
കൊച്ചി: പത്താം ക്ലാസ് വരെ മാത്രം പഠനം. പതിനേഴാം വയസ്സില്‍ കല്യാണം. പിന്നാലെ മൂന്നു കുട്ടികളുടെ അമ്മയാകുന്നു. വയറില്‍ ഗുരുതരമായ രോഗം ബാധിച്ച് ചികിത്സയും മൂന്ന് ശസ്ത്രക്രിയയും. വന്‍കുടല്‍ കോളോപ്ലാസ്റ്റ് ബാഗില്‍ ഇട്ട് മാസങ്ങളോളം നീണ്ട ചികിത്സ... പ്രതിസന്ധികളുടെയും വേദനകളുടെയും ലോകത്ത് ഒരു ഫീനിക്‌സ് പക്ഷിയെപ്പോലെ മുബീന തന്റെ സ്വപ്നങ്ങളുടെ ചിറകുകള്‍ കുടഞ്ഞു. സ്ത്രീകള്‍ അധികമൊന്നും കടന്നുചെല്ലാത്ത ബോഡി ബില്‍ഡിങ് എന്ന വേദിയിലേക്കു പോകാന്‍ മുബീന കൊതിച്ചപ്പോള്‍ പലരും നെറ്റിചുളിച്ചു. കുറ്റപ്പെടുത്തലും കളിയാക്കലും സ്വപ്ന ങ്ങളിലേക്കുള്ള ഊര്‍ജമാക്കിയ മുബീന എല്ലാം മറന്ന് ചിറകടിച്ചു. അവളുടെ ആ പറക്കല്‍ ഇപ്പോള്‍ ചെന്നെത്തി നില്‍ക്കുന്നത് വേള്‍ഡ് ഫിറ്റ്‌നസ് ഫെഡറേഷന്റെ സൗത്ത് ഏഷ്യാ ബോഡി ബില്‍ഡിങ് ചാമ്പ്യന്‍ഷിപ്പിലെ ഗോള്‍ഡ് മെഡലിലാണ്. ആ മെഡലോടെ ലോക ചാമ്പ്യന്‍ഷിപ്പിന് മുബീന യോഗ്യത നേടി.
ബോഡിയാണ്, പവറാണ്
കാക്കനാട് പടമുകള്‍ സ്വദേശി പി.എ. മുബീന പത്താം ക്ലാസ് കഴിഞ്ഞ് ടെയ്ലറിങ് യൂണിറ്റില്‍ തയ്യല്‍ജോലി ചെയ്തു. അതു കഴിഞ്ഞ് ഒരു തുണിക്കടയില്‍ സെയില്‍സ് ഗേളായി. തുച്ഛമായ വരുമാനത്തില്‍ മക്കളുമായി ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതിനിടയില്‍ പല ജോലികള്‍ ചെയ്ത മുബീനയ്ക്ക് ഇപ്പോള്‍ ബ്യൂട്ടി പാര്‍ലറിലാണ് ജോലി. അതിനിടയില്‍ രണ്ടുവര്‍ഷം മുന്‍പാണ് വയറില്‍ ഗുരുതരമായ രോഗം ബാധിച്ചത്.
'വയറില്‍ കടുത്ത വേദനയെത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വയറില്‍ ഒരു മുഴ വളരുന്നതു കണ്ടെത്തി. അത് ശസ്ത്രക്രിയ ചെയ്യുന്നതിനിടെ വന്‍കുടലില്‍ പരിക്കേറ്റ് എന്റെ രോഗം ഗുരുതരമായി. വന്‍കുടലിന്റെ പരിക്ക് മാറ്റാന്‍ വീണ്ടുമൊരു ശസ്ത്രക്രിയ കൂടി വേണ്ടി വന്നു. എന്നിട്ടും ഭേദമാകാതെ വന്നപ്പോള്‍ വീണ്ടും ശസ്ത്രക്രിയയാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. മരണം വരെ സംഭവിച്ചേക്കാവുന്ന അവസ്ഥയില്‍ മൂന്നാമത്തെ ശസ്ത്രക്രിയ ചെയ്തു. ആ സമയത്താണ് ഞാന്‍ മൊബൈല്‍ ഫോണില്‍ കണ്ട റീലുകളിലൂടെ ബോഡി ബില്‍ഡിങ് എന്ന ഇഷ്ടം മനസ്സില്‍ കൂടുകൂട്ടുന്നത്. എന്തുകൊണ്ട് എനിക്കും ഒരു ബോഡി ബില്‍ഡറായിക്കൂടായെന്ന ചിന്ത രോഗക്കിടക്കയില്‍ നിന്ന് എന്നെ എഴുന്നേല്‍പ്പിച്ച സ്വപ്നം തന്നെയായിരുന്നു' - മുബീന പറഞ്ഞു.
ജിമ്മില്‍ പൂവിട്ട സ്വപ്നം
'ആശുപത്രിയിലെ ചികിത്സ കഴിഞ്ഞു വന്ന ഉടനെ ഞാന്‍ ഒരു ജിമ്മിലേക്കാണ് പോയത്. ബോഡി ബില്‍ഡറാകണമെന്ന എന്റെ ആഗ്രഹം കേട്ടപ്പോള്‍ ജിമ്മിലെ പരിശീലകര്‍ തന്ന മറുപടിയാണ് എനിക്ക് ഊര്‍ജമായത്. പിന്നിടങ്ങോട്ട് എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും കൃത്യമായ വര്‍ക്കൗട്ടുകളായിരുന്നു. രാവിലെ നാലുമണിക്ക് എഴുന്നേറ്റ് ഒരു മണിക്കൂറോളം നടക്കാന്‍ പോകും. അതുകഴിഞ്ഞ് നേരേ ജിമ്മിലേക്ക്.
അവിടെ രണ്ട് മണിക്കുറോളം വര്‍ക്കൗട്ട്. വൈകുന്നേരം ജോലി കഴിഞ്ഞുപോകുന്നതും ജിമ്മിലേക്കായിരുന്നു. അതിനൊപ്പം പ്രോട്ടീന്‍ ഫുഡ് കഴിച്ച് കൃത്യമായ ഭക്ഷണക്രമീകരണം കൂടിയായതോടെ വളരെപ്പെട്ടെന്ന് എന്റെ ബോഡി പവര്‍ഫുള്ളായി. ജീവിതം പുലരാനുള്ള ജോലി ചെയ്യുന്നതിനിടയിലായിരുന്നു എന്റെ ജിമ്മിലെ പരിശീലനം. എല്ലാംകൂടി വലിയ ബുദ്ധിമുട്ട് തോന്നിയെങ്കിലും സ്വപ്നത്തിലേക്കുള്ള യാത്രയായി അതിനെ കണ്ടതോടെ പിന്നെയെല്ലാം എളുപ്പമായി' -മുബീന ബോഡി ബില്‍ഡറായ കഥ പറഞ്ഞു.
മെഡലിന്റെ തിളക്കത്തില്‍
ചെന്നൈയില്‍ നടന്ന മിസ് ഇന്ത്യ കോംപറ്റിഷനിലാണ് മുബീന ആദ്യമായി മത്സരിക്കാനിറങ്ങിയത്. അതില്‍ സെക്കന്‍ഡ് റണ്ണറപ്പായതോടെ പ്രതീക്ഷിച്ചതിന് അപ്പുറത്തുള്ള വിജയമായാണ് ബോഡി ബില്‍ഡിങ് രംഗത്തുള്ളവരെല്ലാം അതിനെ വി ശേഷിപ്പിച്ചത്.
'സത്യത്തില്‍ മെഡല്‍ പോയിട്ട് മികച്ചൊരു പ്രകടനം പോലും ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. പങ്കെടുക്കുകയെന്നതു മാത്രമായി രുന്നു ലക്ഷ്യം. എന്നാല്‍, അതില്‍ ലഭിച്ച മെഡല്‍ പിന്നാലെ വന്ന മത്സരങ്ങള്‍ക്കെല്ലാം ഊര്‍ജമായി തിരുവനന്തപുരത്ത് നടന്ന ഓപ്പണ്‍ കേരള ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിയും കൊച്ചിയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ ടൈറ്റില്‍ വിന്നറുമായതോടെ പലരും എന്നെ ശ്രദ്ധിക്കാന്‍ തുടങ്ങി. മുംബൈയില്‍ നടന്ന സൗത്ത് ഏഷ്യാ ബോഡി ബില്‍ഡിങ് ചാമ്പ്യന്‍ഷിപ്പില്‍ ഗോള്‍ഡ് മെഡല്‍ വിന്നറാകുമ്പോള്‍ സത്യത്തില്‍ ഞാന്‍ കരഞ്ഞുപോയിരുന്നു. ജീവിതത്തിലുടനീളം അനുഭവിച്ച വേദനകള്‍ക്കും കളിയാക്കലുകള്‍ക്കും കുറ്റപ്പെടുത്തലുകള്‍ക്കുമൊക്കെ എന്റെ മറുപടിയായിരുന്നു ആ മെഡല്‍.' -മുബീന പറഞ്ഞു.
'ഒരു പെണ്ണ് ബിക്കിനിയിട്ട് മത്സരിക്കാനിറങ്ങുന്നതിനെ കളിയാക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നവര്‍ അതിലേക്ക് അവള്‍ എത്താന്‍ കഷ്ടപ്പെട്ട വഴികളെപ്പറ്റി ചിന്തിക്കാറില്ല. മക്കളായ അബ്ദുള്‍ റഹ്‌മാനും ഹംന ആസിയയും ഫാത്തിമ സഹറൈനും കട്ട സപ്പോര്‍ട്ട് നല്‍കുന്നുണ്ട്. ഇനി മലേഷ്യയില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പാണ് ലക്ഷ്യം. പക്ഷേ, സാമ്പത്തിക ബുദ്ധിമുട്ടുകള്‍ എന്റെ സ്വപ്നങ്ങള്‍ക്കുമേല്‍ കരിനിഴല്‍ വീഴ്ത്തുന്നുണ്ട്...' മുബീനയുടെ വാക്കുകള്‍ ആശങ്കയില്‍ മുറിഞ്ഞുനില്‍ക്കുമ്പോഴും അതില്‍ പ്രതീക്ഷയു ടെ തിളക്കമുണ്ടായിരുന്നു.
Content Highlights: PA Mubeena becomes body builder after overcoming a lot of crisises
Published: 05 Jul 2025, 10:25 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented