രണ്ടു വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് നടി സ്വര ഭാസ്‌ക്കറും സമാജ്‌വാദി പാര്‍ട്ടി നേതാവ് ഫഹദ് അഹമ്മദും വിവാഹിതരായത്. ഇരുവരുടേയും പ്രണയകഥ പറയുന്ന മനോഹരമായ ഒരു വീഡിയോ പങ്കുവെച്ച് സ്വര തന്നെയാണ് സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ചത്. ഒരു സിനിമയുടെ ട്രെയ്‌ലര്‍ പോലെ തോന്നിപ്പിക്കുന്ന ഈ വീഡിയോയില്‍ ഇരുവരും ആദ്യമായി കണ്ടുമുട്ടിയ കാലം മുതലുള്ള സംഭവങ്ങള്‍ വിവരിക്കുന്നുണ്ട്.

To advertise here,

രണ്ടു വര്‍ഷം മുമ്പ് 2019 ഡിസംബറില്‍ ഒരു പ്രതിഷേധ പ്രകടനത്തിനിടെ ആയിരുന്നു ഇരുവരുടേയും ആദ്യ കൂടിക്കാഴ്ച. പൗരത്വ ഭേദഗതി നിയമത്തിനെതിരേ നടന്ന പ്രതിഷേധമായിരുന്നു അത്. പിന്നാലെ ഇരുവരും ഒരുമിച്ചുള്ള ആദ്യ സെല്‍ഫിയുമെടുത്തു. അന്ന് എടുത്ത മറ്റൊരു ചിത്രത്തില്‍ ആരാധനയോടെ സ്വരയെ നോക്കുന്ന ഫഹദിനേയും കാണാം. എന്നാല്‍ അന്ന് തനിക്ക് ആ നോട്ടം മനസിലായില്ലെന്നും സ്വര വീഡിയോയില്‍ പറയുന്നുണ്ട്.

പിന്നീട് ഈ സൗഹൃദം വളര്‍ന്നു. 2020 ഒക്ടോബറില്‍ താന്‍ കൂടി എഴുത്തില്‍ പങ്കാളിയായ 'ഇന്‍ക്വിലാബ്; എ ഡെക്കേഡ് ഓഫ് പ്രൊട്ടസ്റ്റ്' എന്ന പുസ്തകം സ്വര ഫഹദിന് സമ്മാനിച്ചു. മാര്‍ച്ചിലായിരുന്നു ഫഹദിന്റെ സഹോദരിയുടെ വിവാഹം. സ്വരയെ വിവാഹത്തിന് ക്ഷണിച്ച് ഫഹദ് മെസ്സേജ് അയച്ചു. എന്നാല്‍ ഷൂട്ടിങ് തിരക്കുള്ളതിനാല്‍ വരാനാകില്ലെന്നും താങ്കളുടെ വിവാഹത്തിന് എന്തായാലും പങ്കെടുക്കുമെന്നും സ്വര അന്ന് മറുപടി നല്‍കി. 

ഇതിന് പിന്നാലെ ഇരുവരും കൂടുതല്‍ അടുത്തു. ഇരുവര്‍ക്കും വളര്‍ത്തു പൂച്ചകളുണ്ടായിരുന്നു. വീഡിയോ കോളുകളില്‍ ഇരുവരുടേയും പൂച്ചകളും പ്രത്യക്ഷപ്പെട്ടു. 

കഴിഞ്ഞ ജനുവരി ആറിന് ഇരുവരും സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരാകുകയും ചെയ്തു. ഇതിന് പിന്നാലെ സ്വര ഇന്‍സ്റ്റഗ്രാമില്‍ ഒരു പോസ്റ്റ് പങ്കുവെയ്ക്കുകയും ചെയ്തു. പ്രണയത്തെ കുറിച്ചുള്ള ഒരു നിഗൂഢ പോസ്റ്റായിരുന്നു അത്. ഒരു പുരുഷന്റെ കൈകളില്‍ തല ചായ്ച്ചുകിടക്കുന്ന ചിത്രമാണ് അവര്‍ പങ്കുവെച്ചത്. 'ഇത് പ്രണയമായിരിക്കാം..'  എന്ന കുറിപ്പും ഇതിനോടൊപ്പമുണ്ടായിരുന്നു.

ആ നിഗൂഢ കാമുകന്‍ ഫഹദാണെന്ന് ഇപ്പോള്‍ വെളിപ്പെടുത്തിരിക്കുകയാണ് സ്വര. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡീയോക്ക് പിന്നാലെ ഇരുവരുടേയും വിവാഹ ചിത്രങ്ങളും പുറത്തുവന്നു. ഇതില്‍ ഇരുവരും മെറൂണ്‍ നിറത്തിലുള്ള വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നത്. ആഡംബര പരിപാടികളോ പാപ്പരാസികളുടെ തള്ളിക്കയറ്റമോ ഇല്ലാതെ ലളിതമായി വിവാഹം ചെയ്ത ഇരുവര്‍ക്കും അഭിനന്ദനങ്ങള്‍ അറിയിച്ച് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പങ്കുവെച്ചു. ബോളിവുഡ് നടിമാരായ സോനം കപൂര്‍, റിച്ച ഛദ്ദ, മാധ്യമപ്രവര്‍ത്തക ബര്‍ഖാ ദത്ത്, നടി പാര്‍വ്വതി തുടങ്ങിയവരെല്ലാം ഇരുവര്‍ക്കും ആശംസ നേര്‍ന്നു.