പൊതുവായ വാതരോഗങ്ങളുടെ ഗണത്തിൽ വളരെ സാവധാനത്തിൽ വ്യാപിക്കുന്നതും ഗൗരവതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുന്നതുമായ രോഗാവസ്ഥയാണ് സോറിയാസിസ് ആർത്രൈറ്റിസ്. കോശജ്വലന സന്ധിവാതങ്ങളിൽ പെട്ടതാണ് ഈ രോഗാവസ്ഥ. നേരത്തെ സോറിയാസിസ് ബാധിതരായവരിൽ 30 ശതമാനത്തോളം പേരെ സോറിയാസിസ് ആർത്രൈറ്റിസ് ബാധിക്കുന്നു എന്നാണ് പൊതുവായ കണക്ക്. ശരീരത്തിലെ 78 ഓളം പ്രധാന സന്ധികളിൽ ഏതിനെ വേണമെങ്കിലും സോറിയാസിസ് ആർത്രൈറ്റിസ് ബാധിക്കാമെന്നതും ശ്രദ്ധേയമാണ്.

To advertise here,

ശരീരത്തിന്റെ സ്വാഭാവികമായ പ്രതിരോധ സംവിധാനം തന്നെ ആരോഗ്യമുള്ള കോശങ്ങളെ അക്രമിക്കുന്ന ഓട്ടോ ഇൻഫ്ളമേറ്ററി എന്ന് വിളിക്കുന്ന അവസ്ഥയുടെ പരിണിതഫലമാണ് സോറിയാസിസ് ആർത്രൈറ്റിസ്. തൊലി, സന്ധി എന്നീ ഭാഗങ്ങളെയാണ് ഈ രോഗാവസ്ഥ അക്രമിക്കുന്നത്. കൃത്യസമയത്ത് റുമറ്റോളജിസ്റ്റിനെയോ പരിചയ സമ്പന്നനായ ഡോക്ടറെയോ സന്ദർശിച്ച് ഉചിതമായ ചികിത്സ സ്വീകരിച്ചില്ലെങ്കിൽ രോഗം സന്ധികളിലും കോശങ്ങളിലുമെല്ലാം വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും.

ലക്ഷണങ്ങൾ

  • കൈവിരലുകളിലെയും കാൽവിരലുകളിലെയും നീർക്കെട്ട്
  • പാദവേദന
  • നടുവേദന
  • ക്ഷീണം
  • സ്നായുവിന് (ടെണ്ടൻ-ചലന ഞരമ്പ്) ചുറ്റും നീർക്കെട്ടും വേദനയും.
  • സന്ധികളിൽ രാവിലെ അനുഭവപ്പെടുന്ന വഴക്കമില്ലായ്മ
  • ശോധന കുറവ്
  • നഖത്തിലെ മാറ്റങ്ങൾ
  • കണ്ണിന് ചുവപ്പും വേദനയും
  • കാൽമുട്ട്, കൈമുട്ട്, തലയോട് എന്നിവിടങ്ങളിലെ തൊലിയിൽ ശൽക്കങ്ങൾ കാണപ്പെടുക

റുമറ്റോയിഡ് ആർത്രൈറ്റിസുമായി പൊതുവായ ചില സമാനതകൾ സോറിയാസിസ് ആർത്രൈറ്റിസിനുമുണ്ട്. എന്നാൽ നഖങ്ങളിലും മറ്റും കാണപ്പെടുന്ന ലക്ഷണങ്ങൾ സോറിയാസിസ് ആർത്രൈറ്റിസിന്റെ തനതായ സവിശേഷതകളാണ്.

സങ്കീർണ്ണതകൾക്കുള്ള സാധ്യതകൾ

നേരത്തെ തന്നെ തിരിച്ചറിഞ്ഞ് നിർബന്ധമായ ഉചിതമായ ചികിത്സ സ്വീകരിക്കേണ്ട രോഗാവസ്ഥയാണ് സോറിയാസിസ് ആർത്രൈറ്റിസ്. കൃത്യസമയത്ത് ചികിത്സ സ്വീകരിച്ചില്ലെങ്കിൽ നിരവധി പ്രത്യാഘാതങ്ങളിലേക്ക് നയിക്കാനുള്ള സാധ്യതയുണ്ട്. പ്രധാന സങ്കീർണ്ണതകൾ ഇനി പറയുന്നു.

സ്ഥായിയായ വൈകല്യങ്ങൾ: കൃത്യസമയത്ത് രോഗം തിരിച്ചറിയുകയും ചികിത്സ ആരംഭിക്കുകയും ചെയ്തില്ലെങ്കിൽ ശരീര വൈകല്യങ്ങൾ സംഭവിക്കും. സംഭവിച്ചതിന് ശേഷം ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കാത്ത തരത്തിലുള്ള സ്ഥായിയായ വൈകല്യങ്ങളായിരിക്കും ഇവ.

ഹൃദയാഘാതം: ഹൃദയാഘാതം, സ്ട്രോക്ക് മുതലായ രോഗാവസ്ഥകളിലേക്ക് നയിക്കുന്ന സാഹചര്യങ്ങളെ പ്രചോദിപ്പിക്കാനും, അതുവഴി ഈ രോഗാവസ്ഥകൾക്ക് വഴിയൊരുക്കാനും സോറിയാസിസ് ആർത്രൈറ്റിസിന് സാധിക്കും.

ക്രോൺസ് ഡിസീസ്: സോറിയാസിസ് രോഗികളിലും അപൂർവ്വരോഗമായ ക്രോൺസ് ഡിസീസിലും ഏറെക്കുറെ സമാനമായ ജനിതക വ്യതിയാനമാണുള്ളത് എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇവ രണ്ടും തമ്മിൽ സ്വാഭാവികമായുള്ള ബന്ധം നിലനിൽക്കുന്നു.

നിരാശ: മാനസിക സംഘർഷത്തിലേക്ക് നയിക്കാനും, നിരാശയിലേക്ക് നയിക്കാനും ഈ രോഗാവസ്ഥ കാരണമാകും. സോറിയാസിസും സോറിയാസിസ് ആർത്രൈറ്റിസും ഒരുമിച്ചുള്ളവരിൽ ഇതിനുള്ള സാധ്യത താരതമ്യേന കൂടുതലാണ്.

പ്രമേഹം: ടൈപ്പ് 2 പ്രമേഹത്തിലേക്ക് നയിക്കാനുള്ള സാധ്യത സോറിയാസിസ് ആർത്രൈറ്റിസ് ബാധിതരിൽ കൂടുതലാണ്. അമിത ദാഹം, വിശപ്പ്, കാഴ്ച തകരാർ, ക്ഷീണം മുതലായവയുണ്ടെങ്കിൽ നിർബന്ധമായും പ്രമേഹം കൂടി പരിശോധിക്കണം.

കാഴ്ചത്തകരാർ: കണ്ണിൽ ജ്വലനമോ, കാഴ്ചസംബന്ധമായ തകരാറുകളോ സൃഷ്ടിക്കുവാൻ ഈ രോഗാവസ്ഥ കാരണമാകുന്നു. കൃഷ്ണമണിയിൽ വേദനയുണ്ടാവുകയും, വെളിച്ചത്തിൽ ഈ വേദന അധികരിക്കുകയും ചെയ്യും.

ഗൗട്ട്: സന്ധികളിൽ യൂറിക് ആസിഡ് പരലുകൾ അടിഞ്ഞ് കൂടുന്നത് മൂലം ഗൗട്ടിനുള്ള സാധ്യത വർധിക്കും.

സന്ധികൾക്ക് നാശം: കൃത്യമായ ചികിത്സ നൽകിയില്ലെങ്കിൽ ഈ രോഗാവസ്ഥ സന്ധികളിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാനിടയാക്കും.

പ്രതിരോധം

വ്യായാമം, മരുന്ന്, ഭക്ഷണ ശൈലിയിലെ മാറ്റങ്ങൾ മുതലായവയിലൂടെ സോറിയാസിസ് ആർത്രൈറ്റിസിനെ ഒരു പരിധിവരെ നിയന്ത്രിക്കുവാനോ, കുറയ്ക്കുവാനോ, ചികിത്സിച്ച് ഭേദമാക്കുവാനോ സാധിക്കും.

വ്യായാമം ആരംഭിക്കുന്നതിന് മുൻപ് ഡോക്ടറുടെ ഉപദേശ-നിർദ്ദേശങ്ങൾ സ്വീകരിക്കണം. സന്ധികൾക്ക് അമിതഭാരം നൽകാത്ത, ചലനാത്മകത വർദ്ധധിപ്പിക്കാൻ സഹായിക്കുന്ന, ശരീരഭാരം ക്രമമായി നിലനിർത്താൻ സഹായിക്കുന്ന വ്യായാമങ്ങൾക്കാണ് പ്രാധാന്യം നൽകേണ്ടത്.

ഡോക്ടർ നിർദ്ദേശിക്കുന്ന മരുന്നുകൾ കൃത്യമായി കഴിക്കുക, സൂര്യപ്രകാശം ഏൽക്കാതിരിക്കുക, സന്ധികളിൽ പരുക്ക് ഏൽക്കാതെ സൂക്ഷിക്കുക, മാനസിക സമ്മർദ്ദങ്ങളില്ലാതെ നോക്കുക, ചർമ്മത്തിന് പരിക്കേൽക്കാതെ നോക്കുക, മദ്യപാനവും പുകവലിയും പൂർണ്ണമായി ഉപേക്ഷിക്കുക, അനുയോജ്യമല്ലാത്ത കാലാവസ്ഥകൾ ഒഴിവാക്കുക, അലർജിക്കുള്ള സാഹചര്യങ്ങൾ ഒഴിവാക്കുക, ഭക്ഷണക്രമീകരണം നിർബന്ധമായും പാലിക്കുക എന്നീ കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധപുലർത്തണം.

(കോഴിക്കോട് അനൂഫ്സ് റുമാകെയർ സീനിയർ കൺസൽട്ടന്റ് & എം.ഡിയാണ് ലേഖകൻ)