
ഓപ്ര, ആ പേരിന് മുൻപോ പിൻപോ ഒരു വിശേഷണം ആവശ്യമില്ല. അമേരിക്കൻ ജീവിതശൈലിയുടെ ഭാഗമായി മാറിയ ആ പേരുപോലും ഓപ്ര വിൻഫ്രിയുടെ ജനനം പോലെ, ജീവിതം പോലെ യാദൃച്ഛികമായിരുന്നു.
മിസ്സിസ്സിപ്പിയിലെ കുട്ടിക്കാലം -1
അവിഹിത സന്തതിയായി പിറന്ന കുഞ്ഞിന് കടുത്ത വിശ്വാസിയായ അമ്മായി ഇഡയാണ് ബൈബിൾ നാമമായ *ഓർപ (Orpah) എന്ന പേരിട്ടത്. എന്നാൽ അക്ഷരംതെറ്റി അവൾ വിളിക്കപ്പെട്ടത് ഓപ്ര (Oprah) എന്നും. ഇന്ന് ഓപ്ര ഗെയിൽ വിൻഫ്രിയെന്ന ഈ പേരിനൊപ്പം ലോകം ചേർത്തുവിളിക്കുന്ന ഒരു ടാഗ് ലൈൻ കൂടിയുണ്ട്. ക്വീൻ ഓഫ് ആൾ മീഡിയ! അവതാരക എന്ന പദത്തിന് ആഗോളതലത്തിൽ നിർവചനം നൽകിയ സെൽഫ്‌മെയ്ഡ് വുമൺ മീഡിയയുടെ മാത്രമല്ല സ്വന്തം ജീവിതത്തിന്റെയും രാജ്ഞിയായിരുന്നു.
1954, ജനുവരി 29-ന് അവിവാഹിതയായ വെർണീറ്റ ലീയുടെ മകളായി മിസിസ്സിപ്പി, കോസിയോസ്‌കോയിലെ ഒരു ദരിദ്ര കുടുംബത്തിലാണ് ഓപ്ര ജനിക്കുന്നത്. മുത്തശ്ശി ഹാറ്റീ മേയ് ലീക്കൊപ്പം മിസിസിപ്പിയിലെ ഫാം ഹൗസിലായിരുന്നു ഓപ്രയുടെ കുട്ടിക്കാലം. കുഞ്ഞിനെ അമ്മ ഹാറ്റിമേയ് ലീയെയും അച്ഛൻ ലീയെയും ഏൽപ്പിച്ച് വെർണീറ്റ മിൽവോക്കിയിലേക്ക് ജോലി തേടിപ്പോയി.
സൗകര്യങ്ങൾ ഒന്നുമില്ലാത്ത ഒരു കൊച്ചുവീടായിരുന്നു മുത്തശ്ശിയുടേത്. ധരിക്കാനുളള വസ്ത്രങ്ങളെല്ലാം അവർ സ്വയം തുന്നിയെടുക്കും. ഉരുളക്കിഴങ്ങ് ചാക്കുകൾ കൊണ്ടാണ് ഓപ്രയ്ക്കുളള ഉടുപ്പുകൾ തുന്നിയിരുന്നത്. ചാക്കുടുപ്പുകൾ ധരിക്കുന്നതിനാൽ ചാക്കുപെൺകുട്ടി എന്നൊരു വിളിപ്പേരും ഓപ്രയ്ക്കുണ്ടായിരുന്നു. പളളിയിൽ പോകുമ്പോൾ മാത്രം ധരിക്കാനായി ഒരു ജോഡി ചെരിപ്പ്.
ഫാമിൽ ഉണ്ടാകുന്ന പച്ചക്കറികളും പഴങ്ങളുമായിരുന്നു ഭക്ഷണം. ദാരിദ്ര്യമുണ്ടെങ്കിലും ഒരുനേരം പോലും വിശന്നിരിക്കാൻ മുത്തശ്ശി ഇടവരുത്തിയിട്ടില്ല. കോഴിമുട്ട വിറ്റും വെള്ളക്കാരുടെ വീടുകളിൽ ജോലി ചെയ്തും ഹാറ്റി പണം കണ്ടെത്തും. പന്നികളും പശുക്കളും കോഴികളുമായിരുന്നു കുട്ടിക്കാലത്തെ ഓപ്രയുടെ കൂട്ടുകാർ.
കിണറ്റിൽ നിന്നും വെള്ളം കോരി പാത്രങ്ങളിൽ നിറക്കേണ്ടതും പന്നികൾക്കും പശുവിനും കോഴികൾക്കും തീററ കൊടുക്കേണ്ടതുമെല്ലാം കുഞ്ഞ് ഓപ്രയുടെ ജോലിയായിരുന്നു. അതുകഴിഞ്ഞുവരുമ്പോഴേക്കും മുത്തശ്ശി തുണികൾ വൃത്തിയാക്കാനായി വലിയ ഇരുമ്പുപാത്രത്തിൽ പുഴുങ്ങാൻ ഇട്ടിരിക്കും. ആവി ഉയരുന്ന പാത്രത്തിൽനിന്ന് മുത്തശ്ശി തുണികളൊന്നൊന്നായി വലിച്ചെടുത്ത് ഉണങ്ങാനിടുന്നത് കൗതുകത്തോടെ നോക്കിയിരിക്കും.
ഒരു നല്ല വീട്ടുജോലിക്കാരി എങ്ങനെയായിരിക്കണമെന്ന ഉപദേശങ്ങൾ നൽകിയാണ് മുത്തശ്ശി ഹാറ്റി മേയ് ലീ കൊച്ചുമകളെ വളർത്തിയത്. ഹാറ്റിയും മകളും അമ്മയും വീട്ടുജോലിക്കാരായിരുന്നു. അമ്മയുടെ അമ്മ അടിമയും. വർണവിവേചനം കൊടികുത്തിവാണിരുന്ന ഒരു കാലഘട്ടത്തിൽ അവിവാഹിതയായ അമ്മയുടെ മകളായി ദരിദ്ര കുടുംബത്തിൽ പിറന്ന ഓപ്ര പാരമ്പര്യം തുടർന്നുകൊണ്ട് ഒരു വീട്ടുജോലിക്കാരിയാകുമെന്ന് മാത്രം സങ്കല്പിക്കാനേ ആ മുത്തശ്ശിക്ക് സാധിക്കുമായിരുന്നുള്ളൂ. മാന്യതയോടെ ബഹുമാനത്തോടെ പെരുമാറുന്ന, ബാക്കി വരുന്ന ഭക്ഷണം വീട്ടിലേക്ക് കൊണ്ടുപോകാൻ അനുവദിക്കുന്ന, നല്ലവരായ 'വെളുത്ത 'യജമാനന്മാരുടെ വീട്ടിൽ സമാധാനത്തോടെ ജോലി ചെയ്യാൻ കൊച്ചുമകൾക്ക് കഴിയണം. അതിൽകൂടുതലൊന്നും ഹാറ്റിക്ക് സ്വപ്‌നം കാണാൻ പോലും സാധിക്കുമായിരുന്നില്ല.
'ഓപ്ര, ഞാൻ ചെയ്യുന്നതെല്ലാം ഇപ്പോഴേ നോക്കിപഠിച്ചോളൂ, ഒരു ദിവസം ഇതെല്ലാം തനിയേ ചെയ്യേണ്ടിവരും.' പുഴുങ്ങിയെടുത്ത തുണികൾ കഴുകിവൃത്തിയാക്കി അയയിൽ ഉണക്കാനിടുന്നതിനിടയിൽ ഒരിക്കൽ ഹാറ്റി പറഞ്ഞു. തുണികൾ അയയിൽ വിരിച്ച് ഏപ്രണിൽ നിന്ന് തുണി പറന്നുപോകാതിരിക്കാനുളള ക്ലിപ്പുകൾ എടുത്ത് തുണിയുടെ ഇരുവശത്തുമായി പിടിപ്പിക്കുന്ന മുത്തശ്ശിയെ നോക്കി ഓപ്ര കുറച്ചുനേരം ഇരുന്നു..പക്ഷേ ഉള്ളിൽ നിന്ന് ആരോ പറഞ്ഞു. 'അല്ല, ഇതല്ല നിന്റെ വഴി, ഇതായിരിക്കില്ല നിന്റെ ജീവിതം. വീടിന്റെ പിന്നാമ്പുറത്ത് അയയിൽ തുണികൾ വിരിക്കുകയല്ല മറ്റു പലതും ജീവിതത്തിൽ നിനക്ക് ചെയ്യാനുണ്ട്.' ആരാകണമെന്നല്ല, ആരായിരിക്കില്ലെന്ന് നാലോ അഞ്ചോ വയസ്സുളളപ്പോൾ ഓപ്ര തീർച്ചപ്പെടുത്തുകയായിരുന്നു.

സ്വീകരിച്ച ഓപ്ര വിൻഫ്രി(2002)
വാത്സല്യത്തേക്കാൾ കാർക്കശ്യത്തോടെയാണ് ഹാറ്റി കൊച്ചുമകളോട് പെരുമാറിയിരുന്നത്. മുത്തശ്ശിയുടെ കൈയിൽ നിന്ന് ചാട്ടകൊണ്ട് അടി കിട്ടാത്ത ദിവസങ്ങൾ കുറവായിരുന്നു. കുട്ടികളെ തല്ലിവളർത്തണമെന്ന് വിശ്വസിച്ചിരുന്ന മുത്തശ്ശി ചെറിയ ചെറിയ തെറ്റുകൾക്ക് പോലും ഓപ്രയെ ചാട്ടകൊണ്ട് അടിക്കും. ഒരിക്കൽ കിണറ്റിൽ നിന്ന് കോരിവെച്ച വെളളത്തിൽ വിരലുകൾ മുക്കി കളിച്ചതിനാണ് ഓപ്രയ്ക്ക് മുത്തശ്ശിയുടെ അടികിട്ടിയത്. അടികൊണ്ട് പുറംപൊട്ടി രക്തം വന്നു. കുറച്ചുകഴിഞ്ഞ് പള്ളിയിൽ പോകാനായി വസ്ത്രം മാറിയപ്പോൾ മുറിപ്പാടിലെ രക്തം ഉടുപ്പിലുമായി. മുത്തശ്ശിക്കത് തീരെ ഇഷ്ടപ്പെട്ടില്ല. ഉടുപ്പിൽ രക്തം പറ്റിയതിനും ഓപ്രയ്ക്ക് പൊതിരെ കിട്ടി. അടികിട്ടിയാൽ കരയാനും മുത്തശ്ശി അനുവദിക്കില്ല. മുഖം തുടച്ച് ചിരിക്കണമെന്ന് ഹാറ്റി നിർബന്ധം പിടിക്കും. മേലുനോവുമ്പോഴും കണ്ണീരുപൊടിയുമ്പോഴും അടിയേ കിട്ടിയിട്ടില്ലെന്ന മട്ടിൽ കുഞ്ഞ് ഓപ്ര മുത്തശ്ശിയെ നോക്കി ചിരിക്കും. മുത്തശ്ശിയുടെ ഭാഷയിൽ അധികപ്രസംഗിയായിരുന്നു ഓപ്ര.
ജോലിയെല്ലാം കഴിഞ്ഞാൽ ഫാമിനോട് ചേർന്ന് ഫെയ്ത്ത് യുണൈറ്റഡ് മിസ്സിസിപ്പി പള്ളിയിലാണ് അധികസമയവും ഹാറ്റി ചെലവഴിച്ചിരുന്നത്, ഓപ്രയും കൂടെയുണ്ടാകും. ഓപ്രയിൽ അടിയുറച്ച ഈശ്വരവിശ്വാസം വളർത്തിയെടുത്തത് മുത്തശ്ശിക്കൊപ്പമുളള ഈ ദേവാലയ സന്ദർശനങ്ങളാണ്. പ്രാർഥന കഴിഞ്ഞാൽ ഹാറ്റിക്ക് ഏറെയിഷ്ടം വായനയാണ്. അത് ഗുണം ചെയ്തത് ഓപ്രയ്ക്കും. രണ്ടുവയസ്സിൽ തന്നെ ഓപ്രയെ മുത്തശ്ശി വായിക്കാൻ പഠിപ്പിച്ചു. ഖണ്ഡികകൾ മനഃപാഠമാക്കാനും അക്ഷരസ്ഫുടതയോടെ കവിതകൾ ചൊല്ലാനും ഓപ്രയ്ക്ക് കഴിഞ്ഞിരുന്നു.
ഫാമിലെ പന്നികളും പശുക്കളും തന്നെയായിരുന്നു ഓപ്രയുടെ കഥകളുടെ ആദ്യ കേൾവിക്കാർ. ഓപ്രയുടെ വാക്ചാതുര്യം തിരിച്ചറിഞ്ഞ ഹാറ്റി ഓപ്രയെ കൊണ്ട് ബൈബിൾ കഥകളും കവിതകളും പള്ളിയിൽ അവതരിപ്പിച്ചു. 'യേശു ഉയർത്തെഴുന്നേറ്റപ്പോൾ' എന്നുതുടങ്ങുന്ന ഒരു ബൈബിൾ പ്രസംഗം ഈസ്റ്റർദിനത്തിൽ പള്ളിയിലെത്തിയ വിശ്വാസികൾക്ക് മുന്നിൽ അവതരിപ്പിക്കുമ്പോൾ മൂന്നരവയസ്സായിരുന്നു ഓപ്രയുടെ പ്രായം. വലിയൊരു ആൾക്കൂട്ടത്തിന് മുന്നിൽ സഭാകമ്പമൊന്നുമില്ലാതെ ബൈബിൾ കഥകൾ അവതരിപ്പിക്കുന്ന കുഞ്ഞിനെ അനുഗ്രഹിക്കപ്പെട്ടവളെന്നാണ് നാട്ടുകാർ വിശേഷിപ്പിച്ചിരുന്നത്.
വൈകാതെ മുത്തശ്ശി കൊച്ചുമകളെ നഴ്‌സറിയിലേക്ക് അയച്ചു. പക്ഷേ നഴ്‌സറിയിലെ കൂട്ടുകാരുമായി സൗഹൃദം സ്ഥാപിക്കാൻ ഓപ്രയ്ക്ക് കഴിഞ്ഞില്ല. ഓപ്ര അധ്യാപികയ്‌ക്കൊരു കത്തെഴുതി. 'പ്രിയപ്പെട്ട മിസ്, ഞാനീ ക്ലാസിന്റെ ഭാഗമാണെന്ന് എന്തോ എനിക്ക് അനുഭവപ്പെടുന്നില്ല.' കത്തുവായിച്ച അധ്യാപിക ഓപ്രയുടെ ഭാഷയിലൂടെ അവളുടെ മിടുക്ക് തിരിച്ചറിഞ്ഞു. അവൾക്ക് ഒന്നാം ക്ലാസിലേക്ക് കയറ്റം നൽകി. തൊട്ടടുത്ത വർഷവും കിട്ടി അതുപോലൊരു 'കയറ്റം' രണ്ടാം ക്ലാസിന് പകരം മൂന്നിലേക്ക്.
മുത്തശ്ശിയുടെ കടുംപിടുത്തങ്ങൾ കുഞ്ഞ് ഓപ്രയെ ഒരുപാട് കരയിച്ചിട്ടുണ്ടെങ്കിലും മുതിർന്നപ്പോഴാണ് തന്റെ വ്യക്തിത്വം പാകപ്പെടുത്തിയതിൽ മുത്തശ്ശി ഹാറ്റി മേയ് ലീയുടെ പങ്ക് ഓപ്ര തിരിച്ചറിയുന്നത്. മുത്തശ്ശിയുടെ ദൈവവിശ്വാസം മാത്രമല്ല ഓപ്ര ജീവിതത്തിലേക്ക് പകർത്തിയത്. വായിക്കാനും ചിന്തിക്കാനും പ്രതിസന്ധികളിൽ മനസ്സുതളരാതെ പിടിച്ചുനിൽക്കാനും മറ്റുള്ളവരെ സഹായിക്കാനും ഓപ്ര പഠിച്ചത് മുത്തശ്ശിയിൽ നിന്നായിരുന്നു.
പതിനേഴുകാരി അമ്മയുടെ അവിഹിത മകൾ - 2
'ഒരുപാട് വേദനിപ്പിച്ച ഒരാൾക്ക് വേണ്ടി നിങ്ങൾക്കെങ്ങനെ പ്രാർഥിക്കാനാകും?
'കുട്ടികളും മാതാപിതാക്കളെ കുറിച്ചുള്ള കുട്ടികളുടെ പ്രതീക്ഷകളും' എന്ന ചർച്ചയിൽ ഓപ്രയുടെ അതിഥിയായെത്തിയ ബിഷപ്പ് ടി.ഡി.ജെയ്ക്ക്‌സിനോട് സംഭാഷണ മധ്യേ ഓപ്ര ഉന്നയിച്ച ഒരു ചോദ്യമാണ് ഇത്. എന്നത്തേയും പോലെ അതിഥിക്ക് നേരെ തൊടുത്ത ആ ചോദ്യത്തിനു പിന്നിലും ആത്മാനുഭവത്തിന്റെ പൊള്ളുന്ന വേദന ഓപ്ര അടക്കിപ്പിടിച്ചിരുന്നു. 'ഞാനും അമ്മയും തമ്മിലുള്ള ബന്ധം സങ്കീർണമാണെ'ന്ന് പറഞ്ഞുകൊണ്ടാണ് അമ്മയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് എന്നും ഓപ്ര മറുപടി പറഞ്ഞുതുടങ്ങാറുളളത്.
വെർണീറ്റ ലീ എന്ന അവിവാഹിതയായ പതിനേഴുകാരിക്ക് പിറന്ന അവിഹിത സന്തതിയായിരുന്നല്ലോ ഓപ്ര. പട്ടാളത്തിൽ നിന്ന് രണ്ടാഴ്ചത്തെ അവധിക്കെത്തിയ വെർനോൺ വിൻഫ്രിയിൽ നിന്നാണ് വെർണീറ്റ ഗർഭം ധരിക്കുന്നത്. അലബാമയിലെ ക്യാമ്പ് റക്കറിൽ സൈനികനായിരുന്നു ആ ഇരുപതുകാരൻ. ഗർഭിണിയാണെന്ന കാര്യം വെർണീറ്റ അദ്ദേഹത്തെ അറിയിച്ചിരുന്നില്ല. മാസങ്ങൾക്ക് ശേഷം കുഞ്ഞിന് ധരിക്കാൻ കുറച്ച് ഉടുപ്പുകൾ വേണമെന്നാവശ്യപ്പെട്ട് തന്നെ തേടിയെത്തിയ സന്ദേശത്തിൽ നിന്നാണ് താനൊരച്ഛനായ വിവരം വെർനോൺ അറിയുന്നത് തന്നെ.
അമേരിക്കയിലെ ദരിദ്ര സംസ്ഥാനങ്ങളിലൊന്നായ മിസ്സിസ്സിപ്പിയിലെ 'കറുത്ത' പെൺകുട്ടികളുടേതിൽനിന്ന് വ്യത്യസ്തമായിരുന്നില്ല വെർണീറ്റയുടെ ജീവിതവും. അവർ വിദ്യാഭ്യാസം നേടിയിരുന്നില്ല, ഒപ്പം ദാരിദ്ര്യവും. മാതൃത്വമെന്ന വാക്കിനോട് ചേർത്തുവായിക്കാൻ നിർബന്ധിക്കപ്പെട്ട മമതയുടെയോ, ത്യാഗത്തിന്റെയോ പ്രതീകമായിരുന്നില്ല ആ കൗമാരക്കാരി അമ്മ. അവർ കുഞ്ഞിനെ സ്വന്തം അമ്മയെ ഏൽപിച്ച് മിൽവോക്കിയിലേക്ക് പോയി.
അമ്മൂമ്മയുടെ സംരക്ഷണയിൽ വളർന്ന ഓപ്ര അമ്മയെ പിന്നെ കാണുന്നത് ആറുവയസ്സിലാണ്. അമ്മയെന്ന വാക്കിന് ഓപ്ര കൽപിച്ചുകൊടുത്തിരുന്ന അർഥങ്ങളെല്ലാം തെറ്റാണെന്ന് സ്ഥാപിച്ചുകൊണ്ടായിരുന്നു വെർണീറ്റ ഓപ്രയ്ക്ക് സ്വാഗതമരുളിയത്. തനിക്ക് പട്രീഷ്യയെന്ന ഒരു അർദ്ധസഹോദരിയുണ്ടെന്ന കാര്യം പോലും ഓപ്ര അറിയുന്നത് അമ്മയുടെ വീട്ടിലെത്തിയ ശേഷമാണ്.
'എന്നെ സംബന്ധിച്ചിടത്തോളം അതേതോ അന്യസ്ഥലമായിരുന്നു. ആരേയും പരിചയമില്ല, അമ്മയെപ്പോലും. പൂർണമായും ഒറ്റപ്പെട്ട, ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ് ഞാൻ അവിടെയെത്തിയത്. അമ്മയുടെ അടുത്തേക്കുള്ള ആ മടക്കം എന്തിനായിരുന്നെന്ന് ആരും പറഞ്ഞുതന്നിരുന്നില്ല. ആ വീട്ടിലേക്ക് കയറിച്ചെന്ന ആദ്യരാത്രി എനിക്കിപ്പോഴും വ്യക്തമായി ഓർമയുണ്ട്. അമ്മയ്‌ക്കൊപ്പം കിടന്നുറങ്ങാൻ സാധിക്കില്ലെന്ന് അവരെന്നോട് പറഞ്ഞു. വീടിനകത്ത് കിടക്കാനും അനുവാദമുണ്ടായിരുന്നില്ല. വീടിന് പുറത്തെ വരാന്തയിൽ കിടന്നാണ് ഞാൻ ഉറങ്ങിയത്.'
ദരിദ്രയായിരുന്നു വെർണീറ്റ. വീടുകളിൽ ക്ലീനിങ് ജോലിക്ക് പോയി കിട്ടുന്ന തുച്ഛവരുമാനവും സർക്കാർ ക്ഷേമപദ്ധതികളിൽ നിന്ന് ലഭിക്കുന്ന ധനസഹായവും കൊണ്ടാണ് അവൾ ജീവിതം മുന്നോട്ടുനീക്കിയിരുന്നത്. മിൽവോക്കിയിലെ ചെറിയൊരു അപ്പാർട്ട്‌മെന്റിലാണ് അവരുടെ താമസം. ആറുവയസ്സുള്ള ഓപ്രയെക്കൂടി പാർപ്പിക്കാനുള്ള ഇടം ആ അപ്പാർട്ട്‌മെന്റിന് ഉണ്ടായിരുന്നില്ലത്രേ, സ്‌നേഹം പോലും പങ്കിടാൻ ആ അമ്മ വിസമ്മതിച്ചു.
****
അമ്മൂമ്മയ്‌ക്കൊപ്പം ഓപ്ര മിസ്സിസ്സിപ്പിയിലെ ഫാമിൽ കഴിഞ്ഞിരുന്ന കാലത്താണ് വെർണീറ്റ രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകുന്നത്. ഓപ്രയ്ക്ക് ഒമ്പതുവയസ്സുപ്രായമുള്ളപ്പോൾ അവര്ക്ക് മൂന്നാമതൊരു കുഞ്ഞുകൂടി പിറന്നു. പൗരാവകാശ പ്രതിഷേധങ്ങളിലൂടെ കറുത്തവംശജരായ സ്ത്രീകൾ തങ്ങളുടെ ജീവിതനിലവാരം ഉയർത്തിയപ്പോഴും വിദ്യാഭ്യാസമില്ലാത്തതിന്റെ പേരിൽ നല്ലൊരു ജീവിതം കെട്ടിപ്പടുക്കുന്നതിൽ വെർണീറ്റ പരാജയപ്പെട്ടു. ഇല്ലായ്മ ഒരിക്കലും പുറംലോകത്തെ അറിയിക്കാൻ അവരുടെ ആത്മാഭിമാനം സമ്മതിച്ചിരുന്നില്ല. ക്ഷേമപദ്ധതികളുടെ സഹായത്താൽ ജീവിക്കുമ്പോൾ പോലും മനോഹരമായി വസ്ത്രം ധരിച്ചു മാത്രമേ അവർ പുറത്തിറങ്ങിയിരുന്നുള്ളൂ. പെൺമക്കളും മനോഹരമായി വസ്ത്രം ധരിക്കണമെന്ന് അവർക്ക് നിർബന്ധമുണ്ടായിരുന്നു. നിയമപ്രകാരമുള്ള വിവാഹബന്ധത്തിലൂടെയല്ലാതെ പിറന്ന മൂന്നുമക്കളെ നോക്കിവളർത്തേണ്ട ചുമതല ആ ഏകരക്ഷിതാവിനെ കുറച്ചൊന്നുമല്ല കഷ്ടപ്പെടുത്തിയത്.
മറ്റുമക്കളോട് കാണിച്ചിരുന്ന കരുതലും സ്‌നേഹവും അമ്മ ഒരിക്കൽപോലും തന്നോട് കാണിച്ചിരുന്നില്ലെന്ന് ഓപ്ര പലപ്പോഴും പരാതിപ്പെട്ടിരുന്നു.'എന്റെ ചർമത്തിന്റെ നിറമായിരുന്നു പ്രശ്‌നമെന്ന് പിന്നീട് ഞാൻ മനസ്സിലാക്കി. അമ്മയേക്കാളും സഹോദരങ്ങളേക്കാളും ഇരുണ്ടവളായിരുന്നു ഞാൻ. എങ്ങനെയാണ് ഞാനത് മനസ്സിലാക്കിയതെന്ന് എനിക്കറിയില്ല. പക്ഷേ എനിക്കത് മനസ്സിലായി.' ബുദ്ധിമതിയായ ഓപ്രയേക്കാൾ കുറച്ചുകൂടി തെളിഞ്ഞ ചർമമുള്ള സഹോദരിക്കാണ് വീട്ടിൽ അഭിനന്ദനങ്ങൾ ലഭിച്ചിരുന്നത്. സ്‌നേഹവും വാത്സല്യവും ശ്രദ്ധയും ആവോളം കിട്ടിയെങ്കിലെന്ന് കൊതിച്ച, നെഞ്ചോടുചേർത്തുപിടിച്ച് നീയും മിടുക്കിയാണെന്ന് ആരെങ്കിലും പറഞ്ഞിരുന്നെങ്കിലെന്ന് മോഹിച്ച ആ ബാല്യത്തിലായിരിക്കണം നിറത്തിലൂടെയല്ലാതെ തിരിച്ചറിയപ്പെടണമെന്ന വാശി ഒരുപക്ഷേ ഓപ്രയിൽ കുരുത്തത്.

'എന്നെ കാണാൻ അമ്മ താല്പര്യം പ്രകടിപ്പിച്ചത് ഞാൻ പ്രശസ്തയായതിന് ശേഷമാണ്. ഞങ്ങൾക്കിടയിൽ ശക്തമായ ആത്മബന്ധമൊന്നുമില്ല. അമ്മയ്‌ക്കൊരിക്കലും ഞാൻ എന്താണെന്നോ, എങ്ങനെയാണെന്നോ അറിയില്ലായിരുന്നു. ഞങ്ങളുടെ ബന്ധം സങ്കീർണമായിരുന്നു.' ഓപ്ര ഓർക്കുന്നു. വ്യത്യസ്തമായിരുന്നു വെർണീറ്റയുടെ നിലപാട്. ഓപ്രയ്ക്ക് നൽകിയ ഏറ്റവും നല്ല സമ്മാനത്തെ കുറിച്ചുളള ചോദ്യത്തിന് ഒരഭിമുഖത്തിൽ വെർണീറ്റ മറുപടി നൽകിയത്. 'ഞാൻ അവളെ സ്‌നേഹിച്ചിരുന്നു. അവൾ ഇപ്പോൾ മനുഷ്യരെ സ്‌നേഹിക്കുന്നത് പോലെ' എന്നാണ്. മനുഷ്യരെ സ്‌നേഹിക്കാൻ ഓപ്ര പഠിച്ചത് തന്നിലൂടെയാണെന്നും ഓപ്ര എന്തെങ്കിലുമായിത്തീരുമെന്ന് തനിക്കുറപ്പായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. മനോഹരമായിരുന്നു അമ്മയോടുള്ള ഓപ്രയുടെ പ്രതികാരം, ഒരിക്കലും പ്രതികാരമെന്ന വാക്ക് ഉപയോഗിക്കാൻ ഓപ്ര താല്പര്യപ്പെടില്ലെങ്കിൽ പോലും. വെന്നിക്കൊടികൾ പാറിച്ച് ഓപ്രയുടെ ജീവിതം മുന്നോട്ടുകുതിച്ചതോടെ വെർണീറ്റയുടെ ജീവിതത്തിലും നിറങ്ങൾ വന്നു. സ്‌നേഹം പോലും പങ്കുവെക്കാൻ മടിച്ച അമ്മയ്ക്ക്, തന്നെ വരാന്തയിൽ കിടത്തിയുറക്കിയ അമ്മയ്ക്ക് അവൾ വീടുവെച്ചുനൽകി. അർധസഹോദരങ്ങൾക്കും നല്ല ജീവിതം ഉറപ്പുവരുത്തി.
ഒരാളോട് ക്ഷമിക്കുകയെന്നാൽ ഭൂതകാലത്തെ സ്വയം അംഗീകരിക്കലാണെന്നാണ് ഓപ്ര പറയുന്നത്. ഭൂതകാലത്തിന്റെ തടവറയിൽ നിന്ന് അപ്പോൾ മനുഷ്യൻ മോചിതനാകും. മാനസിക വ്യഥയെ ഇല്ലാതാക്കാനും മനഃസമാധാനം കൈവരിക്കാനും സഹായിക്കുന്ന മരുന്നാണ് ഓപ്രയെ സംബന്ധിച്ചിടത്തോളം മാപ്പുനൽകൽ. ആത്മാവിനെ കെട്ടിവരിഞ്ഞ ചിന്തകളിൽ നിന്ന് ഒരുവനെ സ്വതന്ത്രനാക്കുന്ന ശക്തിമരുന്ന്. എന്തായാലും കാലം ആ അമ്മയും മകളും തമ്മിലുളള അകലം കുറച്ചു, മനസ്സിലെ മുറിവുകൾ ഉണക്കി. അമ്മയോട് ക്ഷമിക്കാൻ പാകത്തിൽ ഓപ്രയെന്ന വ്യക്തി മുതിർന്നു.
''ഒരു ദിവസം എനിക്ക് സഹോദരിയുടെ കോൾ വന്നു. അമ്മ അവസാനസമയങ്ങളിലൂടെ കടന്നുപോകുകയാണെന്ന് അവളെന്നെ അറിയിച്ചു. ഞാൻ ഉടൻ അമ്മയ്ക്കരികിലെത്തി. എന്നെ കണ്ടതും അമ്മ ആശ്ചര്യപ്പെട്ടു. ഇനി മുന്നോട്ടില്ലെന്നാണ് തോന്നുന്നതെന്ന് പറഞ്ഞു. ഞാൻ സമയം കളഞ്ഞില്ല. അമ്മയ്ക്ക് പ്രിയപ്പെട്ടവരെയെല്ലാം വിളിച്ച് നിങ്ങൾ അമ്മയോട് യാത്ര പറയാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ വന്ന് യാത്ര പറയണമെന്ന് അറിയിച്ചു. ഞാനും യാത്ര പറഞ്ഞിറങ്ങി. അടുത്ത ദിവസം എനിക്ക് കാലിഫോർണിയയിൽ ഒഴിച്ചുകൂടാനാകാത്ത ചില കൂടിക്കാഴ്ചകൾ ഉണ്ടായിരുന്നു. പക്ഷേ യാത്രാമധ്യേ ഞാനതെല്ലാം ഒഴിവാക്കി മിൽവോക്കിയിലേക്ക് വീണ്ടും തിരിച്ചു. കാരണം എനിക്ക് തോന്നി അതങ്ങനെയല്ല അവസാനിപ്പിക്കേണ്ടതെന്ന്. പറയാൻ ആഗ്രഹിച്ചതെല്ലാം അമ്മയോട് പറയണം. ഒടുവിൽ ഞാനത് പറഞ്ഞു, നന്ദി! ഒരു കൗമാരക്കാരിയായിരിക്കേ, പതിനേഴുവയസ്സിൽ നിങ്ങൾ ഒരു കുഞ്ഞിന്റെ അമ്മയായി. നിരവധി ആളുകൾ ആ കുഞ്ഞിനെ ഒഴിവാക്കണമെന്ന് നിർദേശിച്ചുകാണും. പക്ഷേ നിങ്ങളത് ചെയ്തില്ല. ആ തീരുമാനം എത്രമാത്രം കഠിനമാണെന്ന് എനിക്കറിയാം. നിങ്ങൾക്ക് അന്ന് നന്നായി ചെയ്യാനറിയാമായിരുന്ന, കഴിയുമായിരുന്ന കാര്യം ചെയ്തുവെന്ന് ഞാൻ മനസ്സിലാക്കുന്നു. ഞാൻ ചിന്തിച്ചിരുന്നപോലെയോ, എനിക്ക് ആവശ്യമുണ്ടായിരുന്ന രീതിയിലോ ആയിരുന്നില്ലെങ്കിൽക്കൂടി നിങ്ങൾക്കറിയാവുന്ന രീതിയിൽ ഒരു നല്ല അമ്മയായിരുന്നതിന് നന്ദി. ഞാൻ നിങ്ങളെ സ്‌നേഹിക്കുന്നു.'' -ഹൃദയത്തിന്റെ ഭാഷയിൽ, എല്ലാം പൊറുത്തുകൊണ്ട് ആ മകൾ അമ്മയ്ക്ക് അവസാന യാത്രാമൊഴിയേകി.
(തുടരും)
*(ഹീബ്രു ബൈബിളിലെ 'ദ ബുക്ക് ഓഫ് റൂത്തി'ൽ പരാമർശിക്കുന്ന ഒരു കഥാപാത്രം)
Content Highlights: Queen of her own life; Life of Oprah Winfrey by Remya Harikumar
Published: 13 Dec 2023, 03:04 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented