
ഒന്നരവർഷത്തിന്റെ കാത്തിരിപ്പിനൊടുവിൽ കാണാതായ മകനെ കണ്ടുകിട്ടിയെന്നറിഞ്ഞപ്പോൾ ആ അമ്മയുടെ കണ്ണുകൾ ഈറനണിഞ്ഞു. ഝാർഖണ്ഡ് സ്വദേശിനി ബിശ്വാസി പദ്യ എന്ന അറുപതുകാരിയാണ് വീഡിയോകോളിലൂടെ കാണാതായ തന്റെ മകനുമായി വർഷങ്ങൾക്കുേശഷം സംസാരിച്ചത്. ആംഗ്യഭാഷയിലൂടെയായിരുന്നു ഇരുവരും തമ്മിലുള്ള ആശയവിനിമയം.
സംസാര-ശ്രവണ പരിമിതിയുള്ള ആദിവാസി വിഭാഗത്തിൽപ്പെട്ട പതിനഞ്ചുവയസ്സുകാരൻ രാജ് പദ്യ, താൻ ഉടനെവരുമെന്ന് അമ്മയോട് ആംഗ്യഭാഷയിൽ പറയുന്ന കാഴ്ച കണ്ടുനിന്നവരെ ഈറനണിയിച്ചു. ഒന്നരവർഷമായി പീസ്വാലിയിൽ കഴിയുന്ന രാജ് പദ്യയ്ക്ക് ബന്ധുക്കളെ കണ്ടെത്തി തിരികെ ഏല്പിച്ച സന്ദർഭത്തിലായിരുന്നു വൈകാരികനിമിഷങ്ങൾ. ബന്ധുക്കളെ കണ്ടെത്താൻ നെല്ലിക്കുഴി റോയൽ ബധിര വിദ്യാലയം അധികൃതരുടെ നിതാന്ത പരിശ്രമമാണ് കുട്ടിക്ക് അമ്മയ്ക്ക് അരികിലേക്ക് എളുപ്പവഴി തുറന്നത്.
2024 ഓഗസ്റ്റിലാണ് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് സംസാരശേഷിയില്ലാതെ തെരുവിൽ അലയുന്ന കുട്ടിയെ കണ്ടെത്തിയ പോലീസ് ശിശുക്ഷേമ സമിതിമുഖേന പീസ് വാലിയിൽ എത്തിച്ചത്. ആദ്യമൊക്കെ ആളുകളോട് ഇടപഴകാൻ മടികാണിച്ചിരുന്ന കുട്ടി രാജ് എന്ന പേര് എഴുതിക്കാണിച്ചെങ്കിലും മറ്റ് വിവരങ്ങൾ ധരിപ്പിക്കാൻ കഴിഞ്ഞില്ല. സംസാര പരിമിതനായ രാജിനെ കഴിഞ്ഞ നവംബറിൽ നെല്ലിക്കുഴിയിലെ റോയൽ ബധിരവിദ്യാലയത്തിൽ ചേർത്തു.
സ്‌കൂളിൽ അഡ്മിഷന് ആധാർകാർഡ് ലഭ്യമാക്കാനായി പീസ് വാലിയും സ്‌കൂളിലെ പ്രധാനാധ്യാപിക കെ.സി. ലളിതാവിനോദിനിയും ചേർന്ന് നടത്തിയ ശ്രമങ്ങളാണ് രാജിന് വീട്ടിലേക്കുള്ള തിരിച്ചുപോക്കിന് വഴിതെളിച്ചത്. തിരുവനന്തപുരത്തെ സ്റ്റേറ്റ് ആധാർ (യു.ഐ.ഡി.എ.ഐ.) കേന്ദ്രത്തിൽ കുട്ടിയെ എത്തിച്ച് ബയോമെട്രിക്ക് നടത്തി ബെംഗളൂരു റീജണൽ ഓഫീസ് മുഖേനയാണ് കുട്ടി മുൻപ് പഠിച്ച പ്രൈമറി സ്‌കൂൾ കണ്ടെത്തിയത്.
Content Highlights: mother overjoyed to find missing son after a year and a half of waiting
Published: 13 Feb 2026, 09:52 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented