ഫെമിന മിസ് ഇന്ത്യ 2023 കിരീടം ചൂടിയ പത്തൊമ്പതുകാരി, രാജസ്ഥാനില്‍ നിന്നുള്ള നന്ദിനി ഗുപ്തയുടെ വിശേഷങ്ങൾ കൊണ്ടുനിറയുകയാണ് സാമൂഹികമാധ്യമം. കോട്ട സ്വദേശിയായ നന്ദിനി ബിസിനസ് മാനേജ്‌മെന്റില്‍ ബിരുദം നേടിയതിനുശേഷമാണ് മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുക്കാനെത്തിയത്. ഈ വര്‍ഷം നടക്കുന്ന മിസ് വേള്‍ഡ് മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് നന്ദിനി ആണ്. ഇപ്പോഴിതാ തന്റെ വിജയത്തെക്കുറിച്ച് ഇൻസ്റ്റ​ഗ്രാമിലൂടെ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് നന്ദിനി. 

To advertise here,

വിജയത്തിന്മേലുള്ള തന്റെ സന്തോഷവും നന്ദിയുമൊക്കെ അറിയിച്ചാണ് നന്ദിനി കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ഇന്ത്യയിലെ ചെറിയൊരു പട്ടണമായ കോട്ടയിൽ നിന്ന് ലോകവേദിയിലേക്ക് എന്നു പറഞ്ഞാണ് നന്ദിനി കുറിപ്പ് ആരംഭിക്കുന്നത്. 2023ലെ ഫെമിന മിസ് ഇന്ത്യ പട്ടം കരസ്ഥമാക്കിയതിൽ തനിക്ക് അതിയായ ആഹ്ലാദവും അഭിമാനവുമുണ്ട്. ജീവിതത്തിലെ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുകയാണ്. കഠിനാധ്വാനവും നിശ്ചയദാർഢ്യവും നിറഞ്ഞ ഈ യാത്ര ഒരു റാേളർകോസ്റ്റർ റൈഡിൽ നിന്ന് ഒട്ടും കുറവല്ല.

പുതിയ ഈ ചുമതലയിലേക്ക് ചുവടുവെക്കുമ്പോൾ അത്യധികം അഭിമാനവും ഉത്തരവാദിത്തവുമാണ് ഉള്ളത്. രാജ്യത്തിന്റെ സമ്പന്നമായ സംസ്കാരത്തെയും വൈവിധ്യത്തെയും മൂല്യത്തെയുമൊക്കെ ആ​ഗോളതലത്തിൽ പ്രതിനിധീകരിക്കാൻ താൻ തയ്യാറായിരിക്കുകയാണ്. പ്രിയപ്പെട്ട ഇന്ത്യയെ അഭിമാനം കൊള്ളിക്കാൻ താൻ ഓരോ ദിവസവും പ്രതിജ്ഞാബദ്ധയാണ്. ഇത് പുതിയൊരു അധ്യായത്തിന്റെ വെറുമൊരു തുടക്കം മാത്രമാണ്. ഈ വിജയത്തിന് മാതാപിതാക്കളോടും കുടുംബത്തോടും കടപ്പെട്ടിരിക്കുന്നു. തന്റെ മേലുള്ള അവരുടെ അചഞ്ചലമായ വിശ്വാസത്തിനുള്ള പ്രതിഫലമാണ് ഈ കിരീടം- നന്ദിനി കുറിച്ചു. 

നടിയും മുന്‍ മിസ് വേള്‍ഡുമായ പ്രിയങ്ക ചോപ്രയാണ് തന്റെ പ്രചോദനമെന്ന് നന്ദിനി മുമ്പ് പറഞ്ഞിട്ടുണ്ട്. രാജസ്ഥാനിലെ സെന്റ് പോള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ നന്ദിനി ലാലാ ലജ്പത് റായ് കോളേജില്‍ നിന്നാണ് ബിസിനസ് മാനേജ്‌മെന്റില്‍ ബിരുദം നേടിയത്. 

മിസ് ഇന്ത്യ മത്സരത്തില്‍ സൗന്ദര്യത്തിനൊപ്പം തന്റെ നിലപാടുകളിലൂടെയും നന്ദിനി കൈയ്യടി നേടി. ജീവിതത്തിലുണ്ടാകുന്ന തിരിച്ചടികളാണ് ഒരാളുടെ വ്യക്തിത്വം വികസിപ്പിക്കുന്നതെന്നാണ് നന്ദിനിയുടെ വാദം. മുന്നോട്ടുള്ള ജീവിതത്തില്‍ സംഭവിക്കാനിടയുള്ള പ്രതിസന്ധികളെ തരണം ചെയ്യാന്‍ പ്രാപ്തയാകണമെന്നും അവര്‍ ഓര്‍മപ്പെടുത്തി. 

ബിസിനസുകാരനായ രത്തന്‍ ടാറ്റ തന്റെ ജീവിതത്തില്‍ ഒരുപാട് പ്രചോദനം നല്‍കിയിട്ടുണ്ടെന്നും നന്ദിനി പറഞ്ഞിട്ടുണ്ട്. സമ്പാദ്യത്തിലെ നല്ലൊരു ഭാഗം സാമൂഹ്യസേവനത്തിനായി ചിലഴിക്കുന്ന അദ്ദേഹത്തെ എല്ലാവരും മാതൃകയാക്കണമെന്നാണ് നന്ദിനി പറഞ്ഞത്. മറ്റുള്ളവര്‍ക്ക് ജോലി നല്‍കുക, അവരുടെ ജീവിതം കെട്ടിപ്പടുക്കാനുള്ള പശ്ചാത്തലം ഒരുക്കികൊടുക്കുക, എപ്പോഴും നമ്മുടെ വേരുകളില്‍തന്നെ ഉറച്ചുനില്‍ക്കുക എന്നതെല്ലാമാണ് നന്ദിനിയുടെ ജീവിതലക്ഷ്യങ്ങള്‍. 

കോട്ടയിലെ പ്രശസ്തമായ ഫാബ്രിക് ആയ 'കോട്ട ദാരിയ'  ലോകത്തിന് മുഴുവന്‍ പരിചയപ്പെടുത്തുക എന്നതും നന്ദിനിയുടെ സ്വപ്‌നങ്ങളിലൊന്നാണ്. ഈ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് കാര്യമായ പണമോ പരിഗണനയോ ലഭിക്കുന്നില്ല. അവരെ ചൂഷണങ്ങളില്‍ നിന്ന് രക്ഷിക്കണമെന്നും നന്ദിനി പറയുന്നു. ഒപ്പം ഇന്ത്യയുടെ കൈത്തറി അന്താരാഷ്ട്ര വേദികളില്‍ പ്രോത്സാഹിപ്പിക്കുക എന്നതും നന്ദിനിയുടെ സ്വപ്‌നമാണ്. 

30 മത്സരാര്‍ഥികളാണ് മിസ് ഇന്ത്യ മത്സരത്തില്‍ പങ്കെടുത്തത്. ഡല്‍ഹിയിൽ നിന്നുള്ള ശ്രേയ പൂഞ്ച രണ്ടാം സ്ഥാനത്തും മണിപ്പൂരില്‍ നിന്നുള്ള തൗനോജം സ്‌ത്രെല ലുവാങ് മൂന്നാമതുമെത്തി. മണിപ്പൂര്‍ ഇംഫാലിലെ ഖുമാന്‍ ലംപക്കിലുള്ള ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലായിരുന്നു സൗന്ദര്യ മത്സരം അരങ്ങേറിയത്. 

2002-ലെ മിസ് ഇന്ത്യ യൂണിവേഴ്‌സായ നേഹ ധൂപിയ, ഇന്ത്യന്‍ ബോക്‌സിങ് താരം ലെയ്ഷറാം സരിതാ ദേവി, പ്രശസ്ത കൊറിയോഗ്രാഫര്‍ ടെറന്‍സ് ലൂയിസ്, ചലച്ചിത്ര നിര്‍മാതാവും എഴുത്തുകാരനുമായ ഹര്‍ഷവര്‍ദ്ധന്‍ കുല്‍ക്കര്‍ണി, ഫാഷന്‍ ഡിസൈനര്‍മാരായ റോക്കി സ്റ്റാര്‍, നമ്രത ജോഷിപുര എന്നിവരടങ്ങിയ ജഡ്ജിമാരുടെ പാനലാണ് ജേതാക്കളെ തിരഞ്ഞെടുത്തത്.