അൽഐൻ: ശരീര സൗന്ദര്യ മത്സരത്തിൽ ലോകചാമ്പ്യനായി കണ്ണൂർ എരമം സ്വദേശി നടുവിലെ വീട്ടിൽ എന്‍.വി.മോഹന്‍ദാസ്. അൽഐനിൽ 28 വർഷമായി ജിം, യോഗ പരിശീലകനാണ് 57കാരനായ മോഹൻദാസ്. ഇക്കഴിഞ്ഞ നവംബർ 14 നായിരുന്നു ഇൻഡൊനീഷ്യയിൽ നടന്ന 16-ാമത് ലോക മത്സരത്തിൽ മോഹൻദാസ് സ്വർണ പതക്കവുമായി 'മിസ്റ്റർ വേൾഡ്' ചാമ്പ്യനായി. 68 രാജ്യങ്ങളിൽ നിന്നുള്ള മത്സരാർഥികളെ പിന്നിലാക്കിയാണ് അദ്ദേഹം ലോകനേട്ടത്തിലെത്തിയത്. ഇൻഡൊനീഷ്യയിൽ ലോക മത്സരത്തിൽ അവസാന റൗണ്ടിലെത്തിയത് മലേഷ്യ, പാകിസ്താൻ, ശ്രീലങ്ക, വിയറ്റ്നാം, ബഹ്റൈൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള മത്സരാർഥികളായിരുന്നു. കടുപ്പമേറിയ മത്സരത്തിൽ ഇന്ത്യയ്ക്കുവേണ്ടി ലോകനേട്ടത്തിലെത്താൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് മോഹൻദാസ് പറഞ്ഞു.

To advertise here,

2024 - ൽ ഛത്തീസ്ഗഡിൽ നടന്ന ശരീര സൗന്ദര്യ മത്സരത്തിൽ 'മാസ്റ്റർ മിസ്റ്റർ ഏഷ്യ' പട്ടവും മോഹൻദാസ് നേടുകയുണ്ടായി. കഴിഞ്ഞവർഷംതന്നെ 'മാസ്റ്റർ മിസ്റ്റർ കേരള' മത്സരത്തിൽ രണ്ടാം സ്ഥാനവും തലശ്ശേരിയിൽ നടന്ന 'മിസ്റ്റർ കണ്ണൂർ' മത്സരത്തിൽ ടൈറ്റിൽ ചാമ്പ്യനുമായി. ഈ വർഷം തന്നെ തായ്ലാൻഡിൽ വെച്ച് നടന്ന 'മാസ്റ്റർ മിസ്റ്റർ ഏഷ്യ' മത്സരത്തിൽ അഞ്ചാംസ്ഥാനം നേടിക്കൊണ്ട് ലോകശ്രദ്ധ നേടി. ബോഡി ബിൽഡിങ്ങിനോടുള്ള താത്പര്യമാണ് ഈ രംഗത്തേക്ക് കടന്നുവരാൻ കാരണമായതെന്ന് മോഹൻദാസ് പറഞ്ഞു. മറ്റുള്ളവരുടെ ഉരുക്കുപോലെ ഉറപ്പുള്ള ശരീരങ്ങൾ ചെറുപ്പം മുതൽ ശ്രദ്ധിച്ചിരുന്നു, എങ്ങിനെയാണ് ഈ രീതിയിൽ സ്വന്തം ശരീരത്തെ മാറ്റിയെടുക്കുക എന്നതായിരുന്നു ചിന്ത. ശരീര സൗന്ദര്യത്തിൽ പ്രായം തടസ്സമേയല്ലായിരുന്നുവെന്നും മോഹൻദാസ് പറഞ്ഞു. ജിംനേഷ്യത്തിൽ കഠിനമായ പരിശീലനം ഒരു ബോഡി ബിൽഡർക്ക് അത്യാവശ്യമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ശരീരം ഈ രീതിയിൽ 'മസിൽ പെരുക്ക' ത്തിലാക്കാൻ ചിട്ടയായ ജീവിതക്രമവും ആഹാരശീലവുമെല്ലാമാണ്. ആഹാരശീലം വെളിപ്പെടുത്തിയാൽ ഈ മേഖലയിലേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്ന ചെറിയ കുട്ടികൾ അത്തരം ആഹാരക്രമം കുഞ്ഞുപ്രായത്തിലെ നിർബന്ധം പിടിക്കുന്നതിനാൽ തത്ക്കാലം വെളിപ്പെടുത്തുന്നില്ലെന്നും മോഹൻദാസ് വ്യക്തമാക്കി.

അൽഐനിൽ വീടുകളിൽ പോയാണ് കൂടുതലും അദ്ദേഹം ജിം, യോഗ പരിശീലനം നൽകുന്നത്. പയ്യന്നൂർ ജിംനേഷ്യമായിരുന്നു മോഹൻദാസിന്റെ ആദ്യത്തെ പരിശീലനകേന്ദ്രം. രവീന്ദ്രൻ നാട്ടിൽ പരിശീലനം നൽകിയപ്പോൾ യുഎഇയിൽ രാജേഷ് അബുദാബി ആയിരുന്നു പരിശീലനം നൽകിയത്. ഭാര്യ: ലിസാ മോഹൻദാസ്, മക്കൾ: ശ്രേയസ് കുമാർ, അഭിനവ്, കാർത്തിക് എന്നിവർ.