കൊച്ചി: ശാരീരികക്ഷമതാ പരീക്ഷ പാസാകാത്ത ബോഡി ബിൽഡർമാരെ സായുധ പോലീസ് ഇൻസ്പെക്ടർമാരായി നിയമിക്കാൻ തീരുമാനിച്ചത് എന്തടിസ്ഥാനത്തിലാണെന്ന് ഹൈക്കോടതി. ബോഡി ബിൽഡിങ് ചാമ്പ്യൻ ചിത്തരേഷ് നടേശൻ, ലോക പുരുഷസൗന്ദര്യ മത്സരത്തിൽ വെള്ളിനേടിയ ഷിനു ചൊവ്വ എന്നിവരുടെ നിയമനവുമായി ബന്ധപ്പെട്ടായിരുന്നു ജസ്റ്റിസ് എ. ബദറുദ്ദിൻ്റെ ചോദ്യം. നിയമനങ്ങളിൽ വിജിലൻസ് അന്വേഷണമാവശ്യപ്പെട്ട് അഭിഭാഷകൻ കെ.എം. ഷാജഹാൻ ഫയൽചെയ്ത ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
ബോഡി ബിൽഡർമാരുടെ നിയമനം കഴിഞ്ഞ സർക്കാരിലെ മന്ത്രിസഭാ തീരുമാനപ്രകാരമാണെന്നും വിവാദമുയർന്നപ്പോഴാണ് ശാരീരികക്ഷമതാ പരിശോധനയ്ക്ക് വിളിപ്പിച്ചതെന്നും പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി. അസഫലി വിശദീകരിച്ചു. ചിത്തരേഷ് കായികപരീക്ഷയ്ക്ക് ഹാജരായില്ല. ഷിനുവിന് വിജയിക്കാനായില്ലെന്നും വ്യക്തമാക്കി. നിയമനം അഴിമതി നിരോധന നിയമ പരിധിയിൽ വരില്ലെന്നും വിജിലൻസിന്റെ പ്രാഥമിക അന്വേഷണം ആവശ്യമില്ലെന്നും കൂട്ടിച്ചേർത്തു.
അന്താരാഷ്ട്ര കായികമത്സരങ്ങളിൽ പങ്കെടുത്തവർക്ക് ആദരം നൽകുന്ന വ്യവസ്ഥപ്രകാരമാണ് നിയമനമെന്ന് ഷിനുവിന്റെ അഭിഭാഷക ചൂണ്ടിക്കാട്ടി. നിയമന ഉത്തരവിറക്കിയത് ആരെന്ന് വ്യക്തമാക്കണം. ഇവർ പരാജയപ്പെട്ട വിവരം വീണ്ടും മന്ത്രിസഭയ്ക്കുമുന്നിൽ എത്തിയിരുന്നോയെന്ന് വിശദീകരിക്കണം. മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെങ്കിൽ അത് ക്രമക്കേടാണെന്നും കോടതി പറഞ്ഞു. സർക്കാർ നിലപാടിൽ മറുപടി നൽകാനുണ്ടെന്ന് ഹർജിക്കാരൻ അറിയിച്ചതിനെത്തുടർന്ന് വിഷയം തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി.
ഉദ്യോഗസ്ഥർക്ക് പങ്കില്ല
ബോഡി ബിൽഡർമാരുടെ നിയമനം മന്ത്രിസഭയുടെ നയതീരുമാനത്തിൻ്റെ ഭാഗമായിരുന്നെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് പങ്കില്ലെന്നും ആഭ്യന്തരവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി കോടതിയിൽ ഫയൽചെയ്‌ത വിശദീകരണത്തിൽ പറയുന്നു. അതിനാൽ വിഷയത്തിൽ വിജിലൻസ് അന്വേഷണം ആവശ്യമില്ല. നിയമന ഉത്തരവ് നൽകിയെങ്കിലും ഇരു ബോഡി ബിൽഡർമാരും പരിശീലനത്തിൽ പങ്കെടുക്കുകയയോ സർവിസിൽ പ്രവേശിക്കുകയോ ചെയ്‌തിട്ടില്ല. ഹർജിയിൽ എതിർകക്ഷിയായ ഐ.പി. എസ്. ഉദ്യോഗസ്ഥൻ എസ്. ശ്രീജിത്തിന്, കേസ് പരിഗണനയിലിരിക്കേ ഡി.ജി.പി.യായി സ്ഥാനക്കയറ്റം നൽകിയതിനെ കോടതി വിമർശിച്ചിരുന്നു.
ആസൂത്രണ ബോർഡ് ചീഫ് നിയമനം: വിവരാവകാശ കമ്മിഷൻ ഉത്തരവിന് സ്റ്റേ
കൊച്ചി ആസൂത്രണ ബോർഡിലെ ചീഫ് നിയമന പരീക്ഷയുമായി ബന്ധപ്പെട്ട ഉദ്യോഗാർഥികളുടെ മാർക്കും സർട്ടിഫിക്കറ്റുകളും നൽകണമെന്ന വിവരവാകാശ കമ്മിഷൻ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഒരു മാസത്തേക്കാണ് സ്റ്റേ. വിവരാവകാശ അപേക്ഷ നൽകിയ ഉദ്യോഗാർഥി ശ്യാം കൃഷ്ണന് കോടതി നോട്ടീസിനും നിർദേശിച്ചു. കമ്മിഷൻ ഉത്തരവിനെതിരേ പി.എസ്.സി. നൽകിയ ഹർജിയിലാണ് ജസ്റ്റിസ് മുരളി പുരുഷോത്തമൻ്റെ ഇടക്കാല ഉത്തരവ്. സെപ്റ്റംബർ 10-ന് പരിഗണിക്കും.
പരീക്ഷയിൽ ഒന്നും രണ്ടും റാങ്ക് കിട്ടിവരുടെ വിവരങ്ങൾ ആവശ്യപ്പെട്ടായിരുന്നു മൂന്നാം റാങ്കുകാരനായ ശ്യാം കൃഷ്ണൻ വിവരാവകാശ അപേക്ഷ നൽകിയത്. ഇത് അനുവദിച്ചായിരുന്നു വിവരാവകാശ കമ്മിഷൻ്റെ ഉത്തരവ്. മാർക്ക് വിവരങ്ങളും അവർ സമർപ്പിച്ച പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളുടെ പകർപ്പും നൽകാനായിരുന്നു നിർദേശം.
Content Highlights: Kerala High Court questions the appointment of bodybuilders as Armed Police Inspectors without passing fitness tests. Petition filed by advocate K.M. Shajahan seeking a vigilance inquiry into the appointments of Chithresh Natesan and Shinu Chovva. State government claims appointments were cabinet policy decisions and not under the Prevention of Corruption Act. Court demands clarification on whether the failure in fitness tests was reported back to the cabinet.
Published: 12 Aug 2026, 04:00 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented