
കാറ്റടിച്ചാല്‍ വീണുപോകുന്ന ഷീറ്റിട്ട കുടിലില്‍ നിന്നും മക്കളെ വളര്‍ത്താന്‍ പാടുപെട്ട ഒരമ്മ. മൂന്നു പെണ്‍മക്കളെ പോറ്റാനും ജീവിതം പച്ചപിടിപ്പിക്കാനും സരസ്വതി അറുമുഖന് നനയേണ്ടി വന്നത് വേദനകളുടെ പെരുമഴക്കാലമാണ്. ഇതിനായി അവര്‍ പെട്ടിക്കടയും പായസവില്‍പ്പനയും പശുവളര്‍ത്തലുമെല്ലാം നടത്തിയെങ്കിലും പരാജയപ്പെടുകയാണുണ്ടായത്. 18 വയസുള്ള പെണ്‍കുട്ടി ഒരു കിടപ്പാടം ഉണ്ടാക്കാന്‍ തുടങ്ങിയ കഠിനാധ്വാനം സാക്ഷാത്ക്കരിക്കുന്നത് അവരുടെ അമ്പത്തിയൊൻപതാം വയസിലാണ്. കൊച്ചി ഗാന്ധിനഗറില്‍ താമസിക്കുന്ന സരസ്വതി, ഇഡ്ഡലി വിറ്റാണ് ഭര്‍ത്താവിന്റെ മരണശേഷവും ജീവിതപ്രാരബ്ധങ്ങള്‍ക്ക് ഉത്തരം കണ്ടെത്തിയത്. ഇഡ്ഡലി വില്‍പ്പന കൊണ്ട് പ്രതിസന്ധികളെ തോല്‍പ്പിച്ച സരസ്വതിയുടെ കഥയിങ്ങനെയാണ്.

ചത്തുപോയ പശുക്കളും കയ്പ്പുനിറഞ്ഞ പായസ വില്‍പ്പനയും
വര്‍ഷങ്ങള്‍ക്ക് മുന്‍പ് തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേയ്ക്ക് കുടിയേറിയവരാണ് സരസ്വതിയുടേയും ഭര്‍ത്താവ് അറുമുഖന്റേയും പൂര്‍വികര്‍. സരസ്വതിയെ വിവാഹം കഴിക്കുമ്പോൾ പാൽ, തൈർ വില്‍പ്പനയായിരുന്നു അറുമുഖന്റെ ജോലി. എറണാകുളം കാരിക്കാമുറിയില്‍ നിന്നാണ് ജോലി തേടി അവര്‍ പല സ്ഥലങ്ങളിലേയ്ക്ക് പോയത്. സരസ്വതിയും അറുമുഖനും ജീവിക്കാനായി ചെയ്ത ജോലികള്‍ ഒരുപാടാണ്. ഭര്‍ത്താവിനൊപ്പം ജോലി തേടി അവര്‍ ഊരുതെണ്ടി നടന്നു. റോഡില്‍ കിടന്നുറങ്ങിയും ഭക്ഷണമുണ്ടാക്കി വിറ്റും ഒരു വീടുണ്ടാക്കാന്‍ പാടുപെട്ടു. ഇതിനിടയില്‍ ഡല്‍ഹി, മുംബൈ, തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളിലൊക്കെ അവര്‍ ഭര്‍ത്താവിനൊപ്പം യാത്ര ചെയ്തു. ഭര്‍ത്താവിനൊപ്പം നാടുച്ചുറ്റി നടക്കുന്നുവെന്ന കുത്തുവാക്കുകളൊന്നും അവരെ തളര്‍ത്തിയില്ല. ജീവിതത്തിന്റെ സുഖത്തിലും ദുഃഖത്തിലും ഭര്‍ത്താവിന് തണലായി സരസ്വതി പ്രതിസന്ധികളിലൂടെ മുന്നോട്ടു നീങ്ങി. ജോലിക്കായുള്ള നാടുചുറ്റലില്‍ അവര്‍ വഴിയരികില്‍ പായസമുണ്ടാക്കി വിറ്റു. സരസ്വതിയുണ്ടാക്കുന്ന പായസം സഞ്ചികളിലാക്കി നടന്നു അറുമുഖന്‍ വിറ്റു. എന്നാല്‍ പായസ വില്‍പ്പനയും അവരുടെ ജീവിതത്തില്‍ മധുരം കൊണ്ടുവന്നില്ല.അവരുടെ ജീവിതച്ചെലവുകളുടെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പായസവില്‍പ്പന കൊണ്ടായില്ല. തുടര്‍ന്ന് എറണാകുളത്ത് തിരിച്ചെത്തി പശു വളര്‍ത്തല്‍ ആരംഭിച്ചു. ഗര്‍ഭിണിയായ പശു ചത്തത് സരസ്വതിയുടെ പ്രതീക്ഷകളില്‍ ഇരുട്ട് വീഴ്ത്തി. പക്ഷേ, അവിടെയും തോറ്റുകൊടുക്കാന്‍ സരസ്വതി തയ്യാറായില്ല.

ഷീറ്റ് പറന്നു പോകുന്ന കുടിലും പെട്ടിക്കടയും
'ഇരുമ്പനത്ത് കല്ലുകുഴിയെന്ന സ്ഥലത്താണ് ഞങ്ങള്‍ പിന്നീട് കുടില്‍ വെച്ചുതാമസിച്ചത്. നല്ല മഴ പെയ്താൽ വീടിന്റെ ഷീറ്റ് പറന്നുപോകുമായിരുന്നു. അന്നും മക്കളാണ് കൂടെ നിന്നത്. മക്കള്‍ ചെറിയ കുഞ്ഞുങ്ങളായിരുന്നു. മൂത്ത മകള്‍ക്ക് ആറു വയസ് പ്രായം കാണും. രണ്ടാമത്തെ ആള്‍ക്ക് അഞ്ചു വയസ്സും. ഇളയ മകൾ തീരെ ചെറുതാണ്. പറന്നു പോകുന്ന ഷീറ്റ് പെറുക്കാന്‍ കുഞ്ഞുങ്ങളും കൂടെ വരും. മഴയത്ത് നനഞ്ഞും പാടുപെട്ടും കുട്ടികളെ നോക്കാനും ആരുമില്ലാതെ കുറെയധികം ഞാന്‍ കഷ്ടപ്പെട്ടു. അന്നൊക്കെ ആരും സഹായിക്കാന്‍ ഉണ്ടായില്ല. കൂടെപ്പിറപ്പുകള്‍ പോലും സഹായിക്കാനുണ്ടായില്ല. അന്നും ആരോടും പത്തു പൈസ കടം വാങ്ങുന്നതും ചോദിക്കുന്നതും എനിക്ക് ഇഷ്ടമായിരുന്നില്ല. ഭര്‍ത്താവിന്റെ സഹോദരങ്ങളൊക്കെ നല്ല നിലയിലായിരുന്നു. അവരൊക്കെ നല്ല രീതിയില്‍ ജീവിക്കുമ്പോള്‍ അവര്‍ക്കൊന്നും നാണക്കേടുണ്ടാക്കാതെ ജീവിക്കാന്‍ പല ജോലികളും ചെയ്തു നോക്കി. അദ്ദേഹമെന്റെ ജീവനായിരുന്നു. അദ്ദേഹമെവിടെ പോയാലും ഞാനും കൂടെ പോയി.
അന്നൊക്കെ ആളുകള്‍ എന്നെ കുറ്റപ്പെടുത്തി. അദ്ദേഹത്തിന്റെയൊപ്പം ഞാന്‍ യാത്ര ചെയ്തു നടക്കുകയാണെന്നൊക്കെ പറഞ്ഞു. എന്നാല്‍, ആ യാത്രകളൊക്കെയും ജീവിക്കാനുള്ള പാടുപെടലുകളായിരുന്നു. അദ്ദേഹം എന്ത് കച്ചവടം ചെയ്താലും പണിയെടുത്താലും അതിനൊരു സഹായമായി ഞാനും കൂടെയുണ്ടായിരുന്നു. എന്റെ മക്കളെ വളര്‍ത്താന്‍ എന്ത് ചെയ്യണമെന്ന ചിന്തയായിരുന്നു മനസ്സിലാകെ ഉണ്ടായിരുന്നത്. കുട്ടികളെ വളര്‍ത്തുകയും അവരുടെ കൂടെ ഉണ്ടാകുകയും വേണമായിരുന്നു എനിക്ക്. അതിന് പറ്റുന്നൊരു ജോലിയാണ് ഞാന്‍ തിരക്കിയത്. അതിനായി ഒരു പെട്ടിക്കട തുടങ്ങാനാണ് തീരുമാനിച്ചത്.
കൂത്താംപാടിയിലാണ് ആദ്യം കട തുടങ്ങിയത്. മക്കളെ ആദ്യമൊക്കെ കടയില്‍ കിടത്തിയുറക്കി. റോഡില്‍ ഞാനും ഭര്‍ത്താവും ഉറങ്ങിയിട്ടുണ്ട്. നല്ലൊരു വീടുണ്ടായിരുന്നില്ല ഞങ്ങള്‍ക്ക്. കുട്ടികളും എന്നെ സഹായിച്ചിരുന്നു. മക്കള്‍ സ്‌കൂളില്‍ പോകുന്നതിന് മുന്‍പ് സൈക്കിളില്‍ വെള്ളം പൈപ്പില്‍ നിന്നും എടുത്തുതരും. മൂത്ത മകള്‍ ചമ്മന്തിയൊക്കെ ആട്ടുകല്ലില്‍ അരച്ചു തരും. പാത്രം കഴുകാനും അവര്‍ കൂടും. മക്കള്‍ റോഡിലിരുന്നാണ് അന്ന് പഠിച്ചിരുന്നത്. കുട്ടികള്‍ കുറച്ചുകൂടി മുതിര്‍ന്നപ്പോള്‍ കടയില്‍ നിര്‍ത്താന്‍ പറ്റാതെയായി. പിന്നീട് ആ കൊച്ചു വീട്ടില്‍ കുട്ടികളെയാക്കി ഞങ്ങള്‍ കടയില്‍ പോയിത്തുടങ്ങി. ഞങ്ങള്‍ രാവിലെ പോയി രാത്രി തിരികെവരുമ്പോള്‍ കുട്ടികള്‍ ഒറ്റയ്ക്കായി. അതും എനിക്ക് സഹിക്കാന്‍ പറ്റാതെയായപ്പോള്‍ പെട്ടിക്കട നിര്‍ത്തി. പെണ്‍കുഞ്ഞുങ്ങളെ ഒറ്റയ്ക്ക് നിര്‍ത്തുന്നതിലുള്ള ആധിയായിരുന്നു മനസില്‍.
50 പൈസയുടെ ഇഡ്ഡലി ജീവിതം മാറ്റുന്നു
ഞാനും ഭര്‍ത്താവും കൂടി പിന്നീട് ഇഡ്ഡലി കച്ചവടം തുടങ്ങി. അദ്ദേഹം മരിച്ചിട്ട് 10 വര്‍ഷം കഴിഞ്ഞു. എന്നിട്ടും ഞാൻ കച്ചവടം വിടാതെ നടത്തിക്കൊണ്ടിരിക്കുകയാണ്. ഒരു ചാക്ക് അരിയുടെ കച്ചവടം നടത്തിയിട്ട് മരിക്കണമെന്ന് ഭര്‍ത്താവ് പറയുമായിരുന്നു. ആ സ്ഥാനത്ത് പിന്നീട് മൂന്ന് ചാക്ക് മുതല്‍ 250 കിലോ അരിയുടെ വരെ ഇഡ്ഡലി ഉണ്ടാക്കി വില്‍ക്കാന്‍ എനിക്ക് കഴിഞ്ഞു. ഒത്തിരി കഷ്ടപ്പെട്ടാണ് ഈ നിലയിലെത്തിയത്. ചെറിയ മൂന്നു പെണ്‍മക്കളേയും കൊണ്ടാണ് കഷ്ടപ്പാട് സഹിച്ച് മുന്നോട്ടുപോയത്. ഇപ്പോള്‍ 33 വര്‍ഷമായി.
തൃപ്പൂണിത്തുറ ഏരൂരാണ് ആദ്യമായി ഇഡ്ഡലി കച്ചവടം തുടങ്ങുന്നത്. അന്നും വാടകവീട്ടിലാണ് താമസം. ആദ്യം ഉണ്ടാക്കിയത് 25 ഇഡ്ഡലിയായിരുന്നു. അത് സൈക്കിളില്‍ കൊണ്ടുനടന്നാണ് അദ്ദേഹം വിറ്റത്. ഹിമാലയ എന്ന കടയില്‍ ആദ്യമായി ഇഡ്ഡലി നല്‍കി. 25 എണ്ണമെന്നത് പിന്നീട് 50 എണ്ണമായി. വീണ്ടുമത് നൂറായും ആയിരമായും അതില്‍ കൂടുതലുമായി വളര്‍ന്നു. ആ വീട്ടില്‍ പാചകത്തിനുള്ള സൗകര്യം പോരാതെയായി. വീണ്ടും റെയില്‍ നഗറില്‍ ഒരു വീട് വാടകയ്ക്കെടുത്തു. അവിടെ നിന്നും കച്ചവടം തുടര്‍ന്നു. അവിടെ താമസിക്കുമ്പോഴാണ് മൂത്ത മകള്‍ക്ക് കല്യാണാലോചന വരുന്നത്. വളറെ തുച്ഛമായ കാശാണ് കൈയില്‍ ഉണ്ടായിരുന്നത്. കൈയിലുള്ളതും കുറിപ്പണവും എല്ലാം സ്വരുകൂട്ടിയാണ് മകളുടെ കല്യാണം നടത്തിയത്.
50 പൈസയ്ക്ക് ആണ് ആദ്യം ഇഡ്ഡലി വിറ്റത്. പിന്നീട് ഒരു രൂപയായി, രണ്ടു രൂപയായി... അങ്ങനെ വില കൂടിക്കൂടിവന്നു. എന്നിട്ടും മക്കളെ പഠിപ്പിക്കാനും ചെലവ് നോക്കാനും മാത്രമേ ഈ വരുമാനം തികഞ്ഞുള്ളൂ. ആദ്യം ഇഡ്ഡലി നല്‍കിയിരുന്ന വൈറ്റില മുരുകയില്‍ ഇന്നും ഇഡ്ഡലി കൊടുക്കുന്നുണ്ട്. ഓരോ കടയിലും കയറി സാംപിള്‍ നല്‍കിയാണ് ഓര്‍ഡര്‍ കൊടുത്തിരുന്നത്. വീട്ടിലുണ്ടാക്കുന്ന ഇഡ്ഡലി ആണെന്ന് പറഞ്ഞാണ് സാംപിള്‍ കൊടുത്തിരുന്നത്. ഇന്ന് ഓര്‍ഡര്‍ ഒക്കെ ഇങ്ങോട്ടുവരും. അറിഞ്ഞ് കേട്ടു ഇഡ്ഡലി തിരക്കി ആളുകള്‍ വരാറുണ്ട്. ദിവസവും നാളേക്കുള്ള ഇഡ്ഡലിയ്ക്കുള്ള തയ്യാറെടുപ്പ് തലേന്ന് തന്നെ തുടങ്ങും. രാവിലെ ഒരു മണിയ്ക്ക് ഇഡ്ഡലിയുണ്ടാക്കിത്തുടങ്ങും. ഇത്രയധികം അരിയും ഉഴുന്നും അരയ്ക്കുന്നത് ചെറിയ പണിയല്ല. ഓര്‍ഡറുകള്‍ പാക്കറ്റാക്കി പേര് എഴുതിവെയ്ക്കും. രാവിലെ മൂന്നര മുതല്‍ വിതരണം തുടങ്ങും. നേരെ പുലരും മുന്‍പ് എല്ലാ ഓര്‍ഡറുകളും കടകളിലെത്തിക്കും.
വീടില്ലെന്ന പരിഹാസം
ഇഡ്ഡലി വില്‍പ്പന നല്ല രീതിയില്‍ ആയിട്ടും നല്ലൊരു വീട് വെക്കുവാന്‍ കഴിഞ്ഞില്ല. വീടില്ലാത്തതിന്റെ പേരില്‍ പലരും പരിഹസിച്ചു. ഗാന്ധിനഗറില്‍ ഒരു വീടുണ്ടാക്കിയെടുത്തത് കുട്ടികളുടെ അച്ഛന്‍ വിറ്റു. ഞാനാണ് നശിപ്പിച്ചതെന്ന് പലരും പറഞ്ഞു. വീട് വില്‍ക്കാന്‍ സമ്മതിച്ചില്ലെങ്കില്‍ തൂങ്ങിച്ചാകുമെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ എന്റെ മുന്നില്‍ മറ്റു മാര്‍ഗങ്ങള്‍ ഉണ്ടായില്ല. ഇനിയും വീട് ഇനിയും വെക്കാന്‍ പറ്റും അദ്ദേഹം പോയാന്‍ എനിക്കാരുമില്ലല്ലോയെന്ന ചിന്തയായിരുന്നു മനസില്‍. പിന്നീട് അദ്ദേഹം ഞങ്ങളെ വിട്ടു പോയി. എന്നിട്ടും, വീടുണ്ടാക്കാന്‍ കുറേ വര്‍ഷങ്ങളോളം കഴിഞ്ഞില്ല. മൂന്നു പെണ്‍കുട്ടികളേയും നല്ല രീതിയില്‍ പഠിപ്പിക്കാനും വിവാഹം നടത്തിക്കൊടുക്കാനും എനിക്ക് കഴിഞ്ഞു. ഇഡ്ഡലി വിറ്റാണ് അതിനുള്ള പണമെല്ലാം ഞാന്‍ കണ്ടെത്തിയത്. ഇന്നത്തെ നിലയിലേക്ക് കച്ചവടം വളര്‍ത്തിക്കൊണ്ടു വരാന്‍ ഒരുപാട് പാടുപെട്ടിട്ടുണ്ട്.
സൈക്കിളിലാണ് അദ്ദേഹം ഞാനുണ്ടാക്കുന്ന ഇഡ്ഡലി കൊണ്ടുനടന്ന് വിറ്റത്. എനിക്കന്ന് സൈക്കിള്‍ ചവിട്ടാൻ അറിയില്ലായിരുന്നു. ഞാന്‍ ഒരു പാത്രത്തില്‍ ഇഡ്ഡലി ചുമന്ന് ബസ്സിൽ കയറിയിറങ്ങി വിറ്റിട്ടുണ്ട്. ഇന്ന് ഞാന്‍ കുറഞ്ഞത് അയ്യആയിരത്തിലേറെ ഇഡ്ഡലി വില്‍ക്കുന്നുണ്ട്. അങ്ങനെയൊരിക്കല്‍ മക്കളോട് ഞാന്‍ കരഞ്ഞുപറഞ്ഞു: 'നമുക്ക് വീടിലില്ലോ' എന്ന്. അത്രയും സങ്കടപ്പെട്ടാണ് ഞാനെന്റെ ഉള്ളിലുള്ളത് കുട്ടികളോട് തുറന്നു പറഞ്ഞത്.
അവര്‍ അന്ന് ഒരുമിച്ച് എനിക്കൊരു വാക്ക് തന്നു. അച്ഛന്‍ പണ്ട് വീടുവെച്ച സ്ഥലത്ത് നമ്മള്‍ വീടുവെക്കുമെന്ന്. അവര്‍ പറഞ്ഞത് പോലെ 59-ാം വയസില്‍ എനിക്കുള്ള വീടുണ്ടാക്കാന്‍ കൂടെനിന്നു. എന്റെ 18 വയസില്‍ കല്യാണം കഴിഞ്ഞെത്തിയിട്ട് ഈ പ്രായത്തിലാണ് ഒരു വീടാകുന്നത്. അന്നു തൊട്ടുള്ള കഷ്ടപ്പാടാണ് എന്റെ വീട്. വീടുവെച്ചിട്ട് ഇപ്പോള്‍ രണ്ടുവര്‍ഷമായി. ഇരുനില വീടിന്റെ താഴത്തെ നിലയിലാണ് ഇഡ്ഡലി ഉണ്ടാക്കുന്നതിന്റെ ഒരുക്കങ്ങള്‍ നടക്കുന്നത്.
അമ്മ ഇനി തളരില്ല
സരസ്വതിക്കും അറുമുഖനും വിദ്യ, ദിവ്യ, ധന്യ എന്നീ മൂന്നു മക്കളാണുള്ളത്. 'എനിക്ക് 28 ദിവസമുള്ളപ്പോഴും അമ്മ ജോലിയ്ക്ക് പോകുമായിരുന്നുവെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ഞങ്ങള്‍ കണ്ടു വളര്‍ന്നതും അതു തന്നെയാണ് - ഇളയ മകള്‍ ധന്യ പറയുന്നു. അച്ഛന്‍ മരിച്ചു കഴിഞ്ഞിട്ട് 16 ദിവസം തൊട്ട് ഞാനും അമ്മയോടൊപ്പം ഇഡ്ഡലിക്കച്ചവടത്തിലേയ്ക്ക് ഇറങ്ങി. ഇനി അമ്മയെ വെറുതേ ഇരുത്തിയാല്‍ അമ്മ തകര്‍ന്നുപോകുമെന്ന് അറിയാമായിരുന്നു. അവിടെ വീണ്ടും ഈ കച്ചവടം പരസ്പരം പിടിച്ചുനില്‍ക്കാനുള്ള കാരണമായിട്ട് മാറി. ചേച്ചിയുടെ ഭര്‍ത്താവും ഞങ്ങളുടെ സഹായത്തിനെത്തി. കൂടെ എല്ലാത്തിനും പേരക്കുട്ടികളും കൂടെ ഒക്കെയായപ്പോഴാണ് അമ്മ കുറച്ചുകൂടി ഓക്കെയായത്. പിന്നീട് പതുക്കെ അമ്മയുമായി പുറത്തിറങ്ങിത്തുടങ്ങിയെന്ന് ധന്യ പറയുന്നു. അമ്മയെ മാറ്റിയെടുക്കുകയായിരുന്നു ഞങ്ങളെന്നും അവര്‍ പറയുന്നു.

ഇഡ്ഡലി വിറ്റ് യു.എസിലേക്കും
യാത്രകള്‍ ചെയ്യാന്‍ സരസ്വതിക്ക് എന്നും ഇഷ്ടമായിരുന്നു. പ്രാരാബ്ദക്കാലത്തും ഭര്‍ത്താവിനൊപ്പം അവര്‍ ലോകം കണ്ടു. എന്നാല്‍ ജീവിതം കരുപിടിക്കാനുള്ള ഓട്ടപാച്ചിലില്‍ അതൊന്നും പൂര്‍ണമായും ആസ്വദിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല. അര പട്ടിണിക്കാലത്തെ നെട്ടോട്ടങ്ങളില്‍ ഇനിയും ലോകം കാണാനുള്ള മോഹങ്ങള്‍ അവര്‍ ഉള്ളിലൊതുക്കി മക്കള്‍ക്കായി ജീവിച്ചു. എന്നാല്‍ അമ്മയുടെ ഇഷ്ടങ്ങളെ കുറച്ചു വൈകിയാണെങ്കിലും തിരിച്ചറിഞ്ഞു കൂടെ നില്‍ക്കുന്നവരാണ് ഈ പെണ്‍മക്കള്‍.
'അമ്മയ്ക്ക് യാത്ര പോകാന്‍ വലിയ ഇഷ്ടമാണ്. അമ്മയെകൊണ്ട് ഞങ്ങള്‍ക്ക് പറ്റാവുന്ന എല്ലായിടത്തും കൊണ്ടു പോകാനാണ് ശ്രമിക്കുന്നത്. ഞങ്ങള്‍ പോകുന്നിടത്തൊക്കെ അമ്മയേയും കൊണ്ടുപോകാൻ തുടങ്ങി. പിന്നെ അമ്മയ്ക്ക് വേണ്ടി തന്നെ യാത്ര പോകാന്‍ തുടങ്ങി. അമ്മ കാണാത്ത ലോകമെല്ലാം കാണിക്കണം എന്നാണ് ആഗ്രഹം- മൂത്ത മകള്‍ വിദ്യ പറയുന്നു.
ശാരീരികപ്രശ്‌നങ്ങള്‍ തളര്‍ത്തുമ്പോഴും യാത്ര ചെയ്യാന്‍ മനക്കരുത്ത് കൈമുതലാക്കി അവര്‍ തന്റ പെണ്‍മക്കളുടെ കൈപിടിച്ച് നടുക്കുകയാണ്. കശ്മീരും ഹിമാചലിലും മണാലിയുമെല്ലാം കണ്ട് സരസ്വതി തന്റെ സ്വപ്നയാത്രയായ വിദേശയാത്രയും സഫലമാക്കി.അറുമുഖന്റെ സഹോദരന്റെ മക്കള്‍ ന്യൂയോര്‍ക്ക്, വാഷിങ്ടണ്‍ എന്നിവിടെയാണ് താമസം. അവിടെയും സരസ്വതി പോയി. യു.എസില്‍ പോകാന്‍ നാല് ലക്ഷം രൂപയാണ് ചെലവ് വന്നത്. 35 ദിവസത്തെ യാത്രയായിരുന്നു. മടങ്ങുന്ന വഴി ദുബായ്, അബുദാബി, ഷാര്‍ജ എന്നിവിടങ്ങൾ കണ്ടാണ് സരസ്വതി മടങ്ങിയെത്തിയത്.
'അമ്മയ്ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ട്. ഇങ്ങനെ ഒരാളേയും കൊണ്ട് യാത്ര പോകുന്നതെന്തിനാണ് എന്നു പലരും ചോദിച്ചിട്ടുണ്ട്. പക്ഷേ, അമ്മയ്ക്ക് ഇഷ്ടമാണ് യാത്ര പോകാന്‍. അതില്‍പ്പിന്നെ ഞങ്ങള്‍ വേറെ ഒന്നും ഓര്‍ക്കില്ല. എന്തും സഹിച്ചും ഞങ്ങള്‍ അമ്മയെ യാത്ര കൊണ്ടുപോകും. നടക്കാന്‍ പറ്റാത്തയിടത്ത് വീല്‍ച്ചെയറില്‍ ഇരുത്തി കൊണ്ടുപോകും. അവസാനമായി അമ്മയുടെ വലിയ ആഗ്രഹമായ യു.എസിലും പോയി. അമ്മയുടെ ബലത്തിലാണ് ഞങ്ങള്‍ മൂന്നു മക്കളും നില്‍ക്കുന്നതെന്നും വിദ്യ പറയുന്നു.
Content Highlights: From a leaky hut to a home, Saraswati`s idli business empowered her & her daughters.
Published: 16 Dec 2024, 12:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented