മകൾ മാൽതി മേരി ചോപ്ര ജോനാസ് ഗായത്രി മന്ത്രം ചൊല്ലുന്ന മനോഹരമായ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. മകളുടെ മന്ത്രോച്ചാരണം കേട്ട് 'സോ ബ്യൂട്ടിഫുൾ' (എത്ര മനോഹരം) എന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണം. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോ ഇതിനോടകം ശ്രദ്ധ നേടുകയാണ്.നടിയുടെ ഏറ്റവും പുതിയ ചിത്രമായ 'ബ്ലൂഫ്‌ലൈ'യുടെ ചിത്രീകരണ തിരക്കിലാണ് പ്രിയങ്ക ഇപ്പോൾ. 'പ്രെഡേറ്റേഴ്‌സ്' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നിമ്രോഡ് ആന്റലാണ് സിനിമ സംവിധാനം ചെയ്യുന്നത്. മൈക്കൽ ചിക്ലിസ്, റസ്സൽ ക്രോ, ഡാനിയൽ മക്‌ഫേഴ്‌സൺ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ചിത്രീകരണത്തിനിടയിലെ മനോഹരമായ നിമിഷങ്ങളാണ് പ്രിയങ്ക ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. കടൽത്തീരത്തെ നടത്തം, അമ്മ മധു അഖൗരി ചോപ്രയ്‌ക്കൊപ്പമുള്ള സമയം, മകൾ മാൽതിക്കൊപ്പമുള്ള വിശേഷങ്ങളുമെല്ലാം ചിത്രങ്ങളിലുണ്ട്.

To advertise here,

മാൽതിയുടെ ഗായത്രി മന്ത്രം; അഭിമാനത്തോടെ പ്രിയങ്ക

പ്രിയങ്ക പങ്കുവച്ച ചിത്രങ്ങളുടെയും വീഡിയോകളുടെയും കൂട്ടത്തിൽ മകൾ ഗായത്രി മന്ത്രം ചൊല്ലുന്ന ദൃശ്യമാണ് ഏറെ ശ്രദ്ധ നേടിയത്. പ്രിയങ്കയുടെ മടിയിലിരുന്ന് ജനലിലൂടെ പുറത്തേക്ക് നോക്കിക്കൊണ്ടാണ് മാൽതി മന്ത്രം ചൊല്ലുന്നത്. പ്രാർഥനയിൽ മുഴുകിയ അമ്മയും മകളും വീഡിയോയിൽ കാണാം.മന്ത്രത്തിന്റെ അവസാന വരിയും ചൊല്ലിക്കഴിഞ്ഞപ്പോൾ മകളെ അഭിനന്ദിച്ച് പ്രിയങ്ക 'സോ ബ്യൂട്ടിഫുൾ' എന്നു പറയുന്നതും വീഡിയോയിലുണ്ട്.

ഇന്ത്യൻ പാരമ്പര്യവും പാശ്ചാത്യ സംസ്‌കാരവും ഒരുപോലെ പരിചയപ്പെടുത്തിയാണ് പ്രിയങ്കയും ഭർത്താവ് നിക് ജോനാസും മകൾ മാൽതിയെ വളർത്തുന്നത്. വീട്ടിലെ പൂജകളും ഹോളി ആഘോഷങ്ങളും മാത്രമല്ല, ക്രിസ്മസ്, ഹാലോവീൻ, ഈസ്റ്റർ, താങ്ക്‌സ്ഗിവിങ് തുടങ്ങിയ ആഘോഷങ്ങളിലും മാൽതി പങ്കുചേരാറുണ്ട്. മകൾക്കൊപ്പം അയോധ്യയിലെ രാമക്ഷേത്രത്തിലും സിദ്ധിവിനായക ക്ഷേത്രത്തിലും പ്രിയങ്ക സന്ദർശനം നടത്തിയിട്ടുണ്ട്.അതിന്റെ ചിത്രങ്ങളും പ്രിയങ്ക പങ്കുവെക്കാറുണ്ട്.

പ്രിയങ്കയുടെ ഉപദേശം

സ്വതന്ത്രമായി ചിന്തിക്കാനും സ്വന്തം അഭിപ്രായങ്ങൾ തുറന്നുപറയാനും കഴിവുള്ള മകളായി മാൽതിയെ വളർത്താനാണ് താനും നിക് ജോനാസും ആഗ്രഹിക്കുന്നതെന്ന് പ്രിയങ്ക നേരത്തെ വെളിപ്പെടുത്തിയിരുന്നു. 'ദ ബ്ലഫ്' എന്ന ചിത്രത്തിന്റെ പ്രചാരണത്തിനിടെ യുവായ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. കുട്ടിക്കാലത്ത് തനിക്ക് സ്വന്തം അഭിപ്രായങ്ങൾ പറയാനുള്ള സ്വാതന്ത്ര്യം പിതാവ് നൽകിയിരുന്നുവെന്നും സുഹൃത്തുക്കൾക്കിടയിൽ ഇരിക്കുമ്പോൾ പോലും തനിക്ക് അഭിപ്രായം പറയാൻ അവസരം നൽകിയിരുന്നുവെന്നും പ്രിയങ്ക ഓർത്തെടുത്തു. സ്വയം പ്രകടിപ്പിക്കാനുള്ള ഇടം പിതാവ് നൽകിയതാണ് തന്നെ ഏറെ സ്വാധീനിച്ചതെന്നും താരം പറഞ്ഞു.മകൾ പറയുന്നത് ശ്രദ്ധയോടെ കേൾക്കുകയും അവളുടെ അഭിപ്രായങ്ങൾക്ക് പ്രാധാന്യം നൽകുകയും ചെയ്യുന്നതാണ് തങ്ങളും പിന്തുടരുന്ന രീതിയെന്നും പ്രിയങ്ക വ്യക്തമാക്കി. വളരെ ചെറിയ പ്രായത്തിൽ പോലും കുട്ടികൾ പറയുന്നത് കേൾക്കുന്നത് അവരുടെ ആത്മവിശ്വാസം വളർത്തുന്നതിൽ വലിയ പങ്കുവഹിക്കുമെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.

മകൾക്ക് മുന്നിൽ പാട്ടുപാടി തെളിയിക്കേണ്ടി വന്ന നിക്

മകൾ മാൽതിയുമായി ബന്ധപ്പെട്ട മറ്റൊരു രസകരമായ അനുഭവവും നിക് ജോനാസ് നേരത്തെ പങ്കുവച്ചിരുന്നു. ജോനാസ് ബ്രദേഴ്‌സ് പോഡ്കാസ്റ്റിൽ സംസാരിക്കവെയാണ് മകൾക്ക് മുന്നിൽ താൻ ഗായകനാണെന്ന് തെളിയിക്കേണ്ടി വന്ന സംഭവം നിക് വിവരിച്ചത്.കാറിൽ യാത്ര ചെയ്യുന്നതിനിടെ മാൽതിയുടെ ഇഷ്ടഗാനങ്ങൾക്കൊപ്പം ജോനാസ് ബ്രദേഴ്‌സിന്റെ ചില പാട്ടുകളും പ്ലേ ചെയ്തിരുന്നു. ഇതിനിടെ നിക്കിന്റെ ഒരു പാട്ട് കേട്ട മാൽതി, 'ഇത് നിങ്ങളാണോ പാടുന്നത്?' എന്ന് ചോദിച്ചു. അതെ എന്ന് നിക് മറുപടി നൽകിയതോടെ 'എങ്കിൽ പാടിക്കേ' എന്നായിരുന്നു മകളുടെ ആവശ്യം.കാറിൽ പാട്ട് കേൾക്കുന്നതിനൊപ്പം താനും പാടണമെന്നായിരുന്നു മാൽതിയുടെ ആഗ്രഹം. സംഭവം കേട്ട് സഹോദരൻ കെവിൻ ജോനാസും ചിരിച്ചുകൊണ്ട് പ്രതികരിച്ചു. നിക്കും പ്രിയങ്കയുടെ മകളെക്കുറിച്ചുള്ള പോസ്റ്റ് പങ്കുവെയ്ക്കുന്നതും പതിവാണ്.