സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദറുമായുള്ള വിവാഹത്തിന് പിന്നാലെ സൺ ഗ്രൂപ്പിലെ ജീവനക്കാർക്ക് സമ്മാനങ്ങളുമായി കാവ്യ മാരൻ. വിവാഹക്ഷണക്കത്തിനൊപ്പം ചോക്ലേറ്റും സ്വർണമോതിരവും അടങ്ങിയ സമ്മാനപ്പെട്ടികളാണ് ജീവനക്കാർക്ക് ലഭിച്ചതെന്നാണ് സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോകൾ സൂചിപ്പിക്കുന്നത്. ജീവനക്കാർ സമ്മാനപ്പെട്ടികൾ തുറന്ന് നോക്കുന്നതിന്റെയും അതിലെ സമ്മാനങ്ങൾ കണ്ട് അമ്പരക്കുന്നതിന്റെയും ദൃശ്യങ്ങൾ ഇപ്പോൾ വൈറലാണ്.സൺ ഗ്രൂപ്പ് ചെയർമാൻ കലാനിധി മാരന്റെ മകളും സൺറൈസേഴ്സ് ഹൈദരാബാദിന്റെ സിഇഒയുമായ കാവ്യ മാരൻ നവംബർ 11-നാണ് സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദറിനെ വിവാഹം കഴിച്ചത്. നവംബർ 21, 22 തീയതികളിൽ ചെന്നൈയിൽ രണ്ട് വിവാഹസൽക്കാരങ്ങളും സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ നവംബർ 25ന് സൺ ഗ്രൂപ്പ് ജീവനക്കാർക്കായി മറ്റൊരു വിവാഹസൽക്കാരം കൂടി നടത്താനിരിക്കുകയാണ്.

To advertise here,

സമ്മാനപ്പെട്ടിയിൽ സ്വർണമോതിരവും ചോക്ലേറ്റും

സാമൂഹിമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോകൾ പ്രകാരം വിവാഹത്തിന്റെ ഭാഗമായി ജീവനക്കാർക്ക് പ്രത്യേക സമ്മാനപ്പെട്ടികളാണ് വിതരണം ചെയ്തത്. വിവാഹക്ഷണക്കത്ത്, ചോക്ലേറ്റുകൾ, സ്വർണമോതിരം എന്നിവയാണ് പെട്ടികളിലുണ്ടായിരുന്നതെന്നാണ് റിപ്പോർട്ടുകൾ. ഒരു ജീവനക്കാരൻ സമ്മാനപ്പെട്ടി തുറക്കുമ്പോൾ അതിനുള്ളിൽ സ്വർണമോതിരം കണ്ട് അമ്പരക്കുന്നതിന്റെ വീഡിയോയാണ് ഏറെ ശ്രദ്ധ നേടിയത്. മറ്റൊരു ജീവനക്കാരൻ പങ്കുവച്ച വീഡിയോയ്‌ക്കൊപ്പം 'നമ്മുടെ വീട്ടിലെ കല്യാണം! വിവാഹത്തിന് ബോസുമാരിൽ നിന്ന് ലഭിച്ച സമ്മാനങ്ങൾ' എന്ന കുറിപ്പും നൽകിയിട്ടുണ്ട്.

ഔദ്യോഗിക സ്ഥിരീകരണമില്ല

സൺ ഗ്രൂപ്പിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ കൂടിയായ കാവ്യ മാരൻ ജീവനക്കാർക്കായി സമ്മാനങ്ങൾ ഒരുക്കിയെന്ന വാർത്തകൾ വ്യാപകമായി പ്രചരിക്കുന്നുണ്ടെങ്കിലും കമ്പനി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സമ്മാനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ സ്വതന്ത്രമായി സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ലളിതമായ 'സെൽഫ് റെസ്‌പെക്ട്' വിവാഹം

നവംബർ 11ന് നടന്ന കാവ്യയുടെയും അനിരുദ്ധിന്റെയും വിവാഹവും പ്രത്യേക ശ്രദ്ധ നേടിയിരുന്നു. തമിഴ്‌നാട്ടിൽ സാമൂഹിക പരിഷ്‌കർത്താവായ പെരിയാർ ഇ.വി. രാമസ്വാമി മുന്നോട്ടുവച്ച 'സെൽഫ് റെസ്‌പെക്ട് മാര്യേജ്' രീതിയിലായിരുന്നു വിവാഹം. ഡിഎംകെ ഐടി വിങ് സെക്രട്ടറി ഡോ. ടി.ആർ.ബി. രാജയാണ് വിവാഹത്തിന്റെ പ്രത്യേകത സ്ഥിരീകരിച്ചത്.വധൂവരന്മാർ പരസ്പരം ഒരുമിച്ച് ജീവിക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും സാക്ഷികളുടെ സാന്നിധ്യത്തിൽ മാലയോ മോതിരമോ കൈമാറുകയും ചെയ്യുന്നതാണ് ഈ വിവാഹരീതിയുടെ പ്രത്യേകത. പരസ്പര ബഹുമാനത്തിനും തുല്യാവകാശങ്ങൾക്കും പ്രാധാന്യം നൽകുന്ന ലളിതമായ വിവാഹരീതിയാണിത്. 1967ൽ തമിഴ്‌നാട്ടിൽ ഈ വിവാഹരീതിക്ക് നിയമപരമായ അംഗീകാരം ലഭിച്ചു.വിവാഹാഘോഷങ്ങൾക്കൊപ്പം ജീവനക്കാർക്കായി ഒരുക്കിയെന്ന് പറയപ്പെടുന്ന സമ്മാനപ്പൊതികളും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുകയാണ്.