മെസ്സിയേയും റൊണാള്‍ഡോയേയും ഒറ്റക്കള്ളിയിൽ പൂട്ടി ഹിറ്റാക്കിയ ആനി


അരുണ്‍ മധുസൂദനന്‍

'വെളിച്ചത്തിന്റെ വിന്യാസത്തെക്കുറിച്ച് സ്‌കൂളില്‍ എന്നെ ഒന്നും പഠിപ്പിച്ചിരുന്നില്ല. കറുപ്പിനേയും വെളുപ്പിനേയും കുറിച്ച് മാത്രമായിരുന്നു പറഞ്ഞു തന്നിരുന്നത്. അതിനാല്‍ എനിക്ക് സ്വന്തമായി നിറം നല്‍കേണ്ടിവന്നു.'- ജീവതത്തെക്കുറിച്ചും താന്‍ പകര്‍ത്തിയ ചിത്രങ്ങള്‍ക്കും അവരുടേതായ നിറംകൊടുക്കുന്ന ആനിയുടെ വാക്കുകളാണിത്

ലൂയി വിറ്റോണിന് വേണ്ടി ആനി പകർത്തിയ ചിത്രം, ആനി ലെയ്‌ബോവിറ്റ്‌സ്‌ | Photo: Twitter/Facebook (Cristiano Ronaldo, Annie Leibovitz)

ചെസ്സുമായി ബന്ധമില്ലാത്ത രണ്ടുപേര്‍ ചതുരംഗക്കളത്തിന് ഇരുപുറവും ഇരുന്നാല്‍ എന്തു സംഭവിക്കും? ഖത്തറില്‍ ലോകകപ്പിന് പന്തുരുളും മുമ്പ് പുറത്തുവന്നൊരു ഫോട്ടോയുടെ പശ്ചാത്തലത്തിലാണ് ചോദ്യമെങ്കില്‍ നിങ്ങള്‍ക്ക് പല ഉത്തരം ലഭിച്ചേക്കും. എല്ലാത്തിലും പക്ഷേ, എല്ലാകാലത്തേയും ഫുട്‌ബോളിന്റെ ദൈവങ്ങളെക്കുറിച്ചുള്ള വാഴ്ത്തുപാട്ടുകളുണ്ടാവും.

രണ്ടുട്രങ്കു പെട്ടികള്‍. ഒന്നിനുമുകളില്‍ കറുപ്പും വെളുപ്പും നിറഞ്ഞ ചതുരംഗകളങ്ങള്‍, അതിനുംമുകളില്‍ കരുക്കള്‍. അടുത്ത നീക്കത്തെക്കുറിച്ച് ചിന്തിച്ചിരിക്കുന്ന രണ്ടുപേര്‍. ശനിയാഴ്ച പുറത്തുവന്ന ആ ചിത്രത്തില്‍ ഇത്രയുമേ ഉണ്ടായിരുന്നുള്ളു. ഇതിലധികമായുണ്ടായിരുന്നത് രണ്ടു മനുഷ്യരാണ്. ലൂയി വിറ്റോണിന്റെ പരസ്യചിത്രം, ആരാധകര്‍ക്ക് കൊണ്ടാടാനുള്ള ഒരപൂര്‍വ്വ ഫുട്‌ബോള്‍ ചിത്രമായി മാറ്റാന്‍ മാത്രം ഔന്നത്യമുള്ള രണ്ടുപേര്‍, ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും. വിജയം മാനസികമായ ഒരവസ്ഥയാണ് എന്നാണ് ചിത്രം പങ്കുവെച്ച മെസ്സിയും റൊണാള്‍ഡോയും നല്‍കിയ അടിക്കുറിപ്പ്, അവരെന്നും കരുതുന്നത് പോലെ.ഇരുവരും പങ്കുവെച്ച ചിത്രം വളരെ പെട്ടന്നാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറികളായും വാട്‌സ് ആപ്പ് സ്റ്റാറ്റസുകളായും ഫെയ്സ്ബുക്ക് പോസ്റ്റുകളായും നിറഞ്ഞത്. ട്വിറ്ററേറ്റികള്‍ വ്യത്യസ്തമായ കമന്റുകള്‍കൊണ്ടും റിട്വീറ്റുകള്‍ കൊണ്ടു ചിത്രം ആഘോഷിച്ചു. ഖത്തറിലേത് ഇരുവരുടേയും അവസാന ലോകകപ്പ് ആയേക്കുമെന്ന് വിലയിരുത്തപ്പെടുന്ന സാഹചര്യവുമായതിനാല്‍ ഒരു പരസ്യചിത്രത്തിനപ്പുറമുള്ള സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്.

എനിക്ക് രണ്ടുജീവിതങ്ങളില്ല. അതിലൊന്നാണ് ഇപ്പോഴത്തേത്. ഞാനിപ്പോള്‍ പകര്‍ത്തിക്കൊണ്ടിരിക്കുന്ന ഈ ചിത്രങ്ങളും ഏറ്റെടുത്തിരിക്കുന്ന കര്‍ത്തവ്യങ്ങളും അതിന്റെ ഭാഗമാണെന്ന് പറയുന്നൊരു വനിതാ ഫോട്ടോഗ്രാഫറാണ് കഴിഞ്ഞ ദിവസം വൈറലായ ചിത്രത്തിന്റെ പിന്നില്‍. സെലിബ്രിറ്റി ഫോട്ടോകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ആനി ലെയ്‌ബോവിറ്റ്‌സിന്റെ പേര് ഫോട്ടോഗ്രാഫി മേഖലയ്ക്ക് അപരിചിതമൊന്നുമല്ല. ലോകത്തിലെ തന്നെ പ്രശസ്ത ഫോട്ടോഗ്രാഫര്‍മാരില്‍ ഒരാളാണ് ആനി. എലിസബത്ത് രാജ്ഞി, മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ, ലേഡി ഗാഗ, കിം കര്‍ദാഷിയാന്‍, സെറീന വില്യംസ്, ജന്നിഫര്‍ ലോപ്പസ് എന്നിവര്‍ ആനിയുടെ ചിത്രങ്ങള്‍ക്കുള്ള മോഡലായിട്ടുണ്ട്. ബീറ്റില്‍ ബാന്‍ഡിലെ അംഗമായിരുന്ന ജോണ്‍ ലെന്നോണിനേയും അദ്ദേഹത്തിന്റെ പങ്കാളി യോകോ ഓനോയേയും പകര്‍ത്തിയ ചിത്രമാണ് ആനിയുടെ എക്കാലത്തേയും മികച്ച ചിത്രമായി കണക്കാക്കപ്പെടുന്നത്. 1980 ഡിസംബര്‍ എട്ടിന് ആനി പകര്‍ത്തിയ ചിത്രം 1981 ജനുവരി 22ന് പുറത്തുവരുമ്പോള്‍ യോകോ ഓനോ വിധവയായിരുന്നു. ആനി ചിത്രം പകര്‍ത്തിയ അതേദിവസം വൈകീട്ട് ജോണ്‍ ലെന്നോണ്‍ കൊല്ലപ്പെടുകയായിരുന്നു. കഴിഞ്ഞ നാല്‍പത് വര്‍ഷത്തെ ഏറ്റവും മികച്ച മാഗസിന്‍ കവറായി അമേരിക്കന്‍ സൊസൈറ്റി ഓഫ് മാഗസിന്‍ എഡിറ്റേഴ്‌സ് ഈ ചിത്രമടങ്ങിയ റോളിങ് സ്‌റ്റോണ്‍ മാസികയുടെ കവറാണ് തിരഞ്ഞെടുത്തത്.

ആനി റോളിങ് സ്‌റ്റോണ്‍ മാഗസിന് വേണ്ടി പകര്‍ത്തിയ ജോണ്‍ ലെന്നോണിന്റേയും യോകോ ഓനോയുടേയും ചിത്രം

യു.എസിലെ കണക്ടിക്കട്ടിലെ വാട്ടര്‍ബറിയില്‍ ജനിച്ച ആനി സാന്‍ഫ്രാന്‍സിസ്‌കോ ആര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പെയിന്റിങ് പഠിച്ചു. അമ്മയ്‌ക്കൊപ്പം ജപ്പാനിലേക്കുള്ള യാത്രയാണ് ആനിയെ തന്റെ മേഖല ഫോട്ടോഗ്രാഫിയാണെന്ന തിരിച്ചറിവ് നല്‍കുന്നത്. സാന്‍ഫ്രാന്‍സിസ്‌കോയില്‍ തിരിച്ചെത്തിയ ആനി ഫോട്ടോഗ്രാഫിയെക്കുറിച്ച് ക്ലാസുകള്‍ കൈകാര്യം ചെയ്യാന്‍ തുടങ്ങി. ഇസ്രായേലിലെ കിബ്ബുട്‌സിലുണ്ടായിരുന്ന കാലമാണ് തന്നെ കൂടുതല്‍ മികച്ച ഫോട്ടോഗ്രാഫറാക്കി മാറ്റിയതെന്ന് അവര്‍ വിശ്വസിക്കുന്നു. 1970ല്‍ റോളിങ് സ്‌റ്റോണ്‍ മാസികയുടെ ഫോട്ടോഗ്രാഫറായി. അക്കാലത്ത് ബോബ് ഡിലന്‍, ബോബ് മാര്‍ലി, പാറ്റി സ്മിത്ത് എന്നിവരുടെ ചിത്രങ്ങള്‍ ആനി പകര്‍ത്തി. 1983ല്‍ ആനി അവരുടെ ചിത്രങ്ങളുടെ സമാഹാരം പുറത്തിറക്കി. അതേ വര്‍ഷം തന്നെ അവര്‍ വാനിറ്റി ഫെയര്‍ മാഗസിനില്‍ ചേര്‍ന്നു. വോഗിലും ന്യൂയോര്‍ക്ക് ടൈംസിലും ന്യൂയോര്‍ക്കറിലും അവരുടെ ചിത്രങ്ങള്‍ കവറുകളായും അല്ലാതെയും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

യു.എസിലെ ലൈബ്രറി ഓഫ് കോണ്‍ഗ്രസ് ആനിയെ ജീവിക്കുന്ന ഇതിഹാസം എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. 1991ലെ വാഷിങ്ടണിലെ പോര്‍ട്രേറ്റ് ഗാലറിയില്‍ ചിത്രപ്രദര്‍ശനം നടക്കുമ്പോള്‍, അത്തരത്തിലൊരവസരം ലഭിക്കുന്ന അന്ന് ജീവിച്ചിരിക്കുന്നതില്‍ രണ്ടാമത്തെ മാത്രം ഫോട്ടോഗ്രാഫറും ആദ്യ വനിതയുമായിരുന്നു ആനി. എലിസബത്ത് രാജ്ഞിയുടേയും വോഗിന് വേണ്ടി അമേരിക്കന്‍ ബാസ്‌കറ്റ് ബോള്‍ താരം ലെബ്രോണ്‍ ജെയിംസിന്റേയും ഫോട്ടോഷൂട്ടും വിവദങ്ങളില്‍ പെട്ടിരുന്നു.

ആനി ലെയ്‌ബോവിറ്റ്‌സ് പകര്‍ത്തിയ ജെന്നിഫര്‍ ലോപ്പസിന്റെ ചിത്രം, വോഗിന്റെ കവര്‍

'വെളിച്ചത്തിന്റെ വിന്യാസത്തെക്കുറിച്ച് സ്‌കൂളില്‍ എന്നെ ഒന്നും പഠിപ്പിച്ചിരുന്നില്ല. കറുപ്പിനേയും വെളുപ്പിനേയും കുറിച്ച് മാത്രമായിരുന്നു പറഞ്ഞു തന്നിരുന്നത്. അതിനാല്‍ എനിക്ക് സ്വന്തമായി നിറം നല്‍കേണ്ടിവന്നു.'- ജീവതത്തെക്കുറിച്ചും താന്‍ പകര്‍ത്തിയ ചിത്രങ്ങള്‍ക്കും അവരുടേതായ നിറംകൊടുക്കുന്ന ആനിയുടെ വാക്കുകളാണിത്.

*ഖത്തര്‍ ലോകകപ്പ് വാര്‍ത്തകള്‍, ഫീച്ചറുകള്‍, ചിത്രങ്ങള്‍, വിശകലനങ്ങള്‍ എന്നിവയ്ക്കായി*
*Join Whatsapp Group*
https://mbi.page.link/1pKR

Content Highlights: who is annie leibovitz who photographed messi and ronaldo for louis vuitton


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented