ന്ത്യയിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നടികളിൽ ഒരാളാണ് ദീപിക പദുകോൺ. എന്നാൽ ഈ വിജയത്തിലേയ്ക്ക് അവരെയെത്തിച്ചതിന് പിന്നിൽ തന്റെ സാന്നിധ്യമുണ്ടെന്ന് തുറന്നുപറയുകയാണ് സംവിധായകൻ ഇന്ദ്രജിത്ത് ലങ്കേഷ്. 2006-ലെ 'ഐശ്വര്യ' എന്ന കന്നഡ ചിത്രത്തിലൂടെ ദീപികയ്ക്ക് ആദ്യ അവസരം നൽകിയത് അദ്ദേഹമാണ്. 'ഹിന്ദി റഷ്' എന്ന യൂട്യൂബ് ചാനലിൽ, സംസ്ഥാന തല ബാഡ്മിന്റൺ കളിക്കാരിയിൽ നിന്ന് അന്താരാഷ്ട്ര തലത്തിൽ അറിയപ്പെടുന്ന ഒരു സിനിമാ താരത്തിലേക്കുള്ള ദീപികയുടെ യാത്രയെക്കുറിച്ച് ലങ്കേഷ് സംസാരിച്ചു.

To advertise here,

ദീപിക വെറുമൊരു സൂപ്പർസ്റ്റാർ മാത്രമല്ല, ഇപ്പോഴും ഇന്ത്യയിലെ ഒന്നാം നമ്പർ നടിയും ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നടിയുമാണ്. അത് പറയാൻ എനിക്ക് അഭിമാനമുണ്ടെന്നും ഇന്ദ്രജിത്ത് ലങ്കേഷ്. ബാഡ്മിന്റൺ കാലം മുതൽ ദീപികയെ അറിയാമെന്ന് ലങ്കേഷ് ഓർത്തു. തന്റെ മൂത്ത മകൾ ബാഡ്മിന്റൺ പ്രൊഫഷണലായി തുടരുമെന്ന് പ്രകാശ് പദുകോൺ ആഗ്രഹിച്ചിരുന്നു. എന്നാൽ ദീപിക മോഡലിംഗിലേക്ക് തിരിഞ്ഞ് വേറൊരു വഴിയാണ് തിരഞ്ഞെടുത്തത്.

'ഞാൻ ഒരു സംവിധായകനായപ്പോൾ, പെട്ടെന്ന് ഒരു ഫാഷൻ ഷോയിൽ ഞാൻ അവരെ കണ്ടു. തൊട്ടടുത്ത ദിവസം, ഒരു പ്രമുഖ മാഗസിനിൽ ഞാൻ അവരെ വീണ്ടും കണ്ടു. ഒരു ബാഡ്മിന്റൺ കളിക്കാരിയിൽ നിന്ന് സൂപ്പർ മോഡലിലേക്കുള്ള ആ മാറ്റം കണ്ട് ഞാൻ വളരെ ഞെട്ടിപ്പോയി- ഇന്ദ്രജിത്ത് ലങ്കേഷ് പറഞ്ഞു.

'ഐശ്വര്യ' എന്ന ചിത്രത്തിലേക്ക് അഭിനേതാക്കളെ തിരഞ്ഞെടുക്കുമ്പോൾ, കഥാപാത്രം ആവശ്യപ്പെടുന്ന ഉയരം, കായികക്ഷമത, ആകർഷകമായ ലുക്ക് തുടങ്ങിയ ഗുണങ്ങൾ ദീപികയിൽ താൻ കണ്ടതായി ലങ്കേഷ് പറയുന്നു. അധികം വൈകാതെ അദ്ദേഹം ദീപികയെ ബന്ധപ്പെടുകയും മുംബൈയിൽ വെച്ച് കാണുകയും ചെയ്തു. അവിടെ അവരുടെ മാനേജരായ പൂജ ദാദ്ലാനിയും ദീപികയ്‌ക്കൊപ്പം ഉണ്ടായിരുന്നു.

'പൂജ ദാദ്ലാനി ഒരു സുഹൃത്തും മാനേജരുമായിരുന്നു. ദീപിക സിനിമയിൽ എത്തുന്നതിന് മുമ്പ് തന്നെ അവർ ദീപികയുടെ മാനേജരായിരുന്നു.. വാസ്തവത്തിൽ, ദീപിക പദുകോണിന്റെ വിജയത്തിന്റെ വലിയൊരു പങ്ക് പൂജ ദാദ്ലാനിക്ക് അവകാശപ്പെട്ടതാണ്. ഇന്ന് പൂജ ദാദ്ലാനി ഷാറൂഖ് ഖാന്റെ റൈറ്റ് ഹാൻഡ് ആണെന്ന് നമുക്കറിയാം-'അദ്ദേഹം പറഞ്ഞു.

2006-ൽ പുറത്തിറങ്ങിയ 'ഐശ്വര്യ' കർണാടകയിൽ വലിയ വാണിജ്യ വിജയം നേടി, ചിത്രത്തിന്റെ വിജയം ദീപികയുടെ പ്രശസ്തി ദേശീയ തലത്തിൽ എത്തിക്കാൻ സഹായിച്ചുവെന്നും, അത് ഒടുവിൽ ഷാറൂഖ് ഖാനിലേക്ക് എത്തിയെന്നും ലങ്കേഷ് വിശ്വസിക്കുന്നു. ആ സമയത്ത് ഷാരൂഖ് ഖാൻ തനിക്കൊപ്പം അഭിനയിക്കാൻ ഒരു പുതിയ നായികയെ തിരയുകയായിരുന്നു.

'ദീപിക പദുകോൺ ടൈറ്റിൽ റോളിൽ എത്തിയ 'ഐശ്വര്യ' ഒരു വലിയ ഹിറ്റായിരുന്നു. ഇത് 50 ദിവസത്തോളം തിയേറ്ററുകളിൽ ഓടി. എല്ലാ വശത്തും വലിയ ബോർഡുകളും ഹിന്ദി പത്രങ്ങളിൽ ലേഖനങ്ങളും ഉണ്ടായിരുന്നു. വാസ്തവത്തിൽ, ആ സമയത്ത് ഒരു പരിപാടിക്കായി ഷാരൂഖ് ഖാൻ ബെംഗളൂരു സന്ദർശിച്ചിരുന്നു. ഒരു മാധ്യമപ്രവർത്തകൻ ഐശ്വര്യയെക്കുറിച്ച് ചോദിച്ചപ്പോൾ, ഷാരൂഖ് ഖാൻ തന്റെ ഹാസ്യബോധത്തോടെ പറഞ്ഞു, 'അതൊരു വലിയ ഹിറ്റാണെന്ന് ഞാൻ അറിഞ്ഞു. അതിനർത്ഥം എനിക്ക് അവർക്ക് കൂടുതൽ പ്രതിഫലം നൽകേണ്ടിവരും എന്നാണ്.' ഒരു മാധ്യമപ്രവർത്തകനായി ഞാൻ അവിടെയുണ്ടായിരുന്നു. ഞാൻ ചിരിക്കുകയായിരുന്നു,' പത്രപ്രവർത്തകനിൽ നിന്ന് ചലച്ചിത്ര നിർമ്മാതാവും സംവിധായകനുമായി മാറിയ ലങ്കേഷ് ഓർത്തെടുത്തു.

ഒരു വർഷത്തിനുള്ളിൽ, ഫറാ ഖാന്റെ 2007-ലെ സൂപ്പർഹിറ്റ് ചിത്രമായ 'ഓം ശാന്തി ഓം'-ൽ ഷാരൂഖ് ഖാന് നായികയായി ദീപിക തിരഞ്ഞെടുക്കപ്പെട്ടു. ഹിന്ദി സിനിമയിലെ ഏറ്റവും വിജയകരമായ അരങ്ങേറ്റങ്ങളിൽ ഒന്നായി ഇത് ഇപ്പോഴും സംസാരിക്കപ്പെടുന്നു. ആ ചിത്രവും തുടർന്നുള്ള 'ബച്ച്‌നാ ഏ ഹസീനോ' തുടങ്ങിയ പ്രൊജക്ടുകളും ബോളിവുഡിലെ മുൻനിര നടിമാർക്കിടയിൽ അവരുടെ സ്ഥാനം ഉറപ്പിക്കാൻ സഹായിച്ചു.തിരിഞ്ഞുനോക്കുമ്പോൾ, ദീപികയുടെ നിശ്ചയദാർഢ്യത്തിനും ശ്രദ്ധയ്ക്കും കാരണം അവരുടെ കായിക പശ്ചാത്തലമാണെന്ന് ലങ്കേഷ് വിലയിരുത്തുന്നു. ബാഡ്മിന്റൺ കോർട്ടിൽ അവരുടെ അച്ഛനെപ്പോലെ തന്നെ അവർ വളരെ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ആളും ആവേശമുള്ള വ്യക്തിയുമായിരുന്നു. ജയിക്കണമെന്ന വാശിയും ആവേശവും അച്ഛനിൽ നിന്നാണ് ദീപികയിൽ വന്നതെന്നും ഇന്ദ്രജിത്ത് പറഞ്ഞു.