ശ്രദ്ധിച്ചില്ലെങ്കിൽ അപകടങ്ങൾ സംഭവിക്കാം ;സൂക്ഷ്മതയോടെ ചില്ലുകൾ കൊണ്ട് മായാജാലം തീർക്കുന്ന ഹസ്ന


2 min read
Read later
Print
Share

അമേരിക്കയിൽ മനുഷ്യകടത്തിനെതിരേ ഗ്ലാസ് ആർട്ടിലൂടെ ശക്തമായി പ്രതികരിച്ച് മലയാളി വനിത.

തന്റെ ഗ്ലാസ് ആഭരണങ്ങളോടൊപ്പം ഹസ്‌ന സാൽ

കൊച്ചി: മുറിപ്പെടുത്താനും മിന്നിത്തിളങ്ങാനും പ്രകാശം പരത്താനും ഒരേ പോലെ സാധിക്കുന്ന ചില്ലുകൾ കൊണ്ട് മായാജാലം തീർക്കുകയാണ് വൈപ്പിൻ എടവനക്കാട് സ്വദേശി ഹസ്‌ന സാൽ. ചില്ലുകൾ കൊണ്ട് കൊട്ടാരം കെട്ടുമ്പോഴും കല കൊണ്ട് സമൂഹത്തിന് ഒരു മാറ്റം സൃഷ്ടിക്കണമെന്നും ഭാവിയിൽ നല്ലൊരു ലോകം കെട്ടിപ്പടുക്കാൻ സാധിക്കണമെന്നുമാണ് അമേരിക്കയിൽ താമസിക്കുന്ന ഹസ്‌ന സാൽ കരുതുന്നത്. യു.എസ്.എ.യിലെ മനുഷ്യക്കടത്തിനെതിരേ ശക്തമായി പ്രതികരിച്ചാണ് ഹസ്‌ന സാൽ എന്ന ഗ്ലാസ് ശില്പി പ്രവർത്തിക്കുന്നത്. മൂന്നാഴ്ചത്തെ അവധി ആഘോഷിക്കാനായി നാട്ടിലെത്തിയതാണ് ഹസ്‌ന.

ലണ്ടനിൽ ജേണലിസം പഠിക്കാനെത്തിയ ഹസ്‌ന കോഴ്‌സ് പൂർത്തിയായ ശേഷമാണ് ആർക്കിടെക്ചർ ബിരുദത്തിലേക്ക് കടന്നത്. അവിടെ വെച്ചാണ് ഈ പെൺകുട്ടി ഗ്ലാസുകളുമായി ചങ്ങാത്തം കൂടുന്നത്. ‘ബോസ്റ്റണിൽ ആർക്കിടെക്ചറിന്റെ മൂന്നാം വർഷത്തിലാണ് മെറ്റീരിയൽ സയൻസ് എന്ന പാഠഭാഗം. ആ സമയത്ത് അമ്മൂമ്മ മരിച്ച് നാട്ടിലേക്ക് വരേണ്ടി വന്നു. തിരികെയെത്തിയപ്പോൾ ഒരാഴ്ചത്തെ ക്ലാസ് നഷ്ടമായി. ഓരോ കുട്ടിയും ഓരോ പ്രത്യേക മെറ്റീരിയൽ എടുത്തുള്ള പഠനമായിരുന്നു ആ സമയത്ത് ചെയ്യേണ്ടത്. കോൺക്രീറ്റും സ്റ്റീലുമെല്ലാം സഹപാഠികൾ ഉപയോഗിച്ചു കഴിഞ്ഞിരുന്നു, ബാക്കിയുണ്ടായത് ഗ്ലാസ്‌. അങ്ങനെയാണ് ഗ്ലാസിൽ പരീക്ഷണം ആരംഭിച്ചത്. അന്നു ചെയ്ത വർക്ക് സിറ്റി ഹാളിൽ പ്രദർശിപ്പിക്കാനുള്ള ഭാഗ്യവും ലഭിച്ചു’ - ഹസ്‌ന പറയുന്നു.

ഗ്ലാസ് ആർട്ടിലേക്ക്

2011-ൽ ആർക്കിടെക്ചർ ബിരുദം നേടി ഒരു ദശാബ്ദത്തിനു ശേഷമാണ് ഗ്ലാസ് ആർട്ടിലേക്ക് ഹസ്‌നയെത്തിയത്. അതുവരെ ആർക്കിടെക്ചറും ഒപ്പം ഗ്ലാസിലെ പരീക്ഷണങ്ങളുമാണ് ചെയ്തിരുന്നത്. പിന്നീട് 2015-ൽ ഗ്ലാസ് കൺസെപ്റ്റ്സ് 360 എന്ന കമ്പനിയും യു.എസിലെ കാൻസാസ് നഗരത്തിൽ ആരംഭിച്ചു. മതിലിൽ ചെയ്യുന്ന ഗ്ലാസ് കൊണ്ടുള്ള കൊത്തുപണികളും കോഫി ടേബിളുകളും ജനലുകളും മേശകളും ഒപ്പം ആഭരണങ്ങളുമെല്ലാം ശ്രദ്ധ നേടിയിരുന്നു. കാൻസാസിന്റെ വിവിധ ഭാഗങ്ങളിൽ ഗ്ലാസിന്റെ വ്യത്യസ്ത ഇൻസ്റ്റലേഷനുകൾ ഉയർത്താനും ഹസ്‌നയ്ക്കായി. മനുഷ്യക്കടത്തിനെതിരേ ശക്തമായി പ്രതികരിച്ചായിരുന്നു ഈ വർക്കുകളിലേറെയും. ഒപ്പം ഗ്ലാസ് ആഭരണങ്ങൾക്കും ആവശ്യക്കാരേറി. 2018-ൽ ഹാൻഡ് മെയ്ഡ് ജൂവലറിയായി ഗ്ലാസ് ആഭരണങ്ങൾ ഇന്ത്യയിലെ ഫാഷൻ ഡിസൈനറായ അർച്ചന കൊച്ചാറിന്റെ സഹകരണത്തോടെ ന്യൂയോർക്ക് ഫാഷൻ വീക്കിൽ എത്തിച്ചു. 2019-ലെ ന്യൂയോർക്ക് ഫാഷൻ വീക്കിൽ സോളോ ഷോയും ഹസ്ന നടത്തി.

ആർട്ടിൽനിന്ന് സാമൂഹ്യ പ്രതിബദ്ധതയിലേക്ക്

യു.എസ്. നഗരത്തിലെ മനുഷ്യക്കടത്തിനെ കുറിച്ച് അറിഞ്ഞപ്പോൾ മുതൽ അതിനെതിരേ എന്തെങ്കിലും ചെയ്യണമെന്നു തോന്നി. മനുഷ്യക്കടത്തിൽനിന്ന് രക്ഷപ്പെട്ടവരെ നേരിൽ കണ്ട് അവരുടെ അനുഭവങ്ങൾ മനസ്സിലാക്കി. നഗരത്തിലെ പാർക്കുകളിലെ ഇരുട്ട് ഭാഗങ്ങളിലാണ് ഇവ ഏറെ നടക്കുന്നതെന്നറിഞ്ഞതോടെ അവിടെയെല്ലാം നിറങ്ങൾ നിറയ്ക്കുന്നതിനും വെളിച്ചം ലഭിക്കുന്നതിനുമായുള്ള പ്രവർത്തനമാണ് നടത്തിയത്. മനുഷ്യക്കടത്തിൽനിന്ന് രക്ഷ നേടിയവരുടെ അനുഭവങ്ങളായിരുന്നു ഓരോ ഗ്ലാസ് ആർട്ടിലൂടെയും വെളിച്ചം പടർത്തിയത്. പാർക്കിലെത്തുന്നവർ നാനാ മൂലകളിലുമുള്ള ആർട്ട് കാണാൻ എത്തുന്നതോടെ മനുഷ്യക്കടത്തുകാർ ആ ഭാഗങ്ങളിൽനിന്ന് പിൻവാങ്ങി. 2020-ഒക്ടോബറിൽ കാൻസാസ് സിറ്റിയിലെ ലൈക്കിൻസ് സ്‌ക്വയർ പാർക്കിൽ ആർട്ട് ഇൻസ്റ്റലേഷൻ സ്ഥിരമായി സ്ഥാപിച്ചു. ആദ്യമായാണ് മനുഷ്യക്കടത്തിൽപ്പെട്ടവർക്കായുള്ള ഒരു സ്മാരകചിഹ്നം സ്ഥാപിതമാകുന്നത്. മെറ്റൽ ഫ്രെയിമിലുള്ള ഈ സ്മാരകം ബുള്ളറ്റ് പ്രൂഫ് ഗ്ലാസുകളിലാണ് നിർമിച്ചത്.

ഗ്ലാസിലുണർന്ന കവിതകൾ

മനുഷ്യക്കടത്തിൽനിന്ന് രക്ഷപ്പെട്ടവരുടെ കഥകൾ കേട്ട ദിവസങ്ങളിൽ ഉറങ്ങാൻ സാധിച്ചിട്ടില്ല. ആ വിഷമങ്ങളെല്ലാം പല വരികളിലാണ് കുറിച്ചത്. അവയെല്ലാം ചേർത്ത്‌ ‘പോയംസ് ഇൻ ഗ്ലാസ്’ എന്ന പേരിൽ പുസ്തകമാക്കി. 24 കവിതകളും നാല് ഉപന്യാസങ്ങളുമാണ് ഇതിലുള്ളത്.

നല്ല ക്ഷമ വേണം

​ഗ്ലാസ് ആർട്ടും ആഭരണങ്ങളും ഏറെ പ്ര‌യാസമുള്ള ദിവസങ്ങളെടുക്കുന്ന ഒരു പ്രക്രിയയാണ്. നിറങ്ങൾക്കായി പെയിന്റല്ല ഉപയോ​ഗിക്കുന്നത്. ഓരോ ​ഗ്ലാസും ചൂടേൽക്കുന്ന തോതിൽ വ്യത്യസ്ത നിറങ്ങളിലേക്ക് മാറുകയാണ് ചെയ്യുന്നത്. ഇവ കണ്ടെത്തി തിരിച്ചറിഞ്ഞാണ് ഓരോ ആഭരണവും ശിൽപങ്ങളും നിർമിക്കുന്നത്. ശ്രദ്ധിച്ചില്ലെങ്കിൽ അപകടങ്ങൾ സംഭവിക്കാം. അതുകൊണ്ട് ഏറെ സൂക്ഷ്മതയോടെ വേണം ചെയ്യാൻ- ​ഹസ്ന പറയുന്നു. ഇന്ത്യയിലേക്ക് ഈ ആശയം ഇതുവരെ എത്തിയിട്ടില്ല. ചെലവേറിയ ഒന്ന് എന്നതും ​ഗ്ലാസ് ആർട്ടിനെക്കുറിച്ചുള്ള അവബോധം ശരിക്ക് ലഭിച്ചിട്ടില്ല എന്നതും ഇതിനു കാരണമാകാം. ഭാവിയിൽ എന്തെങ്കിലും സ്വന്തം നാട്ടിലും ചെയ്യണമെന്ന ആ​ഗ്രഹവും മനസ്സിലുണ്ട്- ഹസ്ന പറയുന്നു.

Content Highlights: glass art by hasna sal, glass ornaments

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Nivedya. R. Sankar

'കുഞ്ചാക്കോ ബോബനൊപ്പം ചുവടുവയ്ക്കാന്‍ കഴിഞ്ഞത് ഭാഗ്യം';30 ലക്ഷം ഫോളോവേഴ്‌സുള്ള പത്താം ക്ലാസുകാരി

May 18, 2023


athira aneesh

2 min

'കുഞ്ഞിനേയും കൈയില്‍ പിടിച്ച് തൊണ്ടയിടറിയുള്ള പാട്ട്,അതുകേട്ടപ്പോള്‍ മൈക്ക് കൈയിലെടുക്കുകയായിരുന്നു'

Jun 5, 2023


aswathy sreekanth

2 min

'ചിലപ്പോള്‍ ഇഷ്ടമില്ലാത്ത കോസ്റ്റ്യൂമും മേക്കപ്പും ഇടേണ്ടി വരും'-അശ്വതി ശ്രീകാന്ത് പറയുന്നു

Apr 26, 2023

Most Commented