മാസങ്ങൾ നീണ്ട കഠിന പരിശ്രമവും പ്രതിസന്ധികളെ അവഗണിച്ചുള്ള പരിശീലനവും വ്യോമയാന മേഖലയോടുള്ള അടങ്ങാത്ത അഭിനിവേശവും ശ്രുതി ശശീന്ദ്രന് നേടി കൊടുത്തത് ഗിന്നസ് റെക്കോഡാണ്. ഒരു മിനിറ്റിൽ ഏറ്റവും കൂടുതൽ വിമാനത്താവളങ്ങൾ തിരിച്ചറിഞ്ഞാണ് തിരുവനന്തപുരം സ്വദേശിനിയും പ്രവാസിയുമായ ശ്രുതി ലോക റെക്കോഡ് സ്വന്തമാക്കിയിരിക്കുന്നത്.
2012 ശ്രുതിയുടെ മനസ്സിൽ ഉണ്ടായ ആഗ്രഹമാണ് ഗിന്നസ് റെക്കോഡ് സ്വന്തമാക്കണമെന്നത്. പക്ഷേ എന്തു ചെയ്യണമെന്നോ ഏത് വിഭാഗത്തിൽ റെക്കോഡിന് ശ്രമിക്കണമെന്നോ അറിയില്ലായിരുന്നു. വിവാഹശേഷം ഓസ്ട്രേലിയയിലെ മെൽബണിലേക്ക് ശ്രുതി എത്തി. ജോലിത്തിരക്കുകൾക്ക് ഇടയിൽ വീണ്ടും പഴയ സ്വപ്നം മനസ്സിലുണർന്നു. കുട്ടിക്കാലത്ത് മനസ്സിലുണ്ടായിരുന്ന ഏവിയേഷൻ മേഖലയുമായി ബന്ധപ്പെട്ട് റെക്കോഡിന് ശ്രമിക്കാമെന്ന് തീരുമാനിച്ചെങ്കിലും ഏത് വിഭാഗത്തിൽ വേണമെന്ന് ശ്രുതിക്ക് തീരുമാനിക്കാൻ ആയില്ല. അവസാനമാണ് വിമാനത്താവളങ്ങളുടെ കോഡുകൾ ഏറ്റവും കുറഞ്ഞ സമയത്തിൽ തിരിച്ചറിഞ്ഞ് റെക്കോഡിലേക്ക് എത്താം എന്ന് തീരുമാനിക്കുന്നത്.
ഇത്തരത്തിൽ ഒരു റെക്കോഡ് മറ്റാർക്കുമില്ലെന്ന് മനസ്സിലായതോടെ തന്റെ റെക്കോഡ് ഇതിലാകണമെന്ന് ശ്രുതി ഉറപ്പിച്ചു. 2023ൽ പരിശീലനം ആരംഭിച്ചു. വിവിധ രാജ്യങ്ങളുടെ വിമാനത്താവളങ്ങളും അവയുടെ കോഡും കണ്ടെത്തി അവ മനപ്പാഠമാക്കുകയായിരുന്നു റെക്കോഡിലേക്കുള്ള ആദ്യ ചുവടുവെപ്പ്. ഒഴിവുസമയങ്ങളിലായിരുന്നു ആദ്യം പരിശീലനം. പരിശീലനം തുടങ്ങി ആദ്യ സമയത്ത് ഒരു മിനിറ്റിൽ 30 കോഡുകളാണ് ശ്രുതിക്ക് തിരിച്ചറിയാൻ സാധിച്ചിരുന്നത്.
എന്നാൽ കോഡിന്റെ ആദ്യത്തെ അക്ഷരം കൊണ്ടുതന്നെ വിമാനത്താവളം ഏതാണെന്ന് തിരിച്ചറിഞ്ഞാലേ ലക്ഷ്യത്തിൽ എത്താൻ സാധിക്കൂ എന്ന മനസ്സിലാക്കിയതോടെ പരിശീലനത്തിന്റെ സമയത്തിൽ ശ്രുതി മാറ്റം വരുത്തി. അതിരാവിലെയും ഭക്ഷണം പാകം ചെയ്യുന്നതിനടയിലും ജോലിക്കിടയിലും യാത്രകൾക്കിടയിലും എല്ലാം കോഡുകളെക്കുറിച്ച് മാത്രമാക്കി ചിന്ത. ലോകത്തെ ഏത് വിമാനത്താളവും തിരിച്ചറിയാൻ സാധിക്കുമെന്ന ആത്മവിശ്വാസം ലഭിച്ചപ്പോഴാണ് റെക്കോഡിനായി അപേക്ഷിച്ചത്.
വെല്ലുവിളികൾ ചെറുതായിരുന്നില്ല
ആഗ്രഹിച്ച സ്വപ്നത്തിലേക്ക് എത്താൻ ശ്രുതിക്ക് മുന്നിൽ ഒരുപാട് കടമ്പകൾ ഉണ്ടായിരുന്നു. മൂന്ന് തവണയാണ് ശ്രുതിയുടെ അപേക്ഷ അധികൃതർ തള്ളിയത്. പരിശീലനത്തിനിടയിൽ ശ്രുതിക്ക് ജോലി നഷ്ടമായതും തുടർന്ന് ഉണ്ടായ സമ്പത്തിക പ്രതിസന്ധിയും ശ്രുതിയെ വലച്ചു. അതിൽ നിന്ന് എല്ലാം വളരെ കഷ്ടപ്പെട്ടാണ് ശ്രുതി മുന്നേറിയത്.
പല രാജ്യങ്ങളുടെ വിമാനത്താവള കോഡുകൾ ആണ് വേണ്ടത്, കോഡുകൾ ആവർത്തിക്കപ്പെടരുത് തുടങ്ങിയ നിർദ്ദേശത്തോടെ ശ്രുതിയുടെ അപേക്ഷ ഗിന്നസ് റെക്കോഡ് അധികൃതർ അംഗീകരിച്ചു. പല സ്ഥലങ്ങളിൽ ക്യാമറ വെച്ച് സംസാരിക്കുന്നതും സമയവും ഷൂട്ട് ചെയ്ത കട്ട് ചെയ്യാത്ത വീഡിയോ ആണ് അധികൃതർ പരിശോധനയ്ക്ക് എടുക്കുന്നത്. വീഡിയോ പരിശോധിച്ച് മാസങ്ങൾ കഴിഞ്ഞാണ് റെക്കോഡ് പ്രഖ്യാപിച്ചത്.

ശ്രുതിയുടെ സ്വപ്നതുല്യമായ നേട്ടം
കഠിനാധ്വാനവും പരിശ്രമവും ഉണ്ടെങ്കിൽ ഏത് സ്വപ്നവും നേടാൻ ആകുമെന്നാണ് ശ്രുതിയുടെ പക്ഷം. മനസ്സിൽ ഒരു സ്വപ്നം ഉണ്ടെങ്കിൽ എന്തു സംഭവിച്ചാലും അത് വിട്ടുകളയാൻ പാടില്ല. അതിനായി സമയം കണ്ടെത്തണം, അപ്പോൾ ആഗ്രഹം ശീലമായി മാറും, ശീലം നേട്ടവും, ഈ നേട്ടം സ്വന്തമാക്കാൻ എനിക്കൊപ്പം നിന്നത് അമ്മ ലതയും ഭർത്താവ് രഞ്ജിത്തുമാണ്. അവരുടെ സപ്പോർട്ട് ആണ് എന്റെ ആത്മവിശ്വാസം, ശ്രുതി പറയുന്നു. ഓസ്ട്രേലിയയിലാണ് ശ്രുതിയും ഭർത്താവ് രഞ്ജിത്തും മൂന്ന് വയസ്സുകാരി മകൾ നികിതയും ഇപ്പോഴുള്ളത്.

Content Highlights: Sruti Saseendran broke a Guinness World Record by identifying the most airport codes in a minute
Published: 12 Mar 2025, 06:43 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented