ജേർണലിസം കോഴ്സിന്റെ പ്രവേശന പരീക്ഷയെഴുതാൻ കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസ്സിലേക്ക് പുറപ്പെടുമ്പോൾ രാജുമ്മാമ മുന്നറിയിപ്പ് തന്നതാണ്: 'എടോ, ബുദ്ധിജീവികളുടെ മഹാസമ്മേളനം ആയിരിക്കും അവിടെ. നീണ്ട മുടിയും താടിയും ബീഡിയും മുഷിഞ്ഞ ജൂബയും തോളത്തൊരു സഞ്ചിയും സഞ്ചിയിൽ കുപ്പീം ഒക്കെയായി.... 'വലിയൊരു സ്വപ്നമായിരുന്നു അന്ന് പത്രപ്രവർത്തനം. അതിന് വഴിമരുന്നിട്ടത് മുല്ലശ്ശേരി രാജഗോപാൽ എന്ന രാജുമ്മാമയും. 'ഇവനെ ബി ജെ കോഴ്സിൽ ഒന്ന് തിരുകിക്കയറ്റണം' എന്ന് സുഹൃത്തായ അന്നത്തെ മാതൃഭൂമി ന്യൂസ് എഡിറ്റർ വിംസിയെ വിളിച്ചു പറഞ്ഞത് രാജുമ്മാമയാണ്. പ്രവേശന പരീക്ഷക്കുള്ള വിളി വന്നതും ആ ശുപാർശയുടെ ബലത്തിലാവണം. ആകാംക്ഷയും ആശങ്കയുമൊക്കെ ഉള്ളിലൊതുക്കി എൻട്രൻസ് ടെസ്റ്റെഴുതാൻ പോകുമ്പോഴാണ് രാജുമ്മാമയുടെ കിടിലൻ വാണിംഗ്. മിഴിച്ചു നിന്ന അനന്തരവനെ ആശ്വസിപ്പിക്കാനെന്നോണം ഇത്ര കൂടി പറഞ്ഞു മുല്ലശ്ശേരിയുടെ പ്രിൻസ് ചാമിംഗ്: 'നീ അതൊന്നും കണ്ട് പേടിക്കേണ്ട. എന്നെ നല്ലോണം മനസ്സിൽ ധ്യാനിച്ചാൽ മതി. ഒരു കുട്ടിച്ചാത്തനും അടുക്കില്ല..' നിലക്കാത്ത ചുമയിൽ ചെന്നവസാനിക്കുന്ന ആ ട്രേഡ് മാർക്ക് പൊട്ടിച്ചിരി പിന്നാലെ.

To advertise here,

സിനിമകളിൽ കണ്ടു ശീലിച്ച സ്ഥിരം പത്രപ്രവർത്തക കഥാപാത്രങ്ങളുടെ ഭാവഹാവാദികൾ ആയിരുന്നിരിക്കണം രാജുമ്മാമയെക്കൊണ്ട് അങ്ങനെ പറയിപ്പിച്ചത്. കോമഡി ലുക്കുള്ളവരായിരുന്നല്ലോ പൊതുവേ അന്നത്തെ സിനിമയിലെ പത്രക്കാർ. സിനിമ വേറെ. ജീവിതം വേറെ. എങ്കിലും ചെറിയൊരു ആശങ്ക ഉള്ളിൽ ഇല്ലാതില്ല. ജൂബ്ബാ-താടി-ബീഡിക്കാർക്കിടയിൽ നമ്മുടെ ബുജി ലുക്ക് പോരാതെ വരുമോ? ശ്വാസം നേരെ വീണത് ടെസ്റ്റ് നടക്കുന്ന സെനറ്റ് ഹാളിന് മുന്നിൽ ചെന്നപ്പോഴാണ്. അവിടെ ആൾക്കൂട്ടത്തിൽ നിന്നൊഴിഞ്ഞുമാറി അലസനായി മരത്തിൽ ചാരി നിൽക്കുന്നു ജീൻസും ടീഷർട്ടുമണിഞ്ഞു ചുണ്ടിൽ പുകയുന്ന സിഗററ്റുമായി ഒരു യുവകോമളൻ. താടിയുണ്ട്. പക്ഷേ ബുദ്ധിജീവിത്താടിയല്ല. മനോഹരമായി വെട്ടിനിർത്തിയ കബീർ ബേഡിത്താടി. കണ്ണടച്ചില്ലിനുള്ളിലൂടെ ഹൃദയപൂർവം ചിരിച്ചുകൊണ്ട് എന്നെ വരവേറ്റു അയാൾ: 'ആളുകളൊക്കെ വളരെ സീരിയസ് ആണെന്ന് തോന്നുന്നു. നിങ്ങളാണ് ആകെ ചിരിച്ചുകണ്ടത്.'

എൻ സോമശേഖരൻ എന്ന സോമന്റെ സൗഹൃദവലയത്തിലേക്ക് ഞാൻ കടന്നു ചെന്ന നിമിഷം; സോമൻ എന്റെയും. മറക്കാനാവാത്ത ഒരു 'കൂട്ടുകെട്ടി'ന്റെ തുടക്കം. അധികം വൈകാതെ ആ വർഷത്തെ ബി ജെ ബാച്ചിൽ സഹപാഠികളായി ഞങ്ങൾ. നാല് പതിറ്റാണ്ടുകൾക്കിപ്പുറം സോമശേഖരന്റെ പ്രൗഢമായ ആധ്യാത്മിക പ്രഭാഷണങ്ങൾ യൂട്യൂബിൽ കേൾക്കുമ്പോൾ, പുരാണ കഥകൾ ഉദ്ധരിച്ചുകൊണ്ടുള്ള പ്രസാദാത്മക രചനകൾ വായിക്കുമ്പോൾ, ആദ്യം ഓർമ്മയിൽ തെളിയുക ആ പഴയ 'ഫ്രീക്ക'ന്റെ രൂപം തന്നെ. ജീവിതത്തെ നർമ്മത്തോടെ, ലാഘവത്തോടെ നോക്കിക്കണ്ടിരുന്ന, സംഭാഷണപ്രിയനായ ഒരാൾ. അന്നത്തെ ഭൗതിക സോമനിൽ നിന്ന് ഇന്നത്തെ ആത്മീയ സോമനിലേക്കുള്ള യാത്രയെ കുറിച്ച് കഥാപുരുഷൻ തന്നെ പറഞ്ഞുകേൾക്കുമ്പോൾ ജീവിതത്തിന്റെ പ്രവചനാതീത വഴികളെക്കുറിച്ച് വിസ്മയം തോന്നും. എല്ലാം ഈശ്വരേച്ഛ എന്നേ പറയൂ സോമൻ.

യൂണിവേഴ്സിറ്റിയുടെ ബാച്ച്‌ലർ ഇൻ ജേർണലിസം കോഴ്സിന് പഠിക്കുമ്പോഴേ മംഗളം എന്ന മാധ്യമസാമ്രാജ്യത്തിന്റെ ഭാഗമാണ് സോമൻ. ബാലമംഗളത്തിന്റെ ചുമതലയുള്ള പത്രാധിപർ. കുട്ടികൾക്ക് വേണ്ടി മാത്രമല്ല മുതിർന്നവർക്ക് വേണ്ടിയും തലങ്ങും വിലങ്ങും എഴുതും. പതിനേഴാം വയസ്സിൽ തുടങ്ങിയ സാഹിത്യ സപര്യ. പരന്ന വായന കൈമുതലായി ഉണ്ടായിരുന്നതുകൊണ്ട് ഏത് വിഷയവും ഹൃദിസ്ഥം. ഭാഷാശൈലിയാകട്ടെ ഒരേസമയം ലളിതവും ഹൃദ്യവും.

ജേർണലിസം പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് സോമന്റെ പത്രപ്രവർത്തന ജീവിതത്തിലെ നിർണ്ണായകമായ ആ വഴിത്തിരിവ്: സാക്ഷാൽ 'ഡിങ്ക'ന്റെ പിറവി. ബാലമംഗളത്തിനുവേണ്ടി അമാനുഷ സിദ്ധിയുള്ള ആ മൂഷിക കഥാപാത്രത്തെ സൃഷ്ടിച്ചത് സോമൻ തന്നെ. ചീഫ് എഡിറ്റർ എം സി വർഗ്ഗീസിന്റെ ബുദ്ധിയിൽ വിരിഞ്ഞതായിരുന്നു കുട്ടിവായനക്കാരെ പിടിച്ചിരുത്താൻ പോന്ന കാർട്ടൂൺ കഥാപാത്രം എന്ന ആശയം. സോമശേഖരൻ അതിന് മജ്ജയും മാംസവും ഒപ്പം രസികനൊരു പേരും നൽകി. ബേബി എന്ന ആർട്ടിസ്റ്റ് അതിനൊരു രൂപവും. ഡിങ്കന്റെ വരവോടെ ബാലമംഗളത്തിന്റെ പ്രചാരവും കൂടി. ഒന്നേകാൽ ലക്ഷംവരെ എത്തി അത്. ഒരു ബാലപ്രസിദ്ധീകരണത്തെ സംബന്ധിച്ച് വിസ്മയകരമായ വളർച്ച. കുട്ടികൾ മാത്രമല്ല മുതിർന്നവരുമുണ്ടായിരുന്നു ഡിങ്കന്റെ ആരാധകരിൽ. പിൽക്കാലത്ത് ഡിങ്കന്റെ സ്വാധീനത്തിൽ ഡിങ്കോയിസം എന്നൊരു സാമൂഹിക പ്രസ്ഥാനം തന്നെ ഉയർന്നുവന്നു എന്നത് ഇന്നോർക്കുമ്പോൾ കൗതുകം തോന്നുന്ന കാര്യം.

പക്ഷേ അപ്പോഴേക്കും ഡിങ്കന്റെ ശില്പി പത്രജീവിതം ഉപേക്ഷിച്ച് ആധ്യാത്മികതയുടെ വഴി തിരഞ്ഞെടുത്തുകഴിഞ്ഞിരുന്നു; ജന്മ നിയോഗം പോലെ. അത് മറ്റൊരു കഥ. പ്രഭാഷണങ്ങളും സപ്താഹങ്ങളും ഭാഗവത യജ്ഞങ്ങളും സത്സംഗവും ഒക്കെയായി തിരക്കിലാണ് സോമശേഖരൻ. എഴുത്തും ഗ്രന്ഥരചനയും അതിന് പുറമേ. സോമന്റെ ശ്രീസായ് സത്ചരിതം എന്ന കൃതി ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ടത് സമീപകാലത്താണ്. പുരാണങ്ങളിൽ നിന്ന് മാത്രമല്ല പുതിയ കാലത്തുനിന്നുള്ള ഉദാഹരണങ്ങളും പ്രഭാഷണങ്ങളിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുന്നു സോമശേഖരൻ. അതുകൊണ്ടുതന്നെ പുതിയ തലമുറക്കും പ്രിയങ്കരം സോമന്റെ വീക്ഷണങ്ങളും നിരീക്ഷണങ്ങളും അവയുടെ അവതരണ ശൈലിയും. ആത്മീയ വിശുദ്ധി നിറഞ്ഞ വാക്കുകളിലൂടെ സദസ്സുമായി സംവദിച്ച് വേദിയിൽ ഇരിക്കുന്ന വെൺമേഘത്താടിയുള്ള വ്യക്തിയിൽ നിന്ന് ആ പഴയ സോമനെ വേർതിരിച്ചെടുക്കാൻ ശ്രമിക്കാറുണ്ട്; അർത്ഥശൂന്യമെന്ന് അറിഞ്ഞുകൊണ്ടുതന്നെ. പത്രപ്രവർത്തന ജീവിതത്തിന്റെ ആരംഭ ബിന്ദുവിൽ പകച്ചു നിന്ന ഏകാകിയായ ഒരു പയ്യനെ സൗഹാർദ്ദ മനസ്സോടെ ചേർത്തുപിടിച്ച സഹപാഠിയെ അങ്ങനെ മറക്കാൻ കഴിയുമോ അവന്?