2023 ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രയേലില്‍ നടത്തിയ ആക്രമണങ്ങളുടെ മുഖ്യ ബുദ്ധികേന്ദ്രം യഹിയ സിന്‍വര്‍ ആണെന്നാണ് ഇസ്രയേല്‍ ഉയര്‍ത്തുന്ന ആരോപണം. ഈ ആക്രമണത്തിനു പിന്നാലെയാണ് മേഖലയിലെ അശാന്തമായ അന്തരീക്ഷം രൂക്ഷമായത്. ഇസ്മായില്‍ ഹനിയെ കൊല്ലപ്പെട്ടതോടെ യഹിയ സിന്‍വറിനെ ഹമാസ് രാഷ്ട്രീയകാര്യമേധാവിയായി തിരഞ്ഞെടുത്തിരുന്നു, രണ്ടുമാസം മുന്‍പ്. അന്നുതന്നെ സിന്‍വറിനെ കൊടും ഭീകരനെന്ന് വിശേഷിപ്പിച്ച ഇസ്രയേല്‍, സിന്‍വറിന് ഒരേയൊരു ഇടമേ ഉള്ളൂവെന്നും അത് മുഹമ്മദ് ദെയ്ഫിനും ഒക്ടോബര്‍ ഏഴിന് ആക്രമണം നടത്തിയ മറ്റുള്ളവര്‍ക്കും അരികിലായിരിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.
ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിനുശേഷം സിന്‍വര്‍ പൊതുവിടങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല. ഗാസയില്‍ ഒളിച്ചുകഴിയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒടുക്കം ഇസ്രയേല്‍ രഹസ്യാന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡില്‍ സിന്‍വര്‍ കൊല്ലപ്പെട്ടതായി കണ്ടെത്തി. മൃതദേഹം യഹിയയുടേത് തന്നെയാണ് എന്ന് ഉറപ്പിക്കാന്‍ മൃതദേഹത്തില്‍നിന്ന് വിരലുകള്‍ മുറിച്ചെടുത്തു. തടവുകാരുമായുള്ള കൈമാറ്റ ഇടപാടില്‍ 2011-ല്‍ മോചിതനാകുന്നതുവരെ രണ്ട് പതിറ്റാണ്ടോളം സിന്‍വാര്‍ ഇസ്രയേല്‍ ജയിലായിരുന്നു. ഈ സമയത്ത് ശേഖരിച്ച ഡി.എന്‍.എ സാംപിളുമായി ഒത്തുനോക്കിയാണ് മൃതദേഹം സിന്‍വാറിന്റേത് തന്നെയെന്ന് ഉറപ്പാക്കിയത്.
എന്നാല്‍ ശിഷ്ടകാലം സുരക്ഷിതമായി താമസിക്കാനാവുന്ന ഒരു ബങ്കറൊരുക്കി, യഹിയ യുദ്ധം അവസാനിപ്പിക്കാനുള്ള പുറപ്പാടിലായിരുന്നെന്ന് ആരോപിക്കുകയാണ് ഇസ്രയേല്‍. സിന്‍വറിന്റെ ബങ്കറിന് അകത്തേതെന്ന് അവകാശപ്പെട്ടുകൊണ്ടുള്ള വീഡിയോ ദൃശ്യങ്ങള്‍ ഇസ്രയേല്‍ സേന പുറത്തുവിട്ടു. ബങ്കറിനകത്ത് സിന്‍വറിന് ആവശ്യമായ പണം, ഊദ്, മറ്റു വ്യക്തിഗത സുഖസൗകര്യങ്ങള്‍ക്ക് ഉപകാരപ്പെടുന്ന വസ്തുക്കള്‍ എല്ലാം സൂക്ഷിച്ചുവെച്ചിരുന്നെന്നും ഇസ്രയേല്‍ സേന ദൃശ്യങ്ങളില്‍ കാണിക്കുന്നു. തകര്‍ന്ന ഖാന്‍ യൂനിസ് നഗരത്തിന് കീഴിലുള്ള പൂര്‍ണമായി സംഭരിച്ച ബങ്കര്‍, മേഖലയിലെ സംഘര്‍ഷങ്ങളുടെ ആദ്യ നാളുകളില്‍ സിന്‍വര്‍ കൈവശപ്പെടുത്തിയതാണെന്നാണ് റിപ്പോര്‍ട്ട്.
സിന്‍വറിന്റെ ഭൂഗര്‍ഭ ഒളിസങ്കേതത്തിന്റെ ഉള്‍ഭാഗം കാണിക്കുന്ന വീഡിയോ പുറത്തുവിട്ടത് ഇസ്രയേല്‍ പ്രതിരോധസേനയാണ്. ഭക്ഷണസാധനങ്ങള്‍, നിരവധി കുളിമുറികള്‍, പ്രവര്‍ത്തനക്ഷമമായ അടുക്കള എന്നിങ്ങനെ വന്‍സജ്ജീകരണമാണ് ബങ്കറിനകത്തുള്ളത്. സിന്‍വറും സുരക്ഷാ ഭടന്മാരും കുടുംബക്കാരും അടുത്ത കൂട്ടുകാരുമാണ് ബങ്കറില്‍ അഭയം പ്രാപിച്ചിരുന്നത്. യു.എന്റെ പലസ്തീനിയന്‍ അഭയാര്‍ഥി ഏജന്‍സിയുടെ മുദ്രയുള്ള ഭക്ഷണസാധനങ്ങളാണ് വീഡിയോയിലുള്ളത്. ഹമാസ് അന്താരാഷ്ട്ര ഏജന്‍സികളില്‍നിന്ന് മോഷ്ടിക്കുന്നു എന്ന് ഇസ്രയേല്‍ ദീര്‍ഘകാലമായി ഉയര്‍ത്തുന്ന ആരോപണമാണ്. ഈ ആരോപണത്തെ ബലപ്പെടുത്തുന്നതാണ് യു.എന്‍.ആര്‍.ഡബ്ല്യു.എ. വിതരണം ചെയ്യുന്ന ഭക്ഷണബാഗ് ബങ്കറിനകത്ത് കണ്ടെത്തിയതിലൂടെ വ്യക്തമാകുന്നതെന്ന് ഇസ്രയേല്‍ വാദിക്കുന്നു.
ഊദ് ഉള്‍പ്പെടെയുള്ള സുഗന്ധദ്രവ്യങ്ങളുടെ ശേഖരംതന്നെയുണ്ട് ബങ്കറിനകത്ത്. കൂടാതെ ശുചിത്വ സാമഗ്രികള്‍, സ്വകാര്യ ഷവര്‍ എന്നിവയുമുണ്ടായിരുന്നു. സിന്‍വറിന്റെ സ്വകാര്യ ക്വാര്‍ട്ടേഴ്‌സില്‍ ദശലക്ഷക്കണക്കിന് ഇസ്രയേല്‍ കറന്‍സിയുണ്ടെന്നും (ഷെക്കെല്‍സ്) ഐ.ഡി.എഫ്. ഉദ്യോഗസ്ഥന്‍ പറയുന്നു. ബങ്കറിന്റെ വാതിലിനോടുചേര്‍ന്ന് ആയുധങ്ങളും വെടിക്കോപ്പുകളും സ്‌ഫോടകവസ്തുക്കളും നിറച്ച ലോക്കറുകളും കണ്ടെത്തി.
അതേസമയം ഇസ്രയേല്‍ സേന പിടികൂടുന്നതിന് മുന്‍പ് സിന്‍വര്‍ ബങ്കറില്‍നിന്ന് രക്ഷപ്പെട്ടിരുന്നു. റഫയില്‍വെച്ചാണ് കൊല്ലപ്പെടുന്നത്. ഇസ്രയേല്‍ സൈന്യം നടത്തിയ സാധാരണ ഓപ്പറേഷനിലാണ് സിന്‍വര്‍ കൊല്ലപ്പെട്ടത്. സിന്‍വറിനെ തിരിച്ചറിയുംമുന്‍പ് മറ്റൊരു ഹമാസ് പോരാളിയെയാണ് തങ്ങള്‍ വധിച്ചതെന്നാണ് ഇസ്രയേല്‍ സേന കരുതിയിരുന്നത്.
മുകളില്‍ യുദ്ധം കൊടുമ്പിരി കൊള്ളുമ്പോഴും സിന്‍വര്‍ ഭൂരിഭാഗം സമയവും ഭൂമിക്കുതാഴെയുള്ള ഒളിസങ്കേതത്തിലിരുന്ന് ഹമാസിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുകയായിരുന്നെന്നാണ് ഇസ്രയേല്‍ സേന പറയുന്നത്. രക്ഷപ്പെടുന്നതിനിടെയുള്ള ഒരു വീഡിയോ ദൃശ്യത്തില്‍ സിന്‍വറിന്റെ ഭാര്യയുടെ കൈയില്‍ ഒരു ബാഗ് കണ്ടെത്തിയിരുന്നു. ഏകദേശം 28 ലക്ഷം രൂപയുടെ ഹെര്‍മിസ് ബിര്‍ക്കിന്‍ ബ്രാന്‍ഡ് ബാഗാണ് അതെന്നാണ് ചിലരുടെ നിരീക്ഷണം.
സിന്‍വറിനായി മാസങ്ങള്‍ നീണ്ട തിരച്ചില്‍ നടത്തിയിരുന്നു ഇസ്രയേല്‍ സേന. റഫയില്‍ സേന നടത്തിയ പട്രോളിങ്ങ് ഒടുക്കം സിന്‍വറിന്റെ വിധിയെഴുതി. തകര്‍ന്ന കെട്ടിടത്തിന് ഇടയിലായിരുന്നു സിന്‍വറുണ്ടായിരുന്നത്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ നിരവധി പരിക്കുകള്‍ പറ്റിയിരുന്നു. മരണത്തിന് തൊട്ടുമുന്‍പുള്ള സിന്‍വറിന്റെ ഡ്രോണ്‍ ദൃശ്യവും ഇസ്രയേല്‍ പുറത്തുവിട്ടിരുന്നു. ഡ്രോണിനുനേരെ വടിപോലെയുള്ള ഒരു വസ്തു എറിയുന്നതായിരുന്നു വീഡിയോ. തലയ്‌ക്കേറ്റ വെടിയാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്ഥിരീകരിക്കുന്നുണ്ട്.
Content Highlights: inside ex hamas chief yahya sinwars bunker
Published: 21 Oct 2024, 11:05 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented