
'എന്റെ സ്വപ്‌നം സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നു. ഇത്രയും വലിയൊരു വേദിയില്‍ സ്വന്തമായി ഡിസൈന്‍ ചെയ്ത വസ്ത്രം അണിഞ്ഞ് അഭിമാനത്തോടെയാണ് ഞാന്‍ നില്‍ക്കുന്നത്. 1000 മീറ്റര്‍ നീളമുള്ള തുണി വാങ്ങി, 30 ദിവസങ്ങളെടുത്താണ് ഈ 20 കിലോ ഭാരമുള്ള ഗൗണ്‍ തുന്നിയെടുത്തത്.' ലോകോത്തര ഡിസൈനര്‍മാരെയോ സ്‌റ്റൈലിസ്റ്റുകളേയോ മേക്കപ്പ് ആര്‍ട്ടിസ്റ്റുകളേയോ ആശ്രയിക്കാതെ, കാന്‍ ചലച്ചിത്രോത്സവത്തിന്റെ വേദിയില്‍ നിറഞ്ഞുനില്‍ക്കുകയാണ് നാന്‍സി ത്യാഗി എന്ന 23-കാരി.
ഒരിക്കല്‍ കാനിലെ റെഡ് കാര്‍പ്പറ്റിലെത്തുന്ന സെലിബ്രിറ്റികളുടെ ഔട്ട്ഫിറ്റുകള്‍ സ്വന്തമായി ഡിസൈന്‍ ചെയ്‌തെടുത്ത്, അത് അണിഞ്ഞ് മൊബൈല്‍ ക്യാമറയ്ക്ക് മുന്നില്‍ നിന്നിരുന്ന ഒരു കാലം നാന്‍സിക്കുണ്ടായിരുന്നു. എന്നാല്‍, ഇന്ന് അതേ വേദിയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സെലിബ്രിറ്റികള്‍ക്കൊപ്പം തലയുയര്‍ത്തി നാന്‍സിയും ചുവടുവെച്ചു. ഉത്തര്‍ പ്രദേശിലെ ബരാന്‍വ എന്ന ഗ്രാമത്തില്‍ നിന്ന് ഫ്രാന്‍സിലെ കാനിലേക്കുള്ള നാന്‍സിയുടെ യാത്ര ഒട്ടും എളുപ്പമായിരുന്നില്ല. ഒരു കൂലിപ്പണിക്കാരിയുടെ മകളായി ജനിച്ച്, വിശപ്പകറ്റാന്‍പോലും കഷ്ടപ്പെട്ടിരുന്ന ബാല്യത്തില്‍ നിന്ന് തുണിക്കഷ്ണങ്ങളില്‍ സ്വപ്‌നങ്ങള്‍ തുന്നിപ്പിടിപ്പിച്ച് ലോകം അറിയുന്ന ഡിസൈനറിലേക്കുള്ള യാത്രയായിരുന്നു അത്.
അമ്മയുടെ പിന്തുണ
ഉത്തര്‍ പ്രദേശിലെ ബാഗ്പത് ജില്ലയിലെ ബരാന്‍വ എന്ന ഗ്രാമത്തിലാണ് നാന്‍സി ജനിച്ചത്. കൂലിപ്പണിക്കാരായ മാതാപിതാക്കളുടെ സമ്പാദ്യം ദിവസച്ചെലവിന് പോലും തികയില്ലായിരുന്നു. അതിനാല്‍ കുട്ടിക്കാലത്ത് മൂന്ന് നേരത്തെ ഭക്ഷണം എന്ന ആഗ്രഹത്തിനപ്പുറം മറ്റൊന്നും നാന്‍സിയുടെ ഉള്ളിലുണ്ടായിരുന്നില്ല.
എന്നാല്‍, തന്നെപ്പോലെ തന്റെ മകളുടെ ജീവിതവും ഗ്രാമത്തില്‍ ഒതുങ്ങിപ്പോകരുതെന്ന് നാന്‍സിയുടെ അമ്മ ആഗ്രഹിച്ചിരുന്നു. പ്ലസ്റ്റു പൂര്‍ത്തിയാക്കിയതോടെ അവളെ യു.പി.എസ്.സി പരിശീലനത്തിനായി അമ്മ ഡല്‍ഹിയിലേക്ക് അയച്ചു. കോവിഡ് രാജ്യത്ത് വ്യാപകമാകുന്നതിന് മുമ്പായിരുന്നു ഈ കൂടുമാറ്റം.
അമ്മയും സഹോദരനും അവള്‍ക്കൊപ്പം ഡല്‍ഹിയിലേക്ക് പോയി. കൂടുതല്‍ മെച്ചപ്പെട്ട തൊഴില്‍ അന്വേഷിച്ചായിരുന്നു അവരും കൂടെച്ചേര്‍ന്നത്. എന്നാല്‍, അച്ഛന് ഒരിക്കലും അതിനോട് താത്പര്യമുണ്ടായിരുന്നില്ല. മകളെ പഠനത്തിനായി ദൂരേയ്ക്ക് പറഞ്ഞയക്കാന്‍ അച്ഛന് താത്പര്യമില്ലായിരുന്നു. എന്നാല്‍, അത് ചെവിക്കൊള്ളാതെ അമ്മ നാന്‍സിയേയും കൂട്ടി ഡല്‍ഹിയിലെത്തി. ഇതോടെ അച്ഛനില്‍ നിന്നുള്ള സഹായം നിലച്ചു. ഡല്‍ഹിയിലുള്ള ഒരു കല്‍ക്കരി ഫാക്ടറിയില്‍ അമ്മയ്ക്ക് ജോലിക്ക് പോകേണ്ടിവന്നു.
കല്‍ക്കരിയില്‍ കുളിച്ചുവരുന്ന അമ്മയായിരുന്നു എല്ലാ വൈകുന്നേരങ്ങളിലും നാന്‍സിയെ കാത്തിരുന്ന കാഴ്ച്ച. അമ്മയുടെ വസ്ത്രത്തിലും ശരീരത്തിലുമെല്ലാം കല്‍ക്കരിയായിട്ടുണ്ടാകും. ഇത് നാന്‍സിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഇതിനിടയില്‍ കോവിഡ് വ്യാപനം രൂക്ഷമായതോടെ അമ്മയുടെ ജോലിയും മുടങ്ങി. നിത്യച്ചെലവിന് മറ്റെന്തെങ്കിലും വഴി കണ്ടെത്താന്‍ അവര്‍ നിര്‍ബന്ധിതരായി.
മൂലധനം രണ്ടര ലക്ഷം രൂപ
കോവിഡിനിടയില്‍ ചെയ്യാന്‍ പറ്റുന്ന ജോലികളൊന്ന് സോഷ്യല്‍ മീഡിയ വഴിയുള്ളതാണെന്ന് നാന്‍സി തിരിച്ചറിഞ്ഞു. ഇതോടെ പഠനം ഉപേക്ഷിച്ച് ഇന്‍സ്റ്റഗ്രാമിനെ ആശ്രയിച്ചു. തന്റെ മനസിനുള്ളില്‍ ഒളിപ്പിച്ചുവെച്ച തയ്യലിനോടുള്ള ഇഷ്ടം അവള്‍ പുറത്തെടുത്തു. സെലിബ്രിറ്റികളുടെ ഫോട്ടോയും വീഡിയോയുമെല്ലാം നിരീക്ഷിച്ച് അവര്‍ ധരിക്കുന്നതുപോലെയുള്ള ഔട്ട്ഫിറ്റുകള്‍ സ്വന്തമായി ഡിസൈന്‍ ചെയ്യാന്‍ തുടങ്ങി. ഇതിനായുള്ള മൂലധനമായി രണ്ടര ലക്ഷം രൂപ നാന്‍സിയുടെ കൈയിലുണ്ടായിരുന്നു. യു.പി.എസ്.സി പഠനത്തിനായി അമ്മ സ്വരുക്കൂട്ടിവെച്ച പണമായിരുന്നു അത്.

ആ പൈസ ഉപയോഗിച്ച് ഷൂട്ട് ചെയ്യാനുള്ള മൊബൈല്‍ ഫോണും ക്യാമറയും ലൈറ്റും വാങ്ങുകയാണ് നാന്‍സി ആദ്യം ചെയ്തത്. സഹോദരന്റെ സഹായത്തോടെ താന്‍ വസ്ത്രം തയ്ക്കുന്നതും അത് ധരിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതുമെല്ലാം ഷൂട്ട് ചെയ്തു. ഇന്‍സ്റ്റഗ്രാമില്‍ സ്വന്തമായി അക്കൗണ്ടുണ്ടാക്കി വീഡിയോകളും ഫോട്ടോകളും അപ്‌ലോഡ് ചെയ്തു. എന്നാല്‍ നാന്‍സി പ്രതീക്ഷിച്ച വേഗത്തില്‍ ഫോളോവേഴ്‌സിന്റെ എണ്ണം കൂടിയില്ല. ആദ്യമെല്ലാം ഓരോ വീഡിയോയ്ക്കും 400 വ്യൂസെല്ലാമാണ് ഉണ്ടായിരുന്നത്. എന്നാല്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നത് നാന്‍സി അവസാനിപ്പിച്ചില്ല. ഒന്നര വര്‍ഷത്തിനുശേഷവും വ്യൂ ആയിരത്തില്‍ ഒതുങ്ങി.
ഇതോടെ വീഡിയോയില്‍ മാറ്റം വരുത്താന്‍ നാന്‍സിയും സഹോദരനും തീരുമാനിച്ചു. ഷോപ്പിങ് വെബ്‌സൈറ്റുകളില്‍ നിന്ന് വസ്ത്രങ്ങള്‍ വാങ്ങി അത് ട്രൈ ചെയ്യുന്നതും അതിന്റെ ക്വാളിറ്റി പങ്കുവെയ്ക്കുന്നതുമായ വീഡിയോയാണ് പിന്നീട് കൂടുതലും ചെയ്യാന്‍ തുടങ്ങിയത്. വ്യൂ കൂടിയെങ്കിലും മോശം അഭിപ്രായങ്ങളാണ് കമന്റുകളായി വന്നത്. മെലിഞ്ഞുണങ്ങിയ രൂപം എന്നുവരേയുള്ള പരിഹാസം നാന്‍സിക്ക് സഹിക്കേണ്ടി വന്നു. പക്ഷേ, അതൊന്നും അവരെ തളര്‍ത്തിയില്ല. ഈ നെഗറ്റീവ് കമന്റുകളിലൂടെയാണ് തന്റെ ഫോളോവേഴ്‌സിന്റെ എണ്ണം കൂടിയതെന്ന് നാന്‍സി പറയുന്നു.
ഇതിന് പിന്നാലെ 'ഔട്ട്ഫിറ്റ് ഫ്രം സക്രാച്ച്' എന്ന വീഡിയോ സീരീസിന് നാന്‍സി തുടക്കമിട്ടു. ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും കരീന കപൂറും ദീപിക പദുക്കോണുമെല്ലാം ധരിക്കുന്ന സബ്യസാചിയുടേയും മനീഷ് മല്‍ഹോത്രയുടേയും പ്രബല്‍ ഗുരുങ്ങിന്റേയുമെല്ലാം ഡിസൈനില്‍ വിരിഞ്ഞ വസ്ത്രങ്ങള്‍ മണിക്കൂറുകളെടുത്ത് നാന്‍സി തയ്‌ച്ചെടുത്തു. ഡല്‍ഹിയിലെ സരോജിനി മാര്‍ക്കറ്റില്‍ പോയി തുണികള്‍ വാങ്ങുന്നതും അത് തയ്‌ച്ചെടുത്ത് സ്‌റ്റൈല്‍ ചെയ്യുന്നതുമെല്ലാം സഹോദന്‍ ക്യാമറയില്‍ പകര്‍ത്തും. ഇത് ട്രാന്‍സിഷന്‍ റീലുകളായും നാന്‍സി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. ഇതോടെ ബോളിവുഡ് താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ നാന്‍സിയുടെ പോസ്റ്റില്‍ അഭിനന്ദന കമന്റുമായെത്തി. വീഡിയോ കാണുന്നവരുടേയും ഫോളോവേഴ്‌സിന്റേയും എണ്ണം ഉയരാന്‍ തുടങ്ങി. നെഗറ്റീവ് കമന്റുകള്‍ പോസിറ്റീവായി മാറി. നാന്‍സിക്ക് വരുമാനവും ലഭിക്കാന്‍ തുടങ്ങി. 'ഔട്ട്ഫിറ്റ് ഫ്രം സക്രാച്ച്' സീരീസ് 100 എപ്പിസോഡുകള്‍ പിന്നിട്ടപ്പോഴേക്കും നാന്‍സിയുടെ ഫോളോവേഴ്‌സിന്റെ എണ്ണം ലക്ഷങ്ങള്‍ കടന്നു.

അമ്മയുടെ വിവാഹസമ്മാനം
ഗൗണ്‍ ഉള്‍പ്പെടെയുള്ള വെസ്റ്റേണ്‍ ഔട്ട്ഫിറ്റുകള്‍ മുതല്‍ ലെഹങ്കയും കുര്‍ത്തിയും ഉള്‍പ്പെടെയുള്ള ട്രഡീഷണല്‍ വസ്ത്രങ്ങള്‍ വരെ നാന്‍സി തയ്‌ച്ചെടുക്കും. 25 വര്‍ഷത്തോളം പഴക്കമുള്ള ഒരു ചെറിയ തയ്യല്‍ മെഷീനിലാണ് ഇതെല്ലാം നാന്‍സി ഡിസൈന്‍ ചെയ്‌തെടുക്കുന്നത്. ആ തയ്യല്‍ മെഷീനോടാണ് തനിക്ക് ഏറ്റവും കൂടുതല്‍ സ്‌നേഹമെന്നും നാന്‍സി പറയുന്നു. അമ്മയുടെ വിവാഹത്തിന് സമ്മാനം കിട്ടയിതാണ് ആ മെഷീന്‍.
അമ്മയ്ക്ക് വേണ്ടിയും നാന്‍സി വസ്ത്രങ്ങള്‍ തയ്ക്കാറുണ്ട്. അമ്മയുടെ പഴയ സാരികളെല്ലാം പുതിയ ഡിസൈനിലുള്ള സല്‍വാറാക്കി മാറ്റി അത് അമ്മയ്ക്ക് സമ്മാനിക്കും. 'എന്നെ പഠിപ്പിച്ച് ഒരു ഉദ്യോഗസ്ഥയാക്കുകയായിരുന്നു അമ്മയുടെ ലക്ഷ്യം. എന്നാല്‍ ഞാന്‍ എന്റെ താത്പര്യത്തിന്റെ പിന്നാലെ പോയി. പക്ഷേ അമ്മ ഒരിക്കലും അതിനെ എതിര്‍ത്തില്ല. ഇപ്പോള്‍ എന്നെപ്പോലെ അമ്മയും സന്തോഷവതിയാണ്.' നാന്‍സി കൂട്ടിച്ചേര്‍ക്കുന്നു.
വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യുന്നതിനൊപ്പം അതിന് യോജിക്കുന്ന മേക്കപ്പ് ചെയ്യാനും നാന്‍സിക്ക് അറിയാം. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച 'ഗെറ്റ് റെഡി വിത്ത് മി' വീഡിയോകളെല്ലാം അതിന് തെളിവുകളാണ്. എല്ലാ വീഡിയോയിലും ഔട്ട്ഫിറ്റിന് യോജിക്കുന്ന രീതിയിലുള്ള മേക്കപ്പാണ് നാന്‍സി ചെയ്തിരിക്കുന്നത്. ആനന്ദ് അംബാനിയുടെ പ്രീ വെഡ്ഡിങ്ങിന്, ആലിയ ഭട്ട് ധരിച്ച 'സാരി ലെഹങ്ക ഔട്ട്ഫിറ്റ്' അതുപോലെ ഡിസൈന്‍ ചെയ്‌തെടുത്ത നാന്‍സിയുടെ വീഡിയോയ്ക്ക് ഒരു കോടി 40 ലക്ഷം കാഴ്ച്ചക്കാരാണുള്ളത്. അതുപോലെ ആലിയ ഭട്ടിന്റെ കറുപ്പ് നിറത്തിലുള്ള സാരി ഡിസൈനിങ്ങും സ്‌റ്റൈലിങ്ങും കോടിക്കണക്കിന് ആളുകള്‍ കണ്ടിട്ടുണ്ട്.
പുരസ്‌കാരപ്പെരുമഴ
കാന്‍സിലെ റെഡ് കാര്‍പ്പറ്റിലേക്കുള്ള നാന്‍സിയുടെ വഴി തുറന്നത് ഈ വര്‍ഷത്തെ നാഷണല്‍ ക്രിയറ്റേഴ്‌സ് അവാര്‍ഡാണ്. 'ഡിസ്‌റപ്റ്റര്‍ ഓഫ് ദ ഇയര്‍', 'ദി ഫേവറൈറ്റ് ഫാഷന്‍ ഹെറിറ്റേജ് ഐക്കണ്‍ ഓഫ് ദ ഇയര്‍' എന്നിങ്ങനെ രണ്ട് പുരസ്‌കാരങ്ങളാണ് നാന്‍സി സ്വീകരിച്ചത്. ഫെമിന അവാര്‍ഡിലും നാന്‍സിക്ക് നോമിനേഷന്‍ ലഭിച്ചു. 'ക്രിയേറ്റേഴ്‌സ് ഫോര്‍ ഗുഡ്' വിഭാഗത്തിലായിരുന്നു നോമിനേഷന്‍.
ഈ പുരസ്‌കാരച്ചടങ്ങുകള്‍ക്കെല്ലാം പോകുമ്പോള്‍ മറ്റു സെലിബ്രിറ്റികളില്‍ നിന്ന് വ്യത്യസ്തമായി നാന്‍സിക്ക് മാത്രം സാധിക്കുന്ന ഒരു കാര്യമുണ്ട്. മറ്റാരേയും ആശ്രയിക്കാതെ സ്വന്തമായി തയ്‌ച്ചെടുത്ത, സ്വന്തമായി സ്‌റ്റൈല്‍ ചെയ്ത ഔട്ട്ഫിറ്റ് ധരിച്ച് പോകാം. തയ്യലോ ഫാഷന്‍ ഡിസൈനിങ്ങോ പഠിക്കാതെ, പാഷനിലൂടെ മാത്രം പ്രൊഫഷന്‍ കെട്ടിപ്പടുത്തതില്‍ അഭിമാനിക്കാം, അതോര്‍ത്ത് ഈ വേദികളില്‍ തലയയുര്‍ത്തി നില്‍ക്കാം.
Content Highlights: fashion influencer nancy tyagi who designed and stitched her own gown for the cannes red carpet
Published: 19 May 2024, 10:30 am IST
ABOUT THE AUTHOR
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Most Commented