സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും സൺ ഗ്രൂപ്പ് ഉടമ കലാനിധി മാരന്റെ മകൾ കാവ്യ മാരനും ഒന്നിച്ചുള്ള വിവാഹാഘോഷങ്ങളുടെ പുതിയ ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. വിവാഹത്തിന് മുന്നോടിയായി നടന്ന ആഘോഷങ്ങളിൽ സൂപ്പർതാരം രജനികാന്ത്, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ തുടങ്ങി പ്രമുഖർ പങ്കെടുത്തിരുന്നു. ഇതിന്റെ ഇതുവരെ പുറത്തുവിടാത്ത ചിത്രങ്ങളാണ് അനിരുദ്ധ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

To advertise here,

'ഞങ്ങളുടെ ഹൃദയങ്ങൾ സന്തോഷംകൊണ്ട് നിറഞ്ഞിരിക്കുകയാണ്. നിങ്ങളുടെ സ്‌നേഹവും അനുഗ്രഹങ്ങളും വാക്കുകൾ കൊണ്ട് വിവരിക്കാനാവാത്തത്ര വലുതാണ്. ഞങ്ങളുടെ ജീവിതത്തിലെ ഈ പുതിയ തുടക്കം കൂടുതൽ മനോഹരമാക്കിയതിന് നന്ദി. നിങ്ങളുടെ സ്‌നേഹമെല്ലാം ഞങ്ങൾ കൂടെ കൊണ്ടുപോകുന്നു' എന്നായിരുന്നു കാവ്യയും അനിരുദ്ധും ചേർന്ന് പങ്കുവച്ച കുറിപ്പ്.

കൈപിടിച്ച് വേദിയിലേക്ക് 

വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷങ്ങളുടെ നിരവധി മനോഹര നിമിഷങ്ങൾ ചിത്രങ്ങളിലുണ്ട്. പരസ്പരം ചേർത്തുപിടിച്ച് നിൽക്കുന്ന ദമ്പതികളുടെ ചിത്രവും അതിഥികൾ ഇരുവശത്തുമായി നിരന്നുനിന്ന് കൈയടികളോടെ സ്വീകരിക്കുന്നതിനിടെ കൈകോർത്ത് വേദിയിലേക്ക് എത്തുന്ന ചിത്രവും ശ്രദ്ധേയമാണ്.ആഘോഷങ്ങൾക്ക് സംഗീതത്തിന്റെ നിറവും പകർന്നിരുന്നു. അനിരുദ്ധ് പാട്ടുപാടുമ്പോൾ കാവ്യയും വേദിയിലെത്തി അദ്ദേഹത്തോടൊപ്പം ചേരുന്ന ദൃശ്യങ്ങളും ചിത്രങ്ങളിൽ കാണാം. മാതാപിതാക്കൾക്കൊപ്പം നിൽക്കുന്ന ചിത്രവും ഇരുവരും പങ്കുവച്ചിട്ടുണ്ട്.

കാവ്യയുടെ സ്‌റ്റൈലിഷ് ലുക്കുകൾ

വിവാഹാഘോഷങ്ങളിൽ വ്യത്യസ്തമായ ഫാഷൻ ലുക്കുകളിലാണ് കാവ്യ എത്തിയത്. ഒരു ചടങ്ങിൽ വെള്ള നിറത്തിലുള്ള ഡ്രേപ്പ് ചെയ്ത സ്‌കർട്ടിനൊപ്പം ഗോൾഡൻ നിറത്തിലുള്ള ഓഫ് ഷോൾഡർ കോർസെറ്റ് ടോപ്പായിരുന്നു വേഷം. തൈ ഹൈ സ്ലിറ്റുള്ള സ്‌കർട്ടും ഗോൾഡൻ ടോപ്പും താരത്തിന്റെ ലുക്കിന് മോഡേൺ ഭംഗി നൽകി.കാവ്യയുടെ വേഷത്തിന് ഇണങ്ങുന്ന തരത്തിൽ വെള്ള നിറത്തിലുള്ള ഔട്ട്ഫിറ്റിലാണ് അനിരുദ്ധ് എത്തിയത്. ഡബിൾ ബ്രെസ്റ്റഡ് ജാക്കറ്റും അതേ നിറത്തിലുള്ള ട്രൗസേഴ്‌സും ഹൈ നെക്ക് ടോപ്പുമായിരുന്നു വേഷം.മറ്റൊരു ചടങ്ങിൽ ചാംപെയ്ൻ ഗോൾഡൻ നിറത്തിലുള്ള അലങ്കാരപ്പണികളുള്ള ഗൗണാണ് കാവ്യ തിരഞ്ഞെടുത്തത്. ഇളം പിങ്ക് നിറത്തിലുള്ള ഫെതർഡ് റാപ്പും ലുക്കിന് മാറ്റുകൂട്ടി. ഗ്രേ ബ്ലേസറിനൊപ്പം കറുത്ത ഷർട്ടും ട്രൗസറും ധരിച്ച് ക്ലാസിക് ലുക്കിലാണ് അനിരുദ്ധ് എത്തിയത്.ഗ്രീസിൽ നടന്ന വിവാഹത്തിൽ നിന്നുള്ള ഇതുവരെ കാണാത്ത ചിത്രവും പോസ്റ്റിലുണ്ട്. 'എനിക്ക് ഏറ്റവും പ്രിയപ്പെട്ട മാന്ത്രിക നിമിഷം' എന്ന കുറിപ്പോടെയാണ് അനിരുദ്ധ് നേരത്തെ പങ്കുവച്ച മറ്റൊരു ചിത്രശേഖരവും ശ്രദ്ധ നേടിയത്.

നവംബർ 11നായിരുന്നു അനിരുദ്ധിന്റെയും കാവ്യയുടെയും വിവാഹം. വർഷങ്ങളായി പ്രണയത്തിലായിരുന്ന ഇരുവരും തമിഴ്‌നാട്ടിലെ സാമൂഹിക പരിഷ്‌കർത്താവായ പെരിയാർ ഇ.വി. രാമസ്വാമി മുന്നോട്ടുവച്ച 'സെൽഫ് റെസ്‌പെക്ട് മാര്യേജ്' അഥവാ സ്വാഭിമാന വിവാഹരീതിയാണ് തിരഞ്ഞെടുത്തത്. ഡിഎംകെ ഐ.ടി. വിങ് സെക്രട്ടറി ഡോ. ടി.ആർ.ബി. രാജയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

പരമ്പരാഗത മതപരമായ ചടങ്ങുകൾ നിർബന്ധമാക്കാതെ പരസ്പര സമ്മതത്തിനും തുല്യതയ്ക്കും പ്രാധാന്യം നൽകുന്നതാണ് ഈ വിവാഹരീതി. വധൂവരന്മാർ പരസ്പരം ഒരുമിച്ച് ജീവിക്കാമെന്ന് പ്രതിജ്ഞയെടുക്കുകയും സാക്ഷികളുടെ സാന്നിധ്യത്തിൽ മാലകളോ മോതിരങ്ങളോ കൈമാറുകയും ചെയ്യുന്നു.1967-ൽ തമിഴ്‌നാട്ടിൽ ഈ വിവാഹരീതിക്ക് നിയമപരമായ അംഗീകാരം ലഭിച്ചു. ലളിതമായ ചടങ്ങുകളിലൂടെ പരസ്പര ബഹുമാനത്തിലും തുല്യാവകാശങ്ങളിലും അധിഷ്ഠിതമായി വിവാഹിതരാകാൻ ദമ്പതികൾക്ക് അവസരമൊരുക്കുന്നതാണ് ഈ രീതിയുടെ പ്രത്യേകത.