To advertise here,

എല്ലാ വർഷവും ഓഗസ്റ്റ് 19 ആണ് ലോക ഫോട്ടോഗ്രഫി ദിനമായി നമ്മൾ ആഘോഷിക്കുന്നത്. ക്യാമറ എന്ന അദ്‌ഭുത ഉപകരണം കണ്ടുപിടിക്കപ്പെട്ടതിനെയും, ഒരു കുഞ്ഞുഫ്രെയിമിലൂടെ ലോകത്തിന്റെ വികാരങ്ങൾ പകർത്തിവയ്ക്കുന്ന ഫോട്ടോഗ്രാഫർമാരെയും ആദരിക്കുന്ന ദിനമാണിത്.

ഫോട്ടോഗ്രഫി എന്ന കലയുടെ അനേകം ശാഖകളിൽ ഏറ്റവും കൗതുകമുള്ളതും സത്യസന്ധവുമായ ഒന്നാണ് ഫോട്ടോജേണലിസം. അതായത് ചിത്രങ്ങളിലൂടെ കഥ പറയുന്ന രീതി.

 

ക്യാമറക്കണ്ണിലൂടെ ലോകത്തെ കാണാം!

‘ഒരു ചിത്രം ആയിരം വാക്കുകൾക്ക് തുല്യമാണ്’ എന്നൊരു ചൊല്ലുണ്ട്. ആയിരം വാക്കുകൾകൊണ്ട് എഴുതി ഫലിപ്പിക്കാൻ കഴിയാത്ത വലിയൊരു സത്യത്തെയോ സംഭവത്തെയോ ഒറ്റ ഫ്രെയിമിലൂടെ മനുഷ്യരിലേക്കെത്തിക്കാൻ സാധിക്കും എന്ന സത്യമാണ് ഇതിനുപിന്നിൽ.

വാർത്തകൾ വായിച്ചറിയുന്നതിനെക്കാൾ കൂടുതൽ അത് ചിത്രങ്ങളിലൂടെ കാണുമ്പോൾ മനുഷ്യന്റെ മനസ്സിൽ ആഴത്തിൽ പതിയുന്നു.

എഴുതപ്പെട്ട അക്ഷരങ്ങൾ വായിച്ചുമനസ്സിലാക്കാൻ നിശ്ചിത ഭാഷയും വിദ്യാഭ്യാസവും വേണം. എന്നാൽ, വൈകാരികവും സത്യസന്ധവുമായ ഒരു ചിത്രം കണ്ടാൽ ലോകത്തിന്റെ ഏത് കോണിലുള്ള ആൾക്കും അതിന്റെ ഗൗരവം തത്‌ക്ഷണം മനസ്സിലാകും. ചിത്രങ്ങളിലൂടെ സത്യസന്ധമായി വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തന ശാഖയാണ് ഫോട്ടോജേണലിസം. പ്രധാനപ്പെട്ട സംഭവങ്ങൾ നടക്കുന്ന സ്ഥലങ്ങളിലെത്തി ചിത്രങ്ങൾ പകർത്തി അവ പത്രങ്ങൾ, മാസികകൾ, ടെലിവിഷൻ ചാനലുകൾ, വാർത്താ വെബ്സൈറ്റുകൾ, സോഷ്യൽ മീഡിയ തുടങ്ങിയ മാധ്യമങ്ങളിലൂടെ ജനങ്ങളിലെത്തിക്കുന്നവർ ഫോട്ടോ ജേണലിസ്റ്റുകൾ എന്നറിയപ്പെടുന്നു.

 

ഫോട്ടോഗ്രഫിയല്ല ഫോട്ടോജേണലിസം!

ഫോട്ടോഗ്രഫിയും ഫോട്ടോജേണലിസവും തമ്മിൽ വലിയ വ്യത്യാസമുണ്ട്. സൗന്ദര്യം, ഭാവന, ലൈറ്റിങ്‌, അല്ലെങ്കിൽ വ്യക്തിപരമായ ആവശ്യങ്ങൾ എന്നിവയ്ക്കാണ് ഇവിടെ പ്രാധാന്യം. ഇവിടെ ചിത്രങ്ങൾ പിന്നീട് എഡിറ്റ് ചെയ്ത് ഉപയോഗിക്കാറുണ്ട്. എന്നാൽ ഫോട്ടോജേണലിസത്തിൽ സത്യസന്ധത, ന്യൂസ് വാല്യൂ എന്നിവയ്ക്കാണ് പ്രാധാന്യം. നടക്കുന്ന സംഭവങ്ങളെ ഒരു മാറ്റവും വരുത്താതെ, ഉള്ളതുപോലെ ക്യാമറയിൽ പകർത്തി സമൂഹത്തിനുമുന്നിൽ എത്തിക്കുക എന്നതാണ് ഇതിന്റെ ധർമം.

 

ഫോട്ടോജേണലിസത്തിന്റെ വളർച്ച

ക്യാമറയുടെ വികാസത്തിനനുസരിച്ച് ഫോട്ടോജേണലിസവും വലിയ മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട്.

1850 കാലഘട്ടത്തിൽ നടന്ന ക്രിമിയൻ യുദ്ധത്തിന്റെ ചിത്രങ്ങൾ പകർത്തിയ റോജർ ഫെന്റൺ ആണ് ആദ്യകാല ഫോട്ടോജേണലിസ്റ്റുകളിൽ പ്രമുഖൻ. അന്നത്തെ ക്യാമറകൾ വളരെ വലുതും ഭാരമേറിയതുമായിരുന്നു. ചിത്രങ്ങൾ പ്രിന്റ് ചെയ്യാൻ രാസവസ്തുക്കൾ നിറച്ച വലിയ പെട്ടികളും ഒപ്പം കരുതണമായിരുന്നു.

 

‘ഹാഫ്‌ടോൺ’ പ്രിന്റിങ്‌ സാങ്കേതികവിദ്യ വന്നതോടെ പത്രങ്ങളിൽ വരച്ച ചിത്രങ്ങൾക്കുപകരം യഥാർഥ ഫോട്ടോകൾ അച്ചടിക്കാൻ തുടങ്ങി.

എളുപ്പത്തിൽ കൊണ്ടുനടക്കാവുന്ന 35 mm ലെയ്‌ക ക്യാമറകളുടെ വരവോടെ ഫോട്ടോജേണലിസം വലിയ കുതിച്ചുചാട്ടം നടത്തി. രണ്ടാം ലോകയുദ്ധം, ഇന്ത്യയുടെ സ്വാതന്ത്ര്യസമരം തുടങ്ങിയ വലിയ സംഭവങ്ങൾ ക്യാമറയിൽ പതിഞ്ഞു. ‘ലൈഫ്’ (LIFE), ‘ലുക്ക്’ (LOOK) തുടങ്ങിയ മാഗസിനുകൾ ചിത്രത്തിലൂടെ കഥകൾ പറഞ്ഞ് ലോകശ്രദ്ധ നേടി.

 

ഫോട്ടോജേണലിസത്തിന്റെ പ്രാധാന്യം

ചരിത്രത്തിലെ സുപ്രധാന നിമിഷങ്ങൾ തലമുറകളിലേക്ക് കൈമാറാൻ ചിത്രങ്ങൾ സഹായിക്കുന്നു. ഉദാഹരണത്തിന്, മഹാത്മാഗാന്ധിയുടെ ദണ്ഡി യാത്രയുടെ ചിത്രങ്ങൾ ഇന്ന് നമ്മുടെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ വലിയ തെളിവാണ്.

വാർത്തകൾ കേട്ടറിഞ്ഞ് വിശ്വസിക്കുന്നതിനെക്കാൾ, യഥാർഥ ചിത്രം കാണുമ്പോൾ ജനങ്ങൾക്ക് വാർത്തയിലുള്ള വിശ്വാസ്യത വർധിക്കുന്നു. ഇതും ഫോട്ടോജേണലിസത്തിനെ ജനപ്രിയമാക്കുന്നു.

യുദ്ധങ്ങൾ, പ്രകൃതിദുരന്തങ്ങൾ, പട്ടിണി, പ്രകൃതിചൂഷണം എന്നിവയുടെ ചിത്രങ്ങൾ ലോക മനഃസാക്ഷിയെ ഉണർത്തുകയും സർക്കാരുകളെയും അധികാരികളെയും കൊണ്ട് നടപടികൾ എടുപ്പിക്കുകയും ചെയ്യുന്നു.

ഭാഷ, ദേശം, വംശം എന്നിവയ്ക്കതീതമായി എല്ലാവർക്കും ഒരുപോലെ അനുഭവവേദ്യമാകുന്ന ഒന്നാണ് ദൃശ്യഭാഷ. അതിനാൽ ഫോട്ടോജേണലിസത്തിന് അതിരുകളില്ല.

 

ഫോട്ടോജേണലിസത്തിന്റെ ശാഖകൾ:

 

സ്പോട്ട് ന്യൂസ് ഫോട്ടോജേണലിസം

പെട്ടെന്ന് അപ്രതീക്ഷിതമായി നടക്കുന്ന വലിയ സംഭവങ്ങൾ തത്സമയം പകർത്തി നൽകുന്ന ശാഖയാണിത്.

അപകടങ്ങൾ, പ്രകൃതിദുരന്തങ്ങൾ, തുടങ്ങിയവ ഇതിൽപെടും.

ഫോട്ടോഗ്രാഫർക്ക് സമയവും സാഹചര്യവും മുൻകൂട്ടി പ്ലാൻ ചെയ്യാൻ കഴിയില്ല എന്നതിനാൽ നിമിഷനേരംകൊണ്ട് തീരുമാനമെടുത്ത് ചിത്രം പകർത്തിനൽകണം.

 

സ്പോർട്സ് ഫോട്ടോജേണലിസം 

കായികമത്സരങ്ങളിലെ വേഗവും വിജയ-പരാജയ നിമിഷങ്ങളും കായികതാരങ്ങളുടെയും കാണികളുടെയും വൈകാരിക നിമിഷങ്ങളും പകർത്തിവയ്ക്കുന്ന ശാഖ. അതിവേഗത്തിൽ ചലിക്കുന്ന നിമിഷങ്ങളെ പകർത്താൻ ഹൈസ്പീഡ് ലെൻസുകളും മികച്ച കൃത്യതയും ആവശ്യമാണ്.

 

ഡോക്യുമെന്ററി ഫോട്ടോജേണലിസം

ഒരു പ്രത്യേക വിഷയത്തെക്കുറിച്ചോ സമുദായത്തെക്കുറിച്ചോ സാമൂഹിക പ്രശ്നത്തെക്കുറിച്ചോ ആഴത്തിൽ പഠിച്ച് ദീർഘകാലംകൊണ്ട് പരമ്പരയായി ചിത്രീകരിക്കുന്ന രീതി.

 

വാർ, കോൺഫ്ലിക്ട്‌ ഫോട്ടോജേണലിസം

 

യുദ്ധമേഖലകളിലും ആഭ്യന്തര കലാപങ്ങൾ നടക്കുന്ന സ്ഥലങ്ങളിലും ചെന്ന് യാഥാർഥ്യങ്ങൾ ലോകത്തിനുമുന്നിൽ എത്തിക്കുന്ന ശാഖ. സ്വന്തം ജീവൻപോലും പണയംവെച്ച് വാർത്ത ചിത്രീകരിക്കുന്ന മേഖലയാണിത്.

 

പൊളിറ്റിക്കൽ ഫോട്ടോജേണലിസം

രാജ്യത്തെയോ ലോകത്തെയോ ഭരിക്കുന്ന നേതാക്കളുടെ തീരുമാനങ്ങൾ, രാഷ്ട്രീയ മാറ്റങ്ങൾ, തിരഞ്ഞെടുപ്പുകൾ എന്നിവ പകർത്തിവയ്ക്കുന്ന വിഭാഗം.

 

എൻവയൺമെന്റൽ ഫോട്ടോജേണലിസം

പ്രകൃതി നേരിടുന്ന ഭീഷണികൾ, കാലാവസ്ഥാവ്യതിയാനം, കാട്ടുതീ, പ്ലാസ്റ്റിക് മലിനീകരണം, വന്യജീവിനാശം എന്നിവ ലോകശ്രദ്ധയിൽ കൊണ്ടുവരാൻ സഹായിക്കുന്ന ശാഖ.

 

ഫീച്ചർ ഫോട്ടോജേണലിസം

പെട്ടെന്നുള്ള വാർത്തകൾക്കപ്പുറം മനുഷ്യരുടെ ദൈനംദിന ജീവിതം, സംസ്കാരം, ആഘോഷങ്ങൾ, സന്തോഷം എന്നിവ പകർത്തി വൈകാരികമായി ജനങ്ങളിലേക്കെത്തിക്കുന്ന രീതി. പ്രാദേശിക ഉത്സവങ്ങൾ, വ്യത്യസ്ത തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്ന മനുഷ്യർ എന്നിവയെല്ലാം ഇതിൽ പെടുന്നു.

 

സ്ട്രീറ്റ്/ സോഷ്യൽ ഇഷ്യൂ ഫോട്ടോജേണലിസം 

തെരുവുകളിലെ സാധാരണക്കാരുടെ ജീവിതവും സംഭവങ്ങളും പകർത്തുന്ന രീതി.

 

നല്ലൊരു ഫോട്ടോജേണലിസ്റ്റാവാം!

ഫോട്ടോഗ്രഫി പഠിപ്പിക്കാൻ പറ്റില്ല. പക്ഷേ, പഠിക്കാൻ പറ്റും എന്ന് പറയുന്നതുപോലെ നമ്മുടെ ചില കഴിവുകൾ വളർത്തിയെടുത്താൽ ഈ മേഖലയിൽ തിളങ്ങാം.

ചുറ്റും നടക്കുന്ന കാര്യങ്ങളെ അതീവ ശ്രദ്ധയോടെ വീക്ഷിക്കാനുള്ള കഴിവാണ് ഇതിൽ പ്രധാനം. ഏത്‌ പ്രതികൂല സാഹചര്യത്തിലും (കനത്ത മഴ, യുദ്ധമേഖലകൾ, അപകടസ്ഥലങ്ങൾ) ഭയപ്പെടാതെ നിൽക്കാനുള്ള ധൈര്യവും ശരിയായ ഫ്രെയിമിനായി കാത്തിരിക്കാനുള്ള ക്ഷമയും ആവശ്യമാണ്. ക്യാമറാലെൻസുകൾ, ലൈറ്റിങ്‌, ഷട്ടർ സ്പീഡ്, അപ്പർച്ചർ തുടങ്ങിയ സാങ്കേതിക കാര്യങ്ങളിൽ വ്യക്തമായ ധാരണയുണ്ടായിരിക്കണം. ഇതിലുപരി മാധ്യമ ധാർമികത പാലിക്കണം. ചിത്രം ആരുടെയും വ്യക്തിത്വത്തെ മോശമായി ചിത്രീകരിക്കുന്നതാകരുത്. അവരുടെ സ്വകാര്യതയെ ബാധിക്കരുത്. ചിത്രങ്ങളിൽ ഒരു രീതിയിലുള്ള വ്യാജ തിരുത്തലും വരുത്തരുത്.

 

മാധ്യമപ്രവർത്തനരംഗത്ത് വിപ്ലവം സൃഷ്ടിച്ച ഒരു മേഖലയാണ് ഫോട്ടോജേണലിസം. ക്യാമറയോട് ഇഷ്ടമുള്ള, ചുറ്റുമുള്ള ലോകത്തെ തൊട്ടറിയാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് തിരഞ്ഞെടുക്കാൻ പറ്റിയ ഏറ്റവും മികച്ച കരിയറുകളിലൊന്നാണിത്.