പ്രശസ്ത ക്രിക്കറ്റ് താരം സച്ചിൻ തെണ്ടുൽക്കർ ആത്മകഥയിൽ എഴുതിയ ഒരു കാര്യമുണ്ട്. അച്ഛൻ രമേഷ് തെണ്ടുൽക്കർക്ക് മകൻ മികച്ച കളിക്കാരനാണെന്നു കേൾക്കാനായിരുന്നില്ല ഇഷ്ടം. സച്ചിൻ ഒരു നല്ല മനുഷ്യനാണെന്ന് അറിയപ്പെടാനാണ്. എല്ലാ അച്ഛനമ്മമാരും മക്കൾ നല്ല സ്വഭാവമുള്ളവരാകണമെന്ന് ആഗ്രഹിക്കുന്നു.

To advertise here,

വീട്ടിൽ തുടങ്ങാം: കുഞ്ഞ് ജനിച്ചതുമുതൽ അവന്റെ അല്ലെങ്കിൽ അവളുടെ വളർച്ചയിൽ അച്ഛനുമമ്മയും വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. മക്കൾ ശരിയായ വഴിക്കല്ല പോകുന്നതെങ്കിൽ ചിലപ്പോൾ അച്ഛനോ അമ്മയോ വഴക്കുപറയും. അതായത് നിങ്ങൾ ഒരു സ്ഥലത്തേക്ക് പോകുമ്പോൾ വഴി തെറ്റിയെന്നു വിചാരിക്കുക. ആരെങ്കിലും ശരിയായ വഴി പറഞ്ഞാൽ നിങ്ങൾ അതനുസരിക്കില്ലേ? വീട്ടുകാർ വഴക്കു പറയുന്നതും അങ്ങനെ കണ്ടാൽ മതി.

പഠിക്കാം നല്ലപാഠം: വീടുകഴിഞ്ഞാൽ പിന്നെയുള്ളത് സ്‌കൂളാണ്. മിക്ക വീടുകളിലും വളരെ കുറച്ച് അംഗങ്ങളേ കാണൂ. വിദ്യാലയത്തിൽ അങ്ങനെയല്ല. പല കുടുംബത്തിൽ നിന്നെത്തുന്നവരുണ്ട്. പല ഭാഷ സംസാരിക്കുന്നവരും പല ദൈവങ്ങളെ ആരാധിക്കുന്നവരുമുണ്ട്. സ്‌കൂളിലെത്തിയാൽ എല്ലാവരും വിദ്യാർഥികൾ മാത്രമാണ്. മറ്റുള്ളവരുടെ വിശ്വാസങ്ങളെ കളിയാക്കാതെ ബഹുമാനിക്കാൻ ശീലിക്കാം.

ദിനചര്യകൾ പാലിച്ച് ആരോഗ്യം സംരക്ഷിക്കാം: കുട്ടികളെ സംബന്ധിച്ച് ആരോഗ്യം വളരെ പ്രധാനപ്പെട്ട കാര്യമാണ്. കൃത്യമായ ദിനചര്യകൾ പാലിക്കുന്നതിലൂടെ അസുഖങ്ങളെ അകറ്റാം. ഉറക്കം, കുളി, വൃത്തിയായ വസ്ത്രം ധരിക്കൽ എന്നിവ ശീലിക്കാം. പുസ്തകവും സ്വന്തം വസ്തുക്കളും അടുക്കിവെയ്ക്കുക, ഭക്ഷണം കഴിച്ച പാത്രം സ്വയം കഴുകുക എന്നീ ശീലങ്ങൾ നിർബന്ധമാക്കാം. അൽപം മുതിർന്നവർക്ക് സ്വയം പാചകവും പരീക്ഷിക്കാവുന്നതാണ്. വീട്ടിലെ എല്ലാ ജോലികളും എല്ലാവരും പഠിച്ചിരിക്കണം. പ്രയാസമുണ്ടെങ്കിൽ അച്ഛന്റെയും അമ്മയുടെയും സഹായം തേടാം.

അടിസ്ഥാന മര്യാദകൾ പാലിക്കാം: 
അഭിവാദ്യം ചെയ്യുക: ഒരാളെ കാണുമ്പോൾ നമസ്‌കാരം, ഹലോ, ഗുഡ് മോണിംഗ് എന്നിവയിൽ ഏതെങ്കിലും പറയാം. കൂടാതെ ഒരാളോട് ആവശ്യം പറയുമ്പോൾ ദയവായി അല്ലെങ്കിൽ പ്ലീസ് എന്നീ വാക്കുകൾ ചേർക്കാം. അതുപോലെ എന്തെങ്കിലും തെറ്റ് പറ്റിയാൽ സോറി എന്നോ ക്ഷമിക്കണം എന്നോ പറയാം.

പങ്കുവെയ്ക്കാം : ക്ലാസിൽ പെൻസിൽ എടുക്കാൻ മറന്ന് പോയ സുഹൃത്തിന് നിങ്ങളുടെ രണ്ട് പെൻസിലിൽ ഒന്ന് എഴുതാൻ കൊടുക്കാം. വീട്ടിൽ വരുന്ന ചങ്ങാതിക്ക് കളിപ്പാട്ടങ്ങൾ കൊടുക്കാം, ഒരുമിച്ച് കളിക്കാം.

ഭക്ഷണം കഴിക്കുമ്പോൾ : കസേരയിൽ നിവർന്ന് ഇരിക്കണം. മേശയിൽ ഒപ്പം ഇരിക്കുന്ന എല്ലാവരും ഭക്ഷണം വിളമ്പുന്നത് വരെ കാത്തിരിക്കാം. പാത്രത്തിൽ നിന്ന് താഴെ കളയാതെ ഭക്ഷണം കഴിച്ച് ശീലിക്കാം. വായിൽ ഭക്ഷണം നിറച്ച് സംസാരിക്കരുത്. എല്ലാവരും ഭക്ഷണം കഴിച്ചതിനു ശേഷം എഴുന്നേൽക്കുക. അതല്ല, അത്യാവശ്യമുണ്ടെങ്കിൽ 'ഞാൻ എഴുന്നേൽക്കട്ടെ' എന്ന് ചോദിച്ച് എഴുന്നേൽക്കാം. ഭക്ഷണമുണ്ടാക്കി തന്ന ആളോട് നന്ദി പറയാം.

മറ്റുള്ളവരെ കേൾക്കാം : മറ്റുള്ളവർ സംസാരിക്കുന്നത് കേൾക്കുന്നതും നല്ല പെരുമാറ്റത്തിൽപ്പെടും. അവരുടെ സംസാരം തടസപ്പെടുത്തരുത്, ശ്രദ്ധയോടെ കേൾക്കുകയും ചെയ്യണം. സംശയങ്ങൾ ചോദിക്കുകയും നല്ല കാര്യങ്ങൾ പറയുമ്പോൾ അഭിനന്ദിക്കുകയും വേണം. ചില കാര്യങ്ങൾ എല്ലാവരോടും പറയില്ല. അങ്ങനെ പറയാത്തത് അറിഞ്ഞേ തീരൂ എന്ന വാശി അരുത്. ആരെയും വേദനിപ്പിക്കാതെ സംസാരിക്കാൻ ശീലിക്കണം, മാന്യമായ വാക്കുകൾ ഉപയോഗിക്കണം.