സൗന്ദര്യ സംരക്ഷണ ലോകത്ത് പുതിയൊരു ചേരുവ കൂടി തരംഗമാകുന്നു. പതിറ്റാണ്ടുകളായി ചർമത്തിലെ ചുളിവുകൾ മാറ്റാനും ചെറുപ്പം നിലനിർത്താനും ആളുകൾ ആശ്രയിച്ചിരുന്ന റെറ്റിനോൾ എന്ന ചേരുവയ്ക്ക് ശക്തമായ ബദലായി മാറിയിരിക്കുകയാണ് എക്ടോയിൻ. അന്തരീക്ഷ മലിനീകരണം, സൂര്യാഘാതം, കഠിനമായ ചൂട് എന്നിവ മൂലം കേടുപാടുകൾ സംഭവിക്കുന്ന ചർമ്മത്തിന് അടിയന്തര സംരക്ഷണം നൽകാൻ എക്ടോയിന് സാധിക്കുമെന്നാണ് വിദഗ്ദ്ധരും ഡെർമറ്റോളജിസ്റ്റുകളും അഭിപ്രായപ്പെടുന്നത്.

To advertise here,

നിത്യേനയുള്ള മാനസിക സമ്മർദ്ദവും നഗരങ്ങളിലെ മലിനീകരണവും കാരണം വാർധക്യ സഹജമായ ലക്ഷണങ്ങൾ നേരത്തെ അനുഭവപ്പെടുന്ന ചർമത്തിന് എക്ടോയിൻ വലിയൊരു അനുഗ്രഹമാണെന്നാണ് സൗന്ദര്യ വർധക മേഖലയിലെ പുതിയ പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.

എന്താണ് എക്ടോയിൻ?

ഉപ്പുതടാകങ്ങൾ, മരുഭൂമികൾ, കടുത്ത ചൂടുള്ള പ്രദേശങ്ങൾ തുടങ്ങിയ കഠിനമായ സാഹചര്യങ്ങളിൽ ജീവിക്കുന്ന ജീവികളിലാണ് എക്ടോയിൻ കണ്ടെത്തിയത്. ഈ സൂക്ഷ്മജീവികൾക്ക് നിർജലീകരണത്തിൽ നിന്നും കടുത്ത ചൂടിൽനിന്നും പ്രതിരോധം തീർക്കാൻ സഹായിക്കുന്ന സ്വാഭാവിക പ്രോട്ടീൻ തന്മാത്രയാണ് എക്ടോയിൻ. സ്‌കിൻ കെയർ ഉൽപ്പന്നങ്ങളിൽ ഇത് ഉപയോഗിക്കുമ്പോൾ, ചർമകോശങ്ങൾക്ക് ചുറ്റും ഒരു ഹൈഡ്രേഷൻ ഷീൽഡ് തീർക്കുന്നു. ഇത് വഴി ചർമത്തിലെ ഈർപ്പം പൂർണ്ണമായും സംരക്ഷിക്കപ്പെടുകയും ചർമത്തിന് കേടുപാടുകൾ സംഭവിക്കാതിരിക്കുകയും ചെയ്യുന്നു.

ഗുണങ്ങളറിയാം

വാഹനങ്ങളിൽ നിന്നുള്ള പുക, വിഷവാതകങ്ങൾ, അൾട്രാവയലറ്റ് രശ്മികൾ, കമ്പ്യൂട്ടർ-മൊബൈൽ സ്‌ക്രീനുകളിൽ നിന്നുള്ള ബ്ലൂ ലൈറ്റ്എന്നിവയിൽ നിന്നും ചർമത്തെ ഒരു കവചം പോലെ സംരക്ഷിക്കും. കൂടുതൽ സമയം ചർമ്മത്തിൽ ഈർപ്പം നിലനിർത്താൻ ഇതിന് സാധിക്കും. സെൻസിറ്റീവ് ചർമമുള്ളവർക്കും എക്സിമ പോലുള്ള പ്രശ്‌നങ്ങൾ ഉള്ളവർക്കും എക്ടോയിൻ ഉപയോഗിക്കുന്നത് ചർമത്തിന് കുളിർമ നൽകും. ചർമത്തിന്റെ ഇലാസ്തികത കൂട്ടാനും അകാലത്തിൽ ഉണ്ടാകുന്ന നേർത്ത വരകളും ചുളിവുകളും ഇല്ലാതാക്കാനും ഇത് സഹായിക്കും. ചർമത്തിലെ പ്രകൃതിദത്ത ബാരിയറിനെ ശക്തിപ്പെടുത്തി, അണുബാധകളിൽ നിന്നും വരൾച്ചയിൽ നിന്നും ഇത് സംരക്ഷിക്കും.

റെറ്റിനോളും എക്ടോയിനും തമ്മിലുള്ള വ്യത്യാസം

ആന്റി-ഏജിങ് സ്‌കിൻ കെയർ വിപണിയിൽ റെറ്റിനോളിന് വലിയ സ്ഥാനമുണ്ട്. എന്നാൽ റെറ്റിനോൾ ഉപയോഗിക്കുമ്പോൾ ചൊറിച്ചിൽ, അമിതമായ വരൾച്ച, ചുവന്നു തടിക്കൽ തുടങ്ങിയ പ്രശ്‌നങ്ങൾ നേരിടേണ്ടി വരാറുണ്ട്. സെൻസിറ്റീവ് സ്‌കിൻ ഉള്ളവർക്ക് റെറ്റിനോൾ ഒട്ടും അനുയോജ്യമല്ല. റെറ്റിനോൾ അതുപോലെ രാത്രിയിൽ മാത്രമാണ് ഉപയോഗിക്കാനാവുക. എന്നാൽ എക്ടോയിൻ രാവിലേയും രാത്രിയിലും ഒരുപോലെ ഉപയോഗിക്കാം.

മാത്രമല്ല, ഇത് എല്ലാത്തരം ചർമക്കാർക്കും ഉപയോഗിക്കാനാകും. സാധാരണ മോയ്‌സ്ചറൈസറിന് തൊട്ടുമുമ്പ് എക്ടോയിൻ സിറം പുരട്ടാവുന്നതാണ്. വൈറ്റമിൻ സി, പെപ്‌റ്റൈഡുകൾ തുടങ്ങിയവയ്‌ക്കൊപ്പവും എക്ടോയിൻ ധൈര്യമായി ഉപയോഗിക്കാം. റെറ്റിനോൾ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന പാർശ്വഫലങ്ങൾ കുറയ്ക്കാനായി റെറ്റിനോളിനൊപ്പം എക്ടോയിൻ ചേർന്ന പ്രോഡക്റ്റുകൾ ഉപയോഗിക്കുന്നത് വളരെ ഫലപ്രദമാണെന്ന് ഡെർമറ്റോളജിസ്റ്റുകൾ അഭിപ്രായപ്പെടുന്നു. എന്നാൽ ഒരു വിദഗ്ധനായ ഡെർമറ്റോളജിസ്റ്റിന്റെ കൃത്യമായ നിർദേശം പാലിച്ചുമാത്രമേ ഇത് ചർമത്തിൽ പ്രയോഗിക്കാവൂ.

പൊടിയും പുകയും സൂര്യാഘാതവും ചർമത്തിനുണ്ടാകുന്ന ബുദ്ധിമുട്ടുകൾ മാറ്റി പുത്തനുണർവ് നൽകാൻ എക്ടോയിൻ സഹായിക്കും. കേവലം സൗന്ദര്യം വർദ്ധിപ്പിക്കുക എന്നതിലുപരി, ചർമത്തിന്റെ ആരോഗ്യം പ്രകൃതിദത്തമായി നിലനിർത്താൻ സഹായിക്കുന്നു എന്നതാണ് എക്ടോയിനെ വിപണിയിൽ താരമാക്കിയത്.