ഴിഞ്ഞ കുറച്ചുദിവസം മുമ്പ് സോഷ്യല്‍ മീഡിയയില്‍ തരംഗമായത് ഒരു വിവാഹ വീഡിയോയാണ്. ചടങ്ങുകളെല്ലാം കഴിഞ്ഞ് അമ്മയോടും അച്ഛനോടും വധു യാത്ര പറയുന്ന ഒരു വീഡിയോ. എന്നാല്‍ ഈ സങ്കടനിമിഷം പെട്ടെന്നാണ് പൊട്ടിച്ചിരിയിലേക്ക് വഴിമാറിയത്. ഇരട്ടകളായ വധൂവരന്‍മാര്‍ക്ക് പരസ്പരം 'ചെറുതായൊന്ന്' ആളുകളെ മാറിപ്പോകുകയായിരുന്നു. 'ഒരു ചെറ്യേ കൈയബദ്ധം, നാറ്റിക്കരുത്'  എന്ന സിനിമാ ഡയലോഗിന് സമാനമായ ഒരു രംഗം. ആ ചിരിനിമിഷം ക്യാമറാമാന്‍ ഒട്ടും സമയം കളയാതെ പകര്‍ത്തുകയും ചെയ്തു. നിലവില്‍ 10 മില്ല്യണും കടന്ന് കുതിക്കുകയാണ് ഇന്‍സ്റ്റഗ്രാമില്‍ ഈ വീഡിയോയുടെ കാഴ്ച്ചക്കാര്‍.

To advertise here,

ഷൊര്‍ണൂര്‍ പരുത്തിപ്ര പത്മ നിവാസില്‍ കെ.പി ശരത്തും കെ.പി സുജിത്തുമാണ് ഈ വീഡിയോയിലെ നായകന്‍മാര്‍. നായികമാരാകട്ടെ തിരുവനന്തപുരം ആറ്റിങ്ങല്‍ ഇന്ദിരയില്‍ ഡോ.ശ്രീദേവിയും ഡോ.ശ്രീലക്ഷ്മിയും. വീഡിയോ പകര്‍ത്തിയത് ഇവരുടെ വെഡ്ഡിങ് ഫോട്ടോഗ്രാഫറായ ഭവിനേഷ് ഭരതും. ഭവിനേഷാണ് ഈ വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ചത്.

ജൂണ്‍ 20-ന് ഏറ്റുമാനൂര്‍ ക്ഷേത്രത്തിലായിരുന്നു ഈ വിവാഹം നടന്നത്. 'ആ ഒരു രംഗം വിവാഹത്തിന്റെ ക്ലൈമാക്‌സിലുള്ളതാണ്. അച്ഛനോടും അമ്മയോടും യാത്ര പറയുന്ന സമയമാണ്. ഇപ്പോള്‍ പൊട്ടിക്കരയും എന്ന് വിചാരിച്ചിരിക്കുന്ന സമയം. വളരേയധികം സങ്കടത്തിലായിരുന്നു. അത് പെട്ടെന്ന് സന്തോഷത്തിലേക്ക് വഴിമാറി. രണ്ട് പേര്‍ക്കും തെറ്റിപ്പോയിട്ടുണ്ട്. ക്യാമറ ഫോക്കസ് ചെയ്തത് ഒരാളിലേക്കാണ്. ഒന്നും സ്‌ക്രിപ്റ്റഡ് അല്ല. പ്ലാനഡ് അല്ല. നാച്ചുറലി സംഭവിച്ചുപോയതാണ്. ഇതോടെ വിവാഹം ചെയ്തത് കേരളം മുഴുവന്‍ അറിഞ്ഞു.'-സുജിത്തും ശരത്തും പറയുന്നു.

placeholder
.
ശരത്തും ശ്രീദേവിയും സുജിത്തും ശ്രീലക്ഷ്മിയും | Photo: instagram/bhavinesh_bharathan
 

യാത്രയൊക്കെ പറഞ്ഞ് ശരത്ത് കൈപിടിക്കാന്‍ ചെന്നത് ശ്രീലക്ഷ്മിയെയായിരുന്നു. എന്നാല്‍ ശരത്തിിന്റെ ഭാര്യ ശ്രീദേവിയായിരുന്നു. ഈ സമയം സുജിത്ത് ശ്രീദേവിയുടെ അടുത്താണ് നിന്നത്. തനിക്ക് അബദ്ധം പറ്റിയെന്ന് മനസിലായതോടെ ശരത് നേരെ ശ്രീദേവിയുടെ അടുത്തേക്ക് പോയി. ഈ സമയത്താണ് തന്റെ തൊട്ടടുത്ത് നില്‍ക്കുന്നത് ശ്രീദേവിയാണെന്ന് സുജിത്തും തിരിച്ചറിഞ്ഞത്. ഇതോടെ സുജിത്ത് മറുവശത്തായിരുന്നു ശ്രീലക്ഷ്മിയുടെ അടുത്തേക്കുംപോയി. വളരെ രസകരമായ ഈ വീഡിയോ ആളുകള്‍ ഏറ്റെടുക്കുകയും ചെയ്തു.

സുജിത്തിനേയും ശരത്തിനേയും കണ്‍ഫ്യൂഷനിലാക്കിയത് മേക്കപ്പാണ്. ശരത്തിന്റെ ഭാര്യ ശ്രീദേവിയുടെ മുഖത്ത് ഒരു മറുകുണ്ട്. എന്നാല്‍ മേക്കപ്പിട്ടതോടെ ആ മറുക് കാണാന്‍ പറ്റാതെയായി. ഇതോടെ ഇരുവര്‍ക്കും ആളെ മാറിപ്പോയത്. ഗവേഷണ വിദ്യാര്‍ഥികളായ ശരത്തും സുജിത്തും വിവാഹം ചെയ്യുകയാണെങ്കില്‍ ഇരട്ടകള്‍ വേണമെന്ന് ആദ്യമേ കരുതിയിരുന്നു. അങ്ങനെ അന്വേഷണം ആറ്റിങ്ങലിലുള്ള ആയുര്‍വേദ ഡോക്ടര്‍മാരായ ഇരട്ട സഹോദരിമാരായ ശ്രീലക്ഷ്മിയുടേയും ശ്രീദേവിയുടേയും അടുത്തെത്തുകയായിരുന്നു.