നോക്കെത്താദൂരത്തോളമുള്ള കടലിന്റെ ഓളപ്പരപ്പിനപ്പുറം അതിന്റെ ആഴങ്ങളായിരുന്നു പാലക്കാട് പട്ടാമ്പി കരുവൻപടിയിലെ അതുല്യയെന്ന പെൺകുട്ടിയെ മോഹിപ്പിച്ചത്. വെറും കാഴ്ചയ്ക്കപ്പുറം കടലിനെ തൊട്ടറിയാൻ ആഴങ്ങളിലെ ഇരുട്ടിനെ അവൾ നിശ്ചയദാർഢ്യം കൊണ്ട് തോൽപിച്ചു. പെൺകുട്ടി ആയതുകൊണ്ടുമാത്രം എന്തിന് സ്വപ്‌നങ്ങളുടെ പിന്നാലെ പോകുന്നതിൽനിന്ന് വഴിമാറി ചിന്തിക്കണമെന്ന് തന്നോടുതന്നെ ചോദിച്ചുകൊണ്ടേയിരുന്നു. ഒടുവിൽ രാജ്യത്തെ ആദ്യ വനിതാ കൊമേഴ്‌സ്യൽ ഡൈവർ എന്ന ലൈസൻസ് കൂടി സ്വന്തമാക്കിയതോടെ ആ ചോദ്യങ്ങളുടെ ഉത്തരമായി. പട്ടാമ്പിയും കരുവൻപടിയും അതുല്യയിലൂടെ പുതിയ ചരിത്രമെഴുതിച്ചേർത്തു.
കൊമേഴ്‌സ്യൽ ഡൈവിങ്ങും സ്‌കൂബ ഡൈവിങ്ങും
സ്‌കൂബ ഡൈവിങ് കടലിന്റെ അടിത്തട്ടിലെ കാഴ്ചകൾ കാണാനും വിനോദത്തിനുമാണെങ്കിൽ കടലിനടിയിലെ ജോലികൾക്കായാണ് കൊമേഴ്‌സ്യൽ ഡൈവർമാർ ആഴങ്ങളിലേക്ക് ഊളിയിടുന്നത്. കടലിലൂടെയുള്ള വാതകപൈപ്പ് ലൈനുകളുടെ അറ്റകുറ്റപ്പണികൾ, നിർമാണം, നിരീക്ഷണം തുടങ്ങി എല്ലാ ജോലികൾക്കുമായുമുള്ള ലൈസൻസാണ് കൊമേഴ്‌സ്യൽ ഡൈവർമാർക്ക് കിട്ടുക.
കടലിന്റെ അടിത്തട്ടിലേക്ക് പോകുംതോറും മർദം കൂടും. മുപ്പത് അടി പിന്നിടുമ്പോൾത്തന്നെ ഇരുട്ട് നിറയും. പിന്നീട് ടോർച്ച് അടിച്ചുകൊണ്ടാണ് യാത്ര. വെൽഡിങ് ജോലികൾ ചെയ്യേണ്ട ഭാഗം കൈകൊണ്ടു തപ്പി കണ്ടുപിടിക്കണം. ചെറുതായൊന്ന് മാറിയാൽപോലും വൻ അപകടമുണ്ടാവും, പൊട്ടിത്തെറികൾക്ക് വരെ സാധ്യതയുമുണ്ട്. അതുകൊണ്ടുതന്നെയാണ് ഈ ജോലിയെ ലോകത്തിലെ ഏറ്റവും അപകടം പിടിച്ച ജോലികളിലൊന്നായി കണക്കാക്കുന്നത്.
പ്രത്യേകതരം ഹെൽമെറ്റ്, ബാഗ്, കംപ്രസ്ഡ് എയർ സിലൻഡർ തുടങ്ങിയവ അടക്കം 40 കിലോയിലധികം ചുമന്നാണ് കടലിനടിയിലേക്ക് സഞ്ചരിക്കേണ്ടത്. ശക്തമായ അടിയൊഴുക്കും ചുഴിയും കടൽജീവികളുടെ ആക്രമണങ്ങളെയും എപ്പോഴും കരുതിയിരിക്കണമെന്നും അതുല്യ പറയുന്നു.
കോവളത്തും ആൻഡമാനിലും കൊച്ചിയിലെ അക്വലിയോ ഡൈവ് സെന്ററിലും സ്‌കൂബ ഡൈവറായി ജോലി ചെയ്യുന്നതിനിടെയാണ് ദക്ഷിണാഫ്രിക്കയിലെ ജാക്ക് ഡൈവ് ചെസ്റ്റ് അക്കാദമി സ്ഥാപകർ അതുല്യയെ കണ്ടുമുട്ടുന്നത്. കടലാഴങ്ങളോടുള്ള അതുല്യയുടെ അടങ്ങാത്ത ആഗ്രഹം കണ്ട് ജാക്ക് അക്കാദമി അവർക്ക് കൊമേഴ്‌സ്യൽ ഡൈവിങ്ങിൽ സൗജന്യ പരിശീലനവും നൽകി. അവിടെനിന്നാണ് ഇന്ത്യയിലെ ആദ്യത്തെ വനിതാ കൊമേഴ്‌സ്യൽ ഡൈവർ എന്ന സർട്ടിഫിക്കറ്റുമായി അതുല്യ പുറത്തുവരുന്നത്.
12 ലക്ഷത്തിന്റെ കോഴ്‌സ് അതുല്യയ്ക്ക് കിട്ടിയത് സൗജന്യമായി
കൊമേഴ്‌സ്യൽ ഡൈവിങ്ങിൽ താത്പര്യമുണ്ടോ എന്ന് ജാക്ക് അക്കാദമി അധികൃതർ ചോദിച്ചപ്പോൾ പണമായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. ആഗ്രഹമുണ്ടെന്നും കുറച്ചുകൂടി പണം സമ്പാദിച്ച് പഠനത്തിന് എത്താമെന്നും അതുല്യ പറഞ്ഞെങ്കിലും ജാക്ക് അക്കാദമി അതുല്യയെ സൗജന്യമായി പഠിപ്പിക്കുകയായിരുന്നു. മൂന്നുമാസത്തെ കോഴ്‌സ് പൂർത്തിയാക്കി അങ്ങനെ 2025 ജൂലായ് മാസം ഇന്റർനാഷണൽ മറൈൻ കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ കോഴ്‌സിന്റെ സർട്ടിഫിക്കറ്റും ലഭിച്ചു. 28-ാമത്തെ വയസ്സിലായിരുന്നു ഈ നേട്ടം.
ഓളപ്പരപ്പിലെ ശാന്തതയ്ക്കപ്പുറം കടലിനടിയിൽ മറ്റൊരു ലോകം തന്നെയുണ്ടെന്ന് പറയുന്നു അതുല്യ. മത്സ്യങ്ങളും കടലാമകളും ഈലുകളും ചെടികളുമെല്ലാം നിറഞ്ഞ് കടലിന് മുകളിലെ ലോകം പോലെ വിവിധ നിറങ്ങളിൽ ഒരു കളർബോക്‌സ് തുറന്നിട്ടതുപോലെയുള്ള ലോകം. കണ്ടാലും കണ്ടാലും മതിവരാത്ത പുതിയ കാഴ്ചകളുടെ ലോകം.
സ്വയംരക്ഷയ്ക്ക് കത്തിയുമായി കടലിലേക്ക്
പലപ്പോഴും കടലിനടിയിലെ വെള്ളത്തിന്റെ സ്വഭാവം അപ്രതീക്ഷിതമാവും. കലങ്ങിമറിയുന്ന വെള്ളവും ചുഴിയും ഇരുട്ടും വലിയ ഭീഷണിതന്നെയാണ്. അതിനൊപ്പമാണ് കടൽജീവികളുടെ ആക്രമണം. അത്തരം ആക്രമണങ്ങളിൽനിന്നും രക്ഷനേടാൻ പലപ്പോഴും ബൂട്ടിനകത്ത് കത്തിയൊളിപ്പിക്കും.
ഒരിക്കൽ ദക്ഷിണാഫ്രിക്കയിലെ തന്റെ സഹപ്രവർത്തകൻ ഡൈവിനിടെ മുതലയുടെ വായിൽപെട്ടുപോയിരുന്നു. മരണത്തെ മുന്നിൽ കണ്ട നിമിഷം. അന്ന് സ്വയംരക്ഷയ്ക്ക് കരുതിവെച്ച കത്തി ഉപയോഗിച്ചാണ് അദ്ദേഹം രക്ഷപ്പെട്ടതെന്നും അതുല്യ പറയുന്നു. ഇത്തരം സന്ദർഭോചിതമായ തീരുമാനങ്ങൾ എടുക്കാനുള്ള കഴിവും അല്പം ധൈര്യവും ഉണ്ടെങ്കിൽ ആർക്കും ഒരു കൊമേഴ്‌സ്യൽ ഡൈവറാകാമെന്നും അതുല്യ പറയുന്നു.
ആൻഡമാനിലൊക്കെ കടലിനടിയിലേക്ക് പോകുമ്പോൾ നല്ല ദൃശ്യത നമുക്ക് അനുഭവിക്കാം. എന്നാൽ കേരളത്തിൽ അത്തരം സ്ഥലങ്ങൾ വളരെ കുറവാണ്. ഇതിന് പ്രധാന കാരണം മാലിന്യങ്ങളാണ്. ഫാക്ടറികളിൽനിന്നും ആശുപത്രികളിൽനിന്നുമെല്ലാം പുറത്തേക്കൊഴുകുന്ന മാലിന്യങ്ങളെ പേറേണ്ട അവസ്ഥയാണ് നമ്മുടെ കടലുകൾക്ക്. അതുകൊണ്ടുതന്നെ ഇരുട്ട് മാത്രമാവും ഇവിടെയുള്ള ഭൂരിഭാഗം കടലും സമ്മാനിക്കുന്ന കാഴ്ച. കൊച്ചിപോലെയുള്ള സ്ഥലങ്ങൾ ഇതിന് ഉദാഹരണമാണ്.
പലപ്പോഴും ഡൈവ് ചെയ്ത് പോകുമ്പോൾത്തന്നെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നമ്മുടെ മുഖത്ത് വന്ന് തട്ടും. വലകളിൽ കുടുങ്ങി പല കടൽജീവികൾ നിസ്സഹായരായി ജീവൻനഷ്ടപ്പെട്ടുപോയ കാഴ്ചകൾക്കും സാക്ഷിയായിട്ടുണ്ട്. വലയിൽ കുടുങ്ങി മുള്ളുമാത്രം ബാക്കിയായിപ്പോയ വലിയ മത്സ്യങ്ങളെ കാണുമ്പോൾ സങ്കടം തോന്നുമെന്നും അതുല്യ പറയുന്നു.
ജെൻഡർ സ്റ്റഡീസ് ക്ലാസിലെ സ്പാർക്ക്
ഒരു പോലീസാകണമെന്നായിരുന്നു പഠനകാലത്തൊക്കെ അതുല്യയുടെ അതിയായ ആഗ്രഹം. പക്ഷേ തൃശ്ശൂർ സെന്റ്‌മേരീസ് കോളേജിലെ ബിരുദ പഠനകാലത്ത് ജെൻഡർ സ്റ്റഡീസ് ക്ലാസെടുക്കാൻ എത്തിയ അധ്യാപിക പറഞ്ഞ വാക്കുകൾ പുതിയൊരു തുടക്കം കൂടിയായിരുന്നു. സ്ത്രീകൾ എന്തുകൊണ്ട് എപ്പോഴും സുരക്ഷിതമായ ജോലികൾ തേടി പോവുന്നുവെന്നും റിസ്കെടുക്കാൻ തയ്യാറായാൽ അവസരങ്ങൾക്ക് ഇക്കാലത്ത് അതിരുകളില്ലെന്നും അധ്യാപിക പറഞ്ഞു.
സ്‌കൂബ ഡൈവിങ്, കൊമേഴ്‌സ്യൽ ഡൈവിങ് പോലുള്ള വാക്കുകൾ ആദ്യമായി അതുല്യ കേൾക്കുന്നതും അന്നാണ്. എന്തുകൊണ്ടാണെന്ന് അറിയില്ല ആ ക്ലാസ് തനിക്കൊരു സ്പാർക്ക് നൽകിയെന്നും ഇതിനുശേഷമാണ് ഇത്തരം സ്ഥാപനങ്ങൾ തേടിപ്പോയതെന്നും അതുല്യ ഓർക്കുന്നുണ്ട്. പഠനവിഷയങ്ങളിൽ മികവ് കാട്ടാൻ ഒരുപക്ഷേ എല്ലാവർക്കും കഴിയില്ല. അത്തരക്കാർക്കുള്ള വലിയ അവസരം കൂടിയാണ് ഇത്തരം തൊഴിൽമേഖലയെന്നും അതുല്യ ചൂണ്ടിക്കാട്ടുന്നു.
അല്പം ധൈര്യവും റിസ്കെടുക്കാനുള്ള ആത്മവിശ്വാസവും മാത്രമാണ് യോഗ്യത. പഠനത്തിൽ മികവ് കാട്ടാൻ കഴിയാതെ ആത്മഹത്യയിലേക്ക് പോവുന്ന പലരെയും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ആത്മഹത്യ ചെയ്യാൻ തോന്നുന്ന ധൈര്യത്തിന്റെ പകുതിപോലും ഇത്തരം ജോലികൾക്ക് വേണ്ടെന്നും അതുല്യ പറയുന്നു.
Content Highlights: Defying conventional career boundaries and braving the perilous depths of the ocean, Athulya from Pattambi, Kerala, has made history by becoming India's first female commercial diver.
Published: 04 Jul 2026, 10:52 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented