ശരീരഭാരത്തെയും രൂപത്തെയും കുറിച്ച് സമൂഹമാധ്യമങ്ങളിൽ നേരിടുന്ന നിരന്തരമായ സൈബർ ആക്രമണങ്ങൾക്കും ബോഡി ഷെയ്മിങ്ങിനും എതിരെ തത്സമയ ടെലിവിഷൻ പരിപാടിയിൽ വൈകാരികമായി പ്രതികരിച്ച് പാകിസ്താനി നടിയും അവതാരകയുമായ വീണാ മാലിക്. താരം അവതരിപ്പിക്കുന്ന വീണാ ഹേ നാ എന്ന പ്രഭാത പരിപാടിക്കിടെയാണ് അവർ പൊട്ടിക്കരഞ്ഞുകൊണ്ട് വിമർശകർക്ക് മറുപടി നൽകിയത്. ക്യാമറകൾക്ക് മുന്നിൽ വെച്ച് തന്റെ ഹൈ ഹീൽസ് ചെരിപ്പുകൾ ഊരിമാറ്റുകയും മുഖത്തെ മേക്കപ്പ് പൂർണ്ണമായും തുടച്ചുനീക്കുകയും ചെയ്തുകൊണ്ടായിരുന്നു താരത്തിന്റെ പ്രതിഷേധം.

To advertise here,

Read Also: ചുവപ്പിൽ സുന്ദരിയായി കാവ്യ മാരൻ; മെറൂൺ ബന്ദ്ഗലയിൽ അനിരുദ്ധ്, ചെന്നൈ റിസപ്ഷനിൽ നവദമ്പതിമാർ 

കഴിഞ്ഞ ഏതാനും മാസങ്ങളായി സോഷ്യൽ മീഡിയയിൽ തന്റെ രൂപമാറ്റത്തെച്ചൊല്ലി നടക്കുന്ന പരിഹാസങ്ങളെക്കുറിച്ച് സംസാരിക്കവെയാണ് 42-കാരിയായ വീണാ മാലിക് വികാരാധീനയായത്. ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റ് തന്റെ ചെരിപ്പുകൾ ഊരി ക്യാമറയ്ക്ക് നേരെ ഉയർത്തിപ്പിടിച്ചുകൊണ്ട് താരം പറഞ്ഞു: 'നിങ്ങൾ ഇതുവരെ എന്റെ ശരീരഭാരം മാത്രമേ കണ്ടിട്ടുള്ളൂ. ഇപ്പോൾ ഞാൻ എന്റെ ഹീൽസ് ഊരിമാറ്റുകയാണ്, നിങ്ങൾക്ക് എന്റെ യഥാർത്ഥ ഉയരം കാണാം.'

തുടർന്ന് സീറ്റിലേക്ക് മടങ്ങിയെത്തിയ താരം, വൈപ്പുകൾ ഉപയോഗിച്ച് മുഖത്തെ മേക്കപ്പും കൃത്രിമ കൺപീലികളും നീക്കം ചെയ്തു. മേക്കപ്പില്ലാത്ത തന്റെ യഥാർത്ഥ മുഖം കണ്ട് വിമർശിക്കാൻ താരം ട്രോളന്മാരെ വെല്ലുവിളിച്ചു. 'എന്നെ തടിയത്തിയെന്നോ, കറുത്തവളെന്നോ, വിരൂപയെന്നോ വിളിച്ചോളൂ. നിങ്ങൾക്ക് ഇഷ്ടമുള്ളതെന്തും പറഞ്ഞോളൂ. ഈ കമന്റുകളൊന്നും എന്നെ ബാധിക്കുന്നില്ല, കാരണം എന്റെ ജീവിതത്തിൽ ഇവർക്ക് യാതൊരു പങ്കുമില്ല,' വീണാ മാലിക് വ്യക്തമാക്കി.

Read Also:‘നിരവധി പ്രണയബന്ധങ്ങളുണ്ടായിരുന്നു അതിൽ ലജ്ജിക്കേണ്ട’; പ്രണയം, വിവാഹം-മനസ്സുതുറന്ന് അനന്യ പാണ്ഡെ 

ശരീരഭാരം കൂടുന്നതും കുറയുന്നതും ജീവിതത്തിലെ സ്വാഭാവിക പ്രക്രിയകളാണെന്നും, സ്ത്രീകളുടെ ശരീരത്തെക്കുറിച്ച് അഭിപ്രായം പറയാൻ മറ്റുള്ളവർക്ക് എന്താണ് അവകാശമെന്നും താരം ഈ മാസം ആദ്യം തന്റെ പരിപാടിയിൽ ചോദിച്ചിരുന്നു.

സൽമാൻ ഖാൻ അവതാരകനായെത്തിയ 'ബിഗ് ബോസ്' നാലാം സീസണിലൂടെ ഇന്ത്യൻ ടെലിവിഷൻ പ്രേക്ഷകർക്കും ഏറെ സുപരിചിതയാണ് വീണാ മാലിക്. ഷോയിലെ സഹമത്സരാർത്ഥിയായിരുന്ന അഷ്മിത് പട്ടേലുമായുള്ള സൗഹൃദവും അന്ന് വലിയ വാർത്തയായിരുന്നു. ബിഗ് ബോസിന് ശേഷം 'ദാൽ മേം കുച്ച് കാലാ ഹേ', 'സിന്ദഗി 50-50', 'സൂപ്പർ മോഡൽ' തുടങ്ങിയ ഹിന്ദി ചിത്രങ്ങളിലും, 'ഡേർട്ടി പിക്ചർ: സിൽക്ക് സക്കത്ത് മഗ' എന്ന കന്നഡ ചിത്രത്തിലും 'മുംബൈ 125 കി.മീ 3ഉ' എന്ന ഹൊറർ ചിത്രത്തിലും വീണാ മാലിക് അഭിനയിച്ചിട്ടുണ്ട്.

സൈബർ അധിക്ഷേപങ്ങൾക്കും ബോഡി ഷെയ്മിങ്ങിനും എതിരെയുള്ള താരത്തിന്റെ ഈ ശക്തമായ പ്രതികരണം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.