ബോളിവുഡിലെ മിസ്റ്റർ പെർഫെക്ഷനിസ്റ്റ് എന്ന വിശേഷണത്തിനൊപ്പം സമ്പത്തിന്റെ കാര്യത്തിലും മുൻനിരയിലാണ് നടൻ ആമിർ ഖാൻ. സിനിമകളിലെ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയും നിർമാണത്തിലൂടെയും സ്വന്തമായി ഒരു സാമ്രാജ്യം തന്നെ കെട്ടിപ്പടുത്ത താരത്തിന്റെ ആസ്തി ഏകദേശം 1,862 കോടി രൂപയാണെന്നാണ് റിപ്പോർട്ടുകൾ. മുംബൈയിലെ കോടികൾ വിലമതിക്കുന്ന വീടുകൾ, പഞ്ചഗണിയിലെ വിശാലമായ ഫാംഹൗസ്, അമേരിക്കയിലെ ബെവർലി ഹിൽസിലെ ആഡംബര വസതി, വിലകൂടിയ കാറുകൾ തുടങ്ങി ആമിറിന്റെ ആസ്തി വിവരങ്ങൾ ശ്രദ്ധേയമാണ്.

To advertise here,

അഞ്ച് പതിറ്റാണ്ടിലേറെ നീളുന്ന സിനിമാജീവിതത്തിൽ അമ്പതിലധികം ചിത്രങ്ങളിൽ ആമിർ അഭിനയിച്ചിട്ടുണ്ട്. 1973-ൽ ബാലതാരമായാണ് സിനിമയിലെത്തിയത്. ഖയാമത്ത് സെ ഖയാമത്ത് തക്, ദിൽ, ലഗാൻ, ദിൽ ചാഹ്താ ഹേ, രംഗ് ദേ ബസന്തി, ദംഗൽ തുടങ്ങിയ ചിത്രങ്ങൾ താരത്തിന്റെ കരിയറിലെ പ്രധാന വിജയങ്ങളാണ്. 1999-ൽ ആമിർ ഖാൻ പ്രൊഡക്ഷൻസ് എന്ന നിർമാണക്കമ്പനിയും ആരംഭിച്ചു. 2024 ജൂലൈയിൽ ഫസ്റ്റ്പോസ്റ്റ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ആമിറിന്റെ ആസ്തി ഏകദേശം 1,862 കോടി രൂപയാണ്.

മുംബൈയിൽ ഒന്നിലധികം ആഡംബര വസതികൾ

മാജിക്ബ്രിക്‌സ് റിപ്പോർട്ട് പ്രകാരം മുംബൈയിലെ വിവിധ ഇടങ്ങളിലായി ആമിറിന് നിരവധി ഫ്‌ളാറ്റുകളുണ്ട്. ഹിൽ വ്യൂവിലും ബെല്ല വിസ്റ്റയിലും ഓരോ അപ്പാർട്ട്‌മെന്റുകൾ, മറീന അപ്പാർട്ട്‌മെന്റ്‌സിൽ രണ്ട് യൂണിറ്റുകൾ, വിർഗോ കോഓപ്പറേറ്റീവ് ഹൗസിങ് സൊസൈറ്റിയിൽ ഏകദേശം 12 യൂണിറ്റുകൾ, വിൽനോമോണ അപ്പാർട്ട്‌മെന്റ്‌സിൽ നാല് യൂണിറ്റുകൾ എന്നിവയാണ് റിപ്പോർട്ടിൽ പരാമർശിക്കുന്നത്. മുംബൈയിലെ ബാന്ദ്രയിലുള്ള കടൽക്കാഴ്ചയുള്ള വീടാണ് താരത്തിന്റെ പ്രധാന വസതികളിലൊന്ന്. 2013-ൽ മിഡ്-ഡേ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഏകദേശം 5,000 ചതുരശ്ര അടി വിസ്തീർണമുള്ള ഈ ഇരുനില ഫ്‌ളാറ്റ് 60 കോടി രൂപയ്ക്കാണ് ആമിർ സ്വന്തമാക്കിയത്. അറബിക്കടലിന്റെ മനോഹരമായ കാഴ്ച ലഭിക്കുന്ന വീടിന്റെ ഇന്റീരിയറും പരിസരവും ഏറെ ശ്രദ്ധേയമാണ്.

ബെവർലി ഹിൽസിലും ആഡംബര വീട്

ഹോളിവുഡ് താരങ്ങളുടെ പ്രിയപ്പെട്ട താമസസ്ഥലമായ അമേരിക്കയിലെ കാലിഫോർണിയയിലെ ബെവർലി ഹിൽസിലും ആമിറിന് ആഡംബര വസതിയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഡിഎൻഎ റിപ്പോർട്ട് പ്രകാരം ഏകദേശം 75 കോടി രൂപയാണ് വീടിന്റെ മൂല്യം. ലോകപ്രശസ്ത താരങ്ങൾ താമസിക്കുന്ന പ്രദേശത്തെ ഈ വീട് ആമിറിന്റെ വിദേശ ആസ്തികളിൽ പ്രധാനപ്പെട്ടതാണ്.

പ്രകൃതിയുടെ മടിത്തട്ടിൽ പഞ്ചഗണി ഫാംഹൗസ്

നഗരത്തിരക്കുകളിൽനിന്ന് മാറി കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ പഞ്ചഗണിയിലും ആമിറിന് ഫാംഹൗസുണ്ട്. ഏകദേശം രണ്ട് ഏക്കർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ഈ വസ്തുവിന് ഏഴ് കോടി രൂപയോളം മൂല്യമുണ്ടെന്നാണ് റിപ്പോർട്ടുകൾ. പച്ചപ്പ് നിറഞ്ഞ പൂന്തോട്ടങ്ങൾ, ഭംഗിയായി പരിപാലിച്ച പുൽത്തകിടികൾ, പ്രകൃതിരമണീയമായ കാഴ്ചകൾ, വിശാലമായ വരാന്തകൾ എന്നിവയാണ് ഫാംഹൗസിന്റെ പ്രത്യേകതകൾ. തിരക്കേറിയ നഗരജീവിതത്തിൽനിന്ന് മാറി ശാന്തമായ അന്തരീക്ഷത്തിൽ വിശ്രമിക്കാൻ അനുയോജ്യമായ ഇടമാണിത്.

നാട്ടിലും 22 വീടുകൾ

ഉത്തർപ്രദേശിലെ ഹർദോയ് ജില്ലയിലെ ഷഹബാദിലും ആമിറിന് കുടുംബപരമായ ബന്ധമുള്ള നിരവധി സ്വത്തുക്കളുണ്ട്. 2012-ൽ ടൈംസ് എന്റർടെയ്ൻമെന്റിന് നൽകിയ അഭിമുഖത്തിൽ ഷഹബാദിൽ 22 വീടുകൾ വാങ്ങിയ കാര്യം താരം വെളിപ്പെടുത്തിയിരുന്നു. അമ്മാവന്മാരിൽനിന്നും ബന്ധുക്കളിൽനിന്നുമാണ് വീടുകൾ തിരികെ വാങ്ങിയത്. 'ഷഹബാദിൽ അധികം സമയം ചെലവഴിച്ചിട്ടില്ലെങ്കിലും അത് എന്റെ പൂർവികരുടെ നാടാണ്. അവിടവുമായി വൈകാരികമായൊരു ബന്ധമുണ്ട്. ജീവിതത്തിൽ മുന്നോട്ടുപോയ ചില ബന്ധുക്കൾ അവരുടെ വീടുകൾ വിൽക്കാൻ ആഗ്രഹിക്കുന്നുവെന്ന് അറിഞ്ഞപ്പോൾ അവ തിരികെ വാങ്ങാൻ തീരുമാനിക്കുകയായിരുന്നു,' എന്നായിരുന്നു ആമിറിന്റെ വാക്കുകൾ.

ഭാവിയിൽ കൃഷിയിലേക്ക് തിരിയാനും ആഗ്രഹമുണ്ടെന്ന് അന്ന് താരം പറഞ്ഞിരുന്നു. കൃഷിക്ക് അനുയോജ്യമായ ഭൂമിയാണ് അവിടെയുള്ളതെന്നും ഒരിക്കൽ ഷഹബാദിലെത്തി കൃഷി പരീക്ഷിക്കുമെന്നും ആമിർ വ്യക്തമാക്കിയിരുന്നു.

ഗാരേജിൽ കോടികളുടെ ആഡംബര കാറുകൾ

ആഡംബര കാറുകളോടുള്ള താൽപര്യവും ആമിറിന്റെ ജീവിതശൈലിയുടെ ഭാഗമാണ്. ജിക്യു ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം റോൾസ് റോയ്‌സ് ഗോസ്റ്റ് താരത്തിന്റെ കാർ ശേഖരത്തിലുണ്ട്. ഏകദേശം 6.95 കോടി മുതൽ 7.95 കോടി രൂപ വരെയാണ് ഈ കാറിന്റെ വില. ഏകദേശം 10.5 കോടി രൂപ വിലമതിക്കുന്ന മെഴ്സിഡസ് ബെൻസ് എസ് 600ഉം ആമിറിന്റെ കാർ ശേഖരത്തിലുണ്ട്. ഗോ മെക്കാനിക്കിന്റെ റിപ്പോർട്ട് പ്രകാരം ബെന്റ്‌ലി കോണ്ടിനെന്റൽ ഫ്‌ളയിങ് സ്പർ, ബിഎംഡബ്ല്യു 6 സീരീസ്, ടൊയോട്ട ഇന്നോവ, ടൊയോട്ട വെൽഫയർ, മഹീന്ദ്ര XUV 500 തുടങ്ങിയ വാഹനങ്ങളും താരത്തിനുണ്ട്. സിനിമയിലെ വിജയവും നിർമാണരംഗത്തെ പ്രവർത്തനങ്ങളും നിക്ഷേപങ്ങളും ചേർന്നാണ് ആമിർ ഖാൻ ഈ വലിയ ആസ്തിസാമ്രാജ്യം കെട്ടിപ്പടുത്തത്. മുംബൈ മുതൽ അമേരിക്കയിലെ ബെവർലി ഹിൽസുവരെ നീളുന്ന റിയൽ എസ്റ്റേറ്റ് ശേഖരവും ആഡംബര വാഹനങ്ങളുമെല്ലാം താരത്തിന്റെ സമ്പത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നു.