ന്ത്യയുടെ ഓരോ മുക്കിലും മൂലയിലും നിറഞ്ഞുനില്‍ക്കുന്ന, നൂറിലധികം രാജ്യങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന ഒരു വ്യവസായ സാമ്രാജ്യത്തെ പടുത്തുയര്‍ത്തിയാണ് രത്തന്റെ മടക്കം. ആരേയും വെറുപ്പിക്കാതെ, മനുഷ്യത്വവും സഹജീവി സ്‌നേഹവും മനസില്‍ സൂക്ഷിച്ച 86 വര്‍ഷങ്ങള്‍. സ്വകാര്യ ജീവിതത്തിലുണ്ടായ മുറിവുകളുടെ വേദനയും നീറ്റലും ഒരിക്കല്‍പോലും രത്തൻ പുറത്തുകാണിച്ചിരുന്നില്ല. അതിസമ്പന്നമായ പാഴ്‌സി കുടുംബത്തില്‍ ജനിച്ച രത്തന്റെ മനസില്‍ പത്താംവയസില്‍തന്നെ ആദ്യ മുറിവേറ്റിരുന്നു. അച്ഛനും അമ്മയും രണ്ട് വഴിയിലൂടെ നടന്നപ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ പത്ത് വയസുകാരന്‍ പകച്ചുനിന്നു. അന്നത്തെ ബോംബെയുടെ മധ്യത്തിലുള്ള ആഡംബര ബംഗ്ലാവില്‍, അമ്പതോളം ജോലിക്കാരുടെ പരിചരണത്തില്‍ കഴിഞ്ഞിരുന്ന രത്തന് ഒന്നിലും സന്തോഷം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. അന്ന് അവന്റെ കൈപിടിച്ച് ആശ്വസിപ്പിച്ചത് മുത്തശ്ശി നവാജ്ബായിയാണ്. അവിടെ നിന്നിങ്ങോട്ട് അവന് എല്ലാമെല്ലാം മുത്തശ്ശിയായിരുന്നു.

To advertise here,

മുത്തശ്ശി കാണിച്ചുകൊടുത്ത വഴിയിലൂടെ നടന്ന്, മുത്തശ്ശി പറഞ്ഞുകൊടുത്ത കഥകള്‍ കേട്ട് അവന്‍ വളര്‍ന്നു. ആരുടേയും മുന്നില്‍ തല കുനിക്കാത്ത, മനുഷ്യരോട് സ്‌നേഹത്തോടെ മാത്രം പെരുമാറുന്ന നായകന്‍മാരായിരുന്നു മുത്തശ്ശിയുടെ കഥകളില്‍ നിറഞ്ഞുനിന്നത്. ജീവിതത്തില്‍ അതുപോലൊരു നായകനായി വളരണമെന്ന് മുത്തശ്ശി അവനോട് പറഞ്ഞു. ആ ഉപദേശം അതുപോലെ ജീവിതത്തിലുടനീളം പുലര്‍ത്തിയ രത്തൻ ഒരിക്കല്‍പോലും നവാജ്ബായിയുടെ വാക്കുകള്‍ തെറ്റിച്ചില്ല. മുംബൈയിലേയും ഷിംലയിലേയും സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം ഉന്നതപഠനത്തിനായി അമേരിക്കയിലേക്ക് പറക്കാനായിരുന്നു രത്തന്റെ ആഗ്രഹം. ഇത് മുത്തശ്ശിയോട് പറഞ്ഞപ്പോള്‍ എതിര്‍പ്പൊന്നുമുണ്ടായില്ല. 

അവരുടെ അനുഗ്രഹത്തോടുകൂടി രത്തൻ ന്യൂയോര്‍ക്ക് സിറ്റിയിലെ റിവര്‍ഡെയ്ല്‍ കണ്‍ട്രി സ്‌കൂളില്‍ പ്രവേശനം നേടി. ആര്‍ക്കിടെക്ചറില്‍ ബിരുദം നേടണമെന്നായിരുന്നു ആഗ്രഹം. ഇതിനായി അമേരിക്കയിലെ താമസം തുടര്‍ന്നു. 1959-ല്‍ കോര്‍ണെല്‍ സര്‍വകലാശാലയില്‍നിന്ന് ആര്‍ക്കിടെക്ചറില്‍ ബിരുദം പൂര്‍ത്തിയാക്കി. അതിസമ്പന്ന കുടുംബത്തിലെ സൗകര്യങ്ങളെല്ലാം വേണ്ടെന്നുവെച്ച് അമേരിക്കയില്‍ ഒരു സാധാരണ വിദ്യാര്‍ഥിയെപ്പോലെയായിരുന്നു ജീവിതം. അന്ന് വിമാനം പറത്തുന്നത് പഠിക്കുക എന്നൊരു ആഗ്രഹവും രത്തന്റെ ഉള്ളിലുണ്ടായിരുന്നു. അമേരിക്കയിലെ പൈലറ്റ് ട്രെയ്‌നിങ് അക്കാദമിയില്‍ പ്രവേശനവും നേടി. എന്നാല്‍ അതിന് ഭാരിച്ച ഫീസ് നല്‍കണമായിരുന്നു. ഇതിനുള്ള പണം സ്വയം കണ്ടെത്താന്‍ അദ്ദേഹം തീരുമാനിച്ചു. അങ്ങനെ ക്ലാസില്ലാത്ത സമയങ്ങളില്‍ ഹോട്ടലുകളില്‍ ജോലിക്കുപോയി. പാത്രം കഴുകിയും മേശ വൃത്തിയാക്കിയും ഫീസിനുള്ള പണം കണ്ടെത്തി.

placeholder
ratan tata
രത്തന്‍ ടാറ്റ സഹോദരന്‍ ജിമ്മി ടാറ്റയ്ക്കും വളര്‍ത്തു നായയ്ക്കുമൊപ്പം | Photo:instagram/ ratan tata

ഇതിനിടയില്‍ ന്യൂയോര്‍ക്കില്‍ നിന്ന് ലോസ് ആഞ്ജലിസിലേക്ക് രത്തൻ താമസം മാറി. അവിടെയുള്ള ഒരു ആര്‍ക്കിടെക്ചര്‍ കമ്പനിയില്‍ ജോലി ലഭിച്ചപ്പോഴായിരുന്നു ഈ മാറ്റം. തന്റെ ജീവിതത്തിലെ ആദ്യ പ്രണയിനിയെ രത്തൻ കണ്ടുമുട്ടിയതും അവിടെവെച്ചാണ്. വിദേശിയായ ആ പെണ്‍കുട്ടിയെ അദ്ദേഹം ജീവനുതുല്ല്യം സ്‌നേഹിച്ചു. അവളെ കാണാനും സംസാരിക്കാനുംവേണ്ടി ദിവസങ്ങളോളം കാത്തിരുന്നു. ഒരു ഘട്ടത്തില്‍ ജീവിതത്തെ മുന്നോട്ടുനയിച്ചത് തന്നെ ആ പ്രണയമായിരുന്നു. അക്കാലത്ത് അമേരിക്കയില്‍ സ്ഥിരതാമസമാക്കുന്നതിനെ കുറിച്ചുവരെ രത്തൻ ആലോചിച്ചു.

പക്ഷേ, ഇന്ത്യയിലേക്ക് തിരിച്ച് വിമാനം കയറാനായിരുന്നു രത്തന്റെ നിയോഗം. തന്റെ എല്ലാമെല്ലാമായ മുത്തശ്ശി രോഗക്കിടക്കയിലാണെന്നും എത്രയും പെട്ടെന്ന് ഇന്ത്യയിലേക്ക് മടങ്ങിയത്തണമെന്നുമുള്ള സന്ദേശം രത്തനെ തേടിയെത്തി. ഏഴ് വര്‍ഷത്തോളം മുത്തശ്ശിയെ കാണാതിരുന്ന രത്തന് പിന്നീട് അമേരിക്കയില്‍ നില്‍ക്കാന്‍ കഴിഞ്ഞില്ല. കാമുകിയോട് വിവരം പറഞ്ഞ് നാട്ടിലേക്ക് വിമാനം കയറി. മുത്തശ്ശിയെ കണ്ട്, ആശ്വസിപ്പിച്ച് അമേരിക്കയിൽ തിരിച്ചെത്തുമെന്നും വിവാഹം ചെയ്യുമെന്നും അദ്ദേഹം കാമുകിക്ക് ഉറപ്പ് നല്‍കിയിരുന്നു.  

പക്ഷേ, ഇന്ത്യയിലെത്തിയ രത്തനെ കാത്തിരുന്നത് ദുഃഖകരമായ വാര്‍ത്തയാണ്. രോഗം മൂര്‍ച്ഛിച്ച മുത്തശ്ശി മരണത്തോട് അടുത്തിരുന്നു. ഇതോടെ ഇന്ത്യയില്‍തന്നെ സ്ഥിരതാമസമാക്കാന്‍ രത്തൻ തീരുമാനിച്ചു. അമേരിക്കയില്‍പോയി കാമുകിയേയും കൂട്ടി തിരിച്ചുവരാന്‍ വിമാനം കയറി. പക്ഷേ, വിധി കാത്തുവെച്ചത് മറ്റൊന്നായിരുന്നു. ആ സമയത്ത് പൊട്ടിപ്പുറപ്പെട്ട ഇന്ത്യാ-ചൈന യുദ്ധത്തില്‍ രത്തന്റെ പ്രണയവും വിവാഹജീവിതവും തകര്‍ന്നു.

ചൈനയുമായുള്ള യുദ്ധം അമേരിക്കയിലെ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായി. കാമുകിയുടെ മാതാപിതാക്കള്‍ മകളെ രത്തനൊപ്പം ഇന്ത്യയിലേക്ക് അയക്കാന്‍ തയ്യാറായില്ല. അച്ഛന്റേയും അമ്മയുടേയും വാക്കുകള്‍ കേള്‍ക്കാതെ രത്തനൊപ്പം  വരാന്‍ കാമുകിയും താത്പര്യം കാണിച്ചില്ല. ഇതോടെ രത്തൻ വലിയ പ്രതിസന്ധിയിലായി. തന്റെ എല്ലാമെല്ലാമായ മുത്തശ്ശിയുടെ അവസാന നിമിഷങ്ങളില്‍ ഒപ്പംനില്‍ക്കാനാണ് രത്തൻ തീരുമാനിച്ചത്. കാമുകിയോട് ബൈ പറഞ്ഞ്, അവള്‍ക്കായി എടുത്ത ടിക്കറ്റ് കീറിക്കളഞ്ഞ് രത്തൻ ഇന്ത്യയിലേക്ക് വിമാനം കയറി. മൂന്ന് വര്‍ഷങ്ങള്‍ക്കുശേഷം മുത്തശ്ശി മരിച്ചപ്പോള്‍ രത്തൻ തൊട്ടടുത്ത് തന്നെയുണ്ടായിരുന്നു. അങ്ങനെ 28-ാം വയസില്‍ രത്തൻ വീണ്ടും അനാഥത്വത്തിന്റെ വേദനയറിഞ്ഞു. അനിയന്‍ ജിമ്മി മാത്രമായിരുന്നു ആശ്വാസം. വിവാഹമോചിതരായ അച്ഛനും അമ്മയും അപ്പോഴേക്കും പുതിയ ജീവിതം കണ്ടെത്തിയിരുന്നു. 

placeholder
ratan tata
രത്തന്‍ ടാറ്റ | Photo:instagram/ ratan tata

പിന്നീട് രത്തന് തന്റെ വ്യവസായ സാമ്രാജ്യം എല്ലാമായിക്കഴിഞ്ഞിരുന്നു. ആദ്യത്തെ പ്രണയം നൊമ്പരമായി മനസിലുള്ളതിനാല്‍ രണ്ടാമതൊരു വിവാഹത്തെ കുറിച്ച് ആലോചിച്ചതേയില്ല. 24 മണിക്കൂറും രത്തനെ വളര്‍ത്താന്‍ മാത്രമായി പ്രയത്‌നിച്ചു. കോടിക്കണക്കിന് രൂപ ആസ്തിയുള്ള കമ്പനിയുടെ തലപ്പത്ത് ഇരിക്കുമ്പോഴും പിന്തുടര്‍ച്ചയ്ക്ക് ആരുമുണ്ടാകില്ലല്ലോ എന്ന ചോദ്യം രത്തൻ നിരന്തരം കേട്ടുകൊണ്ടിരുന്നു. അതിനെയെല്ലാം ഒരു പുഞ്ചിരിയോടെ നേരിട്ടു. അപ്പോഴെല്ലാം തന്റെയുള്ളില്‍ ഒറ്റപ്പെടലിന്റെ വേദനയുണ്ടായിരുന്നെന്ന് രത്തൻ നേരത്തെ ബോളിവുഡ് നടിയായിരുന്ന സിമി ഗരേവാളുമായുള്ള അഭിമുഖത്തില്‍ തുറന്ന് സംസാരിച്ചിട്ടുണ്ട്.

അന്ന് സിമിയില്‍ ആശ്വാസം കണ്ടെത്തിയ രത്തൻ പിന്നീട് അവരുടെ കാമുകനായി മാറി. ഒറ്റപ്പെടലിന്റെ ദുഃഖത്തില്‍ നിന്ന് ഒരു പങ്കാളിയുടെ സന്തോഷത്തിലേക്ക് അദ്ദേഹത്തിന്റെ ജീവിതം മാറി. 27-ാം വയസിലെ വിവാഹമോചനും മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡി ഉള്‍പ്പെടെയുള്ള സെലിബ്രിറ്റികളുമായുള്ള ബന്ധത്തിലുണ്ടായ ഉലച്ചിലുകളും കാരണം സിമി നിരാശയിലേക്കുവീണ സമയമായിരുന്നു അത്. അവതാരകയായി ജീവിതം തിരിച്ചുപിടിക്കാനുള്ള ശ്രമം. അതിനിടയിലാണ് കൂടുതല്‍ സന്തോഷം പകര്‍ന്ന രത്തനുമായുള്ള സിമിയുടെ പ്രണയം തുടങ്ങുന്നത്. കുറച്ച് കാലത്തെ പ്രണയത്തിനുശേഷം ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.

എന്നാല്‍, വിവാഹം എന്നത് രത്തന്റെ ജീവിതനിഘണ്ടുവില്‍ എഴുതിയിട്ടില്ലായിരുന്നു. പല കാരണങ്ങളാല്‍ സിമിയെ ഭാര്യയാക്കാന്‍ രത്തന് കഴിഞ്ഞില്ല. പക്ഷേ, ഇരുവരുടേയും മനസിലുള്ള പ്രണയം മാത്രം മാഞ്ഞുപോയില്ല. 'ഞാനും രത്തനും വര്‍ഷങ്ങളായി അറിയുന്ന വ്യക്തികളാണ്. അദ്ദേഹം ഒരു മാതൃകാ പുരുഷനാണ്. നര്‍മബോധമുള്ള, എളിമയുള്ള, ഒരു മാന്യനായ വ്യക്തി. ഒരിക്കലും പണത്തിന് അദ്ദേഹം മുന്‍തൂക്കം നല്‍കിയിരുന്നില്ല. ഇന്ത്യയിലുള്ളതിനേക്കാള്‍ അദ്ദേഹം ജീവിതം ആസ്വദിച്ചിരുന്നത് അമേരിക്കയിലായിരുന്നു.'- ഒരിക്കല്‍ രത്തന്‍ ടാറ്റയെ കുറിച്ച് സിമി പറഞ്ഞത് ഇങ്ങനെയാണ്. 

placeholder
രത്തന്‍ ടാറ്റയും സിമി ഗരേവാളും | Photo: youtube

1991-ല്‍ ജെ.ആര്‍.ഡി ടാറ്റ പടിയിറങ്ങിയപ്പോള്‍ പിന്‍ഗാമിയായാണ് വ്യവസായ സാമ്രാജ്യത്തിലേക്ക് രത്തനെത്തുന്നത്. ടാറ്റ സ്റ്റീല്‍, ടാറ്റ കെമിക്കല്‍സ്, ടാറ്റ ഹോട്ടല്‍സ് തുടങ്ങി ടാറ്റ കമ്പനികളുടെ തലപ്പത്തിരുന്നവരെയെല്ലാം അമ്പരപ്പിച്ചായിരുന്നു സ്ഥാനാരോഹണം. പിന്നീട് ടാറ്റയില്‍ കണ്ടത് രത്തന്റെ സമ്പൂര്‍ണ ആധിപത്യമാണ്. ടാറ്റയെ അന്താരാഷ്ട്ര ബ്രാന്‍ഡാക്കി മാറ്റുന്നതില്‍ നന്നായി വിയര്‍പ്പൊഴുക്കി. നെതര്‍ലന്‍ഡ്‌സില്‍ നിന്നുള്ള കോറസ് സ്റ്റീല്‍ കമ്പനിയെ ഏറ്റെടുത്തും ടെറ്റലെ തേയില എന്ന ബ്രിട്ടീഷ് കമ്പനിയെ സ്വന്തമാക്കിയും ടിസിഎസ് എന്ന കമ്പ്യൂട്ടര്‍ കമ്പനിയെ വിജയത്തിലേക്ക് നയിച്ചും ടാറ്റ ഇന്ത്യയ്ക്ക് അകത്തേയും പുറത്തേയും ബിസിനസുകാരെ ഞെട്ടിച്ചു. ടാറ്റ സ്റ്റീല്‍, ടാറ്റ കെമിക്കല്‍സ്, ടൈറ്റന്‍, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌, ഇന്ത്യ ഹോട്ടല്‍സ്, ടാറ്റ മോട്ടോഴ്‌സ് തുടങ്ങി നിരവധി ബ്രാന്‍ഡുകള്‍ക്ക് പിന്നില്‍ രത്തന്റെ കരങ്ങളുണ്ട്. രത്തന്റെ കീഴില്‍ ടാറ്റയുടെ ആസ്തി 40 മടങ്ങ് വര്‍ധിച്ചു. ലാഭം അന്‍പത് ഇരട്ടിയായി. 1991 മുതല്‍ 2012 വരെ ചെയര്‍മാനായി തുടര്‍ന്ന രത്തന്‍ 2016-ല്‍ ഇടക്കാല ചെയര്‍മാനായും പ്രവര്‍ത്തിച്ചു. 

എന്നാല്‍ ഇക്കാലയളവിലേയും തന്റെ ജീവിതത്തില്‍ ഒരിക്കല്‍പോലും രത്തന്‍ വന്‍ ആഡംബരങ്ങള്‍ ആസ്വദിച്ചിരുന്നില്ല. ടാറ്റ സണ്‍സിന്റെ ചെയര്‍മാനായി ചുമതലയേല്‍ക്കുന്നതുവരെ കൊളാബയിലെ ആഡംബരങ്ങളൊന്നുമില്ലാത്ത ഫ്‌ളാറ്റിലാണ് വര്‍ഷങ്ങളോളം താമസിച്ചിരുന്നത്. അവിടെ തന്റെ പ്രിയപ്പെട്ട പുസ്തകങ്ങള്‍ക്കും പാട്ട് കാസെറ്റുകള്‍ക്കും നടുവിലായിരുന്നു ഒഴിവുസമയം ചെലവഴിച്ചിരുന്നത്. ജീവിതത്തില്‍ ആരേയും വേദനിപ്പിക്കാന്‍ ഇട വരുത്താതിരുന്ന രത്തന്  ഒരു കാര്യത്തില്‍ മാത്രമാണ് പശ്ചാത്താപമുണ്ടായിരുന്നത്. പിതാവിന്റെ ജ്യേഷ്ഠസഹോദരന്‍ ജെ.ആര്‍.ഡി ടാറ്റയുടെ അവസാനകാലത്ത് താന്‍ അത്ര അടുപ്പം കാണിച്ചിരുന്നില്ല എന്നതായിരുന്നു അത്. ആറു വര്‍ഷത്തോളം താന്‍ അകന്നുനിന്നുവെന്നും അതില്‍ ഇപ്പോഴും പശ്ചാത്താപമുണ്ടെന്നും രത്തൻ ടാറ്റ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു.