പരസ്യചിത്രത്തിലെ വസ്ത്രധാരണത്തിന്റെ പേരിൽ ബോളിവുഡ് താരം കൃതി സനനെ വിമർശിച്ചെത്തിയ നടിയും ബി.ജെ.പി എം.പിയുമായ കങ്കണ റണൗട്ടിന് മറുപടിയുമായി സോഷ്യൽ മീഡിയ ഉപയോക്താക്കൾ. ദേശീയ ചലച്ചിത്ര അവാർഡ് വേദിയിൽ ഇരുവരും പങ്കെടുത്തപ്പോഴുള്ള ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ചുകൊണ്ടാണ് താരത്തിന്റെ ഇരട്ടത്താപ്പ് തുറന്നുകാണിച്ചിരിക്കുന്നത്. ആരെങ്കിലും ബിക്കിനി അണിഞ്ഞ് സഹോദരന് രാഖികെട്ടുമോ എന്ന ചോദ്യവുമായാണ് കൃതിയെ കങ്കണ വിമർശിച്ചത്. ഇന്ത്യൻ പരമ്പരാഗത വസ്ത്രമായ സാരി ധരിച്ച് രാഷ്ട്രപതിയിൽനിന്ന് പുരസ്‌കാരം വാങ്ങുന്ന കൃതിയുടെയും സ്ട്രാപ്‌ലെസ് വെസ്റ്റേൺ ഗൗൺ ധരിച്ച് പുരസ്‌കാരം വാങ്ങുന്ന കങ്കണയുടെയും ചിത്രങ്ങൾ താരതമ്യം ചെയ്തുകൊണ്ടാണ് ഇതിനോട് സോഷ്യൽ മീഡിയ ഉപയോക്താക്കൾ പ്രതികരിച്ചിരിക്കുന്നത്. മറ്റുള്ളവരുടെ വസ്ത്രസ്വാതന്ത്ര്യത്തെയും സാംസ്‌കാരിക ബോധത്തെയും ചോദ്യം ചെയ്യുന്ന കങ്കണയ്ക്ക് അന്ന് രാഷ്ട്രപതിയുടെ മുന്നിൽ നിൽക്കുമ്പോൾ ഈ സാംസ്‌കാരികബോധം ഉണ്ടായിരുന്നില്ലേ എന്നാണ്  ചോദ്യം.

To advertise here,

മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങാൻ കൃതി സനൻ രാഷ്ട്രപതി ഭവനിലെത്തിയത് സാരി ധരിച്ചായിരുന്നു. കൃതിയുടെ മാത്രമല്ല, കീർത്തി സുരേഷ്, ആലിയ ഭട്ട്, റാണി മുഖർജി തുടങ്ങിയ പ്രമുഖ നടികളെല്ലാം ദേശീയ അവാർഡ് സ്വീകരിക്കാൻ സാരി തിരഞ്ഞെടുത്തപ്പോൾ, കങ്കണ തിരഞ്ഞെടുത്തത് പാശ്ചാത്യ ശൈലിയിലുള്ള വസ്ത്രധാരണമാണ്. ഇതിന്റെ നിരവധി കൊളാഷുകളും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു. 'മറ്റുള്ളവരുടെ വസ്ത്രസ്വാതന്ത്ര്യത്തെ സംസ്‌കാരത്തിന്റെ പേരിൽ ചോദ്യം ചെയ്യുന്ന കങ്കണ ആദ്യം സ്വന്തം വസ്ത്രധാരണം പരിശോധിക്കണം. ദേശീയ ചടങ്ങിൽ വെസ്റ്റേൺ ഗൗൺ ധരിച്ചെത്തിയ കങ്കണയ്ക്ക് മറ്റുള്ളവരെ സാംസ്‌കാരിക മൂല്യങ്ങൾ പഠിപ്പിക്കാൻ യാതൊരു അർഹതയുമില്ല.' എന്ന തരത്തിലാണ് സോഷ്യൽ മീഡിയ കുറിപ്പുകൾ നിറയുന്നത്.

രാഷ്ട്രീയ നേതാക്കൾവരെ വിവാദത്തിൽ പങ്കുചേർന്നിരുന്നു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർ കൃതിയുടെ വസ്ത്രസ്വാതന്ത്ര്യത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. 'ഒരു സ്ത്രീ എന്ത് ധരിക്കണമെന്ന് തീരുമാനിക്കുന്നത് അവളുടെ മാത്രം അവകാശമാണ്' എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ നിലപാട്. ഇതിനും കങ്കണ മറുപടി നൽകി. 'ഇതൊരു വ്യക്തിപരമായ വസ്ത്രധാരണത്തിന്റെമാത്രം പ്രശ്‌നമല്ല, മറിച്ച് നമ്മുടെ പാരമ്പര്യത്തെയും ഉത്സവങ്ങളുടെ സാംസ്‌കാരിക സൗന്ദര്യത്തെയും എങ്ങനെ കാണിക്കുന്നു എന്നതിന്റെ പ്രശ്‌നമാണ്' എന്നായിരുന്നു കങ്കണയുടെ വാദം.

നേരത്തേ, സ്ത്രീയുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് കങ്കണയ്ക്ക് ഇതേ നിലപാട് അല്ലായിരുന്നുവെന്നും സോഷ്യൽ മീഡിയ ഉദാഹരണ സഹിതം തെളിയിക്കുന്നു. ഒരു സ്ത്രീ എന്ത് ധരിക്കുന്നു അല്ലെങ്കിൽ ധരിക്കാതിരിക്കുന്നു എന്നത് അവളുടെ മാത്രം കാര്യമാണ്, അതിൽ മറ്റാരും ഇടപെടേണ്ടതില്ലെന്ന് ഒരിക്കൽ നടികളുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ കങ്കണ പ്രതികരിച്ചിരുന്നു.

വിവാദം തുടങ്ങിയത് ഇവിടെനിന്ന്

പ്രമുഖ ജ്വല്ലറി ബ്രാൻഡായ 'ഗിവ'യുടെ രക്ഷാബന്ധൻ പരസ്യചിത്രത്തിൽ കൃതി സനൻ അഭിനയിച്ചിരുന്നു. ബ്രാ ലെറ്റ് മാതൃകയിലുള്ള ബ്ലൗസും കേപ്പും ഡ്രേപ്ഡ് സ്‌കർട്ടുമായിരുന്നു പരസ്യത്തിൽ കൃതിയുടെ വേഷം. പരസ്യം പുറത്തുവന്നതിന് പിന്നാലെ, ഇന്ത്യൻ ആചാരങ്ങളെയും സംസ്‌കാരത്തെയും അപമാനിക്കുന്നതാണ് കൃതിയുടെ വസ്ത്രധാരണമെന്ന്‌ ആരോപിച്ച് ഒരു വിഭാഗം ആളുകൾ രംഗത്തെത്തി. ഇതിന് എണ്ണ പകരുന്ന രീതിയിലായിരുന്നു കങ്കണ റണൗട്ടിന്റെ പ്രതികരണം. 'സഹോദരന് രാഖി കെട്ടുമ്പോൾ ബിക്കിനി പോലുള്ള വസ്ത്രം ധരിക്കുന്നത് എന്തിനാണ്? ഇത് മനഃപൂർവ്വം സംസ്‌കാരത്തെ തരംതാഴ്ത്താനുള്ള ശ്രമമാണ്' എന്നായിരുന്നു കങ്കണയുടെ രൂക്ഷവിമർശനം.

എന്നാൽ, ഒരു സ്ത്രീയുടെ മനസ്സിലും ഹൃദയത്തിലുമാണ് സംസ്‌കാരവും പാരമ്പര്യവും ഇരിക്കുന്നതെന്നും ധരിക്കുന്ന വസ്ത്രത്തിന്റെ കഴുത്തിന്റെ ആഴത്തിലല്ലെന്നും കൃതി മറുപടി പറയുകയും ചെയ്തു. വിവാദം കടുത്തതോടെ തങ്ങൾ ഇന്ത്യൻ സംസ്‌കാരത്തെ ബഹുമാനിക്കുന്നവരാണെന്ന് വിശദമാക്കി ജ്വല്ലറി ബ്രാൻഡ് പരസ്യം പിൻവലിക്കുകയും മാപ്പുപറയുകയും ചെയ്തു.