സൗന്ദര്യത്തിന് പല മാനങ്ങളും തലങ്ങളുമുണ്ടെങ്കിലും ജീവിതത്തിനാണ് ഏറ്റവും സൗന്ദര്യമെന്ന് തെളിയിച്ച വ്യക്തിയാണ് റൗഫിന പോപ്പി. അധ്യാപികയാവണമെന്നായിരുന്നു മോഹമെങ്കിലും ജീവിതത്തിലുണ്ടായ വഴിത്തിരിവുകൾ പോപ്പിയെ എത്തിച്ചത് മറ്റൊരുവഴിയിൽ. കോഴിക്കോട്ടെ ആദ്യകാല പ്രീമിയം ബ്യൂട്ടിപാർലറുകളിലൊന്നായ ‘പോപ്പീസ് ബ്യൂട്ടി ലോഞ്ചി’ന്റെ ഉടമയായ റൗഫിന പോപ്പിക്ക് പറയാനുള്ളത് ആരുടെയും സഹായമില്ലാതെ ഒരു സംരംഭം കെട്ടിപ്പടുത്ത കഥയാണ്.
എൻസിപി സംസ്ഥാന സെക്രട്ടറിയായ, കോഴിക്കോട് കക്കോടി മഠത്തിൽ ആലിക്കോയയുടെയും ലൈലയുടെയും മകളായ റൗഫിന മഠത്തിലിന് ചെറുപ്പത്തിലേ മേക്കപ്പിനോട് ഇഷ്ടമായിരുന്നു. വീട്ടിലെ വിളിപ്പേരായിരുന്നു പോപ്പി. വീട്ടിലുള്ളവരെയൊക്കെ ‘ഒരുക്കി പരീക്ഷിക്കുന്നതായിരുന്നു’ നേരമ്പോക്ക്. വലുതായപ്പോൾ അവധിക്കാലത്തൊക്കെ ചില ബ്യൂട്ടീഷ്യൻ കോഴ്സുകളൊക്കെ ചെയ്തിട്ടുമുണ്ട്.
അന്നത്തെ നാട്ടുനടപ്പുപോലെ 17 വയസ്സിലേ വിവാഹം കഴിഞ്ഞു. പിന്നാലെ മകൾ പിറന്നെങ്കിലും ഡിഗ്രി പഠനം പൂർത്തിയാക്കി. പിന്നെ, ഭർത്താവിന് ജോലി സൗദി അറേബ്യയിലായതിനാൽ അങ്ങോട്ടുപോയി. ഭർത്താവിനെ ആശ്രയിച്ചുള്ള ജീവിതം അത്ര എളുപ്പമല്ലെന്ന് തിരിച്ചറിഞ്ഞതോടെ എങ്ങനെയെങ്കിലും സ്വന്തംകാലിൽ നിൽക്കണമെന്ന് ഉറപ്പിച്ചു. ആകെ അറിയുന്ന പണി മേക്കപ്പായതിനാൽ അതുതന്നെ ചെയ്യാൻ തീരുമാനിച്ചു.
1999-ൽ ഫ്ളാറ്റിലെ ഒരു മുറിയിൽ സുഹൃത്തുക്കൾക്ക് പുരികം ത്രഡ്ചെയ്തുനൽകിയും ഫേഷ്യൽ ചെയ്തുകൊടുത്തുമായിരുന്നു തുടക്കം. അപ്പോഴേക്കും രണ്ടു കുട്ടികളായിരുന്നു. കുട്ടികളുടെ വിദ്യാഭ്യാസത്തിനായി നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചപ്പോൾ ഇവിടെയൊരു സംരംഭം തുടങ്ങിയാലോ എന്ന ആശയമുണ്ടായി. അങ്ങനെ ആരെയും ബുദ്ധിമുട്ടിക്കാതെ അതുവരെ സമ്പാദിച്ച പണംകൊണ്ട് 2013-ൽ ഹൈടെക്ക് ബ്യൂട്ടിപാർലർ എന്ന ആശയത്തിൽ ‘പോപ്പീസ് ബ്യൂട്ടി ലോഞ്ച്’ പിറന്നു.
“ബന്ധുക്കളിൽനിന്നെല്ലാം വലിയ എതിർപ്പുയർന്നു. ബ്യൂട്ടിപാർലറിനോട് ആർക്കും താത്പര്യമില്ലായിരുന്നു. പലരും നിരുത്സാഹപ്പെടുത്തി. ചെറിയ പാർലറുകൾ ധാരാളമുണ്ടായിരുന്നെങ്കിലും പ്രീമിയർ ബ്യൂട്ടിപാർലറുകൾ നാലോ അഞ്ചോ മാത്രമേ അന്ന് നഗരത്തിലുണ്ടായിരുന്നുള്ളൂ” -പോപ്പി പറയുന്നു. അതുകൊണ്ട് അവസരങ്ങൾ കിട്ടി. ഇതിനിടെ ദുബായിലെ ലണ്ടൻ അക്കാദമി ഓഫ് മേക്കപ്പിൽനിന്നുൾപ്പെടെ ഇതുമായി ബന്ധപ്പെട്ട പല കോഴ്‌സുകളും ചെയ്തു. കോവിഡ്കാലത്താണ് സാമൂഹികമാധ്യമങ്ങളിൽ സജീവമായത്. മേക്കപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ പങ്കുവെക്കാൻ തുടങ്ങിയതോടെ ജില്ലയ്ക്ക് പുറത്തുനിന്നും ആളുകളെത്താൻ തുടങ്ങി. ബ്യൂട്ടിപാർലറിലെത്തുവർക്കുള്ള കൺസൾട്ടേഷൻ, സ്കിൻ കെയർ, മേക്കപ്പ്, ഹെയർകെയർ എന്നിവയിലെല്ലാം ഇപ്പോൾ ഒരുപോലെ ശ്രദ്ധയൂന്നുന്നുണ്ട്. പാരീസിലെ ലോറിയൽ അക്കാദമിയിൽ അടുത്തിടെ ഒരു കോഴ്സ് പൂർത്തിയാക്കി. മെട്രിക്സ് ഹെയർ ട്രാൻസ്ഫർമേഷൻ നടത്തിയ ഹെയർകളറിങ് മത്സരത്തിൽ ഇന്ത്യയിലെ വിന്നറായതും മറക്കാനാവില്ല. പത്ത് ജീവനക്കാരാണുള്ളത്.
‘പല ട്രീറ്റ്മെന്റുകൾക്കും ഗുണനിലവാരമനുസരിച്ച് നല്ല തുകയാവും. എന്നാൽ, ചിലർ വ്യാജ ഉത്പന്നങ്ങൾ ഉപയോഗിച്ച് അവിശ്വസനീയമായി വിലകുറച്ച് ഇത് ചെയ്തുനൽകും. ഇതും ഈ രംഗം നേരിടുന്ന വെല്ലുവിളിയാണ്’ -പോപ്പി പറയുന്നു.
നല്ല ഭക്ഷണം ഉണ്ടാക്കാനറിഞ്ഞാൽപ്പോലും വീട്ടിലിരുന്നുതന്നെ ഇപ്പോൾ പണം സമ്പാദിക്കാം, അങ്ങനെ പലവഴികളുണ്ട്. തോൽക്കില്ലെന്ന മനസ്സുണ്ടായാൽമതി -സംരംഭങ്ങളിലേക്കിറങ്ങുന്നവരോട് പോപ്പി പറയുന്നു. മകൾ ആൻഫി നസീർ സഫൽ എൽഎൽബിക്കാരിയാണ്. മകൻ അഫ്നാൻ നസീർ സഫൽ ബിടെക് വിദ്യാർഥി.
Content Highlights: From Homemaker to Entrepreneur: The Inspiring Story of Poppy's Beauty Lounge
Published: 26 Aug 2025, 09:49 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented