തൊലിപ്പുറത്തുണ്ടാകുന്ന ഓട്ടോ ഇമ്മ്യൂൺ രോഗമായ സോറിയാസിസ് നൽകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് മനസ്സുതുറന്ന് പ്രശസ്ത അമേരിക്കൻ റിയാലിറ്റി ടിവി താരവും മോഡലുമായ കിം കർദാഷിയാൻ. കഴിഞ്ഞ 15 വർഷത്തിലേറെയായി താൻ ഈ രോഗാവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നും, ഇത് തന്നിൽ വലിയ അരക്ഷിതാവസ്ഥയും മാനസികപ്രശ്‌നങ്ങളും ഉണ്ടാക്കിയിട്ടുണ്ടെന്നും കിം വെളിപ്പെടുത്തി.

To advertise here,

25-ാം വയസ്സിലാണ് തനിക്ക് ആദ്യമായി സോറിയാസിസ് വരുന്നത്. അമ്മ ക്രിസ് ജെന്നറിനും ഈ രോഗാവസ്ഥയുണ്ടായിരുന്നു. തുടക്കത്തിൽ കേവലം ഒരു അലർജിയാണെന്ന് കരുതിയെങ്കിലും പിന്നീടാണ് സോറിയാസിസാണെന്ന് തിരിച്ചറിഞ്ഞത്. തന്റെ കാലുകളിലും കൈകളിലും വയറിലും മുഖത്തും വരെ രോഗം മൂലമുള്ള ചുവന്ന പാടുകളും തിണർപ്പുകളും പ്രത്യക്ഷപ്പെടാറുണ്ട്. ചില സമയങ്ങളിൽ ഇവ കഠിനമായ ചൊറിച്ചിലും അസ്വസ്ഥതയും ഉണ്ടാക്കും.

'വലിയ പരിപാടികൾക്കും ഷൂട്ടുകൾക്കും പോകുമ്പോൾ ഈ പാടുകൾ മറയ്ക്കാൻ ഞാൻ ബോഡി മേക്കപ്പുകൾ ഉപയോഗിക്കാറുണ്ട്. ചില ദിവസങ്ങളിൽ എനിക്ക് വലിയ അരക്ഷിതാവസ്ഥ തോന്നും- കിം പറയുന്നു.

 

രോഗശമനത്തിനായി ചെയ്യാവുന്നതെല്ലാം താൻ ചെയ്തുനോക്കിയിട്ടുണ്ടെന്ന് കിം വ്യക്തമാക്കി. പ്ലാന്റ് ബേസ്ഡ് ഡയറ്റിലേക്ക് മാറി. ആറാഴ്ചയോളം തുടർച്ചയായി സെലറി ജ്യൂസ് കുടിക്കുന്ന രീതി വരെ പരീക്ഷിച്ചു.

ഹെർബൽ ടീ, ക്രീമുകൾ, ലൈറ്റ് തെറാപ്പികൾ, ലേസർ ചികിത്സകൾ തുടങ്ങിയവയെല്ലാം ചെയ്തുവെന്നും കിം പറയുന്നു. എന്നാൽ സോറിയാസിസ് പിന്നീട് എല്ലുകളെയും സന്ധികളെയും ബാധിക്കുന്ന സോറിയാറ്റിക് ആർത്രൈറ്റിസായി മാറി. ഫോൺ പോലും കൈയിലെടുക്കാൻ പറ്റാത്ത രീതിയിൽ കൈകളിലും സന്ധികളിലും കഠിനമായ വേദന അനുഭവപ്പെട്ടിരുന്ന സമയങ്ങളെക്കുറിച്ചും കിം വെളിപ്പെടുത്തി. സോഷ്യൽ മീഡിയയിലൂടെ തന്റെ അവസ്ഥയെക്കുറിച്ച് തുറന്നുപറയാൻ കിം മടിക്കാറില്ല.

തന്നെപ്പോലെ ഈ രോഗാവസ്ഥ അനുഭവിക്കുന്ന ദശലക്ഷക്കണക്കിന് ആളുകൾക്ക് ആത്മവിശ്വാസം നൽകാനാണ് താൻ ശ്രമിക്കുന്നത്.ഒരു ഓട്ടോ ഇമ്മ്യൂൺ രോഗമുണ്ടെന്ന് കരുതി ജീവിതം അവസാനിക്കുന്നില്ല. അതിനെ നിയന്ത്രിച്ച് നിർത്തി മുന്നോട്ട് പോകാൻ നമ്മൾ പഠിക്കണം,' കിം ഓർമ്മിപ്പിക്കുന്നു.