ആഗോള ബ്രാന്‍ഡുകള്‍ പ്രാദേശിക സംസ്‌കാരങ്ങളെയും കലാകാരന്മാരെയും ഉപയോഗപ്പെടുത്തുമ്പോള്‍ അവര്‍ക്ക് അര്‍ഹമായ ക്രെഡിറ്റുകള്‍ ഔദ്യോഗികമായി നല്‍കണമെന്ന ആവശ്യം ഇതോടെ ശക്തമായിരിക്കുകയാണ്.

പ്രാഡ പുറത്തിറക്കിയ കോലാപുരി ചപ്പലുകൾക്ക് ശേഷം ഇറ്റാലിയൻ ലക്ഷ്വറി ഫാഷൻ ബ്രാൻഡായ ഫെൻഡി അടുത്തിടെ പുറത്തിറക്കിയ 8.3 ലക്ഷം രൂപ വിലയുള്ള പുതിയ ഹാൻഡ്ബാഗ് വൻ വിവാദങ്ങൾക്ക് തിരികൊളുത്തി. ഗുജറാത്തിലെയും ഇന്ത്യയിലെ മറ്റ് തെരുവുകളിലും നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി 500 രൂപയ്ക്ക് ലഭിക്കുന്ന പരമ്പരാഗത ബാഗുകൾക്ക് സമാനമാണ് ഇതിന്റെ ഡിസൈൻ എന്നാണ് സോഷ്യൽ മീഡിയ ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യൻ പരമ്പരാഗത കരകൗശല വിദ്യയ്ക്ക് ക്രെഡിറ്റ് നൽകാതെ ഇന്ത്യൻ മാതൃകകൾ അനുകരിക്കുന്നു എന്നാരോപിച്ച് പ്രമുഖ ഇന്ത്യൻ വ്യവസായികളും രൂക്ഷവിമർശനവുമായി രംഗത്തെത്തി. എന്താണ് ഈ വിവാദത്തിന് പിന്നിലെ സത്യാവസ്ഥയെന്ന് നോക്കാം.
ഗുജറാത്തിലും രാജസ്ഥാനിലും കാണപ്പെടുന്ന കച്ച് തയ്യൽപണികൾക്ക് സമാനമായി 39,500 ചെറിയ ബീഡ്‌സുകളും 475 ചെറുകണ്ണാടികളും ചേർത്താണ് ബാഗ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഇന്ത്യൻ തെരുവുകളിൽ 500 രൂപയ്ക്കും 1,000 രൂപയ്ക്കും ലഭ്യമാകുന്ന ഇതേ മോഡൽ ബാഗ്, യാതൊരുവിധ പാരമ്പര്യ സാംസ്‌കാരിക ക്രെഡിറ്റുകളും നൽകാതെ ലക്ഷങ്ങൾ വിലയിട്ട് വിൽക്കുന്നു എന്നതായിരുന്നു പ്രധാനം ആരോപണം. മുൻപ് പ്രാഡ കോലാപുരി ചെരുപ്പുകൾക്ക് സമാനമായ ഡിസൈൻ ഇറക്കി വിമർശനം നേരിട്ടതിന് സമാനമായ സംഭവമാണിതെന്ന് ഇൻഫ്‌ലുവൻസർമാരും വ്യവസായികളും ചൂണ്ടിക്കാട്ടുന്നു.
‘ഇതൊരു സാംസ്‌കാരിക അധിനിവേശമാണ്. ഇന്ത്യയുടെ പരമ്പരാഗത കരകൗശല വിദ്യകളെ അവ സംരക്ഷിച്ച കലാകാരന്മാർക്ക് അർഹമായ ക്രെഡിറ്റ് നൽകാതെ ലക്ഷ്വറി ഉൽപ്പന്നങ്ങളായി മാറ്റിവിൽക്കുന്നത് നമ്മുടെ കഴിവുകളെയും പാരമ്പര്യത്തെയും അപമാനിക്കുന്നതിന് തുല്യമാണ്.’ പകർപ്പുകളല്ല, അംഗീകാരമാണ് ഇന്ത്യൻ കരകൗശലവിദ്യയ്ക്ക് വേണ്ടതെന്ന് കിരൺ മജുംദാർ ഷാ പറഞ്ഞു.
‘പ്രാഡയുടെ കോലാപുരി ചെരുപ്പ് വിവാദത്തിന് ശേഷം ഇപ്പോൾ ഫെൻഡിയുടെ ബാഗ് വന്നിരിക്കുന്നു. ഗുജറാത്തിലെ തെരുവുകളിൽ 500 രൂപയ്ക്ക് കിട്ടുന്ന ഡിസൈൻ 8.3 ലക്ഷം രൂപയ്ക്ക് വിൽക്കുന്നു, ഇന്ത്യൻ കലാകാരന്മാർക്ക് യാതൊരു ക്രെഡിറ്റും ഇല്ല! എന്ന് അവസാനിപ്പിക്കും ലക്ഷ്വറി ബ്രാൻഡുകൾ നമ്മുടെ പാരമ്പര്യത്തെ ചൂഷണം ചെയ്യുന്നത്?’ എന്നായിരുന്നു ഹർഷ് ഗോയങ്കയുടെ ചോദ്യം.
യഥാർത്ഥ വസ്തുത
1995-ലെ വിന്റേജ് ഡിസൈന്റെ പുനരവതരണമാണ് ഫെൻഡി നടത്തിയത്. തന്നെയുമല്ല, തങ്ങളുടെ വെബ്സൈറ്റിൽ 'നവരാത്രി ബാഗ്' എന്ന പേരിൽ ഫെൻഡി ഇത് അവതരിപ്പിച്ചിട്ടുമില്ല. 1995-ൽ ഫെൻഡി പുറത്തിറക്കിയ ബാഗെറ്റ് കളക്ഷന്റെ 'റീ-എഡിഷൻ' ആയാണ് ഇത് വിപണിയിലെത്തിച്ചത്. ‘കരകൗശല വൈദഗ്ദ്ധ്യം ഡിസൈനായി മാറുമ്പോൾ.. ചാണക്യ കരകൗശല വിദഗ്ധരുടെ വൈദഗ്ധ്യമുള്ള കൈകളിലൂടെ സീക്വിനുകൾ, മുത്തുകൾ, കണ്ണാടികൾ എന്നിവ എങ്ങനെ അതുല്യമായ കലാസൃഷ്ടികളായി രൂപാന്തരപ്പെടുന്നുവെന്ന് കാണാം’ എന്ന കുറിപ്പോടെ ബാഗിന്റെ നിർമാണം ഫെൻഡി ‘എക്‌സി’ൽ പങ്കുവച്ചിട്ടുണ്ട്.
138 മണിക്കൂറിലധികം എടുത്താണ് കരകൗശല വിദഗ്ദ്ധർ ഇത് പൂർത്തിയാക്കിയത്. ബാഗ് നിർമ്മിച്ചത് ഇന്ത്യൻ കലാകാരന്മാരാണെങ്കിലും, ഫെൻഡിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഈ ഉൽപ്പന്നത്തിന്റെ വിവരണത്തിൽ ഇന്ത്യയെന്നോ ഇതിന്റെ സാംസ്‌കാരിക പാരമ്പര്യത്തെക്കുറിച്ചോ വ്യക്തമായി പരാമർശിച്ചിട്ടില്ല. ഇതാണ് പ്രധാനമായും സാംസ്‌കാരിക അധിനിവേശമെന്ന ആരോപണത്തിന് ആക്കം കൂട്ടിയത്.
മുൻപ് പ്രശസ്ത ബ്രാൻഡായ പ്രാഡ മഹാരാഷ്ട്രയിലെ പരമ്പരാഗത കോലാപുരി ചെരുപ്പുകൾക്ക് സമാനമായ ഡിസൈൻ ഇറക്കി വിവാദത്തിലായപ്പോൾ പിന്നീട് വെബ്സൈറ്റിൽ സാംസ്‌കാരിക ക്രെഡിറ്റുകൾ ഉൾപ്പെടുത്തിയിരുന്നു. അതേ മാതൃക ഫെൻഡിയും പിന്തുടരണമെന്നാണ് നിലവിലെ ആവശ്യം. ഇത്തരം വിഷയങ്ങൾ കൃത്യമായി ചോദ്യം ചെയ്യപ്പെടുന്നത് ഇന്ത്യൻ കലാകാരന്മാർക്ക് ആഗോളതലത്തിൽ ന്യായമായ ആദരവും സാമ്പത്തിക ലാഭവും ലഭിക്കാൻ സഹായിക്കുമെന്നാണ് ഒരു വിഭാഗം ആളുകൾ ചൂണ്ടിക്കാട്ടുന്നത്.
പ്രാദേശിക സംസ്‌കാരങ്ങളെയും കലാകാരന്മാരെയും ഉപയോഗപ്പെടുത്തുമ്പോൾ ആഗോള ബ്രാൻഡുകൾ അവർക്ക് അർഹമായ ക്രെഡിറ്റുകൾ ഔദ്യോഗികമായി നൽകണമെന്ന ആവശ്യം ഇതോടെ ശക്തമായി.
Content Highlights: Italian luxury brand Fendi launched a handbag priced at Rs 8.3 lakh resembling traditional Rs 500 Gujarati street bags., Business leaders Kiran Mazumdar-Shaw and Harsh Goenka criticized the brand for cultural appropriation without crediting Indian artisans., Demands are rising for Fendi to acknowledge Indian craftsmanship, similar to Prada's previous Kolhapuri sandal controversy.
Published: 17 Sept 2026, 02:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented