്കുള്ള യാത്രയായിരുന്നു.

To advertise here,

ഒടുവില്‍ ഒരു നിയോഗംപോലെ ഭര്‍ത്താവ് ജോലി ചെയ്ത ഇന്ത്യന്‍ സൈന്യത്തില്‍ ഉഷാറാണിയും എത്തി. ഒരുവര്‍ഷം നീണ്ട കഠിനപരിശീലനം പൂര്‍ത്തിയാക്കി ശനിയാഴ്ച ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമി (ഒ.ടി.എ)യില്‍ നടന്ന പാസിങ് ഔട്ട് പരേഡില്‍ ഉഷാറാണി സൈന്യത്തിന്റെ ഭാഗമായി.

ശനിയാഴ്ച നടന്ന ചടങ്ങിലൂടെ 250 പേരാണ് സൈന്യത്തിലേക്ക് പുതുതായി എത്തിയത്. ഇതില്‍ 39 പേര്‍ വനിതകളാണ്. അതില്‍ ഒരു ധീരവനിതയായി ഉഷാറാണിയും. 2020-ലാണ് ഭര്‍ത്താവ് ജഗ്താര്‍ സിങ് തീവണ്ടിയപകടത്തില്‍ മരിച്ചത്.

ഭര്‍ത്താവിന്റെ വേര്‍പാട് ഒരുഭാഗത്ത് മാനസികമായി തളര്‍ത്തിയപ്പോഴും ആത്മധൈര്യത്തിലൂടെ അതിനെ മറികടക്കുകയായിരുന്നു ഉഷാറാണി. കുട്ടികളെ പരിപാലിക്കുന്നതിനൊപ്പംതന്നെ അവര്‍ ബിരുദപഠനം പൂര്‍ത്തിയാക്കി. തുടര്‍ന്ന് ആര്‍മി പബ്ലിക് സ്‌കൂളില്‍ അധ്യാപികയായി. അവിടെ ജോലിചെയ്യുമ്പോഴാണ് ഭര്‍ത്താവിന്റെ പാത പിന്തുടരണമെന്ന ആഗ്രഹം കലശലായത്. അങ്ങനെ സൈന്യത്തില്‍ചേരാന്‍ സര്‍വീസസ് സെലക്ഷന്‍ ബോര്‍ഡ് (എസ്.എസ്.ബി) പരീക്ഷയ്ക്ക് തയ്യാറെടുപ്പുതുടങ്ങി.

കഴിഞ്ഞവര്‍ഷം വിവാഹവാര്‍ഷികദിനത്തില്‍ത്തന്നെ ഒ.ടി.എ.യില്‍ പ്രവേശനം ലഭിച്ചതും യാദൃച്ഛികതയായി. കഠിനപരിശീലനത്തിനുശേഷം സൈന്യത്തിന്റെ ഭാഗമാവുമ്പോള്‍ അഭിമാനംകൊണ്ട് ഉഷാറാണിയുടെ ശിരസ് ഉയരുന്നു.