ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയായവര്‍ ജീവിതകാലം മുഴുവന്‍ തന്നെ ആ ഭയത്തിന്റെ നിഴലില്‍ അകപ്പെട്ടുപോകുന്നവരാണ്. എത്ര ഉയരങ്ങള്‍ കീഴടക്കുമ്പോഴും ഉള്ളില്‍ അവരതിന്റെ നീറ്റല്‍ കൊണ്ടുനടക്കേണ്ടി വരാറുമുണ്ട്. പ്രത്യേകിച്ചു ബാല്യത്തിലുണ്ടാകുന്ന അത്തരം അനുഭവങ്ങല്‍ അവരുടെ സ്വഭാവത്തെപോലും മാറ്റിമറിക്കും. നമ്മുടെ നാട്ടിലെ നിയമമനുസരിച്ച്  ലൈംഗിക അതിക്രമങ്ങള്‍ നേരിടേണ്ടിവരുന്നവരുടെ സ്വകാര്യത ഉറപ്പുവരുത്തുകയും കുറ്റവാളികള്‍ക്ക് തക്കതായ ശിക്ഷ നല്‍കുകയും ചെയ്യുന്നതിന് വ്യവസ്ഥയുണ്ട്. എങ്കിലും സമൂഹസാഹചര്യങ്ങളില്‍ അങ്ങനെ ഇരയായവര്‍ നേരിടേണ്ടി വരുന്ന ഒറ്റപ്പെടലുകള്‍ ഇന്നും തുടരുന്നുണ്ട്. 

To advertise here,

അതിക്രമം നേരിട്ടയാളെ പൊതുസമൂഹത്തില്‍നിന്നു 'മറച്ചുപിടിച്ചു അവരെ കുറ്റവാളിയെന്നപോലെ കാണുന്ന സമൂഹത്തിന്റെ കാഴ്ചപ്പാടില്‍ മാറ്റംവരുത്തണമെന്ന  ഓസ്‌ട്രേലിയയില്‍ ഗ്രേസ് തയിം എന്ന 26കാരിയുടെ വാക്കുകള്‍ക്ക് പിന്നാലെയാണ് ലോകമിപ്പോള്‍. 

2020ലെ 'ഓസ്‌ട്രേലിയന്‍ ഓഫ് ദ് ഇയര്‍' പുരസ്‌കാരം നേടിയ ഈ യുവതി തന്റെ പതിനഞ്ചാം വയസ്സില്‍ ഗണിതാധ്യാപകനില്‍നിന്നു നേരിടേണ്ടി വന്ന ദുരനുഭവം തുറന്നു പറഞ്ഞാണ് വാര്‍ത്തകളില്‍ ഇടം നേടിയത്. മീടൂ ക്യാംപയിന്‍ ശക്തമായി നിന്ന 2018ലായിരുന്നു അത്. എന്നാല്‍ ഗ്രേസിന്റെ സ്വദേശമായ ടാസ്മാനിയയിലെ നിയമം ഇരകള്‍ക്കൊപ്പമായിരുന്നില്ല. അവള്‍ നേരിട്ട ക്രൂരതയെക്കുറിച്ചു പരസ്യമായി പറയുന്നതില്‍നിന്നു വിലക്കുകയാണ് അന്ന് അവിടുത്തെ നീതിപീഠം ചെയ്തത്. അതേസമയം, അവളെ പീഡിപ്പിച്ചയാള്‍ക്ക് തന്റെ ഭാഗം വിശദീകരിക്കാനുള്ള അനുവാദം നല്‍കുകയും ചെയ്തു! ഇത്തരത്തില്‍ ഇരയോട് വിവേചനം കാണിക്കുന്ന നിയമത്തെ പൊളിച്ചെഴുതാന്‍ അഭിഭാഷക കൂടിയായ ഗ്രേസ് നിയമയുദ്ധം തന്നെ നടത്തി. 

ഗ്രേസിന് പിന്തുണയുമായി ധാരാളം സ്ത്രീകള്‍ രംഗത്തെത്തി. സമാനമായി അതിക്രമത്തിനിരയായവരും സ്ത്രീപുരുഷ ഭേദമന്യേ അവള്‍ക്കൊപ്പം അണിനിരന്നു. '#LetHerSpeak' എന്ന ഹാഷ്ടാഗില്‍ വലിയൊരു ക്യാംപെയ്‌നിയിനായിരുന്നു അത്.  ഒടുവില്‍, ആ പോരാട്ടത്തിനു മുന്നില്‍ നിയമവ്യവസ്ഥ മുട്ടുമുടക്കുകയും നിയമത്തില്‍ ഭേദഗതി വരുത്തുകയും ചെയ്തു. 

'ലൈംഗിക പീഡനത്തെ അതിജീവിച്ചവള്‍' എന്നു പൊതു സമൂഹത്തിനു മുന്‍പില്‍ സ്വയം വിശേഷിപ്പിക്കാനുള്ള അവകാശം ഗ്രേസ് നേടിയെടുത്തു. ഈ പോരാട്ടത്തിലൂടെ സമൂഹത്തിന് മാതൃകയാവുകയും ആളുകളുടെ കാഴ്ചപ്പാടില്‍ മാറ്റം വരുത്തുകയും ചെയ്തതിനാണ് ഓസ്‌ട്രേലിയ തങ്ങളുടെ പരമോന്നത ബഹുമതികളിലൊന്നു നല്‍കി ഗ്രേസിനെ ആദരിച്ചത്.

ബഹുമതി ഏറ്റുവാങ്ങിക്കൊണ്ട് ഗ്രേസ് നടത്തിയ പ്രസംഗവും ലോക ശ്രദ്ധനേടി. 'എന്റെ കന്യാത്വം നഷ്ടമാക്കിയത് ഒരു പീഡോഫൈലാണ്. അന്ന് എനിക്ക് പ്രായം 15, അയാള്‍ക്ക് 58. അയാളെന്നെ കടന്നു പിടിച്ചത് എനിക്ക് ഓര്‍മയുണ്ട്. വാതില്‍ അടച്ചതും. ആരോടും പറയരുതെന്നും ശബ്ദമുണ്ടാക്കരുതെന്നും ഭീക്ഷണിപ്പെടുത്തിയതും ഞാന്‍ ഓര്‍ക്കുന്നുണ്ട്. അയാള്‍ ആദ്യം എന്റെ മാതൃകാ അധ്യാപകനായിരുന്നു, പിന്നെ ചൂഷകനായി. പല ദിവസങ്ങളില്‍, എന്റെ സ്‌കൂള്‍ യൂണിഫോണില്‍, ക്ലാസുകള്‍ക്ക് മുമ്പ്, ശേഷം. ഞാന്‍ നിശബ്ദയാക്കപ്പെടുകയായിരുന്നു, അയാളാല്‍, നാട്ടിലെ നിയമത്താല്‍ എല്ലാം...  ഇന്ന് ഞാനെന്റെ ശബ്ദം ഉപയോഗിക്കുന്നു, ഒരിക്കലും നിശബ്ദമാക്കപ്പെടാതിരിക്കാന്‍. ഓസ്‌ട്രേലിയ, നമുക്ക് ഉച്ചത്തില്‍ ശബ്ദമുണ്ടാക്കാം...'

ഈ പീഡനങ്ങളിലൂടെ കടന്നു പോകുന്ന കാലത്ത് ഗ്രേസ് അനോറക്‌സിയ ബാധിതയായിരുന്നു. ഭാരം കൂടുമെന്ന് ഭയന്ന് ഭക്ഷണം ഉപേക്ഷിക്കുന്നവരാണ് ഈ രോഗികള്‍. ഇത് മൂലം ഗ്രേസിന്റെ കാലിലെ മസിലുകള്‍ക്ക് ശക്തിക്ഷയം സംഭവിച്ചിരുന്നു. നടക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. ഇതെല്ലാം ആ അക്രമി മുതലെടുക്കുകയായിരുന്നുവെന്നും ഗ്രേസ് തുറന്നു പറഞ്ഞു. 

തുറന്നു പറയാം, പങ്കുവയ്ക്കാം, നമുക്ക് ആശ്വാസം ലഭിക്കും. ലൈംഗികാതിക്രമത്തെ പറ്റി തുറന്നു പറയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ അതിനേക്കാള്‍ വേദന നമ്മള്‍ അനുഭവിച്ചു കഴിഞ്ഞു. നമുക്ക് ഒന്നിച്ച് ഇരയാക്കപ്പെട്ടവരെ പറ്റിയുള്ള കാഴ്ച്ചപ്പാടിനെ മാറ്റി മറിക്കാം.' ഗ്രേസ് പറയുന്നു. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും അതിനുവേണ്ടി അതിജീവിച്ചവരായ നമ്മള്‍ ശ്രമിക്കണമെന്നും ഗ്രേസ് ലോകത്തോട് പറയുന്നു.

Content Highlights: Sexual Abuse Survivor Grace Tame Named Australian Of Year