തിരുവനന്തപുരം: ശരീരസൗന്ദര്യമത്സര വിജയികളെ സംസ്ഥാന പോലീസിൽ ഇൻസ്പെക്ടറായി നിയമിക്കാനുള്ള സർക്കാർ നീക്കത്തിന് വീണ്ടും തിരിച്ചടി. ഒരാൾ വൈദ്യപരിശോധനയിൽ പരാജയപ്പെട്ടു. സർക്കാരിന്റെ അവസാനകാലത്ത് ഏറെ എതിർപ്പുകൾക്കൊടുവിലാണ് ഇടത് അനുഭാവികൾകൂടിയായ ചിത്തരേഷ് നടേശനെയും ഷിനു ചൊവ്വയെയും ഇൻസ്പെക്ടർ റാങ്കിൽ നിയമിക്കാൻ തീരുമാനിച്ചത്.

To advertise here,

ഇവരിൽ ചിത്തരേഷ് നടേശനാണ് മെഡിക്കൽ ടെസ്റ്റിൽ പരാജയപ്പെട്ടത്. പരന്ന പാദമാണ് (ഫ്ളാറ്റ് ഫൂട്) അയോഗ്യതയായി മെഡിക്കൽ ബോർഡ് കണ്ടെത്തിയത്. അതേസമയം ഷിനു ചൊവ്വ വിജയിച്ചിട്ടുണ്ട്. നേരത്തേ നടത്തിയ കായികക്ഷമതാ പരിശോധനയിൽ ഇവർ പരാജയപ്പെട്ടിരുന്നു. ഇതേത്തുടർന്ന് കായികക്ഷമതാ പരിശോധന ഒഴിവാക്കിയാണ് ഇരുവരെയും സേനയിൽ എടുക്കാൻ തീരുമാനിച്ചത്. ശരീരസൗന്ദര്യമത്സരത്തിൽ അന്താരാഷ്ട്ര തലത്തിൽ മികച്ച വിജയം നേടിയ പശ്ചാത്തലത്തിലാണ് ഇരുവരെയും നിയമിക്കുന്നതെന്നായിരുന്നു സർക്കാരിന്റെ വാദം.

ഇരുവരുടെയും നിയമനത്തിനെതിരേ മറ്റ് ഉദ്യോഗാർഥികൾ കോടതിയെയും സമീപിച്ചിരുന്നു.

ഇതു മറികടന്നാണ് കഴിഞ്ഞമാസം ഇരുവർക്കും നിയമനം നൽകിയത്. പരിശീലനം നൽകുന്നതിന് മുന്നോടിയായിട്ടാണ് ഇരുവർക്കും വൈദ്യപരിശോധന നടത്തിയത്. പരിശോധനയിൽ പരാജയപ്പെട്ട വിവരം സംസ്ഥാന പോലീസ് മേധാവി സർക്കാരിനെ അറിയിക്കും.

ഒളിമ്പിക്സ്, ദേശീയഗെയിംസ് എന്നിവയിൽ പങ്കെടുത്ത കായികതാരങ്ങൾക്കാണ് സാധാരണ സ്പോർട്സ് ക്വാട്ട നിയമനം നൽകുന്നത്. ഇതിനുള്ള പട്ടികയിൽ ശരീരസൗന്ദര്യമത്സരം ഉൾപ്പെട്ടിരുന്നില്ലെന്നതാണ് വിവാദത്തിനിടയാക്കിയത്.