കൊച്ചി: സംസ്ഥാന പോലീസിൽ ബോഡി ബിൽഡർമാർക്ക് ഇൻസ്പെക്ടർ തസ്തികയിൽ നിയമനംനൽകിയ കഴിഞ്ഞ സർക്കാരിന്റെ നടപടിക്കെതിരെ രൂക്ഷവിമർശനനുമായി ഹൈക്കോടതി. ബോഡി ബിൽഡിങ് ചാമ്പ്യൻ ചിത്തരേഷ് നടേശൻ, ലോക പുരുഷസൗന്ദര്യ മത്സരത്തിൽ വെള്ളിനേടിയ ഷിനു ചൊവ്വ എന്നിവരുടെ നിയമനത്തെ ചോദ്യംചെയ്ത് കെ.എം. ഷാജഹാൻ നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ വിമർശനം. ബോഡി ബിൽഡർമാർക്ക് നിയമനം നൽകിയത് നടപടിക്രമങ്ങൾ പാലിക്കാതെയാണെന്ന് ഹൈക്കോടതി കണ്ടെത്തി.

To advertise here,

മറ്റാർക്കുമില്ലാത്ത എന്ത് പ്രത്യേകതയാണ് ഇവർക്കുള്ളതെന്ന് കോടതി ചോദിച്ചു. നിയമം എല്ലാവർക്കും ഒരുപോലെയാണെന്നും ചട്ടങ്ങൾ മറികടന്ന് ഇത്തരത്തിൽ നിയമനംനൽകുന്നത് അഴിമതിയാണെന്നും കോടതി ചൂണ്ടിക്കാട്ടി. അർഹതയില്ലാത്തവരെ ആദരിക്കാനും അവർക്ക് സർക്കാർ ഖജനാവിലെ പണം നൽകേണ്ട കാര്യമുണ്ടോയെന്നും കോടതി ചോദിച്ചു.

കായികക്ഷമതാ പരിശോധനയിൽ ഉദ്യോഗാർഥികൾ പരാജയപ്പെട്ടത് ഇതിനോടകം തെളിഞ്ഞതാണെന്ന് കോടതി പറഞ്ഞു. ടെസ്റ്റ് നടത്തിയപ്പോൾ ഒരാൾ കുഴഞ്ഞുവീണ കാര്യവും ഷോർട്ട് പുട്ട് എറിയാൻ പോലും അറിയാത്ത ആളെ നിയമിച്ച കാര്യവും കോടതി പരാമർശിച്ചു. കായികക്ഷമതാ പരീക്ഷയിൽ പരാജയപ്പെട്ട വിവരം മന്ത്രിസഭയെ അറിയിക്കാതിരുന്നത് ഗൗരവതരമാണെന്നും ഒരു പണിയും എടുക്കാതെ ശമ്പളം വാങ്ങാനാണ് ചിലർ ശ്രമിക്കുന്നതെന്നും കോടതി പറഞ്ഞു.

ഈ നിയമനം ശുപാർശചെയ്ത അന്നത്തെ എഡിജിപിയും നിലവിലെ ഡിജിപിയുമായ എസ്. ശ്രീജിത്ത് ഉൾപ്പെടെയുള്ളവരെ എതിർകക്ഷികളാക്കിയാണ് ഹർജി നൽകിയിരിക്കുന്നത്. എന്നാൽ, അഴിമതി നിരോധന നിയമപ്രകാരം ഈ കേസ് നിലനിൽക്കില്ലെന്നാണ് സർക്കാർ കോടതിയിൽ വാദിച്ചത്. വിഷയത്തിൽ വിജിലൻസ് അന്വേഷണം വേണമെന്ന ഹർജിക്കാരൻ്റെ ആവശ്യം കോടതിയുടെ പരിഗണനയിലാണ്.