
സഞ്ചിക്കച്ചവടമാണ് ജോലിയെന്ന് പറയുമ്പോള്‍ സഫര്‍ അമീറിനെ നോക്കി നെറ്റി ചുളിച്ചവരായിരുന്നു ഏറെയും. എന്‍ജിനീയറിങ് പൂര്‍ത്തിയാക്കിയിട്ടും വേറെ ജോലിയൊന്നും കിട്ടിയില്ലേ, സഞ്ചി വിറ്റ് നടക്കുകയാണോ എന്ന ഭാവം. സഞ്ചി കച്ചവടം ഏറ്റവുമധികം പ്രശ്‌നമായതാകട്ടെ വിവാഹാലോചനകളുടെ സമയത്തും. പയ്യന് സഞ്ചിക്കച്ചവടമാണെന്നറിഞ്ഞപ്പോള്‍ പല വിവാഹാലോചനകളും മുടങ്ങി. സഞ്ചി വില്‍പന തുടര്‍ന്നാല്‍ പെണ്ണ് കിട്ടാന്‍ തന്നെ പ്രയാസമാണെന്ന് മനസിലാക്കിയെങ്കിലും പിന്തിരിയാന്‍ സഫര്‍ അമീര്‍ ഒരുക്കമല്ലായിരുന്നു. എന്നാല്‍, ഇതെല്ലാം മനസിലാക്കിക്കൊണ്ട് തന്നെ ഒരു പെണ്‍കുട്ടി സഫറിന്റെ ജീവിതത്തിലേക്ക് കടന്നുവന്നു. ഇന്ന് സഫര്‍ അമീറിനൊപ്പം എല്ലാ കാര്യത്തിലും കട്ട സപ്പോര്‍ട്ടുമായി ജീവിതപങ്കാളി ആതിര ഫിറോസ് ഒപ്പമുണ്ട്. ഇരുവരും ചേര്‍ന്നാണ് 'സഞ്ചി ബാഗി'നെ മുന്നോട്ട് നയിക്കുന്നത്.
സഞ്ചിക്കച്ചവടം ഹിറ്റായതോടെ ബി.ടെക്ക്. പാസായവന്‍ സഞ്ചി വില്‍ക്കാന്‍ നടക്കുന്നു എന്ന കളിയാക്കലൊക്കെ നിന്നു. സഫറിനൊപ്പം ഭാര്യ ആതിരയും മാതാപിതാക്കളും സംരംഭത്തില്‍ സജീവമായി. ഇപ്പോള്‍ തിരുവനന്തപുരം പനവിള ജങ്ഷനിലെ സഫറിന്റെയും ആതിരയുടേയും സ്ഥാപനത്തില്‍ എത്തിയാല്‍ വിവിധ തരത്തിലുള്ള ബാഗുകള്‍ കാണാം. ബെഡ് ഷീറ്റുകള്‍, സോപ്പുകള്‍, പെബിള്‍സ് കൊണ്ടുള്ള കലാരൂപങ്ങള്‍, അലങ്കാരവസ്തുക്കള്‍ എന്നവയടക്കം പ്രകൃതിസൗഹൃദ ഉത്പന്നങ്ങളും സ്ഥാപനത്തിലുണ്ട്. കച്ചവടം ഹിറ്റായതിന് പിന്നാലെ മറ്റൊരു സന്തോഷവും ഇരുവരേയും തേടിയെത്തി. ഈ വര്‍ഷത്തെ സംസ്ഥാന സംസ്ഥാന യുവജന കമ്മിഷന്റെ യൂത്ത് ഐക്കണ്‍ പുരസ്‌കാരം ആതിര ഫിറോസിനാണ് ലഭിച്ചത്. വ്യവസായം-സംരംഭകത്വം മേഖലയിലാണ് സഞ്ചി ബാഗ്സ് സി.ഇ.ഒയെ തേടി പുരസ്‌കാരം എത്തിയത്.
സഫര്‍ അമീറിനൊപ്പം ചേര്‍ന്നതോടെയാണ് ആതിര സംരംഭകയെന്ന നിലയില്‍ പേരെടുത്തത്. 2016-ലായിരുന്നു സഫറുമായുള്ള വിവാഹം. പഠനശേഷം രണ്ടു വര്‍ഷത്തോളം പി.എസ്.സി. പരിശീലനത്തിനു പോയി. പിന്നീടാണ് സഞ്ചി ബാഗിനൊപ്പം യാത്ര തുടങ്ങുന്നത്. സഞ്ചി നിര്‍മാണത്തിന് ആവശ്യമായ തുണിത്തരങ്ങള്‍ തിരഞ്ഞെടുത്താണ് തുടക്കം. നിലവില്‍ റീടെയില്‍ ബിസിനസും ജീവനക്കാരുടെ കോ-ഓര്‍ഡിനേഷനുമാണ് ആതിരയുടെ ചുമതല. സ്ത്രീകള്‍ക്കാവശ്യമായ വസ്ത്രങ്ങളും സ്ത്രീസൗഹൃദ ഉത്പന്നങ്ങളും ആതിരയുടെ മേല്‍നോട്ടത്തിലാണ് ഒരുങ്ങുന്നത്. പുരസ്‌കാര നിറവില്‍ സഞ്ചി ബാഗിനേക്കുറിച്ച് മാതൃഭൂമി ഡോട്ട് കോമുമായി സംസാരിക്കുകയാണ് ആതിരയും സഫറും.
ബാഗ് നിര്‍മിച്ച് തുടങ്ങുന്നു
എന്‍ജിനിയറിങ് പഠനത്തിനു ശേഷം ഐ.ടി. മേഖലയില്‍ ജോലി നേടണമെന്നതായിരുന്നു സഫര്‍ അമീറിന്റെ ആഗ്രഹം. വെഞ്ഞാറമൂട് മുസ്ലിം അസോസിയേഷന്‍ കോളേജിലായിരുന്നു പഠനം. പഠനകാലത്ത് തന്നെ പ്രകൃതിസൗഹൃദ ഉത്പന്നങ്ങളോട് വലിയ താല്പര്യമുണ്ടായിരുന്നു. ഇത്തരത്തിലുള്ള ബാഗുകള്‍ എവിടെ കണ്ടാലും ശ്രദ്ധിക്കും. വാങ്ങി ഉപയോഗിക്കും. എന്നാല്‍, ഇത്തരത്തിലൊരു രംഗത്തേക്ക് കടന്നുവരുമെന്നോ സംരംഭകനെന്ന രീതിയില്‍ അറിയപ്പെടുമെന്നോ അക്കാലത്തൊന്നും പ്രതീക്ഷിച്ചിരുന്നില്ല. എന്‍ജിനിയറിങ് പഠനം പൂര്‍ത്തിയാക്കിയെങ്കിലും ചില വിഷയങ്ങള്‍ പാസായിരുന്നില്ല. സപ്ലിമെന്ററി പരീക്ഷകള്‍ എഴുതാന്‍ ഫീസ് ഇനത്തില്‍ നല്ല തുക വേണം. ഇതോടെ ബദല്‍ വരുമാനമാര്‍ഗം അന്വേഷിച്ചു. നാട്ടില്‍ തുണി സഞ്ചി ചെയ്യുന്ന കുടുംബശ്രീ യൂണിറ്റുകളുണ്ടായിരുന്നു. അവരെ സഹായിക്കുന്നതിനൊപ്പം ഒരു വരുമാനവുമാകുമല്ലോ എന്ന പ്രതീക്ഷയിലാണ് തുടക്കം കുറിച്ചതെന്ന് സഫര്‍ പറയുന്നു.
ഇതിനിടയിലാണ് സഫര്‍ കൂടി അംഗമായ വിദ്യാര്‍ഥി സംഘടനയുടെ ജില്ലാ സമ്മേളനം തിരുവനന്തപുരത്ത് നടക്കുന്നത്. അതില്‍ പങ്കെടുക്കുന്ന അംഗങ്ങള്‍ക്കുള്ള ബാഗിന്റെ ചുമതല സംഘടന സഫറിനെയാണ് ഏല്‍പിച്ചത്. അങ്ങനെയാണ് സമ്മേളനത്തിന് തുണി സഞ്ചി ഉപയോഗിച്ചാലോ എന്ന ചിന്തയുണ്ടാകുന്നത്. നിശ്ചിത തുകയ്ക്ക് വ്യത്യസ്തമായ ബാഗ് എന്നതായിരുന്നു സംഘടനയുടെ ആവശ്യം. ചെറിയ ബജറ്റില്‍ ഗുണമേന്മയുള്ള ബാഗുകള്‍ നല്‍കുക എന്നതായിരുന്നു വെല്ലുവിളി. ശബരിമല മണ്ഡലകാലത്ത് സഞ്ചി തയ്ക്കുന്നവരെ തിരുവനന്തപുരത്തുനിന്ന് തന്നെ കണ്ടെത്തി. തമിഴ്‌നാട്ടില്‍നിന്ന് തുണി വാങ്ങി, നല്ല ഗുണമേന്മയില്‍ സഞ്ചി തുന്നി സമ്മേളനത്തിന് കൊടുത്തു. സമ്മേളനത്തിന് വന്നവര്‍ക്കും അത് ഇഷ്ടപ്പെട്ടു. പലരും ബാഗിനെക്കുറിച്ച് തിരക്കാന്‍ തുടങ്ങി. അതോടെ അടുത്ത സമ്മേളന സമയത്ത് ബാഗുകള്‍ ചെയ്തതാരാണെന്ന് അന്വേഷണമുണ്ടായി. പല ആളുകളും പല മോഡലുകള്‍ തിരക്കാന്‍ തുടങ്ങി. അങ്ങനെ അവര്‍ക്ക് താല്പര്യമുള്ള പല മോഡലുകളിലും ബാഗുകള്‍ ചെയ്തു നല്‍കാന്‍ തുടങ്ങി. പിന്നീട് ക്രമേണ ആവശ്യക്കാര്‍ കൂടി. അങ്ങനെ ഇതൊരു സംരംഭമായി വളരുകയായിരുന്നു.
സഞ്ചി എന്ന പേരിലേക്ക്
തിരുവനന്തപുരത്ത് ഫിലിം ഫെസ്റ്റിവലിലാണ് ആദ്യമായി ബാഗ് വില്‍പനയ്ക്ക് എത്തിക്കുന്നത്. ഐ.എഫ്.എഫ്.കെയില്‍ എത്തുന്നവര്‍ തുണിസഞ്ചി വാങ്ങി ഉപയോഗിക്കും എന്ന വിശ്വാസത്തിലാണ് സഞ്ചി എത്തിക്കുന്നത്. യുവാക്കള്‍ ഉപയോഗിക്കുന്ന തരത്തില്‍ നല്ല നിറത്തിലുള്ള തുണിസഞ്ചികളാണ് വില്‍പ്പനയ്ക്ക് എത്തിച്ചത്. അന്ന് കൈരളി- ശ്രീ തീയേറ്ററിന്റെ പടിക്കെട്ടിലിരുന്നാണ് ബാഗുകള്‍ വിറ്റത്. കടകളില്‍ ലഭിക്കാത്ത തരത്തിലുള്ള ബാഗുകളായതിനാല്‍ ആദ്യദിനം തന്നെ നല്ല പ്രതികരണമായിരുന്നു ലഭിച്ചത്. പ്രതീക്ഷിച്ചതിലും മികച്ച പ്രതികരണം. പിന്നീട് ഒരു ബ്രാന്‍ഡ് തുടങ്ങാന്‍ ആലോചിച്ചപ്പോള്‍ സഞ്ചി എന്നത് തന്നെയാണ് മനസിലേക്ക് വന്നത്. അങ്ങനെയാണ് സഞ്ചി ബാഗ് എന്ന പേരിലേക്ക് എത്തുന്നത്. ഇന്ന് പലരും ഞങ്ങളെ വിളിക്കുന്നത് പോലും സഞ്ചി എന്നാണ്. ഫോണില്‍ പലരും സഞ്ചി എന്നാണ് സേവ് ചെയ്തിരിക്കുന്നത് പോലും. ഒരു സംരംഭകന്‍ എന്ന നിലയില്‍ അത് വലിയ സന്തോഷമാണ് നല്‍കുന്നത്.
എന്‍ജിനീയറിങ് സപ്ലികള്‍ എഴുതി എടുത്തതിനേത്തുടര്‍ന്ന് ടെക്‌നോപാര്‍ക്കില്‍ ഒരു കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചു. ജോലി ലഭിച്ചിരുന്നുവെങ്കിലും സഞ്ചി ബിസിനസ് വിട്ടിരുന്നില്ല. ജോലിക്കൊപ്പം തന്നെ നാട്ടിലെ കുടുംബശ്രീ അംഗങ്ങള്‍ക്ക് മെറ്റീരിയലുകള്‍ നല്‍കി അവരെക്കൊണ്ട് ബാഗുകള്‍ തയ്പ്പിച്ച് വാങ്ങുകയാണ് ചെയ്തിരുന്നത്. കുടുംബശ്രീക്കാരെ സഹായിക്കുന്നതിനൊപ്പം ഒരു സമാന്തര വരുമാനമാര്‍ഗം എന്ന നിലയില്‍ അത് തുടര്‍ന്ന് പോകുകയായിരുന്നു. ആദ്യമൊക്കെ ആവശ്യക്കാരെത്തേടി പോകുമായിരുന്നു. ഫെയ്‌സ്ബുക്ക് വഴിയും ചെറിയ തോതില്‍ മാര്‍ക്കറ്റ് ചെയ്തു. ഒപ്പം സുഹൃത്തുക്കളും പരിചയക്കാരും വഴി കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാനും ശ്രമിച്ചു. 2016- ആയപ്പോള്‍ ബിസിനസ് അത്യാവശ്യം നല്ല നിലയിലായി. ഓഫീസില്‍നിന്ന് കിട്ടുന്ന വരുമാനത്തേക്കാള്‍ കൂടുതല്‍ വരുമാനം ഇതില്‍നിന്ന് കിട്ടുമെന്ന ഉറപ്പുണ്ടായി. ആ സമയത്താണ് പ്ലാസ്റ്റിക് നിരോധനത്തേക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നത്. തിരുവനന്തപുരം കോര്‍പറേഷന്‍ പ്ലാസ്റ്റിക് നിരോധിച്ചേക്കുമെന്ന തീരുമാനത്തിലേക്ക് എത്തി. അതോടെ ജോലി രാജിവെച്ച് മുഴുവന്‍ സമയം ബിസിനസിലേക്ക് ഇറങ്ങി.
30 മുതല്‍ 1000 രൂപവരെയുള്ള ബാഗുകള്‍
2016-ല്‍ ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ് എന്ന വലിയ പരിപാടിയുടെ ഓർഡറാണ് ആദ്യം ലഭിക്കുന്നത്. അവിടെ തന്നെ 2500 ബാഗുകളുടെ വലിയ ഓർഡര്‍ ഒന്നിച്ച് കിട്ടി. അതൊരു വഴിത്തിരിവായിരുന്നു. തിരുവനന്തപുരം കോര്‍പറേഷൻ പ്ലാസ്റ്റിക് നിരോധിച്ചതിനേ തുടര്‍ന്ന് നഗരസഭ സജ്ജീകരിച്ച പ്ലാസ്റ്റിക് ബദല്‍ സ്റ്റാളില്‍ സഞ്ചിയും ഇടംപിടിച്ചു. അവരുടെ തുണി സഞ്ചികളുടെ ഓഡറും ലഭിച്ചു. അതോടെ കൂടുതല്‍ ആളുകളിലേക്ക് സഞ്ചി എത്തി. ആദ്യത്തെ ഒരു വര്‍ഷം നല്ല രീതിയില്‍ പോയതോടെ കൂടുതല്‍ മുതല്‍മുടക്കാന്‍ തീരുമാനിച്ചു. വിപണിയിൽ മത്സരം കടുത്തതോടെ, ചെറിയ ബാഗുകള്‍ നിര്‍മിക്കുന്നത് ഒഴിവാക്കി സമ്മേളനങ്ങള്‍ക്കും വലിയ പരിപാടികള്‍ക്കും ബാഗ് നല്‍കുന്നതില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. പക്ഷേ, പിന്നാലെ ഒന്നും രണ്ടും ബാഗുകള്‍ ആവശ്യപ്പെട്ട് പലരും വിളിക്കാന്‍ തുടങ്ങി. അങ്ങനെയാണ് ഒരു ഷോപ്പിനെക്കുറിച്ച് ആലോചിക്കന്നത്. തുടര്‍ന്ന് 2019-ല്‍ തിരുവനന്തപുരത്ത് ഷോപ്പ് തുടങ്ങി.
500-ല്‍ പരം തരത്തിലുള്ള ബാഗുകള്‍ ഇപ്പോള്‍ നിര്‍മിക്കുന്നുണ്ട്. 30 രൂപ മുതല്‍ 1000 രൂപ വരെയുള്ള ബാഗുകള്‍ വില്‍ക്കുന്നുണ്ട്. തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടിലെ യൂണിറ്റിലാണ് ബാഗുകള്‍ അധികവും ഉത്പാദിപ്പിക്കുന്നത്. ഓർഡറുകള്‍ അധികമായി വന്നാല്‍ മെറ്റീരിയല്‍ നല്‍കി ചെറിയ യൂണിറ്റുകളില്‍ തയ്ച്ച് വാങ്ങിക്കുകയും ചെയ്യുന്നു. തുണി, ചിരട്ടകൊണ്ടുണ്ടാക്കിയ ബട്ടണ്‍സ്, സിബ്ബ് എന്നിവ സഫര്‍ എത്തിച്ചുകൊടുക്കും. കുടുംബശ്രീ അംഗങ്ങള്‍ അടക്കമുള്ള ചെറിയ യൂണിറ്റുകള്‍ ബാഗ് തയ്ച്ച് എത്തിക്കും. അതിനാല്‍ തന്നെ വില കുറച്ച് തന്നെ ഇവ കസ്റ്റമേഴ്‌സിന് നല്‍കാനും കഴിയും. ചണവും കോട്ടണുമാണ് പ്രധാനമായും ബാഗ് നിര്‍മിക്കാന്‍ ഉപയോഗിക്കുന്നത്. തമിഴ്‌നാട്ടില്‍നിന്നും രാജസ്ഥാനില്‍നിന്നും സൂറത്തില്‍ നിന്നുമെലല്ലാമാണ് കോട്ടണ്‍ പ്രധാനമായും എത്തുന്നത്. ചണം പശ്ചിമ ബംഗാളില്‍ നിന്നാണ് വാങ്ങുന്നത്.
മാസം 40 ലക്ഷം രൂപ വിറ്റുവരവ്
പ്രകൃതി സൗഹൃദ ഉത്പന്നങ്ങള്‍ താങ്ങാവുന്ന വിലയില്‍ ആളുകളില്‍ എത്തിക്കുകയായിരുന്നു ലക്ഷ്യം. സ്‌കൂള്‍ ബാഗുകള്‍, കോളേജ് ബാഗുകള്‍, ലഞ്ച് ബാഗുകള്‍ എന്നിവയെല്ലാം ഉത്പാദിപ്പിക്കുന്നുണ്ട്. സഞ്ചി ബാഗുകളിലെ 99 ശതമാനം വസ്തുക്കളും പുനരുപയോഗം ചെയ്യാവുന്നതും പരിസ്ഥിതിക്ക് ദോഷമില്ലാതെ നശിച്ചുപോകുന്നതുമാണ്. കോവിഡ് കാലത്തിന് മുമ്പ് വരെ നല്ല രീതിയിലുള്ള ഓർഡറുകള്‍ ലഭിച്ചിരുന്നു. സര്‍ക്കാര്‍ പരിപാടികളും സ്വകാര്യ ചടങ്ങുകളും പാര്‍ട്ടികളുടെ പരിപാടികളുമെല്ലാം ലഭിച്ചിരുന്നു. 2019-ല്‍ കോവിഡ് എല്ലാവര്‍ക്കും വില്ലനായത് പോലെ ഞങ്ങള്‍ക്കും വില്ലനായി. അതോടെ പരിപാടികള്‍ നിന്നു. അതോടെ ഒരു ബദല്‍ സാധ്യതയെക്കുറിച്ച ഞങ്ങളും ചിന്തിച്ചു. അതോടെയാണ് കോട്ടണ്‍ ഉത്പന്നങ്ങളിലേക്കും കരകൗശല വസ്തുക്കളിലേക്കും തിരിയുന്നത്. അതോടെ ബാഗിനൊപ്പം ഇത്തരം വസ്തുക്കളും ചെയ്യാനാരംഭിച്ചു. പേപ്പര്‍ പേന, തടിയിലുള്ള ക്ലോക്ക്, മാസ്‌ക് തുടങ്ങി വ്യത്യസ്തമായ നിരവധി ഉത്പന്നങ്ങള്‍ക്കൊപ്പം കോവിഡ് കാലത്താണ് ചുരിദാര്‍ സെറ്റ്, കുര്‍ത്ത എന്നിവയുടെ വിപണനത്തിലേക്കു കടക്കുന്നത്. ഇന്നിപ്പോള്‍ ബാഗിന് പുറമേ ബെഡ് ഷീറ്റുകള്‍, ചവിട്ടി, തടികൊണ്ടുള്ള ഉത്പന്നങ്ങള്‍ എന്നിങ്ങനെ എല്ലാം ചെയ്യുന്നുണ്ട്.
വലിയ ഓർഡറുകളാണ് അധികവും ലഭിക്കുന്നത്. വിവിധ സംഘടനകളുടെ പരിപാടികള്‍ക്കും കോണ്‍ഫറന്‍സുകള്‍ക്കുമെല്ലാം ബാഗുകളും മറ്റ് ഉത്പന്നങ്ങളും നല്‍കാന്‍ ഓർഡര്‍ ലഭിക്കാറുണ്ട്. പല പരിപാടികളിലും പങ്കെടുത്തവര്‍ വഴിയുള്ള റഫറന്‍സ് ഓർഡറുകളാണ് അധികവും ലഭിക്കുക. ബാഗാണ് പ്രധാന ഉത്പന്നമെങ്കിലും അതിനൊപ്പം പേപ്പര്‍ പേനകള്‍, ഐഡി കാര്‍ഡുകള്‍, നോട്ട് പാഡുകള്‍ എന്നിവയെല്ലാം നല്‍കുന്നുണ്ട്. പരിപാടികളുടെ ബാഗുകള്‍ക്ക് പുറമേ ഒരു ഇവന്റിന് വേണ്ട പരിസ്ഥിതി സൗഹാര്‍ദ ഉത്പന്നങ്ങളും നല്‍കുന്നുണ്ട്. അതെല്ലാം ഭിന്നശേഷിയുള്ളവരും കുടുംബശ്രീ അംഗങ്ങളുമാണ് നിര്‍മിക്കുന്നത്. മാസം 40 ലക്ഷം വരെ വിറ്റുവരവ് ലഭിക്കുന്നുണ്ടെന്നും ഒപ്പം പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ യൂണിറ്റുകള്‍ക്കും മാന്യമായ പ്രതിഫലം നല്‍കാന്‍ കഴിയുന്നുണ്ടെന്നും സഫര്‍ പറയുന്നു.
Content Highlights: Here’s how Zafer Ameer and Athira Firoz revolutionised the cloth bag industry
Published: 03 Apr 2023, 05:25 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented